2008, ഡിസംബർ 8, തിങ്കളാഴ്‌ച
പെരുന്നാള്‍ രാത്രി
"We could never have loved the earth so well
if we had had no childhood in it.??
-George Eliot
@@@
രാത്രി വൈകിത്തുടങ്ങി.
തൊട്ടടുത്തെ സ്രാമ്പിപ്പള്ളിയില്‍ നിന്നുള്ള തക്‌ബീര്‍ ധ്വനികള്‍ അവസാനഘട്ടത്തിലേക്ക് കടന്നു.
ഞങ്ങള്‍, കുട്ടികളും തൊട്ടടുത്ത് ഉമ്മയും വല്ലാതെ പിരിമുറുക്കത്തിലാണ്.
മുറ്റത്തെ, ഞങ്ങളുടെ പ്രതീക്ഷകള്‍ പോലെ വളഞ്ഞുനീണ്ട വയസ്സന്‍ തെങ്ങിന്‍ ചോട്ടില്‍ കെട്ടിയിട്ട
പൂവാലിപ്പശു അമര്‍ത്തിയൊന്ന് കരഞ്ഞു.
തൊട്ടടുത്ത് തൊഴുത്തുണ്ടെങ്കിലും ഗര്‍ഭിണിയെ അടുത്തിരുന്ന് കാണാന്‍ വേണ്ടിയാണ് ഉമ്മ അവിടെ കെട്ടിയത്.
കരച്ചില്‍ ഉമ്മയുടെ നെഞ്ചില്‍ പതിച്ചപ്പോള്‍, പടച്ചോനേ..
എന്ന വേവലാതിയോടെ ഉമ്മ പശുവിന്റെയടുത്ത് ഓടിച്ചെന്ന് ആ നിറഞ്ഞ വയറൊന്ന് തലോടി.
എന്നിട്ട് മൗനമായി പ്രാര്‍ത്ഥിച്ചു.
എനിക്കത് കണ്ട് ഉമ്മയോട് നേരിയ നീരസം തോന്നി.
വീട്ടിലെ പശുവിനെ കാണുന്നത് തന്നെ എനിക്കരിശമാണ്.
സ്‌കൂളില്‍ നിന്ന് വന്നാല്‍ ഉമ്മ ഉടന്‍ ഏല്‍പിക്കുന്ന പണി മേയാന്‍ പോയി തിരിച്ചെത്താത്ത പശുവിനെ തെരഞ്ഞ് കണ്ടുപിടിക്കലാണ്. വീട്ടില്‍ പശുവില്ലാത്ത കാലം ഉണ്ടായിട്ടേയില്ല.
പട്ടണത്തില്‍ നിന്ന് പടക്കങ്ങളുമായെത്തുന്ന ജ്യേഷ്‌ഠനെ കാത്തിരിക്കുകയാണ് ഞങ്ങള്‍.
പൂത്തിരി, കമ്പിത്തിരി, ചക്രം, ഗുണ്ട്, ഓലപ്പടക്കം, റോക്കറ്റ്...
ഞങ്ങളുടെ ഹൃദയത്തില്‍ അവ പടപടാന്ന് പൊട്ടുമ്പോള്‍, ഉമ്മയുടെ മനസ്സ് നീറുന്നത് ഞങ്ങളറിഞ്ഞില്ല.
`പടച്ചോനേ.. പെരുന്നാളിന് മുമ്പ് ഇവള്‍ പെറ്റാല്‍ മതിയായിരുന്നു...'- ഉമ്മയുടെ പ്രാര്‍ത്ഥന പക്ഷെ,
പടച്ചോന്‍ കേള്‍ക്കുമോ?
ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമല്ലേയുള്ളൂ ബലിപെരുന്നാള്‍ പുലരിക്ക്.
പെരുന്നാള്‍ ദിവസം പ്രസവം നടന്നാല്‍ പിന്നെ ഉമ്മയ്‌ക്ക് ഒന്നിനും നേരം കിട്ടില്ല.
പെരുന്നാള്‍ സന്ദര്‍ശകരെ സ്വീകരിക്കുമോ അതോ, തന്റെ ജീവന്റെ ജീവനായ പൂവാലിപ്പശുവിനെ നോക്കിയിരിക്കുമോ?...
പശു നഞ്ഞ് തിന്നരുത്-ഇതാണ് ഉമ്മയുടെ മുന്നിലെ പ്രശ്‌നം.
പക്ഷെ, അതിലും വലിയ സങ്കീര്‍ണതയിലായിരുന്നു ഞങ്ങള്‍.
ഈ ഇക്കയെത്തി ഇന്ന് പടക്കങ്ങള്‍ പൊട്ടിക്കാന്‍ സാധിക്കുമോ?
മുന്‍വശത്തെ പടിവാതിലിനടുത്തെ സിമന്റു തിട്ടയില്‍ അയല്‍പക്കത്തെ ബഷീറും രവിയും രാജുവുമൊക്കെ പടക്കം പൊട്ടിക്കലില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്നുണ്ട്. ബഷീര്‍ പുതിയാപ്ലയാണ്.
മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം കണ്ട് തെക്കുവടക്കു നടന്നിരുന്ന അവനെ `പുദ്ധി' നന്നാവാന്‍ വാപ്പ പെട്ടെന്ന് പിടിച്ച് കെട്ടിച്ചതാണ്. `വാപ്പ പറഞ്ഞു, എനിക്ക് മങ്ങലാന്ന്.. നിങ്ങളെല്ലാരും ബരണം... ' എന്ന അവന്റെ കല്യാണം വിളി നാട്ടില്‍ ഫേമസായി. 22-ാം വയസ്സില്‍ `മങ്ങലം' കഴിഞ്ഞ അവന്റെ പുയ്യെണ്ണുമായുള്ള ആദ്യത്തെ പെരുന്നാളാണിത്.
പെരുന്നാള്‍ ദിവസം അടിച്ചുപൊളിക്കണമെന്ന് കഴിഞ്ഞ ദിവസം സിമന്റുതിട്ടയിലിരുന്നു ഇക്കയോട് അവന്‍ പറയുന്നത് കേട്ടിരുന്നു. അപ്പോഴവന്റെ മനസ്സില്‍ നാണത്തിന്റെ ഒരു കമ്പിത്തിരി പ്രകാശിച്ചിരുന്നു.
തൊട്ടപ്പുറത്ത് സുലൈമാന്‍ പടക്കം പൊട്ടിച്ചു തുടങ്ങി.
വലിയൊരു മാലപ്പടക്കത്തോടെയാണവന്‍ എല്ലാ പെരുന്നാളിനും തുടങ്ങാറ്.
ആ ഒച്ച കേട്ടപ്പോള്‍ ഒരു ഗുണ്ടു വന്ന് പതിച്ച പോലെ ഉള്ളൊന്നു കാളി.
പട്ടണത്തില്‍ നിന്നെത്താത്ത ഇക്കയെ മനസ്സാ ശപിച്ചു. സുലൈമാന്‍ കത്തിക്കയറിയപ്പോള്‍, ഞാന്‍ പതുക്കെ അങ്ങോട്ട് വെച്ചുപിടിക്കാന്‍ തുനിഞ്ഞതാണ്. പക്ഷെ, ആരോ വിലക്കി, അത് മോശമാണ്.
അവന്റെ ഹുങ്ക് വര്‍ധിക്കുമെന്നൊക്കെ.
ങാ... എങ്കീ ബേണ്ട... -ഞാന്‍ സഹിക്കാന്‍ തന്നെ തീരുമാനിച്ചു.
വൈകിയാണെങ്കിലും ഇക്ക കൈനിറയെ പടക്കങ്ങളുമായി ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടെത്തി-അതൊരു ഒന്നൊന്നര വരവായിരുന്നു.
പിന്നെ താമസിച്ചില്ല. ഭൂമിയെ കുലുക്കിയ ഗുണ്ടുമായാണ് തുടങ്ങിയത്. ഞാന്‍ ചെവി പൊത്തി.
പടക്കം പൊട്ടിക്കല്‍ ചടങ്ങിന് മാത്രം സ്‌പെഷ്യലായി എത്തിയ പെങ്ങന്മാരുടെ കുട്ടികള്‍ക്ക് കമ്പിത്തിരിയും ചക്രവും കത്തിച്ചു നല്‍കി.
ബഷീറും രവിയും രാജുവുമൊക്കെ ആവേശത്തോടെ ചാടി നടന്ന് പടക്കങ്ങള്‍ക്ക് കത്തിച്ചു തീര്‍ക്കുന്നു.
സുലൈമാനും അവ്വക്കറുമൊക്കെ തോറ്റ് തുന്നം പാടും...-രവിയും ബഷീറും അഭിമാനത്തോടെ പറഞ്ഞു.
അപ്പോഴും ഉമ്മ ടെന്‍ഷനിലായിരുന്നു.
`ഒന്ന് മെല്ലെ പൊട്ടിക്കെടാ..' എന്ന് ഉമ്മ വെറുതെ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
`പടക്കമെങ്ങനെയാ മാമാ മെല്ലെ പൊട്ടിക്കാ..' എന്ന്, ജീവിതത്തിലാദ്യമായി തരക്കേടില്ലാത്ത തമാശ പറഞ്ഞ ബഷീര്‍ കുറച്ചു നേരത്തേക്ക് ഹീറോയായി.
ഉമ്മ എല്ലാവരേയും രൂക്ഷമായൊന്ന് നോക്കി. എന്നിട്ട് പൂവാലിയുടെ അടുത്ത് ചെന്ന് വൈക്കോലിട്ടുകൊടുത്തു, നിറവയര്‍ തലോടി. .
പൂരം കഴിഞ്ഞ പറമ്പ് പോലെയായി മുറ്റം.
പൊട്ടിയതും അല്ലാത്തതുമായ പടക്കം വീണ് നിറഞ്ഞിരിക്കുന്നു. ഇനി രാവിലെ എണീറ്റ് വേണം പൊട്ടാത്തവ ശേഖരിക്കാന്‍. മറ്റെല്ലാവരും എണീക്കുന്നതിന് മുമ്പേ എണീറ്റാലേ എനിക്ക് കുറേയേറെ കിട്ടുകയുള്ളൂ.
എല്ലാവരും വീട്ടിനകത്തേക്ക് മടങ്ങി. അടുക്കളയില്‍ അയല്‍പ്പക്കത്തെ നഫീസാത്ത പലഹാരമുണ്ടാക്കുന്ന തിരക്കിലാണ്.
കുട്ടികളെ കണ്ടപ്പോള്‍ ഒരു പാത്രത്തില്‍ കുറെ പഴംപൊരിയും ഈത്തപ്പഴം, കടലപ്പരിപ്പ് എന്നിവ പൊരിച്ചതുമൊക്കെ ഞങ്ങള്‍ക്ക് തന്നു. അപ്പോഴാണ് പുറത്ത് ഒരു ഗുണ്ട് പൊട്ടുന്നതും ആരുടേയോ അലര്‍ച്ച കേട്ടതും.
ഓടിച്ചെന്ന് നോക്കിയപ്പോള്‍ ബഷീര്‍ വലതു കൈപ്പത്തി ഇടതുകൈപ്പത്തികൊണ്ട് മുറുകെ പിടിച്ച് മുറ്റം നിറയെ വെളിച്ചപ്പാടിനെ പോലെ ഓടുന്നു.
`അള്ളാ.. എന്റെ പെരുന്നാള് പോയല്ലോ.. എന്റള്ളോ.. ഉമ്മോ... '' എന്നൊക്കെ അവന്‍ കരഞ്ഞുപറയുന്നുണ്ട്.
പൊട്ടാത്ത ഗുണ്ടെടുത്ത് ഊതിയതാണത്രെ. കൈയില്‍ കിടന്നു പൊട്ടി.
തൊലിയാകെ വെന്തുനീങ്ങി. അവനെ ഇക്ക കൂട്ടിക്കൊണ്ടുപോയി ഇരിപ്പുമുറിയിലെ ഫാനിന് കീഴെ നിര്‍ത്തിയെങ്കിലും അവിടെ നിന്നും തീ കൊളുത്തിയ റോക്കറ്റ് പോലെ അവന്‍ തിരികെയോടി. കൈ വെന്തതല്ല, പെരുന്നാള്‍ നഷ്‌ടമാണ് അവന്റെ ഏറ്റവും വലിയ വേദന.
``എടാ ബഷീറെ.. ഊതെണ്ടെടാ.. കൈയീന്ന് പൊട്ടിപ്പോകും.. എന്ന് ഞാന്‍ കൊറേ പറഞ്ഞതാ.. അവന്‍ കേട്ടില്ല...''
ഉമ്മ പറയുന്നുണ്ടായിരുന്നു. കുറേ നിമിഷം ഉമ്മ പൂവാലിപ്പശുവിനെ മറന്നുപോയി.
ഇക്ക ഉടന്‍ ലാംബി സ്‌കൂട്ടറെടുത്ത് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പാവം, ബഷീര്‍... പുയ്യെണ്ണിനോടൊന്നിച്ചുള്ള പെരുന്നാള്‍ സ്വപ്‌നം കണ്ട് നടന്ന അവന് ഈ ഗതിയായല്ലോ.. ഇനി നാളെ പെരുന്നാള്‍ ബിരിയാണി തിന്നാന്‍ പോലും അവനാകുമോ...?
ഉമ്മ വീണ്ടും പശുവിന് പിന്നാലെയാണ്.
പൂമുഖത്തെ സിമന്റ് തിട്ടയിലിരുന്ന് ചുളുങ്ങിയ തൊലിയുള്ള കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും ഉമ്മ പ്രസവത്തിന്റെ നാളുകള്‍ എണ്ണിത്തിട്ടം വരുത്തുന്നു.
തീന്‍മേശയുള്ള മുറിയുടെ തടിച്ച ജനാലയുടെ അരികില്‍ ഇന്ന് എത്തിച്ചേരാത്ത പെങ്ങന്മാരുടെ കുട്ടികള്‍ക്കായി സൂക്ഷിച്ചുവെച്ച പടക്കങ്ങള്‍ ഞാന്‍ കൊതിയോടെ നോക്കി നിന്നു. അപ്പോള്‍ ആരോ മുന്നറിയിപ്പ് നല്‍കി.
``അത് തൊടണ്ടാട്ടോ...''
നേരം വെളുത്തു തുടങ്ങിയപ്പോള്‍ മുറ്റം നിറയെ അയല്‍പക്കത്തെ കുട്ടികള്‍.
പൊട്ടാത്ത പടക്കങ്ങള്‍ ഇനി കടയില്‍ മാത്രമേ ലഭിക്കൂ..
ആകെ നിരാശനായെങ്കിലും ആ സുന്ദര കാഴ്‌ച എന്റെ മനസ്സിനെ കുളിരണിയിച്ചു.
പൂവാലിപ്പു ഒരു കൊച്ചു സുന്ദരിക്കുട്ടിയെ നക്കി വെടിപ്പാക്കുന്നു. ലോകത്തെ ഏറ്റവും സുന്ദര കാഴ്‌ചകളിലൊന്ന്.
സ്‌നേഹവും വാത്സല്യവുംനുരഞ്ഞുപൊന്തുന്ന, പൂത്തിരിയായി കത്തിയുയരുന്ന അപൂര്‍വ സുന്ദര നിമിഷം.
``അടുത്തു ചെന്ന് കണ്ടോടാ മണിക്കുട്ടനെ...''
ഉമ്മയുടെ മുഖത്തെ അന്നത്തെ സന്തോഷം ഇന്നും എന്റെ മനസ്സിലുണ്ട്. ഓരോ പെരുന്നാളിനും അതെന്നില്‍ നിലാവ് പോലെ വെള്ളിവെളിച്ചം തൂകുന്നു.
2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച
...അങ്ങനെ ഞാനൊരു തീവ്രവാദിയായി
വീട്ടുപറമ്പില്‍ കുഴികുത്തി ഇലയും ചുള്ളിക്കമ്പുകളുമിട്ട് മൂടി
അയല്‍പക്കത്തെ ഔക്കറേയും രവിയേയും വീഴ്‌ത്തിയാണ്
ഞാനാദ്യം തീവ്രവാദം ആരംഭിച്ചത്
ആ വീഴ്‌ച കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കാന്‍
താജുവും ബീവിയും ഫൗസിയയുമൊക്കെയുണ്ടായിരുന്നു
നാലാം ക്ലാസ്സിലായിരുന്നപ്പോള്‍
ബെഞ്ചുകീറി ബ്ലെയ്‌ഡ് വെച്ച് ശംസുവിന്റെ ചന്തി കീറി
നല്ല രസമായിരുന്നു ഇരിക്കാന്‍ പറ്റാതെ എരിപിരികൊള്ളുന്ന
അവനെ കാണാന്
ഏഴാം ക്ലാസ്സില്‍ കോപ്പിയടി പിടികൂടി
ചൂരല്‍ക്കഷായം കുടപ്പിച്ചതിന് പകരം വീട്ടാന്‍
ജേക്കബ് മാഷിന്റെ വാടകവീട്ടില്‍ കയറി
മേഴ്‌സിട്ടീച്ചര്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കി
ഒമ്പതില്‍ പഠിക്കുമ്പോള്‍ പ്രേമം നിരസിച്ച
സാജിദയെ അസംബ്ലിയില്‍ വെച്ച് ചുംബിച്ചു
എന്ത് മധുരമായിരുന്നുവെന്നോ
ആ ചുടുചുംബനത്തിന്
പത്തിലെ സംഭവമായിരുന്നു ചിരിക്ക് വക,
ജീവശാസ്‌ത്ര പരീക്ഷയെഴുതുമ്പോള്‍
തലച്ചോറിന്റെ ചിത്രം കാണിക്കാന്‍
പറഞ്ഞപ്പോള്‍ സ്വന്തം തല തൊട്ടുകാണിച്ച
അബ്‌ദുല്ലയുടെ തലയിലേക്ക് കോമ്പസ് കുത്തിയിറക്കി
പൊട്ടന്‍,
ഇപ്പോഴും അവന്റെ തലയില്‍
അതിന്റെ പാടുണ്‍ടായിരിക്കും
പത്തില്‍ തോറ്റ് ബോംബെയില്‍ ചെന്നാണ്
ഞാന്‍ ലോകത്തിന്റെ തീവ്രത ഏറ്റുവാങ്ങിയത്
യഥാര്‍ഥ മതവിശ്വാസി ചമയുന്നവര്‍
ചെവിയിലോതിയതൊക്കെ വേദാന്തമായി
അവിടെ നിന്ന് കശ്‌മീരിലേക്ക്...
ഒടുവില്‍,
സ്വയമൊരു ബോംബായി പൊട്ടിച്ചിതറും വരെ
ഞാനായിരുന്നു എനിക്ക് ശരി
ഇപ്പോള്‍ ഇവിടെ കിടന്നു വേവുമ്പോള്‍
ഞാന്‍ മാത്രം തെറ്റും
(സമര്‍പ്പണം: തീവ്രവാദത്തിന്റെ ഇരകളായ ലോകത്തെ ആയിരക്കണക്കിന് നിരപരാധികള്‍ക്ക്)
Labels:
കശ്മീര്‍,
കുട്ടിക്കാലം,
ബോംബെ,
വിദ്യാലയം,
വീട്ടുപറമ്പ്
2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച
തറവാട്
ഇമകള്‍ തുറന്ന് ലോകത്തെ
ഒരു നോക്ക് കാണാതെ തിരിച്ചുപോയ
കുഞ്ഞു പെങ്ങള്‍.
തടിച്ച പടിവാതില്‍ കടന്ന്
ദൂരെ, കിഴക്ക് കച്ചവടത്തിനായ്
കാല്‍നട യാത്ര പുറപ്പെടുന്ന വാപ്പ.
`ടോമീ'ന്ന് വിളിക്കുമ്പോള്‍
എവിടെ നിന്നോ വാലാട്ടിക്കൊണ്ട്
ഓടിയെത്തുന്ന,
ഒരു രാത്രി അടുക്കള ഭാഗത്ത് വന്ന്
നിര്‍ത്താതെ കുരച്ച്, തൊട്ടപ്പുറത്തെ
കിണറ്റിന്‍കരയില്‍ പോയി
മരിച്ചു കിടന്ന വളര്‍ത്തു പട്ടി.
എത്രയോ തവണ ചാക്കിലാക്കി കൊണ്ടുവിട്ടിട്ടും
നേരമിരുട്ടുമ്പോഴേക്കും മടങ്ങിയെത്തുന്ന
കറുമ്പിപ്പൂച്ച.
സ്‌കൂള്‍ വിട്ടെത്തിയാലുടന്‍ ഉമ്മ
അന്വേഷിക്കാന്‍ പറഞ്ഞയക്കുന്ന
പൂവാലിപ്പശു.
നേരന്തിയോളം നെല്‍വയലില്‍ പണിയെടുത്ത്
തിരിച്ചു വന്നാല്‍ ആനയെപ്പോലെ
പുറത്തേറ്റി പറമ്പ് ചുറ്റുന്ന പോത്തുകള്‍.
മുറ്റത്തെ ആലയില്‍ പോത്തുകളെ ലാളിച്ച്
`സുര്‍ഗിപ്പൂന്റടീല് പോവൂല ഞാന്
സുര്‍ങ്കിപ്പൂവൊന്ന് ചൂടൂല ഞാന്
അയ്യയ്യേ.. സുര്‍മാണീ
പൂവേ മണക്ക്‌ന്ന്..'
എന്ന് ഉറക്കെ പാടുന്ന ഉസ്‌മാന്‍.
നിറമുള്ള കുട്ടിക്കഥകളുടെ
രാജകുമാരന്‍ ശരീഫ് മുഹമ്മദ്.
`തെങ്ങീ കേറേണ്ടുമ്മാ...'ന്ന് ചോദിച്ച്
മുടന്തി മുടന്തിയെത്തുന്ന കുടിയന്‍ സേകു.
മരത്തില്‍ ഉന്തുവണ്ടിയാക്കിത്തന്ന ആദൂര്‍ മമ്മദ്.
നവരാത്രിക്ക് പെണ്‍വേഷം കെട്ടി വന്ന്
`സുബ്ബീ ഹരെ സുബ്ബീ...
ചക്ക മദീന, ബാര ബഞ്ചാര...'ന്ന്
പാടി നൃത്തം വെയ്‌ക്കുന്ന കിട്ടപ്പേട്ടന്‍.
പഴന്തുണി ഭാണ്‌ഡത്തില്‍ എന്തെല്ലാമോ കുത്തിനിറച്ച്
`എളേമ്മാ..'ന്ന് വിളിച്ചു വന്ന്
പൂമുഖത്തെ മൂവാണ്‍ടന്‍ മാവിന്റെ
തണല്‍വീണ സിമന്റു തിട്ടയില്‍
കൂര്‍ക്കം വലിച്ചുറങ്ങുന്ന കുഞ്ഞാലി.
മുറ്റത്ത് കൂട്ടിയിട്ട നെല്ല് പറയില്‍ അളക്കുമ്പോള്‍
`ഒഞ്ച്, റഡ്ഡ്, മൂറ്..' എന്നെണ്ണി
രസിപ്പിക്കുന്ന മഞ്ചു.
കറ്റകള്‍ മുറ്റത്തെത്തിച്ച്
തുളുവില്‍ കലപില സംസാരിക്കുന്ന
സീതുവും കമലയും ലക്ഷ്‌മിയും.
സോപ്പു ചീപ്പ് കണ്ണാടി കരിവള കണ്‍മഷി
ഇരുമ്പു പെട്ടിയില്‍
ചുമന്നെത്തുന്ന പെട്ടിക്കാരന്‍ മമ്മുച്ച.
പൂര്‍വികരുടെ അറിയാത്ത ഗന്ധമുള്ള
വലിയ മരക്കപ്പാട്ട്.
അട്ടത്ത് പോയകാല സമൃദ്ധിയോര്‍ത്ത് പൊടിപിടിച്ചു കിടന്ന
പത്തായം.
ചിതലുകള്‍ നക്കിത്തുടക്കുന്ന
നൂറുകണക്കിന് പത്രമാസികകള്‍.
ഉപ്പയുടെ കൈയക്ഷരമുള്ള
കൊച്ചു നോട്ടുപുസ്‌തകം.
ഉത്തരത്തില്‍ വിശ്രമിക്കുന്ന നൂറായിരം
പല്ലി, പാറ്റ, കൂറ...
പൊളിക്കുമ്പോള്‍ വാശിക്കാരനായ
കുട്ടിയെപ്പോലെ നിലത്ത് വീണ് കരയുന്നത്
തറവാട് വീട് തന്നെയാണ്.
2008, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
അകലെ നിന്ന് മഴ നനയാനുള്ള സ്വാതന്ത്ര്യം
നാട്ടില്‍ മഴയാണ്. കാലവര്‍ഷം അതിന്റെ എല്ലാ ആവേശത്തോടെയും ആഞ്ഞടിക്കുന്നു. പക്ഷെ, ഓരോ മഴത്തുള്ളിയും പതിക്കുന്നത് ഇവിടെ, കടലിനിക്കരെ അവന്റെ ഹൃദയത്തിലാണ്. അകലെ നിന്ന് കേള്‍ക്കുന്ന ആരവം മലയിറങ്ങി ഓടിയണയുന്ന മഴയാണോ? ലേബര്‍ ക്യാമ്പിലെ അട്ടിക്കട്ടിലിന്റെ മുകള്‍ നിലയിലെ ഉന്നക്കിടക്കയില്‍ തലചായ്‌ച്ച് മയങ്ങുകയായിരുന്ന അവന്‍ ഞെട്ടിയെണീറ്റ് വെറുതെ കൊതിക്കുന്നു...
ഹേയ്, അല്ല... അത് ശീതീകരണ യന്ത്രത്തിന്റെ കരകരാ ഒച്ചയാണ്.
ആ തീക്ഷ്‌ണമായ അറിവ് അവന്റെ മനസ്സില്‍ വീണ്ടും വേനലായി പതിയുന്നു. പൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിക്കുമ്പോള്‍ അവന്‍ വീണ്ടും മഴയെ ഓര്‍മ്മിക്കും. കമ്പനി യൂനിഫോം നനയുന്നത് മഴയാലല്ല, 40 ഡിഗ്രി സെല്‍ഷ്യസിലുമധികമുള്ള ചൂടിലും ഉഷ്‌ണത്താലുമാണ്. ശൈഖ് സായിദ് റോഡരികിലെ നിര്‍മ്മാണത്തിലിക്കുന്ന വമ്പന്‍ കെട്ടിടങ്ങളെ മായ്‌ച്ച്, അന്തരീക്ഷം മൂടിക്കെട്ടിയ പൊടിക്കാറ്റ് കമ്പനി വാഹനത്തിലിരുന്ന് കാണുമ്പോള്‍ വീണ്ടുമവന്‍ മഴയ്‌ക്ക് മുമ്പുള്ള, മനസ്സിനെ തണുപ്പിക്കുന്ന ആ തണുത്ത കാറ്റിനെയും മനോഹരമായ അന്തരീക്ഷത്തേയും ഓര്‍ക്കുന്നു.. അത് വെറും പൊടിക്കാറ്റിന്റെ വികൃതികളാണെന്നറിയുമ്പോള്‍ അവന്റെ ഹൃദയവും തപിക്കുന്നു...
കണ്‍ കുളിര്‍ക്കെ ഒരു മഴ ആസ്വദിച്ചിട്ട് എത്ര കാലമായി...?
അവന്‍ വെറുതെ ചിന്തിച്ചുകൊണ്ടിരുന്നു.
വര്‍ഷങ്ങളായി, നാട്ടിലെ തൊടിയില്‍ ശക്തിയായി പതിക്കുന്ന ഓരോ മഴയും അവന്‍ അപൂര്‍വമായി ലഭിക്കുന്ന വിശ്രമ വേളകളില്‍ ടെലിവിഷനിലൂടെ കണ്ടാസ്വദിക്കുന്നു.
ദൈവമേ, ഒരു മഴ പോലും നുകരാനാവാത്ത ഈ ജീവിതം എന്തിന് തന്നുവെന്ന് അവന്‍ വെറുതെ ചിന്തിച്ചുകൂട്ടുകയായി. അനന്തരം, ഒരു ചാറ്റല്‍ മഴയില്‍ പ്രിയപ്പെട്ടവരെ തനിച്ചാക്കി ഇടവഴികളിലൂടെ നടന്നുപോന്ന ആ നിമിഷത്തെ ശപിക്കുന്നു... ഒരു മഴ ആസ്വദിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലല്ലോ എന്നോര്‍ത്ത് വിങ്ങിവിങ്ങിക്കരഞ്ഞു.
ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള മിനി ബസിലായിരുന്നു ഞാന്‍. ബസ് നിറയാതെ യാത്ര ആരംഭിക്കില്ലെന്ന്, അക്ഷമയായ ഒരു ഫിലിപ്പീനി യുവതിയുടെ ചോദ്യത്തിന് പാക്കിസ്ഥാനി ഡ്രൈവര്‍ മറുപടി പറഞ്ഞു. ഇരു ഭാഗത്തുമുള്ള സീറ്റുകളുടെ മധ്യത്തിലെ ഒറ്റയായ ഇരിപ്പിടങ്ങളാണ് ഇനി ഒഴിഞ്ഞുകിടപ്പുള്ളത്.
മൊബൈല്‍ ഫോണില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട് ആ മനുഷ്യന്‍ കയറി വന്നത് പൊടുന്നനെയാണ്. ആകെ വിയര്‍ത്ത് കുളിച്ച് ക്ഷീണിതനായ ഒരു മധ്യവയസ്‌കന്‍. മലയാളിയായ ആ സാധു മനുഷ്യന്റെ മുഖത്തെ നാലഞ്ചു ദിവസം പഴക്കമുള്ള താടി രോമങ്ങളില്‍ അങ്ങിങ്ങായി വെള്ളി രേഖകള്‍ എത്തിനോക്കുന്നു. ഇടയ്‌ക്ക് ഫോണിലെ സംസാരം മതിയാക്കി മുഖത്ത് നിന്നൊലിക്കുന്ന വിയര്‍പ്പ് തുള്ളികള്‍ ഷര്‍ട്ടിന്റെ തുമ്പ് കൊണ്ട് അമര്‍ത്തിത്തുടച്ച് അയാള്‍ തൊട്ടടുത്തിരിക്കുന്നയാളെ ദയനീയമായി ഒന്നു നോക്കി. ആ കണ്ണുകള്‍ കലങ്ങി മറിഞ്ഞിരിക്കുന്നു. ക്ഷോഭിച്ച കാലവര്‍ഷം കണക്കെ അയാളുടെ മനസ്സ് പിടയുന്നതായി തോന്നി. പെട്ടെന്ന് മൊബൈല്‍ വീണ്ടും ചിലച്ചു.
``അതേ... രാമകൃഷ്‌ണനാ... അതെ ഇന്നലെ രാത്രിയാരുന്നു.. അതേ.. ഏറെ കാലായില്ലേ കെടപ്പിലായിട്ട്... നാളെ രാവിലെയാ... ഇല്ല, പറ്റൂന്ന് തോന്നുണില്ല.. കമ്പനി അവധി തരില്ല.. എങ്കിലും അവസാനായി ഒന്നൂടി ശ്രമിക്കയാ... അതിന് കമ്പനിയാപ്പീസിലേക്ക് പോയിക്കൊണ്ടിരിക്കുവാ.. കിട്ട്വോന്നറിയൂല്ല... ഓക്കെ..ഓക്കെ...''
അയാളുടെ മനസ്സില്‍ വേനല്‍മഴ പോലെ സാന്ത്വനമായി ചുക്കിച്ചുളിഞ്ഞ ആ മുഖം തെളിഞ്ഞു-അമ്മ. ആ മുഖം അവസാനമായൊന്ന് കാണാനാവുമോ...?അയാള്‍ കീശയില്‍ നിന്ന് കൈലേസെടുത്ത് മുഖവും കഴുത്തും തുടച്ചു. എന്നിട്ട് ആ കൈലേസില്‍ കുറേ നേരം മുഖം പൊത്തിയിരുന്നു.കരയട്ടെ, ആ ദുഃഖം അങ്ങനെയെങ്കിലും പെയ്‌തൊഴിയട്ടെ. പക്ഷെ, ദുഃഖം ഒരു മഴയാണല്ലോ.. എത്ര പെയ്‌താലും തീരത്ത മഴ!വീണ്ടും മൊബൈല്‍ കരഞ്ഞപ്പോള്‍ മുഖമുയര്‍ത്തി സംസാരം തുടര്‍ന്നു. അപ്പോള്‍ അയാളുടെ ഒച്ച പതറിയിരുന്നു.
