2007, നവംബർ 25, ഞായറാഴ്‌ച

സ്റ്റാര്‍ ബഡായിസ്റ്റ്‌`

`.............സ്റ്റാര്‍ ബഡായിസ്റ്റിന്റെ പുതിയ `എപ്പിഡോസി'ലേക്ക്‌ ഏവര്‍ക്കും സ്വാഗതം. ആദ്യമായി നമ്മുടെ ജഡ്‌ജിമാരെ സ്വാഗതം ചെയ്യാം... ചിലരെ രസിപ്പിക്കാന്‍ മാത്രം ബഡായി പറയാറുള്ള ശ്രീമാന്‍ കുട്ടപ്പായി... ഒന്നോ രണ്ടോ ബഡായി മാത്രം പറഞ്ഞ്‌, ഇപ്പോള്‍ അവസരമില്ലാത്ത ശ്രീമാന്‍ തങ്കപ്പനണ്ണാച്ചി, ഇന്ത്യയിലെല്ലായിടത്തും ബഡായി പറഞ്ഞ്‌ പ്രശസ്‌തയായ ശ്രീമതി ഗുണവതി...ഇവരെക്കൂടാതെ ഇന്നത്തെ `സെലിബ്രിറ്റി ഗോസ്റ്റാ'യി ഈ രംഗത്ത്‌ വല്യ അവസരമൊന്നുമില്ലാത്ത നടന കുമാരിയാണെത്തിയിട്ടുള്ളത്‌... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി വെല്‍ക്കംസ്‌ പറഞ്ഞുകൊണ്ട്‌ ഇന്നത്തെ ഫാബുലസ്‌ കണ്‍ടസ്റ്റന്റ്‌ ഉല്‍പ്പലാക്ഷനെ വേദിയിലേക്ക്‌ ക്ഷണിക്കുന്നു. വെല്‍ക്കം മിസ്റ്റര്‍ ഉല്‍പലാക്ഷന്‍... ഗിവ്‌ ഹിം എ ബിഗ്‌ ഹാന്‍ഡ്‌...''
കൈയടികള്‍ക്കിടയില്‍ ചില ബോളിവുഡ്‌ താരങ്ങള്‍ ധരിക്കാറുള്ള തരം വേഷത്തോടെ ചെത്ത്‌ പയ്യന്‍ പ്രവേശിക്കുന്നു.
ആങ്കര്‍ കോമളാംഗി അവനെയൊന്ന്‌ ഒലിപ്പീരോടെ നോക്കി: ``ഇന്ന്‌ നല്ല ചെത്ത്‌ സ്റ്റൈലിലാണല്ലോ... എന്താണ്‌ പ്രത്യേകത?''
ഉല്‍പലാക്ഷന്‍: ``അതെ, ഇന്ന്‌ ഞാനെന്റെ വിമാനം ഓടിച്ചാണിവിടെയെത്തിയത്‌...''
ആങ്കര്‍: ``ഹമ്മോ!! ഒറ്റ വാചകത്തില്‍ത്തന്നെ ഏവരേയും ഞെട്ടിച്ച്‌ കളഞ്ഞു...എനിക്കു മതിയായി...ഓക്കെ, ജഡ്‌ജസ്‌ എന്താണ്‌ വീമ്പളക്കുന്നതെന്ന്‌ നോക്കാം...''
കുട്ട: ``ലോകത്തെ ഏറ്റവും വലിയ ബഡായിസ്‌റ്റാരാണെന്ന്‌ ഉല്‍പലാക്ഷനറിയാമോ?''
ഉല്‍: ``മിസ്റ്റര്‍ ജോര്‍ജ്ജ്‌ ഡബ്ല്യു ബുഷ്‌... അല്ലാതാര്‌...''കുട്ട: ``മിടുക്കന്‍... എല്ലാം പഠിച്ചുവെച്ചിട്ടുണ്ടല്ലേ...ഹിഹിഹി...ഹിഹിഹിഹി... ഓള്‍ ദി ബെസ്റ്റ്‌...''
ആങ്കര്‍: ``നെക്‌സ്റ്റ്‌ തങ്കപ്പനണ്ണാച്ചി....''
