2009, ജനുവരി 17, ശനിയാഴ്‌ച

ഗള്‍ഫ്‌ ഷോക്ക്‌



നമ്മുടെ സഹോദരങ്ങള്‍ ഇനിയെന്തു ചെയ്യും?


ഗള്‍ഫില്‍
നിന്നുള്ള ഡ്രാഫ്‌റ്റുമായി വരുന്ന പോസ്റ്റുമാനും സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും വേദനകളുമായെത്തുന്ന കത്തുകളും നമുക്ക്‌ അന്യമായിട്ട്‌ കാലം കുറേയായി.
ഗള്‍ഫ്‌ പൊലിമയുമായി ആളുകള്‍ നാട്ടിലെത്തുന്ന കാലവും അസ്‌തമിച്ചു. ബോംബെയില്‍ നിന്ന്‌ നിന്ന്‌ നിറയെ ഭാണ്‌ഡവുമായെത്തുന്ന ലക്ഷ്വറി ബസിന്‌ മുണ്ടാസ്‌ കെട്ടിയ ശിരസ്സ്‌ നീട്ടി ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന മമ്മാലിക്കമാരെയും കാണാനില്ല. ഇന്നിപ്പോള്‍ തൊട്ടടുത്ത്‌ തന്നെ വിമാനത്താവളമായി. അവിടുന്ന്‌ നേരെ തൂക്കിയെടുത്ത്‌ വീട്ട്‌ മുറ്റത്ത്‌ എത്തിക്കാന്‍ ആഡംബര കാറുകളും.. തോന്നുമ്പോള്‍ പ്രിയതമയെ വിളിച്ച്‌ വിരസത അകറ്റാന്‍ ഇന്റര്‍നെറ്റിലൂടെ ഫ്രീകോളും ഇന്റര്‍വയോപുമുണ്ട്‌.. നിമിഷങ്ങള്‍ക്കകം പണം വീട്ടിലെത്തിക്കാന്‍ വിദേശ മണി എക്‌സ്‌ചേഞ്ചുകളും...
സൗഭാഗ്യങ്ങളൊക്കെയും നമ്മില്‍ വന്നു ചേര്‍ന്നത്‌ ഗള്‍ഫിന്റെ കാരുണ്യം കൊണ്ടാണെന്നതിന്‌ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാല്‍, ഗള്‍ഫിന്റെ ആ പഴയ പത്രാസ്‌ അനുദിനം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം സംഭവിച്ചിരിക്കുന്നു. ഗള്‍ഫുകാരന്‍ എന്നത്‌ ഒരത്ഭുത ജീവിയേയല്ല ഇന്ന്‌.

