2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

ഇന്ത്യ-പാക് യുദ്ധം കാണുമ്പോള്‍ സംഭവിക്കുന്നത്...


ഇതുപോലൊരു നയനാനന്ദകരമായ കാഴ്ച ദുനിയാവില്‍ മറ്റൊരിടത്തും കാണാനാവില്ല. ഇന്ത്യയിലെ ഹൈദരാബാദ് സ്വദേശി അബ്ദുല്‍ ഹഖും പാക്കിസ്ഥാന്‍ പെഷവാറില്‍ നിന്നുള്ള മുഹമ്മദ് ഹാനിയും തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നു. വീക്ഷിക്കുന്നു എന്ന് പത്രഭാഷയില്‍ അലക്ഷ്യമായി പറഞ്ഞാല്‍ പോരാ. ആസ്വദിക്കുന്നു എന്ന് തന്നെ പറയണം. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ഈ അപൂര്‍വ കാഴ്ച കാണാം. പ്രത്യേകിച്ച് ദുബൈയിലും ഷാര്‍ജയിലും.
പക്ഷെ, ഇവിടെയിതില്‍ ആര്‍ക്കും അപൂര്‍വതയൊന്നും പറയാനുണ്ടാവില്ല. വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണിത.് അയല്‍രാജ്യക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നയതന്ത്രകാര്യങ്ങളില്‍ ഒന്നും രണ്ടും പറഞ്ഞ് എപ്പോഴും കൊമ്പുകോര്‍ക്കുമ്പോള്‍ ഗള്‍ഫില്‍ ഇരു രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ ഒരുമയോടെ, ഒരേ ഓഫീസില്‍ മുഖത്തോട് മുഖം ചേര്‍ത്ത് ജോലി ചെയ്യുന്നു. ഒരേ മുറിയില്‍ ബെഡ് സ്പേസ് പങ്കിട്ട് പ്രതീക്ഷകള്‍ കൈമാറി വസിക്കുന്നു. അയല്‍ ഫ്ളാറ്റിലെ പാക് കുടുംബത്തിന് ഇന്ത്യന്‍ കുടുംബം ഓണത്തിനും ദസറക്കും പാല്‍പായസം വിതരണം ചെയ്യുമ്പോള്‍ പാക് ദേശീയ ദിനത്തില്‍ തിരിച്ചും അവരുടെ സ്വന്തം വിഭവങ്ങള്‍ കൈമാറുന്നു... ക്രിക്കറ്റിന് മാത്രമല്ല, അല്ലാത്തയിടങ്ങളിലും ഇത്തരം അപൂര്‍വത കാണാമെന്ന് സാരം.
നമുക്ക് തത്കാലം ക്രിക്കറ്റിലേക്ക് തന്നെ തിരിച്ചുവരാം. ഇന്ത്യാ-പാക് ചാമ്പ്യന്‍സ് ട്രോഫി ഏകദിനത്തിലും ഇരു രാജ്യത്തെയും സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്ന പ്രവാസി പ്രജകള്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്നും ഇരുന്നും കളി കണ്ടു. നിന്നും ഇരുന്നും പ്രത്യേകിച്ച് പറയാന്‍ കാരണമുണ്ട്. താമസ സ്ഥലങ്ങളില്‍ കളി കാണാന്‍ അവസരമില്ലാത്തവര്‍ ദുബൈയിലെയും ഷാര്‍ജയിലേയുമൊക്കെ ഇലക്ട്രോണിക്സ് കടകളില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് കാണുക. അവിടെ ഇരിക്കാന്‍ വഴിയില്ല. നിന്നുവേണം കാണാന്‍. കടക്കാരന്റെ ഔദാര്യം സ്വീകരിച്ച് പതുങ്ങി ഒതുങ്ങി നിന്നുകൊണ്ട് കളി കണ്ടോളണം. ഇവിടെയാണ് ഇന്ത്യ-പാക് ഭായി ഭായി കൂടുതല്‍ പ്രകടമാകുന്നത്. രണ്ടു പേരും കളി കാണുന്നത് ഓസിന്. അപ്പോള്‍ എവിടെ തമ്മില്‍ പിണങ്ങാന്‍ നേരം. മാത്രമല്ല, ഇത്തരം വേദികളില്‍ മികച്ച ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതും കാണാന്‍ സാധിക്കുന്നു. അതായത്, യൂസുഫ് പത്താന്‍ പതിവുപോലെ വന്നു, ബാറ്റ് വീശി, മടങ്ങി... ഇന്ത്യക്കാരന്‍ ഷിറ്റ് എന്ന് പറഞ്ഞു നിരാശനാകുന്നു. പത്താന്‍ തീരെ ഫോമിലില്ല എന്ന് പറഞ്ഞ് തൊട്ടടുത്ത് നില്‍ക്കുന്ന പാക്കിസ്ഥാനി യുവാവ് നിരാശാബാധിതനായ ഇന്ത്യക്കാരനെ സാന്ത്വനിപ്പിക്കുന്നത് പതിവുകാഴ്ച. തൊട്ടടുത്ത ഓവറില്‍ ദ്രാവിഡ് തുടര്‍ച്ചയായി മൂന്ന് ഫോറടിച്ചു എന്നിരിക്കട്ടെ(ശ്രീനിവാസന്‍ സ്റൈലില്‍ പറഞ്ഞാല്‍, നടക്കാത്ത സുന്ദരമായ സ്വപ്നം), പാക്കിസ്ഥാനി യുവാവിന്റെ മുഖത്തെ മ്ളാനത കണ്ട് ഇന്ത്യക്കാരന്‍ അമിത ആഹ്ളാദം പ്രകടിപ്പിക്കാതെ ആത്മസംയമനം പാലിക്കുന്നു.
ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവര്‍ പോലും ക്രിക്കറ്റിനെ ജീവ വായുവായി കരുതുന്നത് കാണാമിവിടെ. ംഗ്ളാദേശികളും ശ്രീലങ്കന്‍സും കെനിയക്കാരും ക്രിക്കറ്റുള്ള യൂറോപ്പുകാരുമൊക്കെ യുഎഇയില്‍ ഉണ്ടെങ്കിലും ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് തന്നെ ശക്തമായ മരുക്കാറ്റിനെ പോലും അവഗണിക്കുന്ന ആവേശം. ഒരു കാലത്ത് കേളികേട്ട ഷാര്‍ജ ക്രിക്കറ്റ് കപ്പിലെ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചില മകിച്ച മത്സരങ്ങള്‍ക്ക് ഇപ്പോള്‍ അന്യം നിന്നുപോയ ഷാര്‍ജ ക്രിക്കറ്റ് സ്റേഡിയം സാക്ഷിയായിട്ടുണ്ട്. പിന്നീട് അടുത്തകാലത്ത് അബുദാബിയില്‍ ശൈഖ് സായിദ് സ്റേഡിയവും ലോകത്തെ മറ്റൊരു വിസ്മയമായ ദു സ്പോര്‍ട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റേഡിയവും ക്രിക്കറ്റിനെ പുണരുന്നു. ഇവിടേക്ക് കനത്ത ചൂടിനെ വകഞ്ഞുമാറ്റി ജനം പ്രവഹിക്കണമെങ്കില്‍ ഇന്ത്യ-പാക് മത്സരം തന്നെ വേണമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൈഖ് സായിദ് സ്റേഡിയത്തില്‍ രണ്ട് സൌഹൃദ മത്സരങ്ങള്‍ കഴിഞ്ഞതില്‍ പിന്നെ ഇരു ടീമുകളേയും കൂട്ടിക്കെട്ടാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ലോക ക്രിക്കറ്റിന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന രാജ്യത്തിന് അതി വിദൂരമല്ലാത്ത ഭാവിയില്‍ അതിന് സാധിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ ഉറച്ച വിശ്വാസം.
ഏതായാലും ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരാനന്തരം വിദ്വേഷമോ പകയോ അല്ല നിലനില്‍ക്കുന്നത്്. ക്രിക്കറ്റിന് ശത്രുതയുടേയും വിദ്വേഷത്തിന്റെയും അതിര്‍ത്തി രേഖകള്‍ മായ്ച്ചുകളയാനാകുമെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണിവിടെ.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