തങ്കപ്പ: ``മോനേ.... ലോകത്തെ ഏറ്റവും വലിയ ബഡായി എന്താണെന്നറിയാമോ മോന്‌...?''ഉല്‍: ``ഇറാഖ്‌ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന്‌ ബുഷന്‍ പറയാറുള്ളത്‌ തന്നെയാണ്‌ സാര്‍..''
തങ്കപ്പ: ``നന്നായി മോനേ... നന്നായി പെര്‍ഫോം ചെയ്യ്‌...''(ഉല്‍ മലയാളിയുടെ സ്വന്തം തലയാട്ടലിലേക്ക്‌).
ആങ്കര്‍: ``അടുത്തത്‌ നമ്മുടെ ദീദി...''ഗുണ: ``ഫന്റാസ്റ്റിക്‌....റൊമ്പ നല്ല ബഡായി... ഓള്‍ ദി ബെസ്റ്റ്‌...''
(തങ്കപ്പനണ്ണാച്ചി പതുക്കെ: അതിന്‌ ഉല്‍ ബഡായി പറഞ്ഞിട്ടില്ല മാഡം..)
ആങ്കര്‍: ``നെക്‌സ്റ്റ്‌ നമ്മുടെ സെലിബ്രിറ്റി ഗോസ്റ്റ്‌...സോറി ഗസ്റ്റ്‌... ഓക്കെ... എന്താണ്‌ പറയുന്നതെന്ന്‌ നോക്കാം... നടന മാഡം...''
നടന: ``ഏത്‌ ഷോപ്പില്‍ നിന്നാ ഈ ഡ്രസ്‌ പര്‍ചേസ്‌്‌ ചെയ്‌തേ...?''
ഉല്‍: ``ഇതെന്റെ അപ്പന്‍ കേളപ്പന്‍ സ്വന്തം തയ്യല്‍ക്കടയില്‍ നിന്ന്‌ തയ്‌ച്ചതാ...''
കൂടുതല്‍ ചോദ്യങ്ങളിലൂടെ രംഗം കുളമാകുന്നതിന്‌ മുമ്പെ ആങ്കര്‍ ചാടി വീണു:
``ഓക്കെ.. ഇനി പെര്‍ഫമന്‍സ്‌...''
ഉല്‍ ബഡായി തുടങ്ങി: ``ഞാനിന്നലെ വീട്ടിനടുത്തെ ചായക്കടയില്‍ ചൊറിയും കുത്തിയിരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന്‌ ബുഷ്‌ എന്റെ പുതിയ മോഡല്‍ നോക്കിയയിലേക്ക്‌ വിളിച്ചു... ഉടന്‍ നേരില്‍ കാണണമെന്ന്‌... എന്തുചെയ്യാം, ഉടന്‍ ഞാനങ്ങോട്ട്‌ വെച്ചു പിടിച്ചു.. സംഭവമെന്താ... നമ്മുടെ ആണവ കരാര്‍ ഏതുവിധത്തിലും നടപ്പിലാക്കാന്‍ മന്‍മോഹന്‍ജിയെ നിര്‍ബന്ധിക്കണമെന്ന്‌.. ഞാനുടനെ ജിയെ വിളിച്ചു സംഗതി ബോധിപ്പിച്ചു. പക്ഷെ, പാവം പ്രധാന മന്ത്രിജി, ഘടക കക്ഷികള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണദ്ദേഹത്തെ, ആണവകരാറെന്നല്ല `ആ' എന്നു മിണ്ടിപ്പോയാല്‍ കസേരയില്‍ നിന്ന്‌ വീഴുമെന്ന്‌ പറഞ്ഞ്‌...ഒരൊറ്റ നിലവിളി... ഞാനുടന്‍ ബുഷനെ വിളിച്ച്‌ കാര്യം പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല, ഭയങ്കര ഭീഷണി...''
(ഇടയ്‌ക്ക്‌ ജഡ്‌ജി കുട്ടപ്പായിയുടെ ആത്മഗതം: ഇവനാള്‌ കൊള്ളാമല്ലോ.. അങ്ങനെ വിടരുത്‌. നമ്മുടെ കഞ്ഞിയിലാ പാറ്റയിടുന്നേ! ... തീരട്ടെ, ശരിക്കും വധിക്കണം...)
ഉല്‍ തുടരുന്നു: ``ഞാനുടന്‍ അഹ്‌മദ്‌ നെജാദിനെ വിളിച്ചു കാര്യം പറയും എന്നായപ്പോള്‍ ബുഷന്‍ പത്തി മടക്കി... ഇത്രേയുള്ളൂ ആ ലോക പോലീസിന്റെ ലാത്തിയുടെ വീര്യം..''
ഉല്‍ ബഡായി കേട്ട്‌ ജഡ്‌ജിമാരെല്ലാം കോരിത്തരിക്കുന്നു. (ഇത്‌ മറച്ചുവെച്ച്‌ തങ്കപ്പനണ്ണാച്ചിയുടെ ആത്മഗതം: ഇവനൊക്കെ കേറി വന്നാല്‍ നാമൊക്കെ പിന്നെന്തിന്‌ ബഡായിസ്റ്റെന്ന്‌ പറഞ്ഞിരിക്കുന്നത്‌. ങുഹും...കാണിച്ചു തരാം...)
ഗുണ കണ്ണീര്‍ തുടയ്‌ക്കുന്നു.
സെലിബ്രിറ്റിയുടെ വായ്‌ നോട്ടം.
ആങ്കര്‍: ``ഉഗ്രന്‍ ബഡായി.. ഉല്‍പലാക്ഷന്റെ പിന്നാലെ വായാടികളായ പെണ്‍കുട്ടികളുടെ ക്യൂവായിരിക്കും ഇനി... എന്നോടൊന്നുമില്ലല്ലോ... ഓക്കെ, ഇനി നമുക്ക്‌ ജഡ്‌ജസിനോട്‌ ചോദിക്കാം... കുട്ടപ്പായി ചേട്ടാ...''
കുട്ട: ``ഉല്‍പലാക്ഷാ.. നന്നായിട്ടുണ്ട്‌ കേട്ടോ....ഹിഹിഹിഹി...ഹിഹി... ഇടയ്‌ക്ക്‌ ചില സംഗതികള്‍ പോയിട്ടുണ്ട്‌.. എന്താണ്‌ ബുഷിന്റെ കാര്യം പറയുമ്പോള്‍ ഉല്‍പലാക്ഷന്‍ പരുങ്ങിയത്‌... തുടക്കം നന്നായെങ്കിലും പിന്നീട്‌ ചില വാക്കുകള്‍ പറയുമ്പോള്‍ കുഴങ്ങുന്നതായി കണ്ടു... എങ്കിലും ആകെ മൊത്തം ടോട്ടല്‍ നന്നായിട്ടുണ്ട്‌...''
തങ്കപ്പ: ``മോനേ.. നന്നായിട്ടുണ്ട്‌ കേട്ടോ... എന്താ ഇടയ്‌ക്ക്‌ ശബ്‌ദം പതറിയത്‌.. അസുഖം വല്ലതുമുണ്ടോ..?''
(ഉല്‍പലാക്ഷന്റെ ആത്മഗതം: തുടങ്ങി, ഇയാളുടെ അസുഖം..അസൂയയാ. സ്ഥാനം പോകുമെന്ന അസൂയയാ..)തങ്കപ്പ: ``പിന്നേ, അഹ്‌മദ്‌ നെജാദി എന്ന്‌ പറയുമ്പോള്‍ `ശ്രുതി' പോയി.. സാരമില്ല, അവളുടെ അനുജത്തി `രമ' വന്നിട്ടുണ്ട്‌.. ഏതായാലും നന്നായിട്ടുണ്ട്‌...കേട്ടോ...''
