2008, ജനുവരി 28, തിങ്കളാഴ്‌ച

`ഗജലക്ഷ്‌മി'യും ഞാനും


കാസര്‍കോട്‌ ഗവണ്‍മെന്റ്‌ കോളജില്‍ അഞ്ച്‌ വര്‍ഷം തകര്‍ത്താടിയതിന്‌ ശേഷമായിരുന്നു കര്‍ണാടകയിലെ `എജുക്കേഷന്‍ സിറ്റി'യായ മംഗലാപുരത്തെ എസ്‌.ഡി.എം ലോ കോളജില്‍ ത്രിവത്സര കോഴ്‌സിന്‌ ചേര്‍ന്നത്‌. 1997 കാലം.
കേരളത്തില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമായ കാമ്പസ. പ്രണയം പൂത്തുപരിലസിക്കുന്ന പശ്ചാത്തലം. പ്രണയം എന്ന ഒരു പിരാന്തല്ലാതെ രാഷ്‌ട്രീയമോ, മറ്റ്‌ അലവലാതിത്തരങ്ങളോ അവിടെയുണ്ടായിരുന്നില്ല. പ്രണയമെന്ന്‌ പറയുമ്പോള്‍ പവിത്രമായ സ്‌നേഹബന്ധമൊന്നുമല്ല. മറ്റേതൊരു നഗരത്തെയും പോലെ തീര്‍ത്തും ആധുനികമായ ഒരു ലൈന്‍. ക്ലാസ്സില്‍ കയറാതെ വിശാലമായ കോളജിന്റെ ഇടനാഴികകളിലും മറ്റും കമിതാക്കള്‍ സൊള്ളിക്കൊണ്ടിരിക്കും. അധ്യാപകന്‍ കാണുമെന്നോ പരിചയക്കാര്‍ കണ്ടാല്‍ പാരകള്‍ വീഴുമെന്നോ മറ്റോ ഉള്ള യാതൊരു ഭയവും ആര്‍ക്കുമില്ല. ജീന്‍സിലും ടീ ഷേര്‍ട്ടിലും ഒരുങ്ങി വരുന്ന കുട്ടികള്‍. ആണ്‍കട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതേ ഡ്രസ്‌ കോഡ്‌ തന്നെയാണ്‌. കോളജില്‍ ചെലവഴിച്ച്‌ മടുക്കുമ്പോഴോ, അല്ലെങ്കില്‍ അവസാനത്തെ വാതിലുമടച്ച്‌ പ്യൂണ്‍ സ്ഥലം വിട്ടാലോ കമിതാക്കള്‍ ബൈക്കിലും കാറിലും കെട്ടിപ്പിടിച്ച്‌ നഗരപ്രദക്ഷിണത്തിനിറങ്ങും.നഗരത്തിലെ പ്രശസ്‌തമായ `ഐഡിയല്‍ ഐസ്‌ക്രീം പാര്‍ലറാ'ണ്‌ കോളജ്‌ വിട്ടാല്‍ ഭൂരിഭാഗം കമിതാക്കളുടെയും സംഗമകേന്ദ്രം. അവിടെ മണിക്കൂറുകള്‍ ചെലവഴിക്കാനും അവര്‍ ഒരുക്കമാണ്‌. പീടികക്കാരനാണെങ്കില്‍ ഇതില്‍ യാതൊരു എതിര്‍പ്പുമില്ല. ഇവരുടെ ചേഷ്‌ടകള്‍ കാണാനും കേള്‍ക്കാനുമായി മാത്രം നിത്യവും വയോവൃദ്ധര്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ `ഒലിപ്പീരു'മായി എത്തുന്നു. പാര്‍ലര്‍ എപ്പോഴും ഹൗസ്‌ഫുള്‍.
ഐസ്‌ക്രീമിന്റെ സ്വാദുള്ള പ്രണയത്തിന്‌ അത്‌ നുണയുന്നത്ര ആയുസ്സേയുള്ളൂ എന്നാണ്‌ പ്രേമിച്ച്‌ തഴക്കം ചെന്ന മംഗലാപുരം വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.അതേസമയം,
