2008, ഡിസംബർ 8, തിങ്കളാഴ്‌ച

പെരുന്നാള്‍ രാത്രി



"We could never have loved the earth so well
if we had had no childhood in it.??
-George Eliot
@@@


രാത്രി വൈകിത്തുടങ്ങി.
തൊട്ടടുത്തെ സ്രാമ്പിപ്പള്ളിയില്‍ നിന്നുള്ള തക്‌ബീര്‍ ധ്വനികള്‍ അവസാനഘട്ടത്തിലേക്ക്‌ കടന്നു.
ഞങ്ങള്‍, കുട്ടികളും തൊട്ടടുത്ത്‌ ഉമ്മയും വല്ലാതെ പിരിമുറുക്കത്തിലാണ്‌.
മുറ്റത്തെ, ഞങ്ങളുടെ പ്രതീക്ഷകള്‍ പോലെ വളഞ്ഞുനീണ്ട വയസ്സന്‍ തെങ്ങിന്‍ ചോട്ടില്‍ കെട്ടിയിട്ട
പൂവാലിപ്പശു അമര്‍ത്തിയൊന്ന്‌ കരഞ്ഞു.
തൊട്ടടുത്ത്‌ തൊഴുത്തുണ്ടെങ്കിലും ഗര്‍ഭിണിയെ അടുത്തിരുന്ന്‌ കാണാന്‍ വേണ്ടിയാണ്‌ ഉമ്മ അവിടെ കെട്ടിയത്‌.
കരച്ചില്‍ ഉമ്മയുടെ നെഞ്ചില്‍ പതിച്ചപ്പോള്‍, പടച്ചോനേ..
എന്ന വേവലാതിയോടെ ഉമ്മ പശുവിന്റെയടുത്ത്‌ ഓടിച്ചെന്ന്‌ ആ നിറഞ്ഞ വയറൊന്ന്‌ തലോടി.
എന്നിട്ട്‌ മൗനമായി പ്രാര്‍ത്ഥിച്ചു.
എനിക്കത്‌ കണ്ട്‌ ഉമ്മയോട്‌ നേരിയ നീരസം തോന്നി.
വീട്ടിലെ പശുവിനെ കാണുന്നത്‌ തന്നെ എനിക്കരിശമാണ്‌.
സ്‌കൂളില്‍ നിന്ന്‌ വന്നാല്‍ ഉമ്മ ഉടന്‍ ഏല്‍പിക്കുന്ന പണി മേയാന്‍ പോയി തിരിച്ചെത്താത്ത പശുവിനെ തെരഞ്ഞ്‌ കണ്ടുപിടിക്കലാണ്‌. വീട്ടില്‍ പശുവില്ലാത്ത കാലം ഉണ്ടായിട്ടേയില്ല.
പട്ടണത്തില്‍ നിന്ന്‌ പടക്കങ്ങളുമായെത്തുന്ന ജ്യേഷ്‌ഠനെ കാത്തിരിക്കുകയാണ്‌ ഞങ്ങള്‍.
പൂത്തിരി, കമ്പിത്തിരി, ചക്രം, ഗുണ്ട്‌, ഓലപ്പടക്കം, റോക്കറ്റ്‌...
ഞങ്ങളുടെ ഹൃദയത്തില്‍ അവ പടപടാന്ന്‌ പൊട്ടുമ്പോള്‍, ഉമ്മയുടെ മനസ്സ്‌ നീറുന്നത്‌ ഞങ്ങളറിഞ്ഞില്ല.
`പടച്ചോനേ.. പെരുന്നാളിന്‌ മുമ്പ്‌ ഇവള്‍ പെറ്റാല്‍ മതിയായിരുന്നു...'- ഉമ്മയുടെ പ്രാര്‍ത്ഥന പക്ഷെ,
പടച്ചോന്‍ കേള്‍ക്കുമോ?
ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമല്ലേയുള്ളൂ ബലിപെരുന്നാള്‍ പുലരിക്ക്‌.
