2007, ഡിസംബർ 31, തിങ്കളാഴ്‌ച

നവവത്സരമാശംസിക്കുന്നു...




പുതിയ ശിരസ്സല്ല;

ചിന്തകളാണ്‌ നമുക്കാവശ്യം...



നന്മനിറഞ്ഞ


നവവത്സരമാശംസിക്കുന്നു...

2007, നവംബർ 28, ബുധനാഴ്‌ച

പ്രിയപ്പെട്ട തീവ്രവാദികള്‍ക്ക്‌...



നിങ്ങളുടെ മനസ്സിനോട്‌ സംസാരിക്കാന്‍ എനിക്കാവില്ല. നിങ്ങളുടെ വിചാരങ്ങളോട്‌ സംസാരിക്കാം.
കാരണം, വിചാരങ്ങളില്‍ ജീവിക്കുന്നവരാണ്‌ നിങ്ങള്‍.
ഖേദകരമായൊരു വസ്‌തുത പറയട്ടെ,നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക്‌ തീരെ താത്‌പര്യവുമില്ല. കൊലപാതകികളുടെയും സ്‌നേഹശൂന്യരുടെയും മനുഷ്യത്വമില്ലാത്തവരുടെയും ഭാഷ എനിക്കറിയാത്തതാണ്‌ കാരണം. എങ്കിലും ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കാം. അതിതാണ്‌:
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ച്‌ വളര്‍ന്നവരാണോ?്‌
നിങ്ങളുടെ ബാല്യകാലം നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?
കളിച്ചുവളര്‍ന്ന ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ടോ?വുശുദ്ധ ഗ്രന്ഥം എന്നെങ്കിലുമൊരിക്കല്‍ നിങ്ങള്‍ തൊട്ടുനോക്കിയിട്ടുണ്ടോ?
ഞങ്ങളൊക്കെ പഠിച്ച സ്‌കൂളില്‍ തന്നെയാണോ നിങ്ങളും പഠിച്ചത്‌?
ഈ തെരുവോരങ്ങളില്‍ തന്നെയാണോ നിങ്ങള്‍ കറങ്ങിനടന്നിരുന്നത്‌?
മറ്റുള്ളവരെപ്പോലെ കഥയും കവിതയും ചിത്രവും സന്തോഷവുമൊക്കെ നിങ്ങളും ആസ്വദിക്കാറുണ്ടോ?ഈത്തപ്പനകളെയും മഴയെയുമൊക്കെ നിങ്ങളും ഇഷ്‌ടപ്പെടുന്നുണ്ടോ?
എങ്ങനെയാണ്‌ ഇത്ര കഠിനമായ ജീവിതത്തെ വെറുക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നത്‌?നിങ്ങള്‍ മനുഷ്യവര്‍ഗത്തില്‍ പിറന്നവര്‍ തന്നെയോ? മനുഷ്യരാണോ?
അതോ മൃഗമോ?(മൃഗമാണെങ്കില്‍ തന്നെ അകാരണമായി സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ കൊല്ലാറില്ലല്ലോ!)തീര്‍ച്ച, നിങ്ങള്‍ നരകത്തിന്റെ സന്തതികള്‍ തന്നെ. നരകത്തെ സ്‌നേഹിക്കുന്നവര്‍. പൊയ്‌ക്കോളൂ മുമ്പീന്ന്‌. മരണത്തെ സ്‌നേഹിക്കുന്ന നീചരെ, പൊയ്‌ക്കോളൂ നരകത്തിലേക്ക്‌.കാരണം, ഞങ്ങള്‍ക്ക്‌ ജീവിതത്തോട്‌ അത്രമാത്രം സ്‌നേഹമാണ്‌. ഞങ്ങളുടെ കുടുംബത്തെ, പൂക്കള്‍ പോലുള്ള കുട്ടികളെ, നാടിനെ, രാജ്യത്തെ... ഞങ്ങള്‍ക്ക്‌ ജീവിക്കണം.ദൈവത്തിന്‌ ഞങ്ങളെ വേണം. അതിനാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
ഇല്ല, നിങ്ങളുടെ മനസ്സ്‌ മാറുന്നില്ല.നിങ്ങള്‍ക്ക്‌ തീയോട്‌ തന്നെയാണ്‌ ഇഷ്‌ടം. നിരപരാധികളെ ഒന്നടങ്കം വിഴുങ്ങുന്ന, നരകത്തിലേതുപോലുള്ള തീ.
പക്ഷെ, നിങ്ങളുടെ സമയം തീരാറായി. നിങ്ങള്‍ തീകൊളുത്തുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മഴ പെയ്യിക്കും. നിങ്ങള്‍ മുള്ളുകള്‍ നടുമ്പോള്‍ ഞങ്ങള്‍ വിത്തുപാകും.കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ അര്‍ത്ഥങ്ങള്‍ പണിയും. പേനകള്‍ നശിപ്പിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും. ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടുമ്പോള്‍ സ്‌നേഹത്തിന്റെ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കും.ഇല്ല, ഒരിക്കലും നിങ്ങള്‍ക്ക്‌ വിജയമില്ല. അങ്ങനെ തോന്നുമ്പോള്‍ നിങ്ങള്‍ കൊന്നുകുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങള്‍ നിങ്ങള്‍ കാണും. അമ്മമാരുടെ കണ്ണുനീര്‍ നിങ്ങളെ കുത്തിനോവിക്കും.നിങ്ങള്‍ വിധവകളാക്കിയവരുടെ ശാപത്തില്‍ വെന്തുരുകും.ആശ്രയം നഷ്‌ടപ്പെട്ട വൃദ്ധരുടെ കരച്ചില്‍ നിങ്ങളുടെ ഹൃദയത്തില്‍ മുള്ളാണികളായി പതിയും. ഇനിയും വൈകിയിട്ടില്ല കൂട്ടരെ... ചെയ്‌തുപോയ തെറ്റുകള്‍ക്ക്‌ പശ്ചാത്തപിച്ച്‌ ശുദ്ധമായ ഹൃദയത്തോടെ മടങ്ങിവന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊരു സമ്മാനം തരും- മാപ്പ്‌.