ഗുണ: `ഫന്റാസ്റ്റിക്‌ ബഡായി...റിയലി സ്വീറ്റ്‌ വോയ്‌സ്‌... റൊമ്പ നന്നായിരിക്ക്‌.. ആക്‌ച്വലി കേട്ടപ്പോള്‍ എനിക്ക്‌ റൊമ്പ കരച്ചില്‍ വന്നു.. നല്ല ഫീലിങ്‌്‌... റിയലി ഫന്റാസ്റ്റിക്‌...''
നടന: ``നല്ല ഡ്രസിംഗ്‌... ഉല്‍പലാക്ഷന്റെ അപ്പനെ കണ്ടിരുന്നെങ്കില്‍ എനിക്കും ഒരുടുപ്പ്‌ തയ്‌പിക്കാമായിരുന്നു.. കാശ്‌ കൊടുക്കേണ്ടല്ലോ...''.
ആങ്കര്‍: ഇനി മാര്‍ക്‌സ്‌.. ജഡ്‌ജസ്‌ എല്ലാവരും കൂടി തന്നിരിക്കുന്ന മാര്‍ക്ക്‌... പെര്‍ഫോമന്‍സിന്‌ 100ല്‍...20.. സെലിബ്രിറ്റി... എട്ട്‌.. ടോട്ടല്‍ ട്വന്റി എയ്‌റ്റ്‌.. നല്ല മാര്‍ക്ക്‌...''
ഉല്‍ പ്രേക്ഷരോട്‌: ``എന്റെ പെര്‍ഫമന്‍സ്‌ നന്നാണെന്ന്‌ എല്ലാവരും വിലയിരുത്തിയെങ്കിലും മാര്‍ക്ക്‌ വളരെ കുറവാണ്‌. അസൂയയും കുശുമ്പും കുന്നായ്‌മയുമുള്ള ജഡ്‌ജിമാരാണ്‌ പുതിയ തലമുറയുടെ പാതയിലെ വിഘ്‌നങ്ങള്‍.. അവസരമില്ലാതെ വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്ന അവരാണ്‌ ഏറ്റവും ശാപം. ആയതിനാല്‍ അന്യഭാഷയില്‍ നിന്നുള്ള ജഡ്‌ജിമാരില്ലാത്ത ഒരു മത്സരത്തിലും ഇനി ഞാന്‍ പങ്കെടുക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌. എനിക്കാരും ഇനി എസ്‌.എം.എസ്‌ അയച്ച്‌ ചാനലിനെ നന്നാക്കണ്ട. ബന്ധപ്പെട്ടവര്‍ വിജയികളെ എന്നേ തീരുമാനിച്ചു കഴിഞ്ഞു!!. ഒപ്പം യുവപ്രതിഭകളോട്‌ ഒരു വാക്ക്‌- വെറുതെ ഇത്തരം പ്രോഗ്രാമില്‍ വന്ന്‌ സമവും ഊര്‍ജ്ജവും കളയരുത്‌... ഗുഡ്‌ബൈ..''

4 അഭിപ്രായങ്ങൾ:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ബഡായി ആണോ ഇതും

:)

ഏ.ആര്‍. നജീം പറഞ്ഞു...

കൊള്ളാട്ടോ ഇതു കലക്കീ
:)

ശ്രീ പറഞ്ഞു...

ബഡായി ആണെങ്കിലും നന്നായീട്ടോ.

:)

ആഷ | Asha പറഞ്ഞു...

അങ്ങനെയേതേലും ഉല്പലാക്ഷന്‍ പറഞ്ഞാല്‍ പോലും അതും ചാനലിലൂടെ വെളിച്ചം കാണാന്‍ പോണില്ല.



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