``അതേ... ഇന്നലെ രാത്രിയാരുന്നു.. നാളെ രാവിലെ വരെ കാത്തിരിക്കാമെന്നാ പറഞ്ഞേ... അതിന് മുമ്പെത്തുമോന്നറിയില്ല.. എങ്കിലും പോകാന്‍ നോക്കുകാ...''
-ആവര്‍ത്തിച്ചുകൊണ്ടേയിരുന്ന വാക്കുകള്‍ക്ക് ഒരു യാന്ത്രികത.അയാളില്‍ നിന്ന് കരച്ചില്‍ അടര്‍ന്നുവീഴുമെന്ന് തോന്നി. എത്ര നാളായി അമ്മയെ കണ്ടിട്ട്? ഒരു വര്‍ഷം... രണ്ട് വര്‍ഷം... മൂന്ന് വര്‍ഷം.. അതോ നാലോ...?-ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. അയാളില്‍ നിന്ന് ഒരു ഗദ്‌ഗദം ഉരുള്‍പൊട്ടി. അത് മറ്റാരും കാണാതിരിക്കാന്‍ അയാള്‍ പാടുപെട്ടു. എന്തൊക്കെ ചിന്തകളാലായിരിക്കും ആ സാധു മനുഷ്യന്റെ അകം തിളച്ചു മറിയുന്നത്!. ഒടുവില്‍ അയാള്‍ക്ക് അന്ന് നാട്ടില്‍ എത്താന്‍ സാധിച്ചിരിക്കുമോ? നൊന്തു പെറ്റ മാതാവിന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരിക്കുമോ?. അസുഖമായി കിടപ്പിലുള്ളപ്പോള്‍ ഏക മകനെക്കുറിച്ച് ആ അമ്മയുടെ മനസ്സിലെ ചിന്തയെന്തായിരിക്കാം? ഗള്‍ഫെന്ന സ്വപ്‌ന ലോകത്ത് നിന്ന് പൊന്നുവാരാന്‍ പോയ മകന്‍ ഉടനെ ഓടിയെത്തി ഒരു തുള്ളി സാന്ത്വനം പകരുമെന്ന് ആ വൃദ്ധമാതാവ് പ്രതീക്ഷിച്ചിരിക്കില്ലേ?...ഒരിക്കലെങ്കിലും. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ കഥാപാത്രത്തെ പോലെ ഇന്നുവരും... ഇന്നുവരും എന്ന് പ്രതീക്ഷിച്ച് എന്നും രാത്രി ചോറു വിളമ്പി ..
ഷാര്‍ജ മ്യൂസിയത്തിന് മുമ്പിലെ പീരങ്കി തൊട്ട് തലോടിക്കൊണ്ട് നാല് വയസ്സുള്ള മകള്‍ എന്നെ നോക്കി. ആദ്യമായി കാണുകയാണവള്‍. കറുത്തിരുണ്ട പീരങ്കി ചരിത്രം സൂക്ഷിക്കുന്ന വലിയൊരു അത്ഭുതവസ്‌തുവാണെങ്കിലും ഇന്നത് വെറുമൊരു കൗതുകമാണ്. പുതിയ തലമുറയ്‌ക്ക് ഒരിക്കലും കേള്‍ക്കാന്‍ താത്‌പര്യമില്ലാത്ത നിരവധി കഥകള്‍ ഒരു പീരങ്കിക്ക് പറയാനുണ്ടാകും. ഒട്ടേറെ ചരിത്ര സത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വീരശൂര കഥകള്‍... ഞാനാ കൊച്ചു മുഖത്തേക്ക് നോക്കുമ്പോഴേക്കും അവളുടെ കണ്ണുകള്‍ മ്യൂസിയത്തിന് മുകളില്‍ വട്ടമിട്ടു പറക്കുന്ന പേരറിയാത്ത നിരവധി കിളികളിലേക്കായി. നാട്ടിലെ അനാകായിരം കിളികളെ അവയൊക്കെയും കൂടണയാനുള്ള ഒരുക്കത്തിലാണ്. മ്യൂസിയത്തിനരികിലൂടെ നിരവധി പേര്‍ വേഗതയില്‍ നടന്നുപോകുന്നു. അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, പാക്കിസ്‌താനി തൊഴിലാളികളാണ്.
നടത്തത്തിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ പെട്ടെന്ന് നിന്നു. എന്നെയും മോളെയും സൂക്ഷിച്ച് നോക്കി. പിന്നെ പതുക്കെ അരികിലേക്ക് വന്നു. ഒരു നിമിഷം മോളെ നോക്കിയ ശേഷം നോട്ടം എന്നിലേക്ക് നട്ടു. ആ കണ്ണുകളില്‍ വാത്സല്യം നുരഞ്ഞു പൊന്തുന്നത് ഞാന്‍ കണ്ടു.അയാള്‍ ഉത്തരേന്ത്യന്‍ ചുവയുള്ള ഹിന്ദിയില്‍, ഒരപേക്ഷയുടെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു:
``ഞാന്‍.. മോളെയൊന്ന് തൊട്ടോട്ടെ....''
ഞാന്‍ വല്ലാതായി.
തൊട്ടോളൂ എന്ന് പറയാതെ പറഞ്ഞു തീരും മുമ്പേ അയാള്‍ കുഞ്ഞിന്റെ കൈ നെഞ്ചോട് ചേര്‍ത്തു വെച്ചു. എന്നിട്ട് എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു:
``നാട്ടില്‍ എനിക്കും ഇതുപോലുള്ളൊരു മോളുണ്ട്... പക്ഷെ, ഇതുവരെ കണ്ടിട്ടില്ല...''
ആ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ ഇടിമിന്നലായി പതിച്ചു. ഞാന്‍ പെട്ടെന്ന് പരിഭ്രമിച്ചു നില്‍ക്കുകയായിരുന്ന മോളെ നോക്കി. അയാളിലേക്ക് നോട്ടം നീട്ടിയപ്പോഴേക്കും അയാള്‍ നടന്നു കഴിഞ്ഞിരുന്നു. പിന്നെ, കുറച്ച് അകലെ നിന്ന് ഒന്നുകൂടി തിരിഞ്ഞുനോക്കി, കൈയുയര്‍ത്തി വീശി. അത് കണ്ട് മോളും കൈയുയര്‍ത്തി. ആ യുവാവിന്റെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്കൂഹിക്കാന്‍ സാധിക്കുമായിരുന്നു. അയാളുടെ മുഖത്ത് തെളിഞ്ഞ് നിന്ന വാത്സല്യം, ഒരു പിതാവിന്റെ സ്‌നേഹം... അതൊക്കെ അയാള്‍ കെട്ടിട നിര്‍മ്മാണ കമ്പനിയുടെ വിജയത്തിനായി ബലിയര്‍പ്പിച്ചിരിക്കുകയാണ്. ഇനിയൊരുനാള്‍ എണ്ണിച്ചുട്ടപ്പം പോലെ 30 ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് പോയാല്‍ തന്നെ ആ നാല് വയസ്സുകാരി അയാളെ തിരിച്ചറിയുമോ?. അറിഞ്ഞു തുടങ്ങുമ്പോഴേക്കും തിരിച്ചു വരവിനുള്ള സമയമായിരിക്കും, തീര്‍ച്ച.
ഇതുപോലെ എത്രയോ ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍.. ഇതര രാജ്യക്കാര്‍... സൈകതഭൂവില്‍ ജീവിതം വിയര്‍ത്തുകുളിച്ചു തീര്‍ക്കുന്നു!!
മഴ നനയാനുള്ള സ്വതന്ത്രമില്ലാത്ത, സ്വന്തം മാതാവിന്റെ മൃതദേഹം ഒരു നോക്കു കാണാന്‍ സാധിക്കാത്ത, സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ സാധിക്കാത്ത എത്രയോ പേര്‍ ഗള്‍ഫിലുണ്ട്. എല്ലാ രാജ്യത്തുനിന്നുമുള്ളവര്‍...തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മൂലം കുടുംബത്തെ പോറ്റാന്‍ വക തേടിയെത്തിയ തികഞ്ഞ സാധാരണക്കാര്‍. സ്വന്തം നാട്ടില്‍ സാഹചര്യങ്ങളാല്‍ ആട്ടിയോടിക്കപ്പെട്ടവര്‍...
എന്താണ് സ്വാതന്ത്ര്യം? ബ്രിട്ടീഷുകാരെ പറഞ്ഞയച്ച ആ അര്‍ധരാത്രി മുതല്‍ നാം അന്വേഷിച്ചുകൊണ്ടിരിക്കുന്നത് ഇതാണല്ലോ. 62 വര്‍ഷമായിട്ടും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും അകലാത്ത ഒരു രാജ്യം സ്വതന്ത്രമാണെന്ന് പറയാന്‍ നമുക്ക് സാധിക്കുമോ?
2008, ജൂലൈ 27, ഞായറാഴ്‌ച
കുത്തും കോമയുമില്ലാത്ത ജീവിതം
തമിഴ്‌നാട്ടിലെ മധുര ദിണ്ടിഗല്‍ നാഗര്‍നഗര്‍ എന്ന കു്രഗാമത്തില്‍ നിന്ന് ഉപജീവനം തേടി കാസര്‍കോട്ടെ ബേക്കല്‍ പള്ളിക്കരയിലെത്തി, ഒരു ഗ്രാമത്തിന്റെ പ്രിയതോഴനായി മാറിയ രാജന്‍ എന്ന 40കാരന്റെ ജീവിതമാണിവിടെ പറയുന്നത്. മലയാള നാട്ടിെലല്ലാം ഇത്തരം രാജന്മാരെ ഇന്നും കാണാം. അസാന്നിദ്ധ്യത്തിലാണ് ഒരാളുടെ പ്രസക്തി നാം തിരിച്ചറിയുക എന്ന് രാജന്‍ നമുക്ക് പറഞ്ഞുതരുന്നു
Always be nice to people on the way up;
because you?ll meet the same people on the way down.
-Wilson Mizner
രാജനെവിടെ...?
...എവിടെപ്പോയി നമ്മുടെ രാജന്‍?
കുറെ നാള്‍ പള്ളിക്കര ഗ്രാമം അന്വേഷിച്ചു. പ്രത്യേകിച്ച് ആവശ്യമില്ലാത്തവര്‍ പോലും പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു.
തിരിച്ചു പോയിക്കാണും നാട്ടിലേക്ക്....-ചിലര്‍ സമാധാനിച്ചു.
ഇനി മടങ്ങി വരില്ലായിരിക്കും..-മറ്റു ചിലര്‍ ഉറപ്പിച്ചു.
എന്നാലും... എന്നാലും ഒരു വാക്കു പോലും മിണ്ടാതെ..??
ബേക്കല്‍ കോട്ടയെ തഴുകിയെത്തിയ കാറ്റ്:
ബേക്കല്‍ കോട്ടയെ തഴുകിയെത്തുന്ന കുളിരുള്ള കാറ്റടിക്കുന്ന പള്ളിക്കരയുടെ ഹൃദയം തേങ്ങി. ആശങ്കയും ആകാംക്ഷയും മുറ്റി നിന്ന അവരുടെ കാതുകളിലേക്ക് അങ്ങനെയിരിക്കെയാണ് ആ നടുക്കുന്ന വാര്‍ത്ത വന്നു പതിച്ചത്. ബേക്കല്‍ കോട്ടയുടെ കനത്ത കരിങ്കല്‍പ്പാറക്കൂട്ടങ്ങളില്‍ ഒരു തിര തലതല്ലിത്തകര്‍ന്നു:
കാഞ്ഞങ്ങാട്ട് ട്രെയിന്‍ തട്ടി അജ്ഞാതന്‍ മരിച്ചു. പേര് രാജന്‍. വയസ്സ് 40.
ഒരു സായാഹ്ന പത്രത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
പള്ളിക്കര വിറങ്ങലിച്ചു.
നമ്മുടെ രാജന്‍ പോയി! നാടിന്റെ പ്രിയ തോഴന്‍ പോയി!!.
ഇനി വിശേഷ ചടങ്ങുകളില്‍ നമ്മളിലൊരാളാകാന്‍, ഭക്ഷണം കഴിച്ച പ്ലെയിറ്റുകള്‍ ദ്രുതഗതിയില്‍ കഴുകി വൃത്തിയാക്കാന്‍, വീടിന് കാവല്‍ നില്‍ക്കാന്‍, കുഞ്ഞു ഹൃദയങ്ങളില്‍ ഐസ് മിഠായിയുടെ രുചി പകരാന്‍ ഐസ് രാജന്‍ വരില്ല!!.
പഴയൊരു സൈക്കിള്‍:
പതിവുപോലെ നാട് അതിന്റെ സഹജഭാവത്തോടെ ചലിച്ചു. ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ചിലും സന്ദര്‍ശകര്‍ വന്നും പോയുമിരുന്നു. ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിരവധി തവണ ചൂളം വിളിച്ചു. കിതച്ചുകൊണ്ട് ഓരോ ട്രെയിനെത്തുമ്പോഴും, പാന്റ്‌സും ഇന്‍സൈഡ് ചെയ്‌ത കുപ്പായവുമിട്ട് കൈയില്‍ ഉടുപ്പുകള്‍ കുത്തിനിറച്ച രണ്ട് സഞ്ചികളുമായി, പുഞ്ചിരി മായാത്ത മുഖത്തോടെ രാജനെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സാധാരണ മൂന്ന് മാസത്തില്‍ കൂടുതല്‍ രാജന്‍ പള്ളിക്കര വിട്ട് നില്‍ക്കാറില്ല. എന്നാലിപ്പോള്‍ പോയിട്ട് ഈ കാലപരിധി പിന്നിട്ടിരിക്കുന്നു. രാജന്റെ സന്തത സഹചാരിയായ സൈക്കിള്‍ പരേതനായ സിംഗപ്പൂര്‍ ഹാജിയുടെ മകന്‍ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് പൊടി പിടിച്ച കിടക്കുന്നു.
നാടോടിയെ പോലെ...
തമിഴ്‌നാട്ടിലെ മധുര ദിണ്ടിഗല്‍, നാഗര്‍നഗര്‍ സ്വദേശിയാണ് രാജന്‍. നാട് കറങ്ങിക്കറങ്ങി ഒടുവില്‍ പള്ളിക്കര ഗ്രാമത്തിലെത്തിച്ചേര്‍ന്നതാണ്. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള രാജന്‍ നാട്ടില്‍ ചില്ലറ ജോലി ചെയ്‌തു ബോറഡിച്ചപ്പോള്‍ ഒരു ദിവസം ട്രെയിന്‍ കയറി-കേരളത്തിലേക്ക്. ഉറങ്ങിയെണീറ്റപ്പോള്‍ ട്രെയിന്‍ കോഴിക്കോട്ടെത്തിയിരിക്കുന്നു. മറ്റൊന്നുമാലോചിക്കാതെ അവിടെ ചാടിയിറങ്ങി. നഗരത്തില്‍ ജോലിയന്വേഷിച്ച് നടന്നപ്പോള്‍ സീനത്ത് റെസ്റ്റോറന്റിന്റെ അടുക്കള മാടി വിളിച്ചു. പ്ലെയിറ്റ് കഴുകുന്നതായിരുന്നു കിട്ടിയ പണി. തുടര്‍ന്ന് കല്യാണഗിരി, ഫെയ്‌മസ് തുടങ്ങിയ റെസ്റ്റോറന്റുകളിലേക്ക് സേവനം വ്യാപിപ്പിച്ചു. പ്ലെയിറ്റ് കഴുകി, കഴുകി ജീവിതം വെളുത്തപ്പോള്‍ സംഗതി കൊള്ളാമെന്നു തോന്നി. പക്ഷെ, ജന്മസിദ്ധമായ ബോറഡി അവിടെയും തന്നെ നില്‍ക്കാന്‍ അനുവദിച്ചില്ലെന്ന് രാജന്‍ പറയുന്നു. ഒരു ദിവസം വീണ്ടും ട്രെയിന്‍ കയറി- വടക്കോട്ടുള്ള ട്രെയിനായതിനാല്‍ ഇങ്ങോട്ടെത്തി. ശ്യാമസുന്ദരമായ ബേക്കല്‍ കോട്ടയും പരിസരവും കണ്ടപ്പോള്‍ പള്ളിക്കര സ്റ്റേഷനില്‍ ഇറങ്ങിയതാണ്. അന്നൊരു കല്യാണ ദിവസമായിരുന്നു, അതായത് ഞായറാഴ്‌ച. നാടുനിറയെ കല്യാണമഹോത്സവം. ആദ്യം കണ്ട ഒരു വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു. പിന്നെ ജോലി അന്വേഷിച്ചു.
എന്തൊക്കെ ചെയ്യാനറിയാം?-ആരോ ചോദിച്ചു.
ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കളത്തിലിറങ്ങി. വളരെ ഭംഗിയായി പ്ലെയിറ്റുകള്‍ കഴുകി വെടിപ്പാക്കുന്ന, എത്ര ജോലി ചെയ്‌താലും മുഷിപ്പ് പ്രകടിപ്പിക്കാത്ത രാജനെ ഏവരും ഇഷ്‌ടപ്പെട്ടു. തുടര്‍ന്ന് വീടുകളില്‍ നിന്ന് വീടുകളിലേക്ക് കറക്കം. ഓടിയെത്താന്‍ സാധിക്കാത്തതിനാല്‍ ഒരു പഴയ സൈക്കിള്‍ സ്വന്തമാക്കി. വിവാഹമോ, വിശേഷ ചടങ്ങുകളോ ഇല്ലാത്ത ദിവസങ്ങളില്‍ രാജന്‍ സൈക്കിളില്‍ ഐസ് മിഠായി വിറ്റു. അങ്ങനെയങ്ങനെ രാജന്‍ പള്ളിക്കരയുടെ സുഹൃത്തായി; സ്വന്തമായി. എന്നാല്‍ അഷ്‌റഫും സഹോദരി പുത്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌ഹക്കീം കുന്നിലും രാജനെ ദത്തെടുത്ത പോലെയാണ്. അഷ്‌റഫിന്റെ തറവാട് വീട്ടിലെ ഒരംഗമായിത്തീര്‍ന്നു രാജന്‍. അഷ്‌റഫിന്റെയും ഹക്കീമിന്റെയും കൂടെ ചലിക്കുമ്പോള്‍ അതാ പൂര്‍വ്വാധികം ശക്തിയോടെ വരുന്നു, വീണ്ടും ബോറഡി!!. ഒരു സുപ്രഭാതത്തില്‍ പള്ളിക്കരയില്‍ നിന്ന് തീവണ്ടി കയറി. മാറി മാറിക്കയറി എത്തിച്ചേര്‍ന്ന്‌ത് ആന്ധ്രപ്രദേശിലെ സൈക്കന്തരാബാദില്‍. അവിടെയും കുറെനാള്‍ റെസ്റ്റോറന്റുകളില്‍ ജോലി ചെയ്‌തു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കോഴിക്കോട്ടേക്ക് വെച്ചുപിടിച്ചു. അവിടെ നിന്ന് വീണ്ടും പള്ളിക്കരയിലേക്ക്... ഒരുതരം കറക്കജീവിതം. ചെല്ലുന്നിടത്തെല്ലാം നിഷ്‌കളങ്കമായ സ്വഭാവത്തിനുടമയായ രാജന്‍ വ്യക്തിമുദ്ര പതിപ്പിച്ചേ മടങ്ങാറുള്ളൂ. ഏറ്റവുമൊടുവില്‍ സൈക്കന്തരാബാദില്‍ ചെന്ന് രണ്‍ടു ദിവസം പിന്നിട്ടപ്പോള്‍ പള്ളിക്കരയിലേക്ക് മടങ്ങാന്‍ തുനിഞ്ഞതാണ്. പക്ഷെ, റെസ്റ്റോറന്റ് മുതലാളി പെട്ടെന്ന് വിട്ടില്ല. എന്നാലും മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും പള്ളിക്കരയുടെ വിളി ശക്തമായി. ഇനി ഒരു നിമിഷം പോലും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് തോന്നിയപ്പോള്‍ ട്രെയിന്‍ കയറി.
അങ്ങനെ ഒരു നാള്‍ പള്ളിക്കര സ്റ്റേഷനു മുന്നിലെ കുന്നിറങ്ങിയപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ തന്നെ നോക്കുന്നതിന് പിന്നിലെ കാരണം ആദ്യം മനസ്സിലായില്ല. വഴിയെ അത് വ്യക്തമായി.
ട്രെയിന്‍ തട്ടി മരിച്ചെന്നു കരുതിയ നമ്മുടെ പ്രിയ രാജന്‍ ഉടലോടെ തിരിച്ചെത്തിയിരിക്കുന്നു!!!
നാട് ഒന്നടങ്കം ചെന്നു നോക്കി. ചിലര്‍ നുള്ളി നോക്കി ഉറപ്പുവരുത്തി.രാജന്‍ അവരോട് വൈകാനുണ്ടായ കാരണം പറഞ്ഞു, സാറി ചോദിച്ചു.
രാജന്‍ എവിടെ ചെന്നാലും മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചെത്തും, കാരണം രാജന് പള്ളിക്കരയേയും പള്ളിക്കരക്ക് രാജനേയും വേണം...-ഹക്കീം കുന്നില്‍ പറയുന്നു: ഞങ്ങളുടെ നാട്ടിലെ ഒരംഗമാണിന്ന് രാജന്‍. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്ലാത്ത രാജന്റെ ബലഹീനതകള്‍ സൈക്കിളും ലോട്ടറി ഭാഗ്യ പരീക്ഷണവുമാണ്. ഒരിക്കല്‍ കോഴിക്കോട് നിന്ന് സൈക്കിളില്‍ കാറ്റുണ്ടോ എന്ന് മാത്രം നോക്കാനായി വന്ന് പിറ്റേന്ന് തന്നെ തിരിച്ചു ചെന്ന കഥയാണ് കല്ലിങ്കാലിലെ ഫഹദ് സാലിഹിന് പറയാനുള്ളത്. എല്ലാവരോടും തമിഴ്‌നാട്ടിലെ വിശേഷങ്ങള്‍ പറയാന്‍ രാജന് അത്യുത്സാഹമാണ്. ലോട്ടറി അടിച്ചാലും ഇല്ലെങ്കിലും തന്റെ സമ്പാദ്യത്തില്‍ നിന്ന് ചെറിയൊരു തുക ലോട്ടറി ടിക്കറ്റെടുക്കാന്‍ രാജന്‍ ചെലവഴിക്കുന്നു. ഒരിക്കല്‍ ആയിരം രൂപ സമ്മാനം ലഭിച്ചപ്പോള്‍ അത് പള്ളിക്കരയില്‍ സംസാര വിഷയമായി.
തപ്പു ശെയ്യാതെ, ആര്‍ക്കും പ്രചനമുണ്ടാവാതെ ജീവിക്കണം--പള്ളിക്കരയുടെ വിശ്വസ്‌തനായ രാജന്‍ കുത്തും കോമയുമില്ലാത്ത ഓരോ വാക്യത്തിനിടയിലും നയം വ്യക്തമാക്കുന്നു.
വീണ്ടും സന്ധിക്കും വരെ വണക്കം:
പള്ളിക്കരയിലെ ബന്ധുവിന്റെ കല്യാണവീട്ടില്‍ വെച്ചാണ് ഈയുള്ളവന്‍ രാജനെ പരിചയപ്പെട്ടത്. യാതൊരു മടിയും കൂടാതെ രാജന്‍ തന്റെ ജീവിതം പറഞ്ഞുതന്നു. പിറ്റേന്ന് ജോലി പൂര്‍ത്തിയാക്കിയ അയാള്‍ കുളിച്ചു വൃത്തിയായി രണ്ട് സഞ്ചികളില്‍ വസ്‌ത്രങ്ങളുമെടുത്ത് പുറപ്പെടാനൊരുങ്ങി.പലരും ആശ്ചര്യത്തോടെ രാജനെ നോക്കി നിന്നു. കുറച്ചു മുമ്പ് വരെ കല്യാണ വീട്ടിലെ ഗെയ്‌റ്റിന് കാവല്‍ നിന്നിരുന്ന രാജന്‍ എവിടെപ്പോകുന്നു?!കല്യാണത്തിനെത്തിയവരില്‍ കോഴിക്കോട്ടെ റെസ്റ്റോറന്റു മുതലാളിയുമുണ്ടായിരുന്നു. അദ്ദേഹം ഉടന്‍ ഡ്യൂട്ടിക്കെത്തണമെന്ന് നിര്‍ദേശിച്ചതനുസരിച്ച് മറ്റൊന്നുമാലോചിക്കാതെ പുറപ്പെടുകയാണ്. വീണ്ടും സന്ധിക്കും വരെ വണക്കം.
2008, ജൂൺ 26, വ്യാഴാഴ്‌ച
ഏഴാം ക്ലാസ്സ്
സീന്‍ ഒന്ന്
നാട്ടിന്‍പുറത്തെ ചായക്കട.
ഒരാള്‍ പത്രം വായിച്ചുകൊണ്‍ടിരിക്കുന്നു.`
`ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്‌തകത്തില്‍ മതവിരുദ്ധത...
പാഠപുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥി,
യുവ രാഷ്‌ട്രീയ, മത സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തുന്നു.
നഗരങ്ങളിലെങ്ങും സംഘര്‍ഷം...''
കടക്കാരന്‍ രാമുണ്ണിനായര്‍:
``അല്ലിക്കാ എന്തോന്നാ ഈ മതവിരുദ്ധായിട്ട് പൊത്തകത്തിലുള്ളേ...?''
``ഓ എനിക്കറീല്ല, അതൊന്നും ഞമ്മള് ബായിച്ചിട്ടില്ല....ഇന്ന് ഹര്‍ത്താലുണ്‍ടോന്നറിയാനാ ഞമ്മള് പേപ്പര്‍ നോക്കാറ്...
രംഗത്ത് ഒരു നേതാവെത്തുന്നു. ഇതേ വിഷയത്തില്‍ പ്രതിഷേധ പ്രകടനത്തിന് പോവുന്ന വഴി ഒരു ചായ കുടിക്കാന്‍ കയറിയതാണ് പുള്ളി.
പത്രം വായിച്ചുകൊണ്‍ടിരുന്നയാള്‍:
``ദാ നേതാവെത്തി.. നമുക്ക് അദ്ദേഹത്തോട് ചോയിക്കാം... ''
``അതെ അതെ...''
``അല്ല നേതാവേ, ഇത്രമാത്രം മതവിരുദ്ധമായി എന്തോന്നാ പൊത്തകത്തിലുള്ളേ...''
നേതാവ്:
``ങേ...!! അത് പിന്നെ, ഭയങ്കര പ്രശനമല്ലേ.. അടിമുടി മതവിരുദ്ധം... ഇങ്ങനെ പോയാല്‍ ഇവര്‍ കുട്ട്യോളെ മതം പോലും സ്‌കൂളില്‍ മാറ്റില്ലേ എന്നാ നമ്മള് ചോയിക്കാനാഗ്രഹിക്കുന്നത്...''
പത്രം വായിച്ചിരുന്നയാളും കടക്കാരനും മറ്റുള്ളവരും പരസ്‌പരം മുഖം നോക്കിയിരുന്നു പോയി.ഒറ്റയിറക്കിന് ചുടുചായ കുടിച്ച് കാശ് കൊടുത്ത് നീങ്ങുമ്പോള്‍ നേതാവ്:
``ക്ഷമിക്കണം...സുഹൃത്തുക്കളെ... ഇത്തിരി തെരക്കുണ്‍ട്...''
(വൈകിയാല്‍ പ്രകടനം മറ്റാരെങ്കിലും ഉദ്‌ഘാടനം ചെയ്‌തേക്കും).
വേഗതയില്‍ നടന്നു നീങ്ങുമ്പോള്‍ നേതാവിന്റെ ആത്മഗതം:
`അലവലാതികള്‍.. രാവിലെ തന്നെയെത്തി പത്രോം വായിച്ചോണ്‍ടിരുന്നോളും... വേറെ പണിയൊന്നുമില്ലേ ഇവന്മാര്‍ക്ക്... ഏഴാം ക്ലാസ്സിലെ പൊത്തകം ഞാന്‍ വായിക്കാന്‍...
എന്റെ പട്ടി വായിക്കും.. പണ്‍ട് പോലും വായിച്ചിട്ടില്ല.. വായിച്ചിരുന്നേല്‍ എന്നേ ഏഴാം ക്ലാസ്സ് പാസ്സാകുമായിരുന്നേനെ... ഹല്ല പിന്നെ.....'
2008, മേയ് 19, തിങ്കളാഴ്‌ച
ജിന്നുസാമി
ഉത്സവപ്പറമ്പിലിടഞ്ഞ കൊമ്പനെപ്പോലെയും, മൈക്ക് കൈക്കിട്ടിയ മന്ത്രി സുധാകരനെ പോലെയുമൊക്കെയായിരുന്നു ആയ കാലത്ത് തൂവക്കാളി ഉമ്പു. `എവിടെ ലൈഫ് ബോയുണ്‍ടവിടെയാണാരോഗ്യം...' എന്ന പഴയ പരസ്യം പോലെ, `എവിടെ ഗുലുമാലുണ്‍ടവിടെയാണ് തൂവക്കാളീ...'എന്ന് പറഞ്ഞാമ്മതി, എല്ലാമായി. തല്ല് കണ്‍ടാല്‍ ആരെന്നോ എന്തെന്നോ നോക്കാതെ കേറി ഇടപെടും. പിന്നെ നമ്മുടെ മമ്മുട്ടിയും സുരേഷ്‌ഗോപിയുമൊക്കെ പറയുന്നത് പോലുള്ള ഉശിരന്‍ ഡയലോഗും. ഇത്തിരി മറ്റവന്‍ അകത്ത് കയറിയാല്‍ തൂവക്കാളി വ്യാജന്മാരെ കിട്ടിയ പത്രക്കാരെ പോലെ ഒന്നു ഉഷാറാകും. പിന്നെ പുളിച്ചതേ തികട്ടി വരൂ.
നമ്മുടെ ഇന്ദ്രന്‍സിന്റെ കോലമായിരുന്നു അയാള്‍ക്ക്‌്‌്. നാട്ടില്‍ ഗുലുമാലുകള്‍ ഇഷ്‌ടം പോലെ നടക്കുന്നതിനാല്‍ തൂവക്കാളിക്ക് കോളാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്റെ ഉശിരോടെ ഓടിച്ചെന്ന് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തൂവക്കാളി തന്നെ വേണം. നാട്ടിലെ പോലീസ് സ്‌റ്റേഷനുമായി പൊക്കിള്‍കൊടി ബന്ധമാണ് പഹയന്. എല്ലാം പറഞ്ഞു തീര്‍ക്കും. (വെറുതെയല്ല, നാട്ടിലെ യുവ അഭിഭാഷകരെല്ലാം കറുത്ത ഗൗണ്‍ പാതി വഴിയിലുപേക്ഷിച്ച് ഗള്‍ഫിലേക്ക് പറക്കുന്നതിപ്പോള്‍ തിരിഞ്ഞില്ലേ). കഷ്‌ട കാലം എന്നല്ലാതെ എന്തുപറയാന്‍, ഇടയ്‌ക്ക് സംഘര്‍ഷങ്ങള്‍ക്ക് ഒരിടവേള വന്നു. മനുഷ്യര്‍ ഇത്ര പെട്ടെന്ന് ഇങ്ങനെ നന്നായിപ്പോയതില്‍ തൂവക്കാളി വല്ലാണ്‍ട് ബേജാറായി. അതോടൊപ്പം അയാള്‍ തന്റെ `ബിസിനസ് മേഖല' ഒന്നുമാറ്റുകയും ചെയ്‌തു. വൈകീട്ട് കവലയില്‍ കലാപ്രകടനങ്ങള്‍ നടത്തും. അതിന് ഇത്തിരി വീശണം. വേലയോ കൂലിയോ ഇല്ലാത്ത തൂവക്കാളിക്ക് അതെങ്ങനെ സാധ്യമാകും എന്നായിരിക്കും നിങ്ങടെ തലപുകച്ചില്‍. ഹലാക്കിന്റെ പുളി വെള്ളം മാത്രം വാങ്ങിക്കൊടുക്കാന്‍ ഈ ലോകത്ത് ഇഷ്‌ടം പോലെ ആളുണ്‍ടല്ലോ. മാത്രമല്ല, ഇന്ത്യയില്‍ കള്ള് ഷാപ്പിലും ബാറിലുമൊക്കെയാണല്ലോ മതേതരത്വം വിളയാടുക. മദ്യപന്മാരുടെ സാഹോദര്യം കണ്‍ടറിയേണ്‍ടത് തന്നെ.പഴയ ട്യൂബ് ലൈറ്റുകള്‍ കാണുമ്പോള്‍ തൂവക്കാളി എന്ന അമ്പത്തിരണ്‍ടുകാരന് ഭയങ്കര വിശപ്പായിരുന്നു. ഇറാഖിലെ ശിയാക്കളെ പോലെ നെഞ്ചിലും പുറത്തും തലയിലുമൊക്കെ ഇടിച്ച് തകര്‍ത്ത് തരിപ്പണമാക്കും. എന്നിട്ട് അച്ചപ്പം തിന്നുമ്പോലെ കറുമുറെ ചവച്ച് തിന്നും. വായില്‍ നിന്ന് പ്രവഹിക്കുന്ന ചുടുചോര മുറുക്കാന്‍ ചവച്ചു തുപ്പുമ്പോലെ തുപ്പിക്കളയും. ഇടയ്‌ക്ക് ഒരു ചേഞ്ചിന് മറ്റ് ചില നമ്പരുകളും തൂവക്കാളി ഒരുക്കും. `താലീം' എന്ന് നാട്ടുകാര്‍ പറയാറുള്ള, കളരി ഉറുമി ഉപയോഗിച്ചുള്ള ഒരു തരം കലാപ്രകടനമാണത്. ഇതൊക്കെ കാണാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകളെത്തിത്തുടങ്ങി. ടിക്കറ്റില്ലാത്ത കലാപരിപാടികള്‍ ആസ്വദിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ (അത് ഒരാളെ പട്ടാപ്പകല്‍ നടുറോഡിലിട്ട് ഗുണ്‍ടകള്‍ കുത്തിക്കൊല്ലുന്നതാണെങ്കില്‍ പോലും) നമ്മള്‍ മല്ലൂസ് പാഴാക്കാറില്ലല്ലോ. ആസ്വദിക്കാന്‍ ആളുകളുണ്‍ടാകുമ്പോഴാണ് ഏതൊരു കലക്കും ജീവന്‍ വെയ്‌ക്കുന്നതും വളരുന്നതും; തൂവക്കാളിക്കലയും അങ്ങനെ വളര്‍ന്നു വലുതായി. പക്ഷെ, ഒരേ സിനിമ തന്നെ ഒരു തിയ്യറ്ററില്‍ എത്രകാലം ഓടും?. ഒരേ നാടകത്തില്‍ തന്നെ ഒരു അഭിനേതാവ് എത്രനാള്‍ അഭിനയിക്കും? `മടുത്തൂ...' എന്ന് നെടുമുടി സ്‌റ്റൈലില്‍ പറയാതെ തന്നെ തൂവക്കാളി ഒരു നാള്‍ അപ്രത്യക്ഷനായി.
