2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

...അങ്ങനെ ഞാനൊരു തീവ്രവാദിയായി



വീട്ടുപറമ്പില്‍ കുഴികുത്തി ഇലയും ചുള്ളിക്കമ്പുകളുമിട്ട്‌ മൂടി
അയല്‍പക്കത്തെ ഔക്കറേയും രവിയേയും വീഴ്‌ത്തിയാണ്‌
ഞാനാദ്യം തീവ്രവാദം ആരംഭിച്ചത്‌
ആ വീഴ്‌ച കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കാന്‍
താജുവും ബീവിയും ഫൗസിയയുമൊക്കെയുണ്ടായിരുന്നു

നാലാം ക്ലാസ്സിലായിരുന്നപ്പോള്‍
ബെഞ്ചുകീറി ബ്ലെയ്‌ഡ്‌ വെച്ച്‌ ശംസുവിന്റെ ചന്തി കീറി
നല്ല രസമായിരുന്നു ഇരിക്കാന്‍ പറ്റാതെ എരിപിരികൊള്ളുന്ന
അവനെ കാണാന്

ഏഴാം ക്ലാസ്സില്‍ കോപ്പിയടി പിടികൂടി
ചൂരല്‍ക്കഷായം കുടപ്പിച്ചതിന്‌ പകരം വീട്ടാന്‍
ജേക്കബ്‌ മാഷിന്റെ വാടകവീട്ടില്‍ കയറി
മേഴ്‌സിട്ടീച്ചര്‍ കുളിക്കുന്നത്‌ ഒളിഞ്ഞുനോക്കി

ഒമ്പതില്‍ പഠിക്കുമ്പോള്‍ പ്രേമം നിരസിച്ച
സാജിദയെ അസംബ്ലിയില്‍ വെച്ച്‌ ചുംബിച്ചു
എന്ത്‌ മധുരമായിരുന്നുവെന്നോ
ആ ചുടുചുംബനത്തിന്‌

പത്തിലെ സംഭവമായിരുന്നു ചിരിക്ക്‌ വക,
ജീവശാസ്‌ത്ര പരീക്ഷയെഴുതുമ്പോള്‍
തലച്ചോറിന്റെ ചിത്രം കാണിക്കാന്‍
പറഞ്ഞപ്പോള്‍ സ്വന്തം തല തൊട്ടുകാണിച്ച
അബ്‌ദുല്ലയുടെ തലയിലേക്ക്‌ കോമ്പസ്‌ കുത്തിയിറക്കി
പൊട്ടന്‍,
ഇപ്പോഴും അവന്റെ തലയില്‍
അതിന്റെ പാടുണ്‍ടായിരിക്കും

പത്തില്‍ തോറ്റ്‌ ബോംബെയില്‍ ചെന്നാണ്‌
ഞാന്‍ ലോകത്തിന്റെ തീവ്രത ഏറ്റുവാങ്ങിയത്‌
യഥാര്‍ഥ മതവിശ്വാസി ചമയുന്നവര്‍
ചെവിയിലോതിയതൊക്കെ വേദാന്തമായി

അവിടെ നിന്ന്‌ കശ്‌മീരിലേക്ക്‌...

ഒടുവില്‍,
സ്വയമൊരു ബോംബായി പൊട്ടിച്ചിതറും വരെ
ഞാനായിരുന്നു എനിക്ക്‌ ശരി

ഇപ്പോള്‍ ഇവിടെ കിടന്നു വേവുമ്പോള്‍
ഞാന്‍ മാത്രം തെറ്റും

(സമര്‍പ്പണം: തീവ്രവാദത്തിന്റെ ഇരകളായ ലോകത്തെ ആയിരക്കണക്കിന്‌ നിരപരാധികള്‍ക്ക്‌)


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