ക്ലാസ്‌ റപ്രസന്ററ്റീവിനെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുക എന്നൊരു മഹത്തായ പരിപാടി അവിടെയുണ്ട്‌. ടിയാന്‌ പ്രത്യേകിച്ച്‌ യാതൊരു പണിയും ഇല്ലെങ്കിലും നാട്ടുനടപ്പ്‌ തെറ്റിക്കണ്ട എന്ന്‌ കരുതിക്കാണും, ഒരു ക്ലാസ്സിന്‌ ഒരു റെപ്‌ നിര്‍ബന്ധമാണ്‌. അതിന്‌ പക്ഷെ, കേരളത്തിലെ കാമ്പസുകളിലേതു പോലെ വലിയ പ്രചാരണമോ, ആക്രാന്തമോ ഇല്ല.ഞങ്ങളുടെ ക്ലാസ്സില്‍ പകുതി ആണ്‍കുട്ടികളും പകുതി പെണ്‍കുട്ടികളുമടക്കം എണ്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും മലയാളികള്‍. നേരത്തെ കാമ്പസ്‌ രാഷ്‌ട്രീയം കളിച്ച്‌ സുഖിച്ച എനിക്ക്‌ ക്ലാസ്സ്‌ റപ്രസന്ററ്റീവായി മത്സരിച്ച്‌ ജയിച്ച്‌ ഒന്ന്‌ `ഷൈന്‍' ചെയ്യണമെന്ന്‌ കലശലായ പൂതിയുണ്ടായി. പയ്യന്നൂര്‍ സ്വദേശി മുരളി ഇതിനായി കച്ച കെട്ടി നില്‍പുണ്ട്‌- ഇതാണ്‌ ഏക മലയാളി പാര. വേറെ ചില കന്നഡ കുട്ടികള്‍ക്കും മത്സരിക്കാന്‍ താത്‌പര്യമുണ്ടായിരുന്നു. മുരളിയും ഞാനും മത്സരിച്ചാല്‍ മലയാളി വോട്ടുകള്‍ ഭാഗിക്കപ്പെടും. അപ്പോള്‍ ജയിക്കാന്‍ കന്നഡിഗരുടെ വോട്ടുകള്‍ കൂടി ലഭിച്ചേ മതിയാവൂ-അതെങ്ങനെ സ്വന്തമാക്കാമെന്നായി പിന്നത്തെ എന്റെ ആലോചന.
ഒരു വര്‍ഷം സീനിയറായ ആത്മാര്‍ത്ഥ സുഹൃത്ത്‌ സുരേഷ്‌, ക്ലാസ്സ്‌മേറ്റ്‌ കോഴിക്കോട്ടു മുക്കം സ്വദേശി ജ്യോതിഷ്‌ തുടങ്ങിയ ഒന്നു രണ്ട്‌ സുഹൃത്തുക്കളുമായി ആലോചന തകൃതിയായി നടന്നു. അപ്പോഴാണ്‌ ആദ്യമേ ശ്രദ്ധയില്‍പ്പെട്ടിരുന്ന ആജാനുബാഹുവായ ആ പെണ്‍കുട്ടിയെപ്പറ്റി ഓര്‍ത്തത്‌. സാമാന്യത്തിലധികം പൊക്കവും വണ്ണവുമുള്ള അവള്‍ നമ്മുടെ കീരിക്കാടന്‍ ജോസിന്റെ പെങ്ങളാകാനുള്ള യോഗ്യതയുള്ളവളാണ്‌. ക്ലാസ്സില്‍ ആദ്യമെത്തി പിറകിലിരിക്കുന്നവര്‍ക്ക്‌ ബ്ലാക്‌ ബോര്‍ഡ്‌ മറച്ചുകൊണ്ട്‌ ഒന്നാമത്തെ ബെഞ്ചില്‍ മാത്രമിരിക്കാറുള്ള അവള്‍ക്ക്‌ എല്ലാ കന്നഡ വിദ്യാര്‍ത്ഥികളുമായും നല്ല അടുപ്പമാണെന്ന്‌ മനസ്സിലായിരുന്നു.
നോട്ട്‌ ദി പോയിന്റ്‌- അവളെ ചാക്കിട്ടാല്‍ സംഗതി എളുപ്പമാവും.
എല്ലാത്തിനും ഇനി ദിവസങ്ങള്‍ മാത്രമെയുള്ളൂ.അങ്ങനെയാണ്‌ ഞാന്‍ ഉഡുപ്പിക്കാരനും ക്ലാസ്സിലെ വലിയ തമാശക്കാരനുമായ ഉദയ്‌ കിരണുമായി പെട്ടെന്ന്‌ അടുക്കുന്നത്‌. താമസിയാതെ ഞാനെന്റെ ഉദ്യമത്തിലേക്ക്‌ കടന്നു. നമ്മുടെ `കീരിക്കാടി'യെപ്പപ്പറ്റി ഞാനവനോട്‌ ചോദിച്ചു. അപ്പോള്‍ കിട്ടിയ വിവരമിതൊക്കെയാണ്‌:
പേര്‌: ഗജലക്ഷ്‌മി. വീട്‌ മംഗലാപുരം പട്ടണത്തില്‍ തന്നെ. ബി.ജെ.പിയുടെ വളര്‍ന്നുവരുന്ന വനിതാ നേതാവ്‌. (അവരുടെ പ്രത്യേക താത്‌പര്യമാണ്‌ എല്‍.എല്‍.ബിക്ക്‌ ചേരാന്‍ കാരണം).
പിറ്റേന്ന്‌ ക്ലാസ്സില്‍ എത്തിയ ഉടനെ ഞാന്‍ ഗജലക്ഷ്‌മി വരുന്നതും കാത്തിരുന്നു. ഒടുവില്‍ ചരിത്രത്തില്‍ അന്നാദ്യമായി ഇത്തിരി വൈകി അവളെത്തി. അപ്പോഴേക്കും എല്ലാ കുട്ടികളും ക്ലാസ്സിലണിനിരന്ന്‌ കഴിഞ്ഞിരുന്നു.
``ഹായ്‌ ഗജലക്ഷ്‌മീ, ഗുഡ്‌മോണിംഗ്‌...''
ഞാന്‍ അഭിവാദ്യം ചെയ്‌തു; ഇത്തിരി ഉറക്കെ, മുരളിയും മറ്റും കേള്‍ക്കാന്‍ പാകത്തില്‍. അവളുമായുള്ള `എടീ പോടീ ബന്ധം' കണ്ട്‌ മുരളി ഉദ്യമത്തില്‍ നിന്ന്‌ പിന്തിരിയട്ടെ എന്നായിരുന്നു എന്റെ കുശാഗ്രബുദ്ധി. പക്ഷെ, എന്റെ വാക്കുകള്‍ കേട്ട്‌ കന്നഡിഗരെല്ലാം ആദ്യമൊന്ന്‌ ഞെട്ടുയി. പിന്നെ എല്ലാവരും ഭയങ്കര പൊട്ടിച്ചിരിയായിരുന്നു.
ഗജലക്ഷ്‌മി എന്നെ രൂക്ഷമായി നോക്കുന്നു. അവളുടെ ആ വലിയ ഉണ്ടക്കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ ഉദയ്‌ കിരണിനെ നോക്കിയപ്പോള്‍ അവന്‍ പെട്ടെന്ന്‌ പുറത്തേക്ക്‌ വലിഞ്ഞു. ഞാനും പിന്നാലെ ചെന്നു. അവനെ തടഞ്ഞു നിര്‍ത്തി ചോദിച്ചു:
``എന്താടാ പ്രശ്‌നം?! ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ..?''
അവനപ്പോള്‍ നല്ല കടുത്ത കന്നഡയില്‍ ഇംഗ്ലീഷ്‌ കലര്‍ത്തി പറഞ്ഞു:
``എടാ അവളുടെ പേര്‌ രാജലക്ഷ്‌മീന്നാ... ഞാന്‍ അവളുടെ രൂപത്തെ കളിയാക്കാന്‍ വേണ്ടി നിന്നോട്‌ തമാശയ്‌ക്കല്ലേ പേര്‌ `ഗജലക്ഷ്‌മീ'ന്ന്‌ പറഞ്ഞേ... നീ അവളെ വിളിച്ചതിപ്പോള്‍ `ആനലക്ഷ്‌മീ'ന്നാ...''
ഞാനാകെ വിയര്‍ത്തു.
മിനി മുംബൈ എന്നറിയപ്പെടുന്ന `ഗുണ്ടകളുടെ സ്വന്തം രാജ്യ'മായ മംഗലാപുരത്ത്‌ ബി.ജെ.പി നേതാവായ അവള്‍ ഇനി കാട്ടിക്കൂട്ടാന്‍ പോകുന്ന പൊല്ലാപ്പുകള്‍ ഓര്‍ത്ത്‌ ഞാന്‍ ഞെട്ടിവിറച്ചു. അന്ന്‌ ക്ലാസ്സില്‍ തിരിച്ചു ചെല്ലാതെ താമസ സ്ഥലത്തേക്ക്‌ വിട്ടു.എങ്കിലും രാജലക്ഷ്‌മി പാവമായിരുന്നു. ഒരു ദിവസം കഴിഞ്ഞ്‌ ആ ചമ്മലിന്റെ ഹാങ്‌ഓവര്‍ കുറച്ചൊക്കെ വിട്ടുമാറിയപ്പോള്‍ ക്ലാസ്സില്‍ ചെന്നു. ഭയത്തിലും കുറവുണ്ടായിരുന്നു. പതിവുപോലെ എല്ലാവരേക്കാളും ആദ്യമേ രാജലക്ഷ്‌മി ക്ലാസ്സിലെത്തി മറ്റ്‌ കുട്ടികളുമായി `കത്തി'യിലാണ്‌. പക്ഷെ, അവള്‍ യാതൊരു അലമ്പുമുണ്ടാക്കിയില്ല. എങ്കിലും മറ്റു കുട്ടികളൊക്കെ എന്നെ നോക്കി ചിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി.
ഞാനെന്റെ റെപ്‌ മോഹത്തിന്‌ അവിടെ ഫുള്‍ സ്റ്റോപ്പിട്ടു എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടല്ലോ. പിന്നീടൊരിക്കല്‍ രാജലക്ഷ്‌മി എന്നോട്‌ ചോദിച്ചു, എന്റെ പേരിന്റെ അര്‍ത്ഥമെന്താണെന്ന്‌.
ഏതോ ഇംഗ്ലീഷ്‌ ത്രില്ലറിന്റെ ടൈറ്റില്‍ പോലെ ഞാന്‍ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു:
`മാന്‍ ഓഫ്‌ ട്രൂത്ത്‌'.
അവളുടെ ഭയങ്കരമാന പൊട്ടിച്ചിരി. എന്നിട്ട്‌ ഉറക്കെ വിളിച്ചു:
`മാന്‍ ഓഫ്‌ ടീസിങ്‌.'
മുരളിയായിരുന്നു ആ വര്‍ഷത്തെ പ്രതിനിധി. പിന്നീട്‌ രാജലക്ഷ്‌മി അഭിഭാഷകയും മംഗലാപുരത്തെ അറിയപ്പെടുന്ന ബി.ജെ.പി നേതാവുമായി. എവിടെ വെച്ച്‌ എന്നെ കണ്ടാലും ഓടി വന്ന്‌ കുശലം പറയാന്‍ അവള്‍ മടിക്കാറില്ല. പിന്നെ ആ വിളിയും:
മാന്‍ ഓഫ്‌ ടീസിങ്‌.
ഉദയ്‌കിരണും ഇന്നുമെന്റെ ആത്മാര്‍ത്ഥ സഹൃത്താണ്‌.
കാമ്പസിന്‌ നാമോര്‍ക്കുക ഇതുപോലുള്ള മധുരാനുഭവങ്ങളിലൂടെയായിരിക്കുമല്ലോ-അതുമാത്രമാണീ കുറിപ്പിന്റെ ലക്ഷ്യം.

2008, ജനുവരി 22, ചൊവ്വാഴ്ച

കഷണ്ടി


ലയിലെ കഷണ്ടി കാര്യമാക്കേണ്ട

പിന്നില്‍ ബാക്കിയുള്ള നാരുകള്‍ എണ്ണയില്‍കുളിപ്പിച്ച്‌

മുന്നിലേക്ക്‌ ഒരേറ്‌-അത്രേള്ളൂ കാര്യം


മനസ്സിന്‌ കഷണ്ടി ബാധിക്കാതെ നോക്കണം

ഇല്ലേല്‍ വിഗ്‌ വെയ്‌ക്കാന്‍ പോലും സാധിക്കില്ല

ജന്മനാ കഷണ്ടി ബാധിച്ച മരുഭൂമി

ശരീരത്തിന്‌ കഷണ്ടി പ്രത്യേകിച്ച്‌ ബാധിക്കേണ്ടതില്ല


കഷണ്ടിക്കും ഒരു ഭംഗിയുണ്ടെന്ന്‌

കഷണ്ടിയും ഒരു ഫാഷനാണെന്ന്‌

സൈകതഭൂവിലെത്തിയിട്ടും മനസ്സിലാക്കാത്തവര്‍ മണ്ടന്മാര്‍;

അവരെപ്പോഴും മുടി വീണ്ടും തളിര്‍ക്കുമെന്ന്‌

വെറുതെ സ്വപ്‌നം കാണുന്നു

2008, ജനുവരി 9, ബുധനാഴ്‌ച

`ഡാ, ഒരു മിസ്‌കോളടിച്ചേക്ക്‌....'


ഗള്‍ഫില്‍ പ്രചാരത്തിലുള്ള ഒരു തമാശ പറയട്ടെ: ഒരാള്‍ പെണ്ണന്വേഷിക്കുമ്പോഴും മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യത്തില്‍ സമാനതയുണ്ടായിരിക്കും-`പുതിയ മോഡല്‍.'


അതെ, പുതിയ മോഡലുകളോട്‌ `ആക്രാന്തം' കാണിക്കുന്നവരുടെ നാട്ടില്‍ മൊബൈല്‍ ഫോണുകളെക്കുറിച്ച്‌ ഇതുപോലെ ഒത്തിരി തമാശക്കഥകളുണ്ട്‌. ദുബായ്‌ പോലുള്ള മെട്രൊ പോളിറ്റന്‍ സിറ്റിയില്‍ യാന്ത്രികമായി ജീവിക്കുന്നവര്‍ ചലിക്കുന്ന ഈ ഫോണിന്‌ നല്‍കുന്ന പ്രാധാന്യം അത്രയേറെയാണ്‌. സെല്‍ഫോണിനെ `ഹറാമാ'യി കരുതി ഏറെക്കാലം വാങ്ങാതെ മസില്‍പിടിച്ചിരുന്നവരും ഇപ്പോഴും വിമര്‍ശിക്കുന്നവരമുണ്ടെങ്കിലും പതിയെ പലരും ഇതിന്റെ ആകര്‍ഷണത്തില്‍പ്പെടുന്നതും കാണാനാകും. സെല്‍ ഫോണിന്റെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. `കണ്ണിന്റെ കാഴ്‌ച പോയാലേ അതിന്റെ വിലയറിയൂ എന്നതു പോലെയാണ്‌ മൊബൈലിന്റെ കാര്യമെ'ന്ന്‌ പറയുന്നത്‌ ഈ അത്യാധുനിക ഉപകരണം യു.എ.ഇയിലെത്തിയ ആരംഭ ദശയില്‍ തന്നെ സ്വന്തമാക്കിയവര്‍ മാത്രമല്ല. സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഒരു ദിവസം, എന്തിന്‌ ഒരു മണിക്കൂര്‍ പോലും അതില്ലാതെ കഴിയാനാവില്ല. മരുഭൂമിയില്‍ ഒറ്റപ്പെട്ടു ദിക്കറിയാതെ വലയുന്നവന്റെ അവസ്ഥയായിരിക്കും അപ്പോള്‍.


നമ്മുടെ നാട്ടിലും മൊബൈല്‍ ഫോണ്‍ ഇന്നൊരു ജ്വരമാണ്‌. നാട്ടുമ്പുറത്ത്‌ മൊബൈല്‍ ടവറുകള്‍ സ്ഥാനം പിടിച്ചത്‌ കഥയെഴുതുമ്പോള്‍ പ്രമേയത്തില്‍ പുതുമ തേടുന്നവര്‍ക്കൊക്കെ സഹായകമായി. കേരളത്തില്‍ തെങ്ങുകളേക്കാളേറെ ഈ `ചെമന്ന കാലുകളാ'ണ്‌ ഇപ്പോഴത്തെ കാഴ്‌ചയെന്ന വിമര്‍ശന കഥകള്‍ അടുത്തിടെ മലയാള സാഹിത്യത്തില്‍ ഇടം പിടിച്ചു. എന്നാല്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വിദേശങ്ങളിലേതിനേക്കാള്‍ നാട്ടിലാണ്‌ കൂടുതലെന്ന്‌ കാണാം. കന്നുകാലികളെ മേയ്‌ക്കാന്‍ കൊണ്ടുപോകുന്നയാള്‍ക്കും `അപ്പപ്പോള്‍ മൊല്ലാളി'യെ വിവരമറിയിക്കാന്‍ ഈ `കുന്ത്രാണ്ട'മില്ലാതെ കഴിയില്ലെന്നായിരിക്കുന്നു. ദുരുപയോഗക്കാരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്‌. ഇവരുടെ കയ്യിലെ കളിപ്പാട്ടമാണിത്‌. കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോയും ചലനങ്ങളും മൊബൈല്‍ ഫോണുപയോഗിച്ച്‌ പകര്‍ത്തി രസിക്കുന്ന വിരുതന്മാരുണ്ടവിടെ. ഗള്‍ഫിലെ പിതാവിന്‌ മകന്‌ കൊടുത്തയക്കാന്‍ യോജിച്ച `ഗിഫ്‌റ്റ്‌' ഇതില്‍പ്പരം വേറെന്തുണ്ട്‌. യൂറാപ്പിലും സഊദി അറേബ്യ പോലുള്ള ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ട്‌. ചിലരെ കളിയാക്കുന്ന പാട്ടുകളും തമാശ സംഭാഷണങ്ങളും ചിത്രങ്ങളുമൊക്കെ ഇന്ന്‌ മൊബൈല്‍ ഫോണിലൂടെ എസ്‌.എം.എസ്‌- എം.എം.എസുകളായും വോയിസ്‌ മെയിലായും വ്യാപകമാകുന്നുണ്ട്‌. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണങ്ങള്‍ പോലും മലയാളികളുടെ ഇടയില്‍ തമാശയാകുന്നു. ഇത്‌ മൊബൈലിന്റെ രഹസ്യ സ്വഭാവത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. സൈബര്‍ ക്രൈം തടയാനുള്ള നിയമം പോലെ ഇതും കര്‍ശനമായി തടയാന്‍ വഴികണ്ടെത്തേണ്ടിയിരിക്കുന്നു.


1973 ഏപ്രില്‍ മൂന്നിന്‌ മാര്‍ട്ടിന്‍ കൂപ്പര്‍ ആദ്യ വിളി പാസ്സാക്കിയ കോഡ്‌ലെസ്‌ ഫോണ്‍ പിന്നീട്‌ രൂപാന്തരപ്പെട്ട്‌ മൊബൈല്‍ ഫോണായി ഗള്‍ഫിലെത്തുന്നത്‌ 1980കളുടെ അവസാനമാണ്‌. ഇന്നത്‌ ഒരാള്‍ക്ക്‌ രണ്ടെന്നവണ്ണം വ്യാപകമായി. യു.എ.ഇയില്‍ ഇന്ന്‌ രണ്ട്‌ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുണ്ട്‌. `ഇത്തിസാലാത്തും' `ഡു' വും. ഇതോടെ നിരക്കിലും വ്യത്യാസങ്ങളുണ്ടായി. വിളിക്കാന്‍ ഡു ലാഭകരമാണെന്നതിനാല്‍ ഈ സിംകാര്‍ഡാണ്‌ ഉപോയഗിക്കുന്നത്‌. വിളികേള്‍ക്കാന്‍ ഇത്തിസാലാത്തും. ഇതോടെ കടലിലെ മത്സ്യങ്ങള്‍ക്കു പോലും ഡ്യൂപ്ലിക്കേറ്റുണ്ടാക്കുമെന്ന്‌ പറയാറുള്ള ചൈനയില്‍ നിന്ന്‌ ഒരേ സമയം രണ്ട്‌ സിം ഉപയോഗിക്കാവുന്ന മൊബൈലും വിപണിയിലെത്തിക്കഴിഞ്ഞു. ജോലി അന്വേഷകര്‍ മുതല്‍ നിന്നു തിരിയാന്‍ സമയമില്ലാത്ത ഉദ്യോഗസ്ഥര്‍ പോലും ഇതിന്റെ സേവനം പറ്റുന്നുണ്ട്‌.