പെരുന്നാള്‍ ദിവസം പ്രസവം നടന്നാല്‍ പിന്നെ ഉമ്മയ്‌ക്ക്‌ ഒന്നിനും നേരം കിട്ടില്ല.
പെരുന്നാള്‍ സന്ദര്‍ശകരെ സ്വീകരിക്കുമോ അതോ, തന്റെ ജീവന്റെ ജീവനായ പൂവാലിപ്പശുവിനെ നോക്കിയിരിക്കുമോ?...
പശു നഞ്ഞ്‌ തിന്നരുത്‌-ഇതാണ്‌ ഉമ്മയുടെ മുന്നിലെ പ്രശ്‌നം.
പക്ഷെ, അതിലും വലിയ സങ്കീര്‍ണതയിലായിരുന്നു ഞങ്ങള്‍.
ഈ ഇക്കയെത്തി ഇന്ന്‌ പടക്കങ്ങള്‍ പൊട്ടിക്കാന്‍ സാധിക്കുമോ?
മുന്‍വശത്തെ പടിവാതിലിനടുത്തെ സിമന്റു തിട്ടയില്‍ അയല്‍പക്കത്തെ ബഷീറും രവിയും രാജുവുമൊക്കെ പടക്കം പൊട്ടിക്കലില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്നുണ്ട്‌. ബഷീര്‍ പുതിയാപ്ലയാണ്‌.
മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം കണ്ട്‌ തെക്കുവടക്കു നടന്നിരുന്ന അവനെ `പുദ്ധി' നന്നാവാന്‍ വാപ്പ പെട്ടെന്ന്‌ പിടിച്ച്‌ കെട്ടിച്ചതാണ്‌. `വാപ്പ പറഞ്ഞു, എനിക്ക്‌ മങ്ങലാന്ന്‌.. നിങ്ങളെല്ലാരും ബരണം... ' എന്ന അവന്റെ കല്യാണം വിളി നാട്ടില്‍ ഫേമസായി. 22-ാം വയസ്സില്‍ `മങ്ങലം' കഴിഞ്ഞ അവന്റെ പുയ്യെണ്ണുമായുള്ള ആദ്യത്തെ പെരുന്നാളാണിത്‌.
പെരുന്നാള്‍ ദിവസം അടിച്ചുപൊളിക്കണമെന്ന്‌ കഴിഞ്ഞ ദിവസം സിമന്റുതിട്ടയിലിരുന്നു ഇക്കയോട്‌ അവന്‍ പറയുന്നത്‌ കേട്ടിരുന്നു. അപ്പോഴവന്റെ മനസ്സില്‍ നാണത്തിന്റെ ഒരു കമ്പിത്തിരി പ്രകാശിച്ചിരുന്നു.
തൊട്ടപ്പുറത്ത്‌ സുലൈമാന്‍ പടക്കം പൊട്ടിച്ചു തുടങ്ങി.
വലിയൊരു മാലപ്പടക്കത്തോടെയാണവന്‍ എല്ലാ പെരുന്നാളിനും തുടങ്ങാറ്‌.
ആ ഒച്ച കേട്ടപ്പോള്‍ ഒരു ഗുണ്ടു വന്ന്‌ പതിച്ച പോലെ ഉള്ളൊന്നു കാളി.
പട്ടണത്തില്‍ നിന്നെത്താത്ത ഇക്കയെ മനസ്സാ ശപിച്ചു. സുലൈമാന്‍ കത്തിക്കയറിയപ്പോള്‍, ഞാന്‍ പതുക്കെ അങ്ങോട്ട്‌ വെച്ചുപിടിക്കാന്‍ തുനിഞ്ഞതാണ്‌. പക്ഷെ, ആരോ വിലക്കി, അത്‌ മോശമാണ്‌.
അവന്റെ ഹുങ്ക്‌ വര്‍ധിക്കുമെന്നൊക്കെ.
ങാ... എങ്കീ ബേണ്ട... -ഞാന്‍ സഹിക്കാന്‍ തന്നെ തീരുമാനിച്ചു.