1970കളിലാണല്ലോ കേരളത്തില്‍ നിന്ന്‌ ഗള്‍ഫ്‌ കുടിയേറ്റമുണ്ടായത്‌. അന്ന്‌ കഷണ്ടിത്തല പോലെയായിരുന്ന ഇന്നത്തെ നഗരങ്ങളില്‍ കൊച്ചു കഫ്‌തീരിയകളിലും ഗ്രോസറികളിലുെമൊക്കെ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ജോലി ചെത്‌ തുച്ഛമായ വരുമാനത്തിനായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്‌. എത്ര പെട്ടെന്നായിരുന്നു യുഎഇയില്‍ മെട്രോ നഗരങ്ങള്‍ രൂപപ്പെട്ടത്‌. പലര്‍ക്കും നല്ല നല്ല ജോലികള്‍ ലഭിച്ചു. ആദ്യകാല പ്രവാസികളുടെ രണ്‍ടും മൂന്നും തലമുറകള്‍ ഇന്ന്‌ ഉയര്‍ന്ന ജോലിയില്‍ വ്യാപൃതരാണ്‌. എന്നാല്‍, നല്ലൊരു ജോലി എന്നത്‌ ഉയര്‍ന്ന പ്രഫഷനലുകളുടെ മുന്നില്‍ പോലും ഇന്ന്‌ ചോദ്യചിഹ്നമായിരിക്കുന്നു. കാരണം, യൂറോപ്പില്‍ നിന്നടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന്‌ ഇന്നീ മരുഭൂമിയില്‍ തൊഴില്‍ തേടി വിദഗ്‌ധരായ ആളുകളെത്തുന്നു. ഒരുകാലത്ത്‌ ഏഷ്യക്കാരുടെ കുത്തകയായിരുന്ന കെട്ടിട നിര്‍മാണ മേഖലയില്‍ ചൈനയില്‍ നിന്നും ഫിലിപ്പീനില്‍ നിന്നും തൊഴിലാളികളെത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, യുഎഇ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഔട്ട്‌പാസിലൂടെ ആയിരക്കണക്കിന്‌ പേരാണ്‌ ഇന്ത്യയിലേക്ക്‌ മടങ്ങിയത്‌. വീടും പറമ്പും പണയപ്പെടുത്തിയും കടം വാങ്ങിയും വന്‍തുക വിസക്ക്‌ നല്‍കിയായിരുന്നു പലരും ഇവിടെ എത്തിയിരുന്നത്‌. നിരക്ഷരരായ അവരൊക്കെ ഇവിടെ എത്തിക്കഴിയുമ്പോഴാണ്‌ വളരെ തുച്ഛമായ ശമ്പളത്തിന്‌ കഠിനമായ വെയിലത്തും തണുപ്പത്തും ജോലി ചെയ്യേണ്ടി വരികയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്‌. സ്‌പോണ്‍സറുടെ അടുത്ത്‌ നിന്നും ഒളിച്ചോടി മറ്റിടങ്ങളില്‍ കുറച്ച്‌ മെച്ചപ്പെട്ട ജോലി ചെയ്‌തിരുന്ന പലര്‍ക്കും അനധികൃത തൊഴിലിലേര്‍പ്പെട്ടതിനാല്‍ വര്‍ഷങ്ങളായി നാട്ടിലേക്ക്‌ മടങ്ങാന്‍ സാധിച്ചില്ല. ഔട്ട്‌പാസ്‌ ഇവര്‍ക്കൊക്കെ അനുഗ്രഹമാവുകയായിരുന്നു. കഴിഞ്ഞ പൊതുമാപ്പുകാലത്ത്‌ ഷാര്‍ജയില്‍ നിന്ന്‌ പരിചയപ്പെട്ട മൂന്ന്‌ തമിഴ്‌ സഹോദരങ്ങളുടെ വാക്കുകള്‍ ഈയുള്ളവന്‍ ഓര്‍ക്കുന്നു. പൊന്നു തരാമെന്ന്‌ പറഞ്ഞാലും ഇനി ഗള്‍ഫിലേക്കില്ലെന്ന മൊഴികള്‍ക്ക്‌ നേരെ ചോദ്യചിഹ്നമെറിഞ്ഞപ്പോള്‍ അവര്‍ വിശദീകരിച്ചു:

?കേരളത്തില്‍ ചെന്നാല്‍ പ്രതിദിനം കുറഞ്ഞത്‌ 200 രൂപ ശമ്പളം കിട്ടും. ചെലവെല്ലാം കഴിഞ്ഞ്‌ പ്രതിമാസം 5000 രൂപയെങ്കിലും ബാക്കിയുമാകും. പിന്നെ ശുദ്ധവായു ശ്വസിച്ച്‌ ജോലി ചെയ്യാം. ആഗ്രഹിക്കുമ്പോള്‍ കിലോ മീറ്ററുകള്‍ക്കപ്പുറത്ത്‌ സ്വന്തം നാട്ടിലേക്ക്‌ മടങ്ങി കുടുംബത്തോടൊപ്പം കൂടാം. പിന്നെന്തിന്‌ ഇവിടെ ചൂടത്തുരുകി, ലേബര്‍ ക്യാമ്പിലെ ദുരിതം പേറി കഴിയണം...?.