ജീവിതത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ തീവ്രവാദത്തിന്റെ കരിമ്പടമെടുത്ത്‌ സ്വയം മൂടുന്ന യുവാക്കളോട്‌ ഡോ.അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ഹബീബ്‌ ഒരു തുറന്ന കത്തിലൂടെ പറഞ്ഞത്‌.

2007, നവംബർ 25, ഞായറാഴ്‌ച

സ്റ്റാര്‍ ബഡായിസ്റ്റ്‌`

`.............സ്റ്റാര്‍ ബഡായിസ്റ്റിന്റെ പുതിയ `എപ്പിഡോസി'ലേക്ക്‌ ഏവര്‍ക്കും സ്വാഗതം. ആദ്യമായി നമ്മുടെ ജഡ്‌ജിമാരെ സ്വാഗതം ചെയ്യാം... ചിലരെ രസിപ്പിക്കാന്‍ മാത്രം ബഡായി പറയാറുള്ള ശ്രീമാന്‍ കുട്ടപ്പായി... ഒന്നോ രണ്ടോ ബഡായി മാത്രം പറഞ്ഞ്‌, ഇപ്പോള്‍ അവസരമില്ലാത്ത ശ്രീമാന്‍ തങ്കപ്പനണ്ണാച്ചി, ഇന്ത്യയിലെല്ലായിടത്തും ബഡായി പറഞ്ഞ്‌ പ്രശസ്‌തയായ ശ്രീമതി ഗുണവതി...ഇവരെക്കൂടാതെ ഇന്നത്തെ `സെലിബ്രിറ്റി ഗോസ്റ്റാ'യി ഈ രംഗത്ത്‌ വല്യ അവസരമൊന്നുമില്ലാത്ത നടന കുമാരിയാണെത്തിയിട്ടുള്ളത്‌... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി വെല്‍ക്കംസ്‌ പറഞ്ഞുകൊണ്ട്‌ ഇന്നത്തെ ഫാബുലസ്‌ കണ്‍ടസ്റ്റന്റ്‌ ഉല്‍പ്പലാക്ഷനെ വേദിയിലേക്ക്‌ ക്ഷണിക്കുന്നു. വെല്‍ക്കം മിസ്റ്റര്‍ ഉല്‍പലാക്ഷന്‍... ഗിവ്‌ ഹിം എ ബിഗ്‌ ഹാന്‍ഡ്‌...''
കൈയടികള്‍ക്കിടയില്‍ ചില ബോളിവുഡ്‌ താരങ്ങള്‍ ധരിക്കാറുള്ള തരം വേഷത്തോടെ ചെത്ത്‌ പയ്യന്‍ പ്രവേശിക്കുന്നു.
ആങ്കര്‍ കോമളാംഗി അവനെയൊന്ന്‌ ഒലിപ്പീരോടെ നോക്കി: ``ഇന്ന്‌ നല്ല ചെത്ത്‌ സ്റ്റൈലിലാണല്ലോ... എന്താണ്‌ പ്രത്യേകത?''
ഉല്‍പലാക്ഷന്‍: ``അതെ, ഇന്ന്‌ ഞാനെന്റെ വിമാനം ഓടിച്ചാണിവിടെയെത്തിയത്‌...''
ആങ്കര്‍: ``ഹമ്മോ!! ഒറ്റ വാചകത്തില്‍ത്തന്നെ ഏവരേയും ഞെട്ടിച്ച്‌ കളഞ്ഞു...എനിക്കു മതിയായി...ഓക്കെ, ജഡ്‌ജസ്‌ എന്താണ്‌ വീമ്പളക്കുന്നതെന്ന്‌ നോക്കാം...''
കുട്ട: ``ലോകത്തെ ഏറ്റവും വലിയ ബഡായിസ്‌റ്റാരാണെന്ന്‌ ഉല്‍പലാക്ഷനറിയാമോ?''
ഉല്‍: ``മിസ്റ്റര്‍ ജോര്‍ജ്ജ്‌ ഡബ്ല്യു ബുഷ്‌... അല്ലാതാര്‌...''കുട്ട: ``മിടുക്കന്‍... എല്ലാം പഠിച്ചുവെച്ചിട്ടുണ്ടല്ലേ...ഹിഹിഹി...ഹിഹിഹിഹി... ഓള്‍ ദി ബെസ്റ്റ്‌...''
ആങ്കര്‍: ``നെക്‌സ്റ്റ്‌ തങ്കപ്പനണ്ണാച്ചി....''
തങ്കപ്പ: ``മോനേ.... ലോകത്തെ ഏറ്റവും വലിയ ബഡായി എന്താണെന്നറിയാമോ മോന്‌...?''ഉല്‍: ``ഇറാഖ്‌ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന്‌ ബുഷന്‍ പറയാറുള്ളത്‌ തന്നെയാണ്‌ സാര്‍..''
തങ്കപ്പ: ``നന്നായി മോനേ... നന്നായി പെര്‍ഫോം ചെയ്യ്‌...''(ഉല്‍ മലയാളിയുടെ സ്വന്തം തലയാട്ടലിലേക്ക്‌).