`മിസ്‌കീന്‍ കോള്‍'(പാവപ്പെട്ടവരുടെ കോള്‍) എന്നറിയപ്പെടുന്ന `മിസ്‌ഡ്‌ കോള്‍' കഥകള്‍ പറയട്ടെ. പിശുക്കനായ ഒരു കാക്ക വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യുക പോലും വളരെ അപൂര്‍വമാണ്‌. സുഖമാണോ എന്നന്വേഷിക്കാന്‍ ആഴ്‌ചതോറും ഭാര്യക്കൊരു മിസ്‌ഡ്‌ കോള്‍. വിശേഷമൊന്നുമില്ലെങ്കില്‍ അക്കരെ നിന്ന്‌ തിരിച്ചൊരു മിസ്‌ഡ്‌ കോള്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രണ്ട്‌ മിസ്‌ഡ്‌ കോള്‍ അടുപ്പിച്ചടുപ്പിച്ച്‌. തുടര്‍ന്ന്‌ അയാള്‍ മടിച്ച്‌ മടിച്ച്‌ ഒരു വിളി പാസ്സാക്കും. പക്ഷെ, പലപ്പോഴും അതുണ്ടാവാറില്ല. ഒരു മിസ്‌ഡ്‌ കോള്‍ കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ഇദ്ദേഹം ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫാക്കിക്കളയുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ ഒപ്പം താമസിക്കുന്നവര്‍ പരദൂഷണം പറയുന്നു. മിസ്‌ഡ്‌ കോളിനെ ഇവ്വിധത്തില്‍ കഥകള്‍ മെനഞ്ഞ്‌ കളിയാക്കാറുണ്ടെങ്കിലും 30 ഫില്‍സ്‌ ചെലവാക്കാതെ ദൈനംദിന കാര്യങ്ങള്‍ തള്ളിനീക്കുന്നവര്‍ ഏറെയുണ്ടിവിടെ.


എസ്‌.എം.എസുകളും ഇതുപോലെ വളരെ ഉപകാരപ്രദമാകുന്നു. നവവത്സരം പോലുള്ള ആഘോഷ ദിനങ്ങളില്‍ ആശംസകള്‍ നേരാന്‍ എസ്‌.എം.എസ്‌ നല്‍കുന്ന സേവനം ചെറുതല്ല. അതുപോലെ ഭാര്യയെ മൊഴി ചൊല്ലാനും ചില വിരുതന്മാര്‍ എസ്‌.എം.എസിനെ കരുവാക്കുന്നു. എസ്‌.എം.എസ്‌ തട്ടിപ്പുകളും നിരവധി-നിങ്ങളുടെ മരണദിനം അറിയാന്‍ നിശ്ചിത നമ്പറിലേക്ക്‌ എസ്‌.എം.എസ്‌ ചെയ്‌താല്‍ മതിയെന്ന വാര്‍ത്ത അടുത്തിടെയാണ്‌ പത്രങ്ങളില്‍ വന്നത്‌. ഏതായാലും ഒരു എസ്‌.എം.എസ്‌ തമാശ പറഞ്ഞ്‌ നിര്‍ത്താം. (ഇവിടെയും സര്‍ദാര്‍ജി തന്നെയാണ്‌ വിഡ്‌ഢി കഥാപാത്രം. നമ്മള്‍ മലയാളികള്‍, ശ്രീനിവാസന്‍ പറഞ്ഞപോലെ `ബുദ്ധിജീവി'കളാണല്ലോ!). കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു സര്‍ദാര്‍ജി പഞ്ചാബിലുള്ള ഗര്‍ഭിണിയായ ഭാര്യക്ക്‌ സുഖവിവരമന്വേഷിച്ച്‌ എസ്‌.എം.എസ്‌ അയച്ചു. ഒന്ന്‌, രണ്ട്‌, മൂന്ന്‌ മിനുട്ടുകള്‍... അതാ `റിപ്ലൈ സന്ദേശം' എത്തിക്കഴിഞ്ഞു: `ഡെലിവറി സക്‌സസ്‌'. സര്‍ദാര്‍ജി മൊബൈലിനെ സ്‌തുതിച്ചുകൊണ്ട്‌ തുള്ളിച്ചാടി. കാര്യമെന്തെന്നല്ലേ, `ഡെലിവറി സക്‌സസ്‌' എന്ന ഓട്ടോമാറ്റിക്‌ സന്ദേശം കണ്ടപ്പോള്‍ പാവം കരുതിയത്‌, ഭാര്യയുടെ സുഖപ്രസവം നടന്നുവെന്നാണത്രെ.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