ഇയാള്‍ ഒരിക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ ഏവരും കൈവെടിയുകയും പുതിയ തൂവക്കാളികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശ അസ്ഥാനത്താവുകയും ചെയ്‌തു. പക്ഷെ... വന്നത് മറ്റൊരുഗ്രന്‍ കഥാപാത്രമായിരുന്നു.തൂവെള്ള വസ്‌ത്രം, എകെ ആന്റണിയെപ്പോലെ മിതഭാഷി, സമാധാനപ്രിയന്‍... ഗ്രാമത്തില്‍ രായ്‌ക്കുരാമാനം കൂടുകൂട്ടിയ ജിന്നി(മുസ്‌ലിം സിദ്ധന്‍)നെക്കുറിച്ച് ജനസംസാരം ഇങ്ങനെ പോകുന്നു. അക്കരക്കുന്നില്‍ കുടില്‍ക്കെട്ടി താമസമാക്കി. ഏത് രോഗത്തിനും മറുമരുന്ന് നൊടിയിടയില്‍. എന്ത് മനപ്രയാസത്തിനും പരിഹാരം ഓണ്‍ ദി സ്‌പോട്ടില്‍... ഭദ്രാനന്ദ സാമിയെപ്പോലെ തോക്കുകൊണ്‍ടുള്ള ആശിര്‍വാദമൊന്നുമല്ല, ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കാര്‍ക്കിച്ചൊരു തുപ്പ്. ഇത് കണ്ണുമടച്ച് കുടിച്ചാല്‍ എല്ലാ ശിഫ. വരൂ, മടിച്ചു നില്‍ക്കാതെ തുറിച്ചു നോക്കാതെ കടന്നുവരൂ... ജിന്നിനെക്കക്കറിച്ച് നാട്ടിലും അയല്‍നാട്ടിലും പ്രചാരം നടത്താന്‍ ഇറങ്ങിയ അസി. ജിന്നുമാരുടെ എണ്ണം എണ്ണിയാല്‍ തീരില്ല. ജാതി മത ഭേദമന്യേ ജിന്നിന്റെയടുത്ത് രോഗികളും മനപ്രയാസമുണ്ണുന്നവരും ഒഴുകിയെത്തി. അന്യ മതസ്ഥര്‍ക്ക് ജിന്ന്, ജിന്നുസാമിയായി. ജിന്നുസാമിയുടെ കേളികള്‍ നാടൊട്ടുക്കും പ്രചുരപ്രചാരം നേടി. ജിന്നുസ്വാമി പെട്ടെന്ന് തന്നെ പണക്കാരനായി. രാഷ്‌ട്രീയക്കാരെപ്പോലെ തടിച്ചുകൊഴുത്തു. ചെറ്റക്കുടിലിന്റ് സ്ഥാനത്ത് മണിമാളികയുയര്‍ന്നു. വീണ്‍ടും പെണ്ണുകെട്ടി.. പണക്കാര്‍ പണെമറിഞ്ഞുകൊടുത്തു. അത് ഒരു അഭ്യാസിയെപ്പോലെ മലക്കം മറിഞ്ഞ് ജിന്നുസ്വാമി നേരിട്ടും ഏജന്റുമാര്‍ മുഖേനയും പോക്കറ്റിലാക്കി.
അന്യന്‍ നന്നാകുന്നത് കണ്‍ടാല്‍ അസൂയ തോന്നാത്തവര്‍ മനുഷ്യരാണോ?- ജിന്നുസ്വാമി പഴയ തൂവക്കാളിയാണെന്ന രഹസ്യ വിവരങ്ങള്‍ നാല്‍ക്കവലയിലെത്തിച്ചത് അസി.ജിന്നുമാര്‍ തന്നെ. ഇവരുടെ നോട്ടീസടിക്കാത്ത പ്രചാരണങ്ങളിലൊന്ന് ഇതാണ്-
അയല്‍നാട്ടിലെ ഒരു പ്രത്യേക വിഭാഗം ആള്‍ക്കാരാണ് ജിന്നുസ്വാമിയുടെ പതിവുകാര്‍. ഒരിക്കല്‍ ഇക്കൂട്ടരിലൊരാളുടെ വീട്ടില്‍ ഒരുണ്ണി പിറന്നു. അജ്‌മീരിലും ഏര്‍വാടിയിലും നേര്‍ച്ച നേര്‍ന്നുണ്‍ടായ പൊന്നുണ്ണി പക്ഷെ, തറവാട്ട് വീട്ടില്‍ പരമ്പരാഗതമായുള്ള വീട്ടിത്തടി കൊണ്‍ടുണ്‍ട് നിര്‍മ്മിച്ച നല്ല ഒന്നാന്തരം തൊട്ടിലില്‍ ആദ്യത്തെ കണ്‍മണി ഉറങ്ങുന്നില്ല, കിടന്നു അഞ്ച് മിനുട്ട് കഴിയേണ്‍ട താമസം, കുഞ്ഞ് നിര്‍ത്താതെ സൈറണ്‍ മുഴക്കുകയായി. പോംവഴി തേടി തൂവക്കാളിസാമിയുടെ മുന്നിലെത്തി എന്ന് പ്രത്യേകിച്ച് പറയേണ്‍ടതില്ലല്ലോ.
``ഞമ്മക്കൊന്ന് നേരിട്ട് കാണണം... ''
ദുബായില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്‌ത വിലപിടിപ്പുള്ള കാറില്‍ തൂവക്കാളിസാമി പറന്നു. ഒറ്റനോട്ടത്തില്‍ തന്നെ തൊട്ടിലിനെ പിടികൂടിയ `ബാധ'യെന്താണെന്ന് അയാള്‍ക്ക് മനസ്സിലായി. കുട്ടീടെ കുഞ്ഞു കാതുകളില്‍ എന്തൊക്കെയോ പിറുപിറുത്തു. ഒരൊറ്റ തുപ്പ്.
``സംഭവം ഇത്തിരി സീരിയസാണ്, മുറിയില്‍ നിന്ന് എല്ലാവരും പുറത്തു പോകണം..''
-തൂവക്കാളിസാമി അരുളി . മുംബൈയില്‍ പോലും ബഹുമാനിക്കാന്‍ ആളുകള്‍ മത്സരിക്കുന്ന വീട്ടുടമസ്ഥനടക്കം എല്ലാവരും ഭവ്യതയോടെ അതനുസരിച്ചു. മുറിയടച്ച് കുറ്റിയിടുന്നതിന് മുമ്പ് ഒരു ബക്കറ്റ് തിളയ്‌ക്കുന്ന വെള്ളവും പിന്നെ ഉപ്പും മുളകും കോഴിമുട്ടയുമൊക്കെ മുറിയിലെത്തിക്കാനും മറന്നില്ല.വീട്ടുകാരും ബന്ധുക്കളും അയല്‍വീട്ടുകാരുമൊക്കെ പ്രസവ മുറിക്ക് മുന്നില്‍ റിസള്‍ട്ടിന് കാത്തുനില്‍ക്കുമ്പോലെ നിന്നു. ഏകേദശം ഒരു മണിക്കൂറിന് ശേഷം തൂവക്കാളിസാമി മുറിവിട്ടിറങ്ങി.
``ഒര് മണ്‍ക്കൂര്‍ കൈഞ്ഞ് കുഞ്ഞിനെ ദൈര്യായിറ്റ് തൊട്ടിലില്‍ കെടത്തിക്കോ.. റഹ്‌മത്തായി ഒറങ്ങും..''
വീട്ടുടമസ്ഥന്‍ തൂവക്കാളിസാമിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നിന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ക്ലൈമാക്‌സ്:
ഇഹലോകവാസം വെടിയുന്നതിന് മുമ്പ് ഒരുപറ്റം മൂട്ടകള്‍ ശപിച്ചു:
``വ്യാജ ജിന്നുകളും കളള സാമിമാരും സ്‌ത്രീ പീഡനവും തട്ടിപ്പുമടക്കമുള്ള ലോകത്തെ സകല കുണ്‍ടാമണ്‍ടികളിലും പെട്ട് നശിച്ച് പണ്‍ടാരമടങ്ങട്ടെ.... ആമേന്‍''.
നോട്ട് ദി പോയിന്റ്.
നമ്മുടെ ഇന്ദ്രന്‍സിന്റെ കോലമായിരുന്നു അയാള്‍ക്ക്‌്‌്. നാട്ടില്‍ ഗുലുമാലുകള്‍ ഇഷ്‌ടം പോലെ നടക്കുന്നതിനാല്‍ തൂവക്കാളിക്ക് കോളാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്റെ ഉശിരോടെ ഓടിച്ചെന്ന് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തൂവക്കാളി തന്നെ വേണം. നാട്ടിലെ പോലീസ് സ്‌റ്റേഷനുമായി പൊക്കിള്‍കൊടി ബന്ധമാണ് പഹയന്. എല്ലാം പറഞ്ഞു തീര്‍ക്കും. (വെറുതെയല്ല, നാട്ടിലെ യുവ അഭിഭാഷകരെല്ലാം കറുത്ത ഗൗണ്‍ പാതി വഴിയിലുപേക്ഷിച്ച് ഗള്‍ഫിലേക്ക് പറക്കുന്നതിപ്പോള്‍ തിരിഞ്ഞില്ലേ). കഷ്‌ട കാലം എന്നല്ലാതെ എന്തുപറയാന്‍, ഇടയ്‌ക്ക് സംഘര്‍ഷങ്ങള്‍ക്ക് ഒരിടവേള വന്നു. മനുഷ്യര്‍ ഇത്ര പെട്ടെന്ന് ഇങ്ങനെ നന്നായിപ്പോയതില്‍ തൂവക്കാളി വല്ലാണ്‍ട് ബേജാറായി. അതോടൊപ്പം അയാള്‍ തന്റെ `ബിസിനസ് മേഖല' ഒന്നുമാറ്റുകയും ചെയ്‌തു. വൈകീട്ട് കവലയില്‍ കലാപ്രകടനങ്ങള്‍ നടത്തും. അതിന് ഇത്തിരി വീശണം. വേലയോ കൂലിയോ ഇല്ലാത്ത തൂവക്കാളിക്ക് അതെങ്ങനെ സാധ്യമാകും എന്നായിരിക്കും നിങ്ങടെ തലപുകച്ചില്‍. ഹലാക്കിന്റെ പുളി വെള്ളം മാത്രം വാങ്ങിക്കൊടുക്കാന്‍ ഈ ലോകത്ത് ഇഷ്‌ടം പോലെ ആളുണ്‍ടല്ലോ. മാത്രമല്ല, ഇന്ത്യയില്‍ കള്ള് ഷാപ്പിലും ബാറിലുമൊക്കെയാണല്ലോ മതേതരത്വം വിളയാടുക. മദ്യപന്മാരുടെ സാഹോദര്യം കണ്‍ടറിയേണ്‍ടത് തന്നെ.പഴയ ട്യൂബ് ലൈറ്റുകള്‍ കാണുമ്പോള്‍ തൂവക്കാളി എന്ന അമ്പത്തിരണ്‍ടുകാരന് ഭയങ്കര വിശപ്പായിരുന്നു. ഇറാഖിലെ ശിയാക്കളെ പോലെ നെഞ്ചിലും പുറത്തും തലയിലുമൊക്കെ ഇടിച്ച് തകര്‍ത്ത് തരിപ്പണമാക്കും. എന്നിട്ട് അച്ചപ്പം തിന്നുമ്പോലെ കറുമുറെ ചവച്ച് തിന്നും. വായില്‍ നിന്ന് പ്രവഹിക്കുന്ന ചുടുചോര മുറുക്കാന്‍ ചവച്ചു തുപ്പുമ്പോലെ തുപ്പിക്കളയും. ഇടയ്‌ക്ക് ഒരു ചേഞ്ചിന് മറ്റ് ചില നമ്പരുകളും തൂവക്കാളി ഒരുക്കും. `താലീം' എന്ന് നാട്ടുകാര്‍ പറയാറുള്ള, കളരി ഉറുമി ഉപയോഗിച്ചുള്ള ഒരു തരം കലാപ്രകടനമാണത്. ഇതൊക്കെ കാണാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകളെത്തിത്തുടങ്ങി. ടിക്കറ്റില്ലാത്ത കലാപരിപാടികള്‍ ആസ്വദിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ (അത് ഒരാളെ പട്ടാപ്പകല്‍ നടുറോഡിലിട്ട് ഗുണ്‍ടകള്‍ കുത്തിക്കൊല്ലുന്നതാണെങ്കില്‍ പോലും) നമ്മള്‍ മല്ലൂസ് പാഴാക്കാറില്ലല്ലോ. ആസ്വദിക്കാന്‍ ആളുകളുണ്‍ടാകുമ്പോഴാണ് ഏതൊരു കലക്കും ജീവന്‍ വെയ്‌ക്കുന്നതും വളരുന്നതും; തൂവക്കാളിക്കലയും അങ്ങനെ വളര്‍ന്നു വലുതായി. പക്ഷെ, ഒരേ സിനിമ തന്നെ ഒരു തിയ്യറ്ററില്‍ എത്രകാലം ഓടും?. ഒരേ നാടകത്തില്‍ തന്നെ ഒരു അഭിനേതാവ് എത്രനാള്‍ അഭിനയിക്കും? `മടുത്തൂ...' എന്ന് നെടുമുടി സ്‌റ്റൈലില്‍ പറയാതെ തന്നെ തൂവക്കാളി ഒരു നാള്‍ അപ്രത്യക്ഷനായി.