അവരൊക്കെ ജയിച്ചു എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടായിരിക്കാം.
ഇന്നിവിടെയുള്ള, മതിയായ കുടിയേറ്റ രേഖകളുളള ആയിരക്കണക്കിന്‌ തൊഴിലാളികളും താമസിയാതെ സ്വന്തം നാട്ടിലേക്ക്‌ മടങ്ങേണ്ടി വരുമെന്ന്‌ കറുത്ത സൂചനകളാണ്‌ ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ആഗോള സാമ്പത്തിക മാന്ദ്യം എന്ന നീരാളി യുഎഇയിലെ കെട്ടിട നിര്‍മാണ മേഖലയെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. ഈ പ്രതിഭാസം ലോകത്ത്‌ കണ്ടുതുടങ്ങിയതില്‍പ്പിന്നെ, മൂന്ന്‌ മാസത്തിനിടയില്‍ യുഎഇയലെ 10 ലക്ഷം വിദേശ ജോലിക്കാരില്‍ കെട്ടിട നിര്‍മാണ മേഖലയിലടക്കം 3,200 പേര്‍ തൊഴില്‍ രഹിതരായി. പ്രമുഖ കെട്ടിട നിര്‍മാണ കമ്പനികളായ നഖീല്‍, തംവീര്‍, തത്‌വീര്‍, ബെറ്റര്‍ ഹോംസ്‌, ഒംനിയത്‌, അല്‍ ഷഫര്‍, ദാമാക്‌, ഡല്‍സ്‌കോ എന്നിവയും ഇതില്‍ ഉള്‍പ്പെടും. വരുംമാസങ്ങളില്‍ ഈ പ്രവണത വര്‍ധിക്കാനാണിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍മാണ കമ്പനികള്‍ തൊഴിലാളികളെ പറഞ്ഞുവിടുകയാണ്‌ ചെയ്യുന്നത്‌. ആയിരക്കണക്കിന്‌ കമ്പനികള്‍ ഇതിനകം തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുമുണ്ടത്രെ. ചില കമ്പനികള്‍ തൊഴിലാളികളോട്‌ മറ്റു തൊഴിലുകള്‍ ചെയ്യാന്‍ ഗ്രേസ്‌ പീരിയഡും അനുവദിച്ചു കൊടുത്തിട്ടുണ്ട്‌. മറ്റ്‌ പ്രമുഖ കമ്പനികളും പ്രഫഷനലുകളെയടക്കം പറഞ്ഞുവിടുന്നു. പിരിച്ചുവിടപ്പെട്ടവരില്‍ സ്വാഭാവികമായും ഇന്ത്യക്കാര്‍ തന്നെയാണ്‌ മുന്നില്‍. മിക്ക കമ്പനികളും റിക്രൂട്ട്‌മെന്റ്‌ നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എണ്ണക്ക്‌ ഇനിയും വിലയിടിവ്‌ സംഭവിക്കുമെന്നും ലോകം ഈ വര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ നേരിടേണ്ടിവരികയെന്നും ഡോ. ഡൂം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നൂറിയല്‍ റൗബിനി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ യുഎഇയില്‍ വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടുമെന്ന്‌ ആശങ്കയുയര്‍ന്നിട്ടുമുണ്ട്‌. അതേസമയം, ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയില്‍ ഒരു കോടിയിലേറെ പേരെ തൊഴില്‍രഹിതരാക്കുമെന്നാണ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട്‌ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ ശക്തിവേല്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

ഈ സാഹചര്യത്തില്‍ നാം നമ്മെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വര്‍ഷം തോറും പ്രവാസികളുടെ പേരില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ ഒരു ദിനം കൊണ്ടാടിയത്‌ കൊണ്ട്‌ കാര്യമായില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സക്കാരും ക്രിയാത്മകമായ എന്തെങ്കിലും അവര്‍ക്കു വേണ്ടി ചെയ്യണമെന്നതാണ്‌ ആവശ്യം. പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭിച്ചത്‌ കൊണ്ട്‌ മാത്രം കാര്യമായില്ല. അല്ലെങ്കില്‍ അതല്ല യഥാര്‍ത്ഥ പ്രശ്‌നം. നാട്ടിലുള്ളപ്പോള്‍ സമ്മതിദിനാവകാശം വിനിയോഗിച്ച്‌ പലരേയും ജയിപ്പിച്ചിട്ട്‌ എന്ത്‌ നേട്ടമാണുണ്ടായത്‌? സ്വന്തം മണ്ണില്‍ ഒരു നല്ല ജോലി ലഭിക്കാത്തിടത്തോളം നാമൊന്നും നേടിയിട്ടില്ല എന്നേ പറയാന്‍ സാധിക്കൂ. അതിനാല്‍, തിരിച്ചു ചെന്നാല്‍ മാന്യമായി ജീവിക്കാനുള്ള സാഹചര്യമെങ്കിലും ഒരുക്കണമെന്നേ പ്രവാസികള്‍ക്ക്‌ ഈയവസരത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളൂ. ഇതിന്‌ ഇനിയും വൈകിക്കൂടാ. ഇല്ലെങ്കില്‍, നമ്മുടെയൊക്കെ സഹോദരങ്ങള്‍ തിരിച്ച്‌ ചെന്ന്‌ എന്തു ചെയ്യുമെന്ന്‌ കൂടി പറഞ്ഞു തരിക?

അവര്‍ക്കൊക്കെ എന്തുമാവാം..

