2008, ഫെബ്രുവരി 16, ശനിയാഴ്‌ച

ബൂം സിറ്റി-മൂന്ന്‌




വെള്ളിയാഴ്‌ച കൊണ്ട്‌ എന്ത്‌ പ്രയോജനം?


ബുദ്ധി ജീവികളെക്കൊണ്ട്‌ എന്താണ്‌ പ്രയോജനമെന്ന്‌ സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. ഈയുള്ളവനിവിടെ ചോദിക്കുന്നത്‌ മറ്റൊന്നാണ്‌-വെള്ളിയാഴ്‌ച കൊണ്ട്‌ എന്ത്‌ പ്രയോജനം?`തിങ്കളാഴ്‌ച നല്ല ദിവസം' എന്നൊരു വിശ്വാസം കേരളത്തിലുണ്ടല്ലോ. (ഒരു പത്മരാജന്‍ സിനിമയുമുണ്ട്‌.) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ പ്രത്യേകതകളുള്ള ഓരോ ദിവസങ്ങളുണ്ടായിരിക്കാം. ഓരോ ദിനവും ഭാഗ്യവും നന്മയുമൊക്കെ കൊണ്ടുവരുന്നു എന്ന തോന്നലുകളുള്ളത്‌ കൊണ്ടാണ്‌ മനുഷ്യര്‍ ഇത്തരത്തില്‍ അന്ധവിശ്വാസങ്ങളില്‍ കൂപ്പുകൂത്തുന്നത്‌; ഒക്കെ ഒരു വിശ്വാസം-അത്രേള്ളൂ. (എന്നാല്‍ ആഴ്‌ചയില്‍ ഒരു നിമിഷം പോലും സമാധാനമോ സുഖമോ ഇല്ലാത്ത എരണം കെട്ടവരാണ്‌ ഈ ഭൂമിയിലെ ഭൂരിഭാഗവും).ഗള്‍ഫിന്റെ കാര്യമെടുത്താല്‍ ഒരു പക്ഷെ വെള്ളിയാഴ്‌ചകളെയായിരിക്കും സ്വദേശികളും വിദേശികളും ഏറെ ഇഷ്‌ടപ്പെടുന്നത്‌. കൂട്ടപ്രാര്‍ത്ഥനയ്‌ക്ക്‌ അവസരം ലഭിക്കുന്നത്‌ കൊണ്ടായിരിക്കും ഇതെന്ന്‌ അനാവശ്യമായി സംശയിക്കരുത്‌. അതെ, പൊതു അവധി തന്നെയാണ്‌ മുഖ്യ ആകര്‍ഷക ഘടകം. ഭൂരിഭാഗം ഇന്ത്യക്കാര്‍ കീഴടക്കിയ ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ വെള്ളിയാഴ്‌ചകള്‍ ആഘോഷം തന്നെയാകുന്നു. ഗവണ്‍മെന്റിന്റെ നിബന്ധന മനസ്സില്ലാ മനസ്സോടെ പാലിക്കുന്ന കമ്പനികള്‍ അന്നൊരു ദിവസം തൊഴിലാളികളെ `തടവറകളി'ല്‍ നിന്ന്‌ മോചിപ്പിക്കുന്നു.


യു.എ.ഇയുടെ കാര്യമെടുക്കാം. ദുബായിലെയും ഷാര്‍ജയിലെയും തൊഴിലാളികള്‍ ആറ്‌ ദിവസത്തെ കഠിനാദ്ധ്വാനത്തിന്റെ പിരിമുറുക്കം തീര്‍ക്കുന്നത്‌ വെള്ളിയാഴ്‌ചകളിലാണ്‌. ദുബായിലെ അല്‍ഖൂസ്‌, സോണാപൂര്‍, ജബല്‍ അലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വെള്ളിയാഴ്‌ചകളില്‍ നേരെ ദേരയിലേക്ക്‌ വെച്ചുപിടിക്കുന്നു. അവിടെയവര്‍ പകലന്തിയോളം സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുകയായി. പാര്‍ക്കിലിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. ഫോട്ടോ പിടിക്കുന്നു. അത്‌ പ്രിന്റെടുത്ത്‌ നാട്ടിലെ കുടുംബത്തിന്‌ അയച്ചുകൊടുക്കുന്നു. ഫോണ്‍ വിളിക്കുന്നു. അസുഖമുള്ളവര്‍ ഇത്തിരി വീശുന്നു... ഇങ്ങനെ എന്തെല്ലാമോ കാര്യങ്ങള്‍. ഇതിനെല്ലാം സമയം തികയാത്തവര്‍ തലേന്ന്‌ രാത്രി തന്നെ ഇവിടെയെത്തുന്നു.

ഷാര്‍ജ ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളില്‍ നിന്നെത്തുന്നവര്‍ റോളയിലെ ബസ്‌ സ്റ്റേഷനടുത്തെ മൈതാനത്ത്‌ കൂട്ടം കൂടിയിരിക്കുകയും(ചിലര്‍ ഇരിക്കാനും കിടക്കാനും പായയുമായാണ്‌ വരുന്നത്‌!) നാടോടികളെപ്പെലെ അലഞ്ഞു തിരിയുകയും ചെയ്യുന്നു.സോറി, ഇവര്‍ ആദ്യമായി ചെയ്യുന്ന ഒരു കാര്യമുണ്ട്‌-ഭാഗ്യ പരീക്ഷണം. പോസ്റ്റ്‌കാര്‍ഡ്‌ മില്യനയര്‍ ഇവരുടെ ജീവിതത്തിന്റെ ഒന്നൊന്നര ഭാഗമായിരിക്കുന്നു. ഏവരുടെയും വെള്ളിയാഴ്‌ചയിലെ ആദ്യ പരിപാടി ഭാഗ്യ പരീക്ഷണത്തില്‍ 30 ദിര്‍ഹം ചെലവഴിക്കുക എന്നതാണ്‌. ബന്ധപ്പെട്ടവര്‍ പോസ്റ്റ്‌കാര്‍ഡ്‌ മില്യനയര്‍ ഉണ്ടാക്കിയത്‌ തന്നെ തൊഴിലാളികള്‍ക്ക്‌ വേണ്ടിയാണെന്നു വേണം കരുതാന്‍. കഴിഞ്ഞ ദിവസം ദുബായിലെ ലേബര്‍ ക്യാമ്പുകളില്‍ സമ്മാന പദ്ധതിക്കാര്‍ സൗജന്യ സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചു സോപ്പടിച്ചു. ഇതിന്‌ പകരമായി ഇവരെ പരസ്യബോര്‍ഡുകളുമാക്കി. പത്രമാധ്യമങ്ങള്‍ക്ക്‌ ലഭിച്ച ഫോട്ടോകളിലൊക്കെ കണ്ട ഒരു പ്രത്യേകത തൊഴിലാളികളെല്ലാം പോസ്റ്റ്‌കാര്‍ഡ്‌ മില്യനയറിന്റെ ബ്രോഷറുകളേന്തിയാണ്‌ നില്‍ക്കുന്നത്‌ എന്നതാണ്‌!!


ഇത്തരത്തില്‍ സമ്മാനപദ്ധതികളോട്‌ പ്രവാസികള്‍ കാണിക്കുന്ന അഭിനിവേശം മാനസിക വൈകല്യമാണെന്നാണ്‌ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളി മനശ്ശാസ്‌ത്ര വിദഗ്‌ധനായ ഡോ.അനീസ്‌ അലി അഭിപ്രായപ്പെട്ടത്‌. നാട്ടിലെ ലോട്ടറിക്ക്‌ സമാനം. ഡി.എസ്‌.എഫ്‌ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ നടത്തുന്ന നറുക്കെടുപ്പുകളില്‍ വിജയിക്കുന്നത്‌ ഭൂരിഭാഗം ഇന്ത്യക്കാരാണെന്ന്‌ കാണാം. നിത്യവും 5,000 കൂപ്പണുകള്‍ മാത്രം വില്‍ക്കുന്ന രണ്ട്‌ ലക്‌സസ്‌ കാറുകളും(ഏകദേശം 35 ലക്ഷം രൂപ) ഏതെങ്കിലും രാജ്യത്തിന്റെ ഒരു ലക്ഷത്തിന്റെ കറന്‍സിയും സമ്മാനം നല്‍കുന്ന നറുക്കെടുപ്പിന്റെ വിജയികളുടെ പട്ടിക കണ്ടാല്‍ ഇത്‌ മനസ്സിലാകും. ഇതര രാജ്യക്കാരില്‍ അത്ഭുതവും ഇത്തിരി അസൂയയുമുണ്ടാക്കുന്നുണ്ടിത്‌. ഇതില്‍ പരിഭവിച്ചിട്ട്‌ ഫലമില്ല; ഏറ്റവും കൂടുതല്‍, എന്തിന്‌ 99 ശതമാനവും ഇവ വാരിക്കൂട്ടി ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നത്‌ ഇന്ത്യക്കാരാണ്‌ എന്നതാണ്‌ ഇതിന്‌ പിന്നിലെ പരസ്യമായ രഹസ്യം.എല്ലാ ദിവസവും അര്‍ധരാത്രിയോടടുത്താണ്‌ ഗ്ലോബല്‍ വില്ലേജില്‍ നറുക്കെടുപ്പുകള്‍ നടക്കുന്നത്‌. സമ്മാനക്കൂപ്പണുകളെടുത്ത പലരും ലക്‌സസ്‌ കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത്‌ സ്വപ്‌നം കണ്ടുകൊണ്ടാണ്‌ നിലാവത്തഴിച്ചുവിട്ട കോഴികളെപ്പോലെ പിന്നീട്‌ നടക്കുന്നത്‌. ഭാഗ്യവാന്‌ പുലര്‍ച്ചയോടടുത്ത്‌ ബന്ധപ്പെട്ടവരുടെ വിളി വരുന്നു. ഇതോടെ എവന്റെ ഉറക്കവും നഷ്‌ടപ്പെടുന്നു. കിട്ടാത്തവന്‍ വീണ്ടും ഭാഗ്യ പരീക്ഷണത്തിന്‌ കോപ്പുകൂട്ടുന്നു. എന്നാല്‍ കൂപ്പണുകളെടുക്കുന്നവര്‍ പലരും രാത്രി സ്വപ്‌നത്തില്‍ സമ്മാനം ലഭിച്ച്‌ ഞെട്ടിയുണര്‍ന്ന്‌ പരക്കം പായുന്ന കാഴ്‌ച പലയിടത്തും കാണാവുന്നതാണ്‌. ഇതിന്റെ രസകരമായ ഒരു മറുവശം ശ്രദ്ധിച്ചാല്‍ മനസ്സിലാകും, ലക്‌സസ്‌ കാറുകള്‍ സമ്മാനമടിച്ച ഇന്ത്യക്കാരാരും ഇതുവരെ കാറുകള്‍ വാങ്ങിയതായി കേട്ടിട്ടില്ല. എല്ലാവര്‍ക്കും പണം മാത്രം മതി. (കാറോ ? ഹെന്തിന്‌-നാട്ടില്‍ ചെന്ന്‌ ഏതെങ്കിലും സെക്കന്‍ഡ്‌ ഹാന്‍ഡ്‌ ചക്കട വണ്ടി വാങ്ങിയോട്ടി ആ ആഗ്രഹം ശമിപ്പിക്കാമല്ലോ-ഹല്ല പിന്നെ).


ഏതായാലും ഇങ്ങനെ പോയാല്‍ ഇന്ത്യക്കാര്‍ക്ക്‌ യു.എ.ഇയിലും മുഴു ഭ്രാന്ത്‌ വരുന്ന കാലം വിദൂരമല്ല. പെട്രോള്‍ സ്റ്റേഷനുകളില്‍ പുതുമണവാട്ടിയെ പോലെ അണിയിച്ചൊരുക്കി നിര്‍ത്തിയിട്ടിരിക്കുന്ന ലക്‌സസ്‌ കാറുകളെ സമീപിച്ചും തൊട്ടു നോക്കിയും `ഡേയ്‌, ഞാന്‍ നാളെ വരാം, കാര്‍ കഴുകി വൃത്തിയാക്കി വെച്ചേക്ക്‌...' എന്ന്‌ നിര്‍ദേശം നല്‍കി പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരുടെ കൈത്തരിപ്പറിയുന്ന സമയവും അത്രയകലെയല്ല; നോട്ട്‌ ദി പോയിന്റ്‌.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