ഇയാള്‍ ഒരിക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ ഏവരും കൈവെടിയുകയും പുതിയ തൂവക്കാളികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശ അസ്ഥാനത്താവുകയും ചെയ്‌തു. പക്ഷെ... വന്നത് മറ്റൊരുഗ്രന്‍ കഥാപാത്രമായിരുന്നു.തൂവെള്ള വസ്‌ത്രം, എകെ ആന്റണിയെപ്പോലെ മിതഭാഷി, സമാധാനപ്രിയന്‍... ഗ്രാമത്തില്‍ രായ്‌ക്കുരാമാനം കൂടുകൂട്ടിയ ജിന്നി(മുസ്‌ലിം സിദ്ധന്‍)നെക്കുറിച്ച് ജനസംസാരം ഇങ്ങനെ പോകുന്നു. അക്കരക്കുന്നില്‍ കുടില്‍ക്കെട്ടി താമസമാക്കി. ഏത് രോഗത്തിനും മറുമരുന്ന് നൊടിയിടയില്‍. എന്ത് മനപ്രയാസത്തിനും പരിഹാരം ഓണ്‍ ദി സ്‌പോട്ടില്‍... ഭദ്രാനന്ദ സാമിയെപ്പോലെ തോക്കുകൊണ്‍ടുള്ള ആശിര്‍വാദമൊന്നുമല്ല, ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കാര്‍ക്കിച്ചൊരു തുപ്പ്. ഇത് കണ്ണുമടച്ച് കുടിച്ചാല്‍ എല്ലാ ശിഫ. വരൂ, മടിച്ചു നില്‍ക്കാതെ തുറിച്ചു നോക്കാതെ കടന്നുവരൂ... ജിന്നിനെക്കക്കറിച്ച് നാട്ടിലും അയല്‍നാട്ടിലും പ്രചാരം നടത്താന്‍ ഇറങ്ങിയ അസി. ജിന്നുമാരുടെ എണ്ണം എണ്ണിയാല്‍ തീരില്ല. ജാതി മത ഭേദമന്യേ ജിന്നിന്റെയടുത്ത് രോഗികളും മനപ്രയാസമുണ്ണുന്നവരും ഒഴുകിയെത്തി. അന്യ മതസ്ഥര്‍ക്ക് ജിന്ന്, ജിന്നുസാമിയായി. ജിന്നുസാമിയുടെ കേളികള്‍ നാടൊട്ടുക്കും പ്രചുരപ്രചാരം നേടി. ജിന്നുസ്വാമി പെട്ടെന്ന് തന്നെ പണക്കാരനായി. രാഷ്‌ട്രീയക്കാരെപ്പോലെ തടിച്ചുകൊഴുത്തു. ചെറ്റക്കുടിലിന്റ് സ്ഥാനത്ത് മണിമാളികയുയര്‍ന്നു. വീണ്‍ടും പെണ്ണുകെട്ടി.. പണക്കാര്‍ പണെമറിഞ്ഞുകൊടുത്തു. അത് ഒരു അഭ്യാസിയെപ്പോലെ മലക്കം മറിഞ്ഞ് ജിന്നുസ്വാമി നേരിട്ടും ഏജന്റുമാര്‍ മുഖേനയും പോക്കറ്റിലാക്കി.
അന്യന്‍ നന്നാകുന്നത് കണ്‍ടാല്‍ അസൂയ തോന്നാത്തവര്‍ മനുഷ്യരാണോ?- ജിന്നുസ്വാമി പഴയ തൂവക്കാളിയാണെന്ന രഹസ്യ വിവരങ്ങള്‍ നാല്‍ക്കവലയിലെത്തിച്ചത് അസി.ജിന്നുമാര്‍ തന്നെ. ഇവരുടെ നോട്ടീസടിക്കാത്ത പ്രചാരണങ്ങളിലൊന്ന് ഇതാണ്-
അയല്‍നാട്ടിലെ ഒരു പ്രത്യേക വിഭാഗം ആള്‍ക്കാരാണ് ജിന്നുസ്വാമിയുടെ പതിവുകാര്‍. ഒരിക്കല്‍ ഇക്കൂട്ടരിലൊരാളുടെ വീട്ടില്‍ ഒരുണ്ണി പിറന്നു. അജ്‌മീരിലും ഏര്‍വാടിയിലും നേര്‍ച്ച നേര്‍ന്നുണ്‍ടായ പൊന്നുണ്ണി പക്ഷെ, തറവാട്ട് വീട്ടില്‍ പരമ്പരാഗതമായുള്ള വീട്ടിത്തടി കൊണ്‍ടുണ്‍ട് നിര്‍മ്മിച്ച നല്ല ഒന്നാന്തരം തൊട്ടിലില്‍ ആദ്യത്തെ കണ്‍മണി ഉറങ്ങുന്നില്ല, കിടന്നു അഞ്ച് മിനുട്ട് കഴിയേണ്‍ട താമസം, കുഞ്ഞ് നിര്‍ത്താതെ സൈറണ്‍ മുഴക്കുകയായി. പോംവഴി തേടി തൂവക്കാളിസാമിയുടെ മുന്നിലെത്തി എന്ന് പ്രത്യേകിച്ച് പറയേണ്‍ടതില്ലല്ലോ.
``ഞമ്മക്കൊന്ന് നേരിട്ട് കാണണം... ''
ദുബായില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്‌ത വിലപിടിപ്പുള്ള കാറില്‍ തൂവക്കാളിസാമി പറന്നു. ഒറ്റനോട്ടത്തില്‍ തന്നെ തൊട്ടിലിനെ പിടികൂടിയ `ബാധ'യെന്താണെന്ന് അയാള്‍ക്ക് മനസ്സിലായി. കുട്ടീടെ കുഞ്ഞു കാതുകളില്‍ എന്തൊക്കെയോ പിറുപിറുത്തു. ഒരൊറ്റ തുപ്പ്.
``സംഭവം ഇത്തിരി സീരിയസാണ്, മുറിയില്‍ നിന്ന് എല്ലാവരും പുറത്തു പോകണം..''
-തൂവക്കാളിസാമി അരുളി . മുംബൈയില്‍ പോലും ബഹുമാനിക്കാന്‍ ആളുകള്‍ മത്സരിക്കുന്ന വീട്ടുടമസ്ഥനടക്കം എല്ലാവരും ഭവ്യതയോടെ അതനുസരിച്ചു. മുറിയടച്ച് കുറ്റിയിടുന്നതിന് മുമ്പ് ഒരു ബക്കറ്റ് തിളയ്‌ക്കുന്ന വെള്ളവും പിന്നെ ഉപ്പും മുളകും കോഴിമുട്ടയുമൊക്കെ മുറിയിലെത്തിക്കാനും മറന്നില്ല.വീട്ടുകാരും ബന്ധുക്കളും അയല്‍വീട്ടുകാരുമൊക്കെ പ്രസവ മുറിക്ക് മുന്നില്‍ റിസള്‍ട്ടിന് കാത്തുനില്‍ക്കുമ്പോലെ നിന്നു. ഏകേദശം ഒരു മണിക്കൂറിന് ശേഷം തൂവക്കാളിസാമി മുറിവിട്ടിറങ്ങി.
``ഒര് മണ്‍ക്കൂര്‍ കൈഞ്ഞ് കുഞ്ഞിനെ ദൈര്യായിറ്റ് തൊട്ടിലില്‍ കെടത്തിക്കോ.. റഹ്‌മത്തായി ഒറങ്ങും..''
വീട്ടുടമസ്ഥന്‍ തൂവക്കാളിസാമിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നിന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ക്ലൈമാക്‌സ്:
ഇഹലോകവാസം വെടിയുന്നതിന് മുമ്പ് ഒരുപറ്റം മൂട്ടകള്‍ ശപിച്ചു:
``വ്യാജ ജിന്നുകളും കളള സാമിമാരും സ്‌ത്രീ പീഡനവും തട്ടിപ്പുമടക്കമുള്ള ലോകത്തെ സകല കുണ്‍ടാമണ്‍ടികളിലും പെട്ട് നശിച്ച് പണ്‍ടാരമടങ്ങട്ടെ.... ആമേന്‍''.
നോട്ട് ദി പോയിന്റ്.
2008, ഏപ്രിൽ 2, ബുധനാഴ്‌ച
ഇനിയും പുഴ ഒഴുകുന്നില്ല...
ഒഴുകാന്‍ ഭൂമിയില്‍ഇടമില്ലാഞ്ഞിട്ടല്ല
പുഴ അവളുടെ കണ്ണുകളിലൂടെ നിറഞ്ഞൊഴുകിയത്...
ഉച്ചമയക്കത്തിലാണ്ട കടവ് പോലെ
പുഴയുടെ മനസ്സ്‌പുഴമീനായി പിടയുന്ന ഹൃദയം
ശാന്തമായൊഴുകുന്നപുഴ മനസ്സ് വരണ്ടാല്‍
ഭൂമി തന്നെ വരളില്ലേ?
എന്തിനാണ്
മനുഷ്യനിങ്ങനെമനസ്സുകളെ
കോരിയെടുക്കുന്നത്?
ഈ കെട്ടഴിച്ചുവിട്ടാല്‍തോണിക്ക്
യാത്രയാരംഭിക്കാമായിരുന്നു.
പുഴ അവളുടെ കണ്ണുകളിലൂടെ നിറഞ്ഞൊഴുകിയത്...
ഉച്ചമയക്കത്തിലാണ്ട കടവ് പോലെ
പുഴയുടെ മനസ്സ്‌പുഴമീനായി പിടയുന്ന ഹൃദയം
ശാന്തമായൊഴുകുന്നപുഴ മനസ്സ് വരണ്ടാല്‍
ഭൂമി തന്നെ വരളില്ലേ?
എന്തിനാണ്
മനുഷ്യനിങ്ങനെമനസ്സുകളെ
കോരിയെടുക്കുന്നത്?
ഈ കെട്ടഴിച്ചുവിട്ടാല്‍തോണിക്ക്
യാത്രയാരംഭിക്കാമായിരുന്നു.
2008, ഫെബ്രുവരി 16, ശനിയാഴ്‌ച
ബൂം സിറ്റി-മൂന്ന്
വെള്ളിയാഴ്‌ച കൊണ്ട് എന്ത് പ്രയോജനം?
ബുദ്ധി ജീവികളെക്കൊണ്ട് എന്താണ് പ്രയോജനമെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. ഈയുള്ളവനിവിടെ ചോദിക്കുന്നത് മറ്റൊന്നാണ്-വെള്ളിയാഴ്‌ച കൊണ്ട് എന്ത് പ്രയോജനം?`തിങ്കളാഴ്‌ച നല്ല ദിവസം' എന്നൊരു വിശ്വാസം കേരളത്തിലുണ്ടല്ലോ. (ഒരു പത്മരാജന്‍ സിനിമയുമുണ്ട്.) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ പ്രത്യേകതകളുള്ള ഓരോ ദിവസങ്ങളുണ്ടായിരിക്കാം. ഓരോ ദിനവും ഭാഗ്യവും നന്മയുമൊക്കെ കൊണ്ടുവരുന്നു എന്ന തോന്നലുകളുള്ളത് കൊണ്ടാണ് മനുഷ്യര്‍ ഇത്തരത്തില്‍ അന്ധവിശ്വാസങ്ങളില്‍ കൂപ്പുകൂത്തുന്നത്; ഒക്കെ ഒരു വിശ്വാസം-അത്രേള്ളൂ. (എന്നാല്‍ ആഴ്‌ചയില്‍ ഒരു നിമിഷം പോലും സമാധാനമോ സുഖമോ ഇല്ലാത്ത എരണം കെട്ടവരാണ് ഈ ഭൂമിയിലെ ഭൂരിഭാഗവും).ഗള്‍ഫിന്റെ കാര്യമെടുത്താല്‍ ഒരു പക്ഷെ വെള്ളിയാഴ്‌ചകളെയായിരിക്കും സ്വദേശികളും വിദേശികളും ഏറെ ഇഷ്‌ടപ്പെടുന്നത്. കൂട്ടപ്രാര്‍ത്ഥനയ്‌ക്ക് അവസരം ലഭിക്കുന്നത് കൊണ്ടായിരിക്കും ഇതെന്ന് അനാവശ്യമായി സംശയിക്കരുത്. അതെ, പൊതു അവധി തന്നെയാണ് മുഖ്യ ആകര്‍ഷക ഘടകം. ഭൂരിഭാഗം ഇന്ത്യക്കാര്‍ കീഴടക്കിയ ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ വെള്ളിയാഴ്‌ചകള്‍ ആഘോഷം തന്നെയാകുന്നു. ഗവണ്‍മെന്റിന്റെ നിബന്ധന മനസ്സില്ലാ മനസ്സോടെ പാലിക്കുന്ന കമ്പനികള്‍ അന്നൊരു ദിവസം തൊഴിലാളികളെ `തടവറകളി'ല്‍ നിന്ന് മോചിപ്പിക്കുന്നു.
യു.എ.ഇയുടെ കാര്യമെടുക്കാം. ദുബായിലെയും ഷാര്‍ജയിലെയും തൊഴിലാളികള്‍ ആറ് ദിവസത്തെ കഠിനാദ്ധ്വാനത്തിന്റെ പിരിമുറുക്കം തീര്‍ക്കുന്നത് വെള്ളിയാഴ്‌ചകളിലാണ്. ദുബായിലെ അല്‍ഖൂസ്, സോണാപൂര്‍, ജബല്‍ അലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വെള്ളിയാഴ്‌ചകളില്‍ നേരെ ദേരയിലേക്ക് വെച്ചുപിടിക്കുന്നു. അവിടെയവര്‍ പകലന്തിയോളം സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുകയായി. പാര്‍ക്കിലിരുന്ന് ഭക്ഷണം കഴിക്കുന്നു. ഫോട്ടോ പിടിക്കുന്നു. അത് പ്രിന്റെടുത്ത് നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുക്കുന്നു. ഫോണ്‍ വിളിക്കുന്നു. അസുഖമുള്ളവര്‍ ഇത്തിരി വീശുന്നു... ഇങ്ങനെ എന്തെല്ലാമോ കാര്യങ്ങള്‍. ഇതിനെല്ലാം സമയം തികയാത്തവര്‍ തലേന്ന് രാത്രി തന്നെ ഇവിടെയെത്തുന്നു.
ഷാര്‍ജ ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളില്‍ നിന്നെത്തുന്നവര്‍ റോളയിലെ ബസ് സ്റ്റേഷനടുത്തെ മൈതാനത്ത് കൂട്ടം കൂടിയിരിക്കുകയും(ചിലര്‍ ഇരിക്കാനും കിടക്കാനും പായയുമായാണ് വരുന്നത്!) നാടോടികളെപ്പെലെ അലഞ്ഞു തിരിയുകയും ചെയ്യുന്നു.സോറി, ഇവര്‍ ആദ്യമായി ചെയ്യുന്ന ഒരു കാര്യമുണ്ട്-ഭാഗ്യ പരീക്ഷണം. പോസ്റ്റ്‌കാര്‍ഡ് മില്യനയര്‍ ഇവരുടെ ജീവിതത്തിന്റെ ഒന്നൊന്നര ഭാഗമായിരിക്കുന്നു. ഏവരുടെയും വെള്ളിയാഴ്‌ചയിലെ ആദ്യ പരിപാടി ഭാഗ്യ പരീക്ഷണത്തില്‍ 30 ദിര്‍ഹം ചെലവഴിക്കുക എന്നതാണ്. ബന്ധപ്പെട്ടവര്‍ പോസ്റ്റ്‌കാര്‍ഡ് മില്യനയര്‍ ഉണ്ടാക്കിയത് തന്നെ തൊഴിലാളികള്‍ക്ക് വേണ്ടിയാണെന്നു വേണം കരുതാന്‍. കഴിഞ്ഞ ദിവസം ദുബായിലെ ലേബര്‍ ക്യാമ്പുകളില്‍ സമ്മാന പദ്ധതിക്കാര്‍ സൗജന്യ സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചു സോപ്പടിച്ചു. ഇതിന് പകരമായി ഇവരെ പരസ്യബോര്‍ഡുകളുമാക്കി. പത്രമാധ്യമങ്ങള്‍ക്ക് ലഭിച്ച ഫോട്ടോകളിലൊക്കെ കണ്ട ഒരു പ്രത്യേകത തൊഴിലാളികളെല്ലാം പോസ്റ്റ്‌കാര്‍ഡ് മില്യനയറിന്റെ ബ്രോഷറുകളേന്തിയാണ് നില്‍ക്കുന്നത് എന്നതാണ്!!
ഇത്തരത്തില്‍ സമ്മാനപദ്ധതികളോട് പ്രവാസികള്‍ കാണിക്കുന്ന അഭിനിവേശം മാനസിക വൈകല്യമാണെന്നാണ് കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളി മനശ്ശാസ്‌ത്ര വിദഗ്‌ധനായ ഡോ.അനീസ് അലി അഭിപ്രായപ്പെട്ടത്. നാട്ടിലെ ലോട്ടറിക്ക് സമാനം. ഡി.എസ്.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന നറുക്കെടുപ്പുകളില്‍ വിജയിക്കുന്നത് ഭൂരിഭാഗം ഇന്ത്യക്കാരാണെന്ന് കാണാം. നിത്യവും 5,000 കൂപ്പണുകള്‍ മാത്രം വില്‍ക്കുന്ന രണ്ട് ലക്‌സസ് കാറുകളും(ഏകദേശം 35 ലക്ഷം രൂപ) ഏതെങ്കിലും രാജ്യത്തിന്റെ ഒരു ലക്ഷത്തിന്റെ കറന്‍സിയും സമ്മാനം നല്‍കുന്ന നറുക്കെടുപ്പിന്റെ വിജയികളുടെ പട്ടിക കണ്ടാല്‍ ഇത് മനസ്സിലാകും. ഇതര രാജ്യക്കാരില്‍ അത്ഭുതവും ഇത്തിരി അസൂയയുമുണ്ടാക്കുന്നുണ്ടിത്. ഇതില്‍ പരിഭവിച്ചിട്ട് ഫലമില്ല; ഏറ്റവും കൂടുതല്‍, എന്തിന് 99 ശതമാനവും ഇവ വാരിക്കൂട്ടി ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നത് ഇന്ത്യക്കാരാണ് എന്നതാണ് ഇതിന് പിന്നിലെ പരസ്യമായ രഹസ്യം.എല്ലാ ദിവസവും അര്‍ധരാത്രിയോടടുത്താണ് ഗ്ലോബല്‍ വില്ലേജില്‍ നറുക്കെടുപ്പുകള്‍ നടക്കുന്നത്. സമ്മാനക്കൂപ്പണുകളെടുത്ത പലരും ലക്‌സസ് കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത് സ്വപ്‌നം കണ്ടുകൊണ്ടാണ് നിലാവത്തഴിച്ചുവിട്ട കോഴികളെപ്പോലെ പിന്നീട് നടക്കുന്നത്. ഭാഗ്യവാന് പുലര്‍ച്ചയോടടുത്ത് ബന്ധപ്പെട്ടവരുടെ വിളി വരുന്നു. ഇതോടെ എവന്റെ ഉറക്കവും നഷ്‌ടപ്പെടുന്നു. കിട്ടാത്തവന്‍ വീണ്ടും ഭാഗ്യ പരീക്ഷണത്തിന് കോപ്പുകൂട്ടുന്നു. എന്നാല്‍ കൂപ്പണുകളെടുക്കുന്നവര്‍ പലരും രാത്രി സ്വപ്‌നത്തില്‍ സമ്മാനം ലഭിച്ച് ഞെട്ടിയുണര്‍ന്ന് പരക്കം പായുന്ന കാഴ്‌ച പലയിടത്തും കാണാവുന്നതാണ്. ഇതിന്റെ രസകരമായ ഒരു മറുവശം ശ്രദ്ധിച്ചാല്‍ മനസ്സിലാകും, ലക്‌സസ് കാറുകള്‍ സമ്മാനമടിച്ച ഇന്ത്യക്കാരാരും ഇതുവരെ കാറുകള്‍ വാങ്ങിയതായി കേട്ടിട്ടില്ല. എല്ലാവര്‍ക്കും പണം മാത്രം മതി. (കാറോ ? ഹെന്തിന്-നാട്ടില്‍ ചെന്ന് ഏതെങ്കിലും സെക്കന്‍ഡ് ഹാന്‍ഡ് ചക്കട വണ്ടി വാങ്ങിയോട്ടി ആ ആഗ്രഹം ശമിപ്പിക്കാമല്ലോ-ഹല്ല പിന്നെ).
ഏതായാലും ഇങ്ങനെ പോയാല്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലും മുഴു ഭ്രാന്ത് വരുന്ന കാലം വിദൂരമല്ല. പെട്രോള്‍ സ്റ്റേഷനുകളില്‍ പുതുമണവാട്ടിയെ പോലെ അണിയിച്ചൊരുക്കി നിര്‍ത്തിയിട്ടിരിക്കുന്ന ലക്‌സസ് കാറുകളെ സമീപിച്ചും തൊട്ടു നോക്കിയും `ഡേയ്, ഞാന്‍ നാളെ വരാം, കാര്‍ കഴുകി വൃത്തിയാക്കി വെച്ചേക്ക്...' എന്ന് നിര്‍ദേശം നല്‍കി പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരുടെ കൈത്തരിപ്പറിയുന്ന സമയവും അത്രയകലെയല്ല; നോട്ട് ദി പോയിന്റ്.
2008, ജനുവരി 28, തിങ്കളാഴ്‌ച
`ഗജലക്ഷ്‌മി'യും ഞാനും
കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ അഞ്ച് വര്‍ഷം തകര്‍ത്താടിയതിന് ശേഷമായിരുന്നു കര്‍ണാടകയിലെ `എജുക്കേഷന്‍ സിറ്റി'യായ മംഗലാപുരത്തെ എസ്.ഡി.എം ലോ കോളജില്‍ ത്രിവത്സര കോഴ്‌സിന് ചേര്‍ന്നത്. 1997 കാലം.
കേരളത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്‌തമായ കാമ്പസ. പ്രണയം പൂത്തുപരിലസിക്കുന്ന പശ്ചാത്തലം. പ്രണയം എന്ന ഒരു പിരാന്തല്ലാതെ രാഷ്‌ട്രീയമോ, മറ്റ് അലവലാതിത്തരങ്ങളോ അവിടെയുണ്ടായിരുന്നില്ല. പ്രണയമെന്ന് പറയുമ്പോള്‍ പവിത്രമായ സ്‌നേഹബന്ധമൊന്നുമല്ല. മറ്റേതൊരു നഗരത്തെയും പോലെ തീര്‍ത്തും ആധുനികമായ ഒരു ലൈന്‍. ക്ലാസ്സില്‍ കയറാതെ വിശാലമായ കോളജിന്റെ ഇടനാഴികകളിലും മറ്റും കമിതാക്കള്‍ സൊള്ളിക്കൊണ്ടിരിക്കും. അധ്യാപകന്‍ കാണുമെന്നോ പരിചയക്കാര്‍ കണ്ടാല്‍ പാരകള്‍ വീഴുമെന്നോ മറ്റോ ഉള്ള യാതൊരു ഭയവും ആര്‍ക്കുമില്ല. ജീന്‍സിലും ടീ ഷേര്‍ട്ടിലും ഒരുങ്ങി വരുന്ന കുട്ടികള്‍. ആണ്‍കട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതേ ഡ്രസ് കോഡ് തന്നെയാണ്. കോളജില്‍ ചെലവഴിച്ച് മടുക്കുമ്പോഴോ, അല്ലെങ്കില്‍ അവസാനത്തെ വാതിലുമടച്ച് പ്യൂണ്‍ സ്ഥലം വിട്ടാലോ കമിതാക്കള്‍ ബൈക്കിലും കാറിലും കെട്ടിപ്പിടിച്ച് നഗരപ്രദക്ഷിണത്തിനിറങ്ങും.നഗരത്തിലെ പ്രശസ്‌തമായ `ഐഡിയല്‍ ഐസ്‌ക്രീം പാര്‍ലറാ'ണ് കോളജ് വിട്ടാല്‍ ഭൂരിഭാഗം കമിതാക്കളുടെയും സംഗമകേന്ദ്രം. അവിടെ മണിക്കൂറുകള്‍ ചെലവഴിക്കാനും അവര്‍ ഒരുക്കമാണ്. പീടികക്കാരനാണെങ്കില്‍ ഇതില്‍ യാതൊരു എതിര്‍പ്പുമില്ല. ഇവരുടെ ചേഷ്‌ടകള്‍ കാണാനും കേള്‍ക്കാനുമായി മാത്രം നിത്യവും വയോവൃദ്ധര്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ `ഒലിപ്പീരു'മായി എത്തുന്നു. പാര്‍ലര്‍ എപ്പോഴും ഹൗസ്‌ഫുള്‍.
ഐസ്‌ക്രീമിന്റെ സ്വാദുള്ള പ്രണയത്തിന് അത് നുണയുന്നത്ര ആയുസ്സേയുള്ളൂ എന്നാണ് പ്രേമിച്ച് തഴക്കം ചെന്ന മംഗലാപുരം വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.അതേസമയം,
ക്ലാസ് റപ്രസന്ററ്റീവിനെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുക എന്നൊരു മഹത്തായ പരിപാടി അവിടെയുണ്ട്. ടിയാന് പ്രത്യേകിച്ച് യാതൊരു പണിയും ഇല്ലെങ്കിലും നാട്ടുനടപ്പ് തെറ്റിക്കണ്ട എന്ന് കരുതിക്കാണും, ഒരു ക്ലാസ്സിന് ഒരു റെപ് നിര്‍ബന്ധമാണ്. അതിന് പക്ഷെ, കേരളത്തിലെ കാമ്പസുകളിലേതു പോലെ വലിയ പ്രചാരണമോ, ആക്രാന്തമോ ഇല്ല.ഞങ്ങളുടെ ക്ലാസ്സില്‍ പകുതി ആണ്‍കുട്ടികളും പകുതി പെണ്‍കുട്ടികളുമടക്കം എണ്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും മലയാളികള്‍. നേരത്തെ കാമ്പസ് രാഷ്‌ട്രീയം കളിച്ച് സുഖിച്ച എനിക്ക് ക്ലാസ്സ് റപ്രസന്ററ്റീവായി മത്സരിച്ച് ജയിച്ച് ഒന്ന് `ഷൈന്‍' ചെയ്യണമെന്ന് കലശലായ പൂതിയുണ്ടായി. പയ്യന്നൂര്‍ സ്വദേശി മുരളി ഇതിനായി കച്ച കെട്ടി നില്‍പുണ്ട്- ഇതാണ് ഏക മലയാളി പാര. വേറെ ചില കന്നഡ കുട്ടികള്‍ക്കും മത്സരിക്കാന്‍ താത്‌പര്യമുണ്ടായിരുന്നു. മുരളിയും ഞാനും മത്സരിച്ചാല്‍ മലയാളി വോട്ടുകള്‍ ഭാഗിക്കപ്പെടും. അപ്പോള്‍ ജയിക്കാന്‍ കന്നഡിഗരുടെ വോട്ടുകള്‍ കൂടി ലഭിച്ചേ മതിയാവൂ-അതെങ്ങനെ സ്വന്തമാക്കാമെന്നായി പിന്നത്തെ എന്റെ ആലോചന.
ഒരു വര്‍ഷം സീനിയറായ ആത്മാര്‍ത്ഥ സുഹൃത്ത് സുരേഷ്, ക്ലാസ്സ്‌മേറ്റ് കോഴിക്കോട്ടു മുക്കം സ്വദേശി ജ്യോതിഷ് തുടങ്ങിയ ഒന്നു രണ്ട് സുഹൃത്തുക്കളുമായി ആലോചന തകൃതിയായി നടന്നു. അപ്പോഴാണ് ആദ്യമേ ശ്രദ്ധയില്‍പ്പെട്ടിരുന്ന ആജാനുബാഹുവായ ആ പെണ്‍കുട്ടിയെപ്പറ്റി ഓര്‍ത്തത്. സാമാന്യത്തിലധികം പൊക്കവും വണ്ണവുമുള്ള അവള്‍ നമ്മുടെ കീരിക്കാടന്‍ ജോസിന്റെ പെങ്ങളാകാനുള്ള യോഗ്യതയുള്ളവളാണ്. ക്ലാസ്സില്‍ ആദ്യമെത്തി പിറകിലിരിക്കുന്നവര്‍ക്ക് ബ്ലാക് ബോര്‍ഡ് മറച്ചുകൊണ്ട് ഒന്നാമത്തെ ബെഞ്ചില്‍ മാത്രമിരിക്കാറുള്ള അവള്‍ക്ക് എല്ലാ കന്നഡ വിദ്യാര്‍ത്ഥികളുമായും നല്ല അടുപ്പമാണെന്ന് മനസ്സിലായിരുന്നു.
നോട്ട് ദി പോയിന്റ്- അവളെ ചാക്കിട്ടാല്‍ സംഗതി എളുപ്പമാവും.
എല്ലാത്തിനും ഇനി ദിവസങ്ങള്‍ മാത്രമെയുള്ളൂ.അങ്ങനെയാണ് ഞാന്‍ ഉഡുപ്പിക്കാരനും ക്ലാസ്സിലെ വലിയ തമാശക്കാരനുമായ ഉദയ് കിരണുമായി പെട്ടെന്ന് അടുക്കുന്നത്. താമസിയാതെ ഞാനെന്റെ ഉദ്യമത്തിലേക്ക് കടന്നു. നമ്മുടെ `കീരിക്കാടി'യെപ്പപ്പറ്റി ഞാനവനോട് ചോദിച്ചു. അപ്പോള്‍ കിട്ടിയ വിവരമിതൊക്കെയാണ്:
പേര്: ഗജലക്ഷ്‌മി. വീട് മംഗലാപുരം പട്ടണത്തില്‍ തന്നെ. ബി.ജെ.പിയുടെ വളര്‍ന്നുവരുന്ന വനിതാ നേതാവ്. (അവരുടെ പ്രത്യേക താത്‌പര്യമാണ് എല്‍.എല്‍.ബിക്ക് ചേരാന്‍ കാരണം).
പിറ്റേന്ന് ക്ലാസ്സില്‍ എത്തിയ ഉടനെ ഞാന്‍ ഗജലക്ഷ്‌മി വരുന്നതും കാത്തിരുന്നു. ഒടുവില്‍ ചരിത്രത്തില്‍ അന്നാദ്യമായി ഇത്തിരി വൈകി അവളെത്തി. അപ്പോഴേക്കും എല്ലാ കുട്ടികളും ക്ലാസ്സിലണിനിരന്ന് കഴിഞ്ഞിരുന്നു.
``ഹായ് ഗജലക്ഷ്‌മീ, ഗുഡ്‌മോണിംഗ്...''
ഞാന്‍ അഭിവാദ്യം ചെയ്‌തു; ഇത്തിരി ഉറക്കെ, മുരളിയും മറ്റും കേള്‍ക്കാന്‍ പാകത്തില്‍. അവളുമായുള്ള `എടീ പോടീ ബന്ധം' കണ്ട് മുരളി ഉദ്യമത്തില്‍ നിന്ന് പിന്തിരിയട്ടെ എന്നായിരുന്നു എന്റെ കുശാഗ്രബുദ്ധി. പക്ഷെ, എന്റെ വാക്കുകള്‍ കേട്ട് കന്നഡിഗരെല്ലാം ആദ്യമൊന്ന് ഞെട്ടുയി. പിന്നെ എല്ലാവരും ഭയങ്കര പൊട്ടിച്ചിരിയായിരുന്നു.
ഗജലക്ഷ്‌മി എന്നെ രൂക്ഷമായി നോക്കുന്നു. അവളുടെ ആ വലിയ ഉണ്ടക്കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ ഉദയ് കിരണിനെ നോക്കിയപ്പോള്‍ അവന്‍ പെട്ടെന്ന് പുറത്തേക്ക് വലിഞ്ഞു. ഞാനും പിന്നാലെ ചെന്നു. അവനെ തടഞ്ഞു നിര്‍ത്തി ചോദിച്ചു:
``എന്താടാ പ്രശ്‌നം?! ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ..?''
അവനപ്പോള്‍ നല്ല കടുത്ത കന്നഡയില്‍ ഇംഗ്ലീഷ് കലര്‍ത്തി പറഞ്ഞു:
``എടാ അവളുടെ പേര് രാജലക്ഷ്‌മീന്നാ... ഞാന്‍ അവളുടെ രൂപത്തെ കളിയാക്കാന്‍ വേണ്ടി നിന്നോട് തമാശയ്‌ക്കല്ലേ പേര് `ഗജലക്ഷ്‌മീ'ന്ന് പറഞ്ഞേ... നീ അവളെ വിളിച്ചതിപ്പോള്‍ `ആനലക്ഷ്‌മീ'ന്നാ...''
ഞാനാകെ വിയര്‍ത്തു.