ആങ്കര്‍: ``അടുത്തത്‌ നമ്മുടെ ദീദി...''ഗുണ: ``ഫന്റാസ്റ്റിക്‌....റൊമ്പ നല്ല ബഡായി... ഓള്‍ ദി ബെസ്റ്റ്‌...''
(തങ്കപ്പനണ്ണാച്ചി പതുക്കെ: അതിന്‌ ഉല്‍ ബഡായി പറഞ്ഞിട്ടില്ല മാഡം..)
ആങ്കര്‍: ``നെക്‌സ്റ്റ്‌ നമ്മുടെ സെലിബ്രിറ്റി ഗോസ്റ്റ്‌...സോറി ഗസ്റ്റ്‌... ഓക്കെ... എന്താണ്‌ പറയുന്നതെന്ന്‌ നോക്കാം... നടന മാഡം...''
നടന: ``ഏത്‌ ഷോപ്പില്‍ നിന്നാ ഈ ഡ്രസ്‌ പര്‍ചേസ്‌്‌ ചെയ്‌തേ...?''
ഉല്‍: ``ഇതെന്റെ അപ്പന്‍ കേളപ്പന്‍ സ്വന്തം തയ്യല്‍ക്കടയില്‍ നിന്ന്‌ തയ്‌ച്ചതാ...''
കൂടുതല്‍ ചോദ്യങ്ങളിലൂടെ രംഗം കുളമാകുന്നതിന്‌ മുമ്പെ ആങ്കര്‍ ചാടി വീണു:
``ഓക്കെ.. ഇനി പെര്‍ഫമന്‍സ്‌...''
ഉല്‍ ബഡായി തുടങ്ങി: ``ഞാനിന്നലെ വീട്ടിനടുത്തെ ചായക്കടയില്‍ ചൊറിയും കുത്തിയിരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന്‌ ബുഷ്‌ എന്റെ പുതിയ മോഡല്‍ നോക്കിയയിലേക്ക്‌ വിളിച്ചു... ഉടന്‍ നേരില്‍ കാണണമെന്ന്‌... എന്തുചെയ്യാം, ഉടന്‍ ഞാനങ്ങോട്ട്‌ വെച്ചു പിടിച്ചു.. സംഭവമെന്താ... നമ്മുടെ ആണവ കരാര്‍ ഏതുവിധത്തിലും നടപ്പിലാക്കാന്‍ മന്‍മോഹന്‍ജിയെ നിര്‍ബന്ധിക്കണമെന്ന്‌.. ഞാനുടനെ ജിയെ വിളിച്ചു സംഗതി ബോധിപ്പിച്ചു. പക്ഷെ, പാവം പ്രധാന മന്ത്രിജി, ഘടക കക്ഷികള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണദ്ദേഹത്തെ, ആണവകരാറെന്നല്ല `ആ' എന്നു മിണ്ടിപ്പോയാല്‍ കസേരയില്‍ നിന്ന്‌ വീഴുമെന്ന്‌ പറഞ്ഞ്‌...ഒരൊറ്റ നിലവിളി... ഞാനുടന്‍ ബുഷനെ വിളിച്ച്‌ കാര്യം പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല, ഭയങ്കര ഭീഷണി...''
(ഇടയ്‌ക്ക്‌ ജഡ്‌ജി കുട്ടപ്പായിയുടെ ആത്മഗതം: ഇവനാള്‌ കൊള്ളാമല്ലോ.. അങ്ങനെ വിടരുത്‌. നമ്മുടെ കഞ്ഞിയിലാ പാറ്റയിടുന്നേ! ... തീരട്ടെ, ശരിക്കും വധിക്കണം...)
ഉല്‍ തുടരുന്നു: ``ഞാനുടന്‍ അഹ്‌മദ്‌ നെജാദിനെ വിളിച്ചു കാര്യം പറയും എന്നായപ്പോള്‍ ബുഷന്‍ പത്തി മടക്കി... ഇത്രേയുള്ളൂ ആ ലോക പോലീസിന്റെ ലാത്തിയുടെ വീര്യം..''
ഉല്‍ ബഡായി കേട്ട്‌ ജഡ്‌ജിമാരെല്ലാം കോരിത്തരിക്കുന്നു. (ഇത്‌ മറച്ചുവെച്ച്‌ തങ്കപ്പനണ്ണാച്ചിയുടെ ആത്മഗതം: ഇവനൊക്കെ കേറി വന്നാല്‍ നാമൊക്കെ പിന്നെന്തിന്‌ ബഡായിസ്റ്റെന്ന്‌ പറഞ്ഞിരിക്കുന്നത്‌. ങുഹും...കാണിച്ചു തരാം...)
ഗുണ കണ്ണീര്‍ തുടയ്‌ക്കുന്നു.
സെലിബ്രിറ്റിയുടെ വായ്‌ നോട്ടം.
ആങ്കര്‍: ``ഉഗ്രന്‍ ബഡായി.. ഉല്‍പലാക്ഷന്റെ പിന്നാലെ വായാടികളായ പെണ്‍കുട്ടികളുടെ ക്യൂവായിരിക്കും ഇനി... എന്നോടൊന്നുമില്ലല്ലോ... ഓക്കെ, ഇനി നമുക്ക്‌ ജഡ്‌ജസിനോട്‌ ചോദിക്കാം... കുട്ടപ്പായി ചേട്ടാ...''
കുട്ട: ``ഉല്‍പലാക്ഷാ.. നന്നായിട്ടുണ്ട്‌ കേട്ടോ....ഹിഹിഹിഹി...ഹിഹി... ഇടയ്‌ക്ക്‌ ചില സംഗതികള്‍ പോയിട്ടുണ്ട്‌.. എന്താണ്‌ ബുഷിന്റെ കാര്യം പറയുമ്പോള്‍ ഉല്‍പലാക്ഷന്‍ പരുങ്ങിയത്‌... തുടക്കം നന്നായെങ്കിലും പിന്നീട്‌ ചില വാക്കുകള്‍ പറയുമ്പോള്‍ കുഴങ്ങുന്നതായി കണ്ടു... എങ്കിലും ആകെ മൊത്തം ടോട്ടല്‍ നന്നായിട്ടുണ്ട്‌...''
തങ്കപ്പ: ``മോനേ.. നന്നായിട്ടുണ്ട്‌ കേട്ടോ... എന്താ ഇടയ്‌ക്ക്‌ ശബ്‌ദം പതറിയത്‌.. അസുഖം വല്ലതുമുണ്ടോ..?''
(ഉല്‍പലാക്ഷന്റെ ആത്മഗതം: തുടങ്ങി, ഇയാളുടെ അസുഖം..അസൂയയാ. സ്ഥാനം പോകുമെന്ന അസൂയയാ..)തങ്കപ്പ: ``പിന്നേ, അഹ്‌മദ്‌ നെജാദി എന്ന്‌ പറയുമ്പോള്‍ `ശ്രുതി' പോയി.. സാരമില്ല, അവളുടെ അനുജത്തി `രമ' വന്നിട്ടുണ്ട്‌.. ഏതായാലും നന്നായിട്ടുണ്ട്‌...കേട്ടോ...''
ഗുണ: `ഫന്റാസ്റ്റിക്‌ ബഡായി...റിയലി സ്വീറ്റ്‌ വോയ്‌സ്‌... റൊമ്പ നന്നായിരിക്ക്‌.. ആക്‌ച്വലി കേട്ടപ്പോള്‍ എനിക്ക്‌ റൊമ്പ കരച്ചില്‍ വന്നു.. നല്ല ഫീലിങ്‌്‌... റിയലി ഫന്റാസ്റ്റിക്‌...''
നടന: ``നല്ല ഡ്രസിംഗ്‌... ഉല്‍പലാക്ഷന്റെ അപ്പനെ കണ്ടിരുന്നെങ്കില്‍ എനിക്കും ഒരുടുപ്പ്‌ തയ്‌പിക്കാമായിരുന്നു.. കാശ്‌ കൊടുക്കേണ്ടല്ലോ...''.
ആങ്കര്‍: ഇനി മാര്‍ക്‌സ്‌.. ജഡ്‌ജസ്‌ എല്ലാവരും കൂടി തന്നിരിക്കുന്ന മാര്‍ക്ക്‌... പെര്‍ഫോമന്‍സിന്‌ 100ല്‍...20.. സെലിബ്രിറ്റി... എട്ട്‌.. ടോട്ടല്‍ ട്വന്റി എയ്‌റ്റ്‌.. നല്ല മാര്‍ക്ക്‌...''
ഉല്‍ പ്രേക്ഷരോട്‌: ``എന്റെ പെര്‍ഫമന്‍സ്‌ നന്നാണെന്ന്‌ എല്ലാവരും വിലയിരുത്തിയെങ്കിലും മാര്‍ക്ക്‌ വളരെ കുറവാണ്‌. അസൂയയും കുശുമ്പും കുന്നായ്‌മയുമുള്ള ജഡ്‌ജിമാരാണ്‌ പുതിയ തലമുറയുടെ പാതയിലെ വിഘ്‌നങ്ങള്‍.. അവസരമില്ലാതെ വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്ന അവരാണ്‌ ഏറ്റവും ശാപം. ആയതിനാല്‍ അന്യഭാഷയില്‍ നിന്നുള്ള ജഡ്‌ജിമാരില്ലാത്ത ഒരു മത്സരത്തിലും ഇനി ഞാന്‍ പങ്കെടുക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌. എനിക്കാരും ഇനി എസ്‌.എം.എസ്‌ അയച്ച്‌ ചാനലിനെ നന്നാക്കണ്ട. ബന്ധപ്പെട്ടവര്‍ വിജയികളെ എന്നേ തീരുമാനിച്ചു കഴിഞ്ഞു!!. ഒപ്പം യുവപ്രതിഭകളോട്‌ ഒരു വാക്ക്‌- വെറുതെ ഇത്തരം പ്രോഗ്രാമില്‍ വന്ന്‌ സമവും ഊര്‍ജ്ജവും കളയരുത്‌... ഗുഡ്‌ബൈ..''

2007, നവംബർ 21, ബുധനാഴ്‌ച

എന്റെ കാവ്‌

നന്ദി വേണം...നന്ദി!

അമ്മിഞ്ഞക്കൊതി തീരാത്ത

പൈതങ്ങള്‍ക്ക്‌

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്‌

ദാരിദ്ര്യത്തിന്റെ കൂടെപ്പിറപ്പുകള്

‍എന്നിട്ടവരും മരണത്തിന്റെകയ്‌പ്‌

രുചിച്ചുവത്രെ; മഹാമനസ്‌കര്‍!

ആരെയും കുറ്റം പറയാനാവില്ല

കുട്ടികള്‍ക്ക്‌ ഐസ്‌ക്രീം

`അത്രേക്കും ഇഷ്‌ടായിര്‌ന്നല്ലോ...'

ഭര്‍ത്താവിനെയും മക്കളെയും

മണിമാളികയിലുപേക്ഷിച്ച്‌

അയല്‍ക്കാരന്‍ പയ്യന്റെ കൂടെ

പുറം കാഴ്‌ചകളുടെ

മനോഹാരിതയിലേക്ക്‌ ഒളിച്ചോടിയത്‌

യൗവ്വനം വഴിമാറാന്‍

വിസമ്മതിക്കുന്ന മുപ്പത്തഞ്ചുകാരി...

ആരെയും കുറ്റം പറയാനാവില്ല,

യാത്ര അവളെ എപ്പോഴും മോഹിപ്പിച്ചിരുന്നല്ലോ...

പ്രിയപ്പെട്ടവരെ,

നിങ്ങളിന്നലെ വന്നെന്നെ തലോടിയപ്പോള്

‍സ്‌ക്രീന്‍ സേവര്‍ പോലെ ബാല്യകാലമെത്തി, മുന്നില്‍...

പിറുപിറുക്കലുകളിലൂടെ അനുഭവിച്ച

അന്നത്തെ ദാരിദ്ര്യം

മുന്നില്‍ ചമ്രംപടിഞ്ഞിരുന്നു

കഷ്‌ടപ്പാടേതോ റേഷന്‍ഷാപ്പിലെ

ക്യൂവില്‍ തളര്‍ന്നുവീണു...

ലോകത്തിന്‌ ഐസ്‌ക്രീമിന്റെ

മധുരമായിരുന്നു അന്ന്‌ പിടിവാശികള്‍ക്ക്‌

അപക്വതയുടെ കിതപ്പും.

നന്ദി പ്രിയപ്പെട്ടവരെ...

ഒരു കപ്പില്‍ പോലും വിഷം ചേര്‍ക്കാതെ

മതിവരോളം ഐസ്‌ക്രീം കോരിത്തന്നതിന്‌

പിന്നെ,

ഞങ്ങളെയുപേക്ഷിച്ചു

പ്രലോഭനങ്ങളുടെ പെരുമഴയത്ത്‌

ഒലിച്ചുപോകാത്തതിനും...

2007, നവംബർ 15, വ്യാഴാഴ്‌ച

BOOOOOMMMMMMMM.....CITY


  • ബൂംംംം... സിറ്റി

    ഒരനാവശ്യ പത്രപ്രവര്‍ത്തകന്റെ ഡയറിക്കുറിപ്പുകള്‍ -ഒന്ന്‌

    ഉയരങ്ങളില്‍ സംഭവിക്കുന്നത്‌...

    വാഹനങ്ങള്‍ മലവെള്ളപ്പാച്ചിലാകുന്ന ദുബായ്‌ ശൈഖ്‌ സായിദ്‌ റോഡിലെ അനുവദനീയമല്ലാത്ത ഭാഗങ്ങള്‍ മുറിച്ച്‌ കടക്കുമ്പോള്‍ വാഹനമിടിച്ച്‌ ജീവഹാനി സംഭവിച്ചാല്‍ അത്‌ ആത്മഹത്യയായാണത്രെ കണക്കാക്കുക.ശൈഖ്‌ സായിദ്‌ റോഡില്‍ മാത്രമല്ല, ലോകത്തെ മറ്റ്‌ പ്രധാന പട്ടണങ്ങളിലെ റോഡുകളിലും ഇത്തരം നിയമങ്ങള്‍ പാലിക്കുന്നുണ്ട്‌. എന്നിട്ടും, വിളക്കിന്റെ പ്രഭയില്‍ ആകര്‍ഷിക്കപ്പെട്ട്‌ പറന്നുവന്നെരിഞ്ഞടങ്ങുന്ന മഴപ്പാറ്റകളെപ്പോലെ ചിലര്‍ ഈ സ്വയംഹത്യയിലേക്കെടുത്തു ചാടുന്നു. നിര്‍ഭാഗ്യത്തിന്‌, പാവപ്പെട്ട കെട്ടിട നിര്‍മ്മാണ തൊഴിലാളികളായിരിക്കും ഈ ഹതഭാഗ്യരില്‍ ഭൂരിഭാഗവും. ആന്ധ്രപ്രദേശില്‍ നിന്നുള്ള, സാക്ഷരത്വം നേടിയിട്ടില്ലാത്ത പാവങ്ങള്‍ മുതല്‍ അങ്ങ്‌, പാക്കിസ്ഥാനിലെ ഏതെങ്കിലും കുഗ്രാമത്തില്‍ നിന്നുള്ള പഠാന്മാര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.`റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചു രണ്ട്‌ പേര്‍ മരിച്ചു... '`കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ തൊഴിലാളികള്‍ മരിച്ചു...'`നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന്‌ ഏഴ്‌ പേര്‍ മരിച്ചു...'ബീരാവുണ്ണിക്കയുടെയോ, മറ്റേതെങ്കിലും അഭ്യുദയകാംക്ഷികളുടെയോ ദീന സ്വരം മറുതലയ്‌ക്കല്‍.നിത്യേന വന്നെത്തുന്ന, മരണത്തിന്റെ മണവും വേദനയുമുള്ള വാക്കുകള്‍... അപ്പോള്‍ അകലെ, ഏതോ ഒരുള്‍നാടന്‍ ഗ്രാമത്തിലെ കൊച്ചുകൂരയില്‍ നിന്ന്‌ മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തില്‍ നിന്നുയരുന്ന നിലവിളി കേള്‍ക്കാതിരിക്കാന്‍ കാത്‌ പൊത്തിയാലൊന്നും മതിയാകില്ല!ആരായിരിക്കും..?- മനസ്സ്‌ എന്തിനെന്നറിയാതെ പിടയ്‌ക്കുകയായി. `ആരുമായ്‌ക്കോട്ടെ, എന്റെ ബന്ധുക്കളൊന്നും ഇവിടെയീ മേഖലയില്‍ ജോലി ചെയ്യുന്നില്ലല്ലോ' എന്ന്‌ മനസ്സ്‌ ആജ്ഞാപിച്ചാലും.അനുമിഷം വാര്‍ത്തയ്‌ക്കായുള്ള അലച്ചില്‍ തുടങ്ങുന്നു... ഗള്‍ഫിലെ രീതി വെച്ച്‌ അപ്പോള്‍ തന്നെ വാര്‍ത്തയ്‌ക്ക്‌ ഔദ്യേഗിക സ്ഥിരീകരണം ലഭിക്കണമെന്നില്ലല്ലോ. അതില്ലാതെ വാര്‍ത്ത കൊടുക്കുന്നതും നന്നല്ല. എന്നാല്‍ ഒരു രണ്ടുവരിയെങ്കിലും കൊടുക്കാതെങ്ങനെ? ഒടുവില്‍, ഒറ്റക്കോളം വാര്‍ത്തയായി ആ മരണം ഒതുങ്ങും. ഇങ്ങനെ എത്രമാത്രം വാര്‍ത്തകളാണ്‌ നിത്യേന `ന്യൂസ്‌ ഡെസ്‌ക്കു'കളെ തേടിയെത്തുന്നതെന്നോ!!~വികസന രംഗത്ത്‌ അനുദിനം കുതിക്കുന്ന, `ബൂം സിറ്റി'(Boom City)യെന്ന്‌ വാഴ്‌ത്തപ്പെടുന്ന ദുബായില്‍ അംബര ചുംബികളായ കെട്ടിടങ്ങളുടെ പ്രളയമാണ്‌. ഇവിടെ ഏതൊരു കെട്ടിടം പണിയാനും വെറും മൂന്നുമാസം മതിയത്രെ!. ക്രെയിനിന്റെയും `മണ്ണുമാന്തി'യുടെയും മുരള്‍ച്ചയില്ലാത്ത നഗര പ്രദേശം ഇവിടെയുണ്ടോ എന്നുപോലും സംശയം. മരുഭൂമികള്‍ കോണ്‍ക്രീറ്റ്‌ വനങ്ങളാല്‍ നിറയുകയാണ്‌. എന്തിന്‌, കടല്‍പോലും ഒഴിവാക്കപ്പെടുന്നില്ല. ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ നൂറുകണക്കിന്‌ പേരുടെ വിയര്‍പ്പ്‌ തുള്ളിക്കൊപ്പം മനുഷ്യരക്തം കൊണ്ടും അര്‍ച്ചന. ലോകാത്ഭുതമാകുന്ന കെട്ടിടത്തിലെ ഏറ്റവും മുകളിലത്തെ നിലയില്‍ കയറി ജോലി ചെയ്യുമ്പോള്‍ ഒരാള്‍ക്ക്‌ തോന്നുന്നതെന്തായിരിക്കും? ജീവിതത്തിന്‌ വളരെ ലാഘവത്വം അനുഭവപ്പെടുന്നുണ്ടായിരിക്കുമോ? അതോ, ഹൃദയത്തില്‍ ഒരു ടൈംബോംബ്‌ സൂക്ഷിച്ച ആശങ്കകളായിരിക്കുമോ?. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിന്‌ താഴെ ഭീതി കൂടാതെ ജോലി ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിക്കുമോ?അതൊക്കെയും, ശീതീകരിച്ച മുറിയിലെ ചാരുകസേരയിലിരുന്ന്‌ ഇന്റര്‍നെറ്റ്‌ ചികയുന്ന വൈറ്റ്‌ കോളര്‍ ജോലിക്കാര്‍ക്ക്‌ തിരിയുമോ, ആവോ!. നാട്ടില്‍പ്പോകാന്‍ ഏറെ നാളായി ഒന്നും രണ്ടുമായി ലേബര്‍ ക്യാമ്പില്‍ സ്വരൂപിച്ചുവെച്ചതൊക്കെ ഒരുദിനം അഗ്നിനാളങ്ങള്‍ തിന്നുതീര്‍ക്കുമ്പോള്‍ അത്‌ നിസ്സഹായതയോടെ, നിറകണ്ണുകളോടെ നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു തൊഴിലാളിയുടെ വേദന അളന്നു തിട്ടപ്പെടുത്താന്‍ നമുക്കാവില്ല. ഇത്തരത്തില്‍ ജീവിതം തന്നെ പരീക്ഷണ വിധേയമാക്കി ഒടുവില്‍ അവര്‍ നേടുന്നത്‌ ഗള്‍ഫിലെ ആകാശം പോലെ ശൂന്യമായ മനസ്സു മാത്രമായിരിക്കില്ലെ? പക്ഷെ, അഞ്ഞൂറും അറുനൂറും ദിര്‍ഹമിന്‌ ്രപചണ്‌ഡ സൂര്യന്റെ കീഴെ ജോലി ചെയ്യുമ്പോഴും അവരെ ചിലത്‌ കൊത്തി വലിക്കുന്നു; നാട്ടിലെ കടക്കാരുടെ ക്രൂരമുഖങ്ങളും രോഗിയായ ബന്ധുക്കളുടെ ദൈന്യമുഖങ്ങളും...എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ചിന്തിച്ച്‌ വെറുതെ സമയം കളയേണ്ടതുണ്ടോ എന്നായിരിക്കുന്നു നമ്മളോരോരുത്തരുടെയും ചിന്തകള്‍. കെട്ടിട നിര്‍മ്മാണ കമ്പനികളുടെ അനാസ്ഥയ്‌ക്കെതിരെ നാല്‌ വരി വളരെ സൂക്ഷിച്ച്‌ എഴുതിയാല്‍ കാര്യം കഴിഞ്ഞു.. എല്ലാം ഇതിലൊതുങ്ങുകയായി. അല്ലാതെ, ബന്ധുക്കളാരെങ്കിലുമുണ്ടോ, മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമോ, നഷ്‌ടപരിഹാരം കൃത്യമായി ലഭിച്ചോ?... ഈ വക മെനക്കേടുകള്‍ക്കൊന്നും സമയം നഷ്‌ടപ്പെടുത്താന്‍ നമ്മളാര്‌!!. എങ്കിലും ദൃശ്യമാധ്യമ ചാനലുകളുടെ മാത്സര്യത്തില്‍ പ്രത്യക്ഷപ്പെടുന്ന `ന്യൂസ്‌ ഫ്‌ളാഷു'കളേക്കാളും അതിദ്രുതത്തില്‍ നാട്ടില്‍ നിന്നുമെത്തുന്ന ഫോണ്‍കോളുകള്‍-എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌?എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌?-ആര്‍ക്കറിയാം. വീണ്ടും ആശങ്കയുടെ ശബ്‌ദതരംഗങ്ങള്‍ തലങ്ങും വിലങ്ങും.പതിനൊന്നാം മണിക്കൂറില്‍ ചരമ പേജെത്തുന്നതും കാത്തിരിപ്പാണ്‌ പലപ്പോഴും. ഒരു മുഴം കയറില്‍ പിടഞ്ഞുതീര്‍ന്ന കര്‍ഷക സുഹൃത്തിന്റെ, അല്ലെങ്കില്‍ മഴവെള്ളം നിറഞ്ഞ പാത(?)യിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കുഴിയില്‍ വീണ്‌ രക്തസാക്ഷിയായ അയല്‍ക്കാരന്റെ വാര്‍ത്തയും പടവുമുണ്ടോ എന്ന്‌ നോക്കാന്‍ പ്രത്യേകം ഏല്‍പിച്ചതാണ്‌ നേരത്തെ ഒരു സുഹൃത്ത്‌. അബ്‌ദുറഹ്‌മാന്മാര്‍..., അബുമാര്‍..., ഇസ്‌മായീലുമാര്‍..., രാമകൃഷ്‌ണന്മാര്‍..., ലക്ഷ്‌മിയമ്മമാര്‍..., ആയിഷമാര്‍.... ഒറ്റക്കോളത്തില്‍ മരണം പൂകിയിരിക്കുന്ന പേരുകള്‍... കറുത്ത്‌ കരുവാളിച്ച കറുപ്പും വെളുപ്പും കലര്‍ന്ന പാസ്‌പോര്‍ട്ട്‌ സൈസ്‌ മുഖങ്ങള്‍... ഉണ്ടോ, മരണങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ജീവിത നിരാസത്തിന്റെ വേദന തൂങ്ങുന്ന മുഖവുമായി സുഹൃത്തിന്റെ ബന്ധു?... ക്ഷമിക്കണം സുഹൃത്തെ, ആ പേരോ, മുഖമോ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇന്നത്തെ മരണങ്ങള്‍ ഒരു പേജിന്‌ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലായിരിക്കാം. (കൂടുതല്‍ ചികയാന്‍ സമയവുമില്ല).താങ്കളുടെ ബന്ധുവിന്റെ മരണം താങ്കളുടെ മാത്രം ദുഃഖമാണ്‌. പത്രത്തേയോ പത്രാധിപരേയോ അത്‌ വ്യാകുലപ്പെടുത്തുന്നില്ല എന്നറിയുക. മറ്റുള്ളവര്‍ക്കൊന്നും അതത്ര വലിയ വാര്‍ത്തയുമല്ലല്ലോ. നഷ്‌ടപ്പെട്ടവന്റെ ദുഃഖം ഞങ്ങളെ അലട്ടുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അല്ലെങ്കില്‍ അലട്ടരുത്‌. ഒക്കെയും ഒരു ആഘാഷമാകുന്ന കാലമാണിത്‌.റിയലി സോറി, ഞങ്ങള്‍ ഇവിടുത്തെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കട്ടെ.



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