മലയാളത്തിലെ പ്രമുഖ എഴുത്താരനായിരുന്നു എംകെ മേനോന്‍ എന്ന വിലാസിനി. അദ്ദേഹം രചിച്ച `അവകാശികള്‍' ആണ്‌ മലയാളത്തിലെ ഏറ്റവും വലിയ നോവല്‍. ഈ പുസ്‌തകത്തിന്‌ 1981ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1983ല്‍ വയലാര്‍ രാമവര്‍മ്മ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

]ലാസിനി എന്ന എഴുത്തുകാരനെക്കുറിച്ച്‌ കൂടുതല്‍ പറയാതെ തന്നെ മലയാള സാഹിത്യ പ്രേമികള്‍ക്കറിയാം. എന്നാല്‍, ഇവിടെ അതൊന്നുമല്ല പ്രശ്‌നം. വിലാസിനിയുടെ അവകാശികളുടെ മൂന്ന്‌ വാള്യങ്ങള്‍ അട്ടിക്കട്ടി വെച്ച്‌ ഷെല്‍ഫില്‍ നിന്ന്‌ ഇതര പുസ്‌തകങ്ങളെടുക്കാന്‍ താന്‍ സ്റ്റൂളായാണ്‌ ഉപയോഗിക്കുന്നതെന്ന്‌ മലയാളത്തിലെ കുറുങ്കഥകളെഴുതുന്ന പികെ പാറക്കടവ്‌ പറഞ്ഞിരിക്കുന്നു. ഭീമന്‍ നോവലുകളേക്കാള്‍ തന്റെ മിനിക്കഥകളെന്ന കുറുങ്കഥകളാണ്‌ വലുത്‌ എന്ന്‌ മാലോകരെ അറിയിക്കാനാണ്‌ അദ്ദേഹം ദുബൈയില്‍ ഇന്ത്യന്‍ മീഡിയാ ഫോറം ഒരുക്കിയ അഭിമുഖത്തില്‍ ഇത്തം ഞെട്ടിപ്പിക്കുന്ന പ്രയോഗം നടത്തിയത്‌.

ടി പത്മനാഭന്‍ ചെറുകഥകളെ എഴുതിയിട്ടുള്ളൂ എന്നത്‌ പോലെ അദ്ദേഹം കുറുങ്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. ഗള്‍ഫ്‌ യാത്ര ഒരുക്കിക്കൊടുക്കുന്നവര്‍ മഹാസാഹിത്യകാരന്മാരും അല്ലാത്തവര്‍ ചീള്‌ സാഹിത്യകാരന്മാരുമാകുന്ന കാലമാണിത്‌ എന്നത്‌ സത്യം തന്നെ. പക്ഷെ, അക്ഷരത്തെ ബഹുമാനിക്കാന്‍ പഠിപ്പിക്കേണ്ട ഒരു തലമൂത്ത സാഹിത്യകാരനില്‍ നിന്ന്‌ അവയെ ചവിട്ടിയരച്ച്‌ അപമാനിക്കുന്ന വാക്കുകള്‍ ഉണ്ടായതില്‍ അക്ഷര കേരളമേ, ലജ്ജിക്കുക. തന്റെ കഥകള്‍ കുറുങ്കഥകളായിപ്പോയത്‌ അവയ്‌ക്ക്‌ രാസവളം ചേര്‍ക്കാത്തത്‌ കൊണ്ടാണെന്നും പാറക്കടവ്‌ പിന്നീട്‌ പറഞ്ഞു. അപ്പോള്‍, പികെ പാറക്കടവിനോടൊപ്പം യുഎഇയിലെത്തിയ, മലയാളത്തിലെ അഭിമാന ഭാജനത്തിന്റെ പ്രകാശം പരത്തിയ പെണ്‍കുട്ടിയടക്കമുള്ള കഥകളും രാസ പദാര്‍ത്ഥമിട്ട്‌ വളര്‍ത്തിയവയോ എന്ന ചോദ്യമുയരുന്നു.

@@@

ലോകത്ത്‌ തന്നെ സ്വന്തം കീശയില്‍ നിന്ന്‌ പണമിറക്കി പുസ്‌തകമിറക്കുന്ന ഏക വര്‍ഗമായിരിക്കാം പ്രവാസി മലയാളികള്‍. പ്രവാസ ജീവിതത്തില്‍ സര്‍ഗ പ്രതിഭ വരളുന്നു എന്ന പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ഇനിയാര്‍ക്കു പറയാന്‍ സാധിക്കും!. പക്ഷെ, ചില തട്ടിക്കൂട്ടു ഗള്‍ഫ്‌ പ്രസാധകരുടെ സഹായത്താല്‍ ഇവിടെയിറങ്ങുന്ന പുസ്‌തകങ്ങള്‍ക്കൊക്കെ പിന്നീടെന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ചിന്തിച്ചു നോക്കുന്നത്‌ നന്നായിരിക്കും. കൂടുതല്‍ ചിന്തിക്കേണ്ടതുമില്ല. വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരുള്ള ഗള്‍ഫില്‍ പുസ്‌തം ഇറക്കുക എന്നതാണ്‌ ലക്ഷ്യം, അല്ലാതെ ആള്‍ക്കാര്‍ വായിക്കുക എന്നതല്ല ഹേ!.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