മിനി മുംബൈ എന്നറിയപ്പെടുന്ന `ഗുണ്ടകളുടെ സ്വന്തം രാജ്യ'മായ മംഗലാപുരത്ത് ബി.ജെ.പി നേതാവായ അവള്‍ ഇനി കാട്ടിക്കൂട്ടാന്‍ പോകുന്ന പൊല്ലാപ്പുകള്‍ ഓര്‍ത്ത് ഞാന്‍ ഞെട്ടിവിറച്ചു. അന്ന് ക്ലാസ്സില്‍ തിരിച്ചു ചെല്ലാതെ താമസ സ്ഥലത്തേക്ക് വിട്ടു.എങ്കിലും രാജലക്ഷ്‌മി പാവമായിരുന്നു. ഒരു ദിവസം കഴിഞ്ഞ് ആ ചമ്മലിന്റെ ഹാങ്‌ഓവര്‍ കുറച്ചൊക്കെ വിട്ടുമാറിയപ്പോള്‍ ക്ലാസ്സില്‍ ചെന്നു. ഭയത്തിലും കുറവുണ്ടായിരുന്നു. പതിവുപോലെ എല്ലാവരേക്കാളും ആദ്യമേ രാജലക്ഷ്‌മി ക്ലാസ്സിലെത്തി മറ്റ് കുട്ടികളുമായി `കത്തി'യിലാണ്. പക്ഷെ, അവള്‍ യാതൊരു അലമ്പുമുണ്ടാക്കിയില്ല. എങ്കിലും മറ്റു കുട്ടികളൊക്കെ എന്നെ നോക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാനെന്റെ റെപ് മോഹത്തിന് അവിടെ ഫുള്‍ സ്റ്റോപ്പിട്ടു എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. പിന്നീടൊരിക്കല്‍ രാജലക്ഷ്‌മി എന്നോട് ചോദിച്ചു, എന്റെ പേരിന്റെ അര്‍ത്ഥമെന്താണെന്ന്.
ഏതോ ഇംഗ്ലീഷ് ത്രില്ലറിന്റെ ടൈറ്റില്‍ പോലെ ഞാന്‍ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു:
`മാന്‍ ഓഫ് ട്രൂത്ത്'.
അവളുടെ ഭയങ്കരമാന പൊട്ടിച്ചിരി. എന്നിട്ട് ഉറക്കെ വിളിച്ചു:
`മാന്‍ ഓഫ് ടീസിങ്.'
മുരളിയായിരുന്നു ആ വര്‍ഷത്തെ പ്രതിനിധി. പിന്നീട് രാജലക്ഷ്‌മി അഭിഭാഷകയും മംഗലാപുരത്തെ അറിയപ്പെടുന്ന ബി.ജെ.പി നേതാവുമായി. എവിടെ വെച്ച് എന്നെ കണ്ടാലും ഓടി വന്ന് കുശലം പറയാന്‍ അവള്‍ മടിക്കാറില്ല. പിന്നെ ആ വിളിയും:
മാന്‍ ഓഫ് ടീസിങ്.
ഉദയ്‌കിരണും ഇന്നുമെന്റെ ആത്മാര്‍ത്ഥ സഹൃത്താണ്.
കാമ്പസിന് നാമോര്‍ക്കുക ഇതുപോലുള്ള മധുരാനുഭവങ്ങളിലൂടെയായിരിക്കുമല്ലോ-അതുമാത്രമാണീ കുറിപ്പിന്റെ ലക്ഷ്യം.
2008, ജനുവരി 22, ചൊവ്വാഴ്ച
കഷണ്ടി
തലയിലെ കഷണ്ടി കാര്യമാക്കേണ്ട
പിന്നില്‍ ബാക്കിയുള്ള നാരുകള്‍ എണ്ണയില്‍കുളിപ്പിച്ച്
മുന്നിലേക്ക് ഒരേറ്-അത്രേള്ളൂ കാര്യം
മനസ്സിന് കഷണ്ടി ബാധിക്കാതെ നോക്കണം
ഇല്ലേല്‍ വിഗ് വെയ്‌ക്കാന്‍ പോലും സാധിക്കില്ല
ജന്മനാ കഷണ്ടി ബാധിച്ച മരുഭൂമി
ശരീരത്തിന് കഷണ്ടി പ്രത്യേകിച്ച് ബാധിക്കേണ്ടതില്ല
കഷണ്ടിക്കും ഒരു ഭംഗിയുണ്ടെന്ന്
കഷണ്ടിയും ഒരു ഫാഷനാണെന്ന്
സൈകതഭൂവിലെത്തിയിട്ടും മനസ്സിലാക്കാത്തവര്‍ മണ്ടന്മാര്‍;
അവരെപ്പോഴും മുടി വീണ്ടും തളിര്‍ക്കുമെന്ന്
വെറുതെ സ്വപ്‌നം കാണുന്നു
2008, ജനുവരി 9, ബുധനാഴ്‌ച
`ഡാ, ഒരു മിസ്‌കോളടിച്ചേക്ക്....'
ഗള്‍ഫില്‍ പ്രചാരത്തിലുള്ള ഒരു തമാശ പറയട്ടെ: ഒരാള്‍ പെണ്ണന്വേഷിക്കുമ്പോഴും മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യത്തില്‍ സമാനതയുണ്ടായിരിക്കും-`പുതിയ മോഡല്‍.'
അതെ, പുതിയ മോഡലുകളോട് `ആക്രാന്തം' കാണിക്കുന്നവരുടെ നാട്ടില്‍ മൊബൈല്‍ ഫോണുകളെക്കുറിച്ച് ഇതുപോലെ ഒത്തിരി തമാശക്കഥകളുണ്ട്. ദുബായ് പോലുള്ള മെട്രൊ പോളിറ്റന്‍ സിറ്റിയില്‍ യാന്ത്രികമായി ജീവിക്കുന്നവര്‍ ചലിക്കുന്ന ഈ ഫോണിന് നല്‍കുന്ന പ്രാധാന്യം അത്രയേറെയാണ്. സെല്‍ഫോണിനെ `ഹറാമാ'യി കരുതി ഏറെക്കാലം വാങ്ങാതെ മസില്‍പിടിച്ചിരുന്നവരും ഇപ്പോഴും വിമര്‍ശിക്കുന്നവരമുണ്ടെങ്കിലും പതിയെ പലരും ഇതിന്റെ ആകര്‍ഷണത്തില്‍പ്പെടുന്നതും കാണാനാകും. സെല്‍ ഫോണിന്റെ പ്രസക്തിയാണിത് വിളിച്ചോതുന്നത്. `കണ്ണിന്റെ കാഴ്‌ച പോയാലേ അതിന്റെ വിലയറിയൂ എന്നതു പോലെയാണ് മൊബൈലിന്റെ കാര്യമെ'ന്ന് പറയുന്നത് ഈ അത്യാധുനിക ഉപകരണം യു.എ.ഇയിലെത്തിയ ആരംഭ ദശയില്‍ തന്നെ സ്വന്തമാക്കിയവര്‍ മാത്രമല്ല. സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദിവസം, എന്തിന് ഒരു മണിക്കൂര്‍ പോലും അതില്ലാതെ കഴിയാനാവില്ല. മരുഭൂമിയില്‍ ഒറ്റപ്പെട്ടു ദിക്കറിയാതെ വലയുന്നവന്റെ അവസ്ഥയായിരിക്കും അപ്പോള്‍.
നമ്മുടെ നാട്ടിലും മൊബൈല്‍ ഫോണ്‍ ഇന്നൊരു ജ്വരമാണ്. നാട്ടുമ്പുറത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാനം പിടിച്ചത് കഥയെഴുതുമ്പോള്‍ പ്രമേയത്തില്‍ പുതുമ തേടുന്നവര്‍ക്കൊക്കെ സഹായകമായി. കേരളത്തില്‍ തെങ്ങുകളേക്കാളേറെ ഈ `ചെമന്ന കാലുകളാ'ണ് ഇപ്പോഴത്തെ കാഴ്‌ചയെന്ന വിമര്‍ശന കഥകള്‍ അടുത്തിടെ മലയാള സാഹിത്യത്തില്‍ ഇടം പിടിച്ചു. എന്നാല്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വിദേശങ്ങളിലേതിനേക്കാള്‍ നാട്ടിലാണ് കൂടുതലെന്ന് കാണാം. കന്നുകാലികളെ മേയ്‌ക്കാന്‍ കൊണ്ടുപോകുന്നയാള്‍ക്കും `അപ്പപ്പോള്‍ മൊല്ലാളി'യെ വിവരമറിയിക്കാന്‍ ഈ `കുന്ത്രാണ്ട'മില്ലാതെ കഴിയില്ലെന്നായിരിക്കുന്നു. ദുരുപയോഗക്കാരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്. ഇവരുടെ കയ്യിലെ കളിപ്പാട്ടമാണിത്. കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോയും ചലനങ്ങളും മൊബൈല്‍ ഫോണുപയോഗിച്ച് പകര്‍ത്തി രസിക്കുന്ന വിരുതന്മാരുണ്ടവിടെ. ഗള്‍ഫിലെ പിതാവിന് മകന് കൊടുത്തയക്കാന്‍ യോജിച്ച `ഗിഫ്‌റ്റ്' ഇതില്‍പ്പരം വേറെന്തുണ്ട്. യൂറാപ്പിലും സഊദി അറേബ്യ പോലുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ട്. ചിലരെ കളിയാക്കുന്ന പാട്ടുകളും തമാശ സംഭാഷണങ്ങളും ചിത്രങ്ങളുമൊക്കെ ഇന്ന് മൊബൈല്‍ ഫോണിലൂടെ എസ്.എം.എസ്- എം.എം.എസുകളായും വോയിസ് മെയിലായും വ്യാപകമാകുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണങ്ങള്‍ പോലും മലയാളികളുടെ ഇടയില്‍ തമാശയാകുന്നു. ഇത് മൊബൈലിന്റെ രഹസ്യ സ്വഭാവത്തെയാണ് ചോദ്യം ചെയ്യുന്നത്. സൈബര്‍ ക്രൈം തടയാനുള്ള നിയമം പോലെ ഇതും കര്‍ശനമായി തടയാന്‍ വഴികണ്ടെത്തേണ്ടിയിരിക്കുന്നു.
1973 ഏപ്രില്‍ മൂന്നിന് മാര്‍ട്ടിന്‍ കൂപ്പര്‍ ആദ്യ വിളി പാസ്സാക്കിയ കോഡ്‌ലെസ് ഫോണ്‍ പിന്നീട് രൂപാന്തരപ്പെട്ട് മൊബൈല്‍ ഫോണായി ഗള്‍ഫിലെത്തുന്നത് 1980കളുടെ അവസാനമാണ്. ഇന്നത് ഒരാള്‍ക്ക് രണ്ടെന്നവണ്ണം വ്യാപകമായി. യു.എ.ഇയില്‍ ഇന്ന് രണ്ട് ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുണ്ട്. `ഇത്തിസാലാത്തും' `ഡു' വും. ഇതോടെ നിരക്കിലും വ്യത്യാസങ്ങളുണ്ടായി. വിളിക്കാന്‍ ഡു ലാഭകരമാണെന്നതിനാല്‍ ഈ സിംകാര്‍ഡാണ് ഉപോയഗിക്കുന്നത്. വിളികേള്‍ക്കാന്‍ ഇത്തിസാലാത്തും. ഇതോടെ കടലിലെ മത്സ്യങ്ങള്‍ക്കു പോലും ഡ്യൂപ്ലിക്കേറ്റുണ്ടാക്കുമെന്ന് പറയാറുള്ള ചൈനയില്‍ നിന്ന് ഒരേ സമയം രണ്ട് സിം ഉപയോഗിക്കാവുന്ന മൊബൈലും വിപണിയിലെത്തിക്കഴിഞ്ഞു. ജോലി അന്വേഷകര്‍ മുതല്‍ നിന്നു തിരിയാന്‍ സമയമില്ലാത്ത ഉദ്യോഗസ്ഥര്‍ പോലും ഇതിന്റെ സേവനം പറ്റുന്നുണ്ട്.
`മിസ്‌കീന്‍ കോള്‍'(പാവപ്പെട്ടവരുടെ കോള്‍) എന്നറിയപ്പെടുന്ന `മിസ്‌ഡ് കോള്‍' കഥകള്‍ പറയട്ടെ. പിശുക്കനായ ഒരു കാക്ക വീട്ടിലേക്ക് ഫോണ്‍ ചെയ്യുക പോലും വളരെ അപൂര്‍വമാണ്. സുഖമാണോ എന്നന്വേഷിക്കാന്‍ ആഴ്‌ചതോറും ഭാര്യക്കൊരു മിസ്‌ഡ് കോള്‍. വിശേഷമൊന്നുമില്ലെങ്കില്‍ അക്കരെ നിന്ന് തിരിച്ചൊരു മിസ്‌ഡ് കോള്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രണ്ട് മിസ്‌ഡ് കോള്‍ അടുപ്പിച്ചടുപ്പിച്ച്. തുടര്‍ന്ന് അയാള്‍ മടിച്ച് മടിച്ച് ഒരു വിളി പാസ്സാക്കും. പക്ഷെ, പലപ്പോഴും അതുണ്ടാവാറില്ല. ഒരു മിസ്‌ഡ് കോള്‍ കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ഇദ്ദേഹം ഫോണ്‍ സ്വിച്ച്‌ഡ് ഓഫാക്കിക്കളയുന്നതാണ് ഇതിന് കാരണമെന്ന് ഒപ്പം താമസിക്കുന്നവര്‍ പരദൂഷണം പറയുന്നു. മിസ്‌ഡ് കോളിനെ ഇവ്വിധത്തില്‍ കഥകള്‍ മെനഞ്ഞ് കളിയാക്കാറുണ്ടെങ്കിലും 30 ഫില്‍സ് ചെലവാക്കാതെ ദൈനംദിന കാര്യങ്ങള്‍ തള്ളിനീക്കുന്നവര്‍ ഏറെയുണ്ടിവിടെ.
എസ്.എം.എസുകളും ഇതുപോലെ വളരെ ഉപകാരപ്രദമാകുന്നു. നവവത്സരം പോലുള്ള ആഘോഷ ദിനങ്ങളില്‍ ആശംസകള്‍ നേരാന്‍ എസ്.എം.എസ് നല്‍കുന്ന സേവനം ചെറുതല്ല. അതുപോലെ ഭാര്യയെ മൊഴി ചൊല്ലാനും ചില വിരുതന്മാര്‍ എസ്.എം.എസിനെ കരുവാക്കുന്നു. എസ്.എം.എസ് തട്ടിപ്പുകളും നിരവധി-നിങ്ങളുടെ മരണദിനം അറിയാന്‍ നിശ്ചിത നമ്പറിലേക്ക് എസ്.എം.എസ് ചെയ്‌താല്‍ മതിയെന്ന വാര്‍ത്ത അടുത്തിടെയാണ് പത്രങ്ങളില്‍ വന്നത്. ഏതായാലും ഒരു എസ്.എം.എസ് തമാശ പറഞ്ഞ് നിര്‍ത്താം. (ഇവിടെയും സര്‍ദാര്‍ജി തന്നെയാണ് വിഡ്‌ഢി കഥാപാത്രം. നമ്മള്‍ മലയാളികള്‍, ശ്രീനിവാസന്‍ പറഞ്ഞപോലെ `ബുദ്ധിജീവി'കളാണല്ലോ!). കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു സര്‍ദാര്‍ജി പഞ്ചാബിലുള്ള ഗര്‍ഭിണിയായ ഭാര്യക്ക് സുഖവിവരമന്വേഷിച്ച് എസ്.എം.എസ് അയച്ചു. ഒന്ന്, രണ്ട്, മൂന്ന് മിനുട്ടുകള്‍... അതാ `റിപ്ലൈ സന്ദേശം' എത്തിക്കഴിഞ്ഞു: `ഡെലിവറി സക്‌സസ്'. സര്‍ദാര്‍ജി മൊബൈലിനെ സ്‌തുതിച്ചുകൊണ്ട് തുള്ളിച്ചാടി. കാര്യമെന്തെന്നല്ലേ, `ഡെലിവറി സക്‌സസ്' എന്ന ഓട്ടോമാറ്റിക് സന്ദേശം കണ്ടപ്പോള്‍ പാവം കരുതിയത്, ഭാര്യയുടെ സുഖപ്രസവം നടന്നുവെന്നാണത്രെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)
എന്റെ പ്രിയഗാനം
മലയാളത്തിന്...
എന്നെക്കുറിച്ച്
- കാവിലന്‍
- ദുബൈ, ഐക്യ അറബ് രാഷ്‌ട്രം, United Arab Emirates
- ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