വൈകിയാണെങ്കിലും ഇക്ക കൈനിറയെ പടക്കങ്ങളുമായി ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടെത്തി-അതൊരു ഒന്നൊന്നര വരവായിരുന്നു.
പിന്നെ താമസിച്ചില്ല. ഭൂമിയെ കുലുക്കിയ ഗുണ്ടുമായാണ്‌ തുടങ്ങിയത്‌. ഞാന്‍ ചെവി പൊത്തി.
പടക്കം പൊട്ടിക്കല്‍ ചടങ്ങിന്‌ മാത്രം സ്‌പെഷ്യലായി എത്തിയ പെങ്ങന്മാരുടെ കുട്ടികള്‍ക്ക്‌ കമ്പിത്തിരിയും ചക്രവും കത്തിച്ചു നല്‍കി.
ബഷീറും രവിയും രാജുവുമൊക്കെ ആവേശത്തോടെ ചാടി നടന്ന്‌ പടക്കങ്ങള്‍ക്ക്‌ കത്തിച്ചു തീര്‍ക്കുന്നു.
സുലൈമാനും അവ്വക്കറുമൊക്കെ തോറ്റ്‌ തുന്നം പാടും...-രവിയും ബഷീറും അഭിമാനത്തോടെ പറഞ്ഞു.
അപ്പോഴും ഉമ്മ ടെന്‍ഷനിലായിരുന്നു.
`ഒന്ന്‌ മെല്ലെ പൊട്ടിക്കെടാ..' എന്ന്‌ ഉമ്മ വെറുതെ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
`പടക്കമെങ്ങനെയാ മാമാ മെല്ലെ പൊട്ടിക്കാ..' എന്ന്‌, ജീവിതത്തിലാദ്യമായി തരക്കേടില്ലാത്ത തമാശ പറഞ്ഞ ബഷീര്‍ കുറച്ചു നേരത്തേക്ക്‌ ഹീറോയായി.
ഉമ്മ എല്ലാവരേയും രൂക്ഷമായൊന്ന്‌ നോക്കി. എന്നിട്ട്‌ പൂവാലിയുടെ അടുത്ത്‌ ചെന്ന്‌ വൈക്കോലിട്ടുകൊടുത്തു, നിറവയര്‍ തലോടി. .
പൂരം കഴിഞ്ഞ പറമ്പ്‌ പോലെയായി മുറ്റം.
പൊട്ടിയതും അല്ലാത്തതുമായ പടക്കം വീണ്‌ നിറഞ്ഞിരിക്കുന്നു. ഇനി രാവിലെ എണീറ്റ്‌ വേണം പൊട്ടാത്തവ ശേഖരിക്കാന്‍. മറ്റെല്ലാവരും എണീക്കുന്നതിന്‌ മുമ്പേ എണീറ്റാലേ എനിക്ക്‌ കുറേയേറെ കിട്ടുകയുള്ളൂ.
എല്ലാവരും വീട്ടിനകത്തേക്ക്‌ മടങ്ങി. അടുക്കളയില്‍ അയല്‍പ്പക്കത്തെ നഫീസാത്ത പലഹാരമുണ്ടാക്കുന്ന തിരക്കിലാണ്‌.
കുട്ടികളെ കണ്ടപ്പോള്‍ ഒരു പാത്രത്തില്‍ കുറെ പഴംപൊരിയും ഈത്തപ്പഴം, കടലപ്പരിപ്പ്‌ എന്നിവ പൊരിച്ചതുമൊക്കെ ഞങ്ങള്‍ക്ക്‌ തന്നു. അപ്പോഴാണ്‌ പുറത്ത്‌ ഒരു ഗുണ്ട്‌ പൊട്ടുന്നതും ആരുടേയോ അലര്‍ച്ച കേട്ടതും.
ഓടിച്ചെന്ന്‌ നോക്കിയപ്പോള്‍ ബഷീര്‍ വലതു കൈപ്പത്തി ഇടതുകൈപ്പത്തികൊണ്ട്‌ മുറുകെ പിടിച്ച്‌ മുറ്റം നിറയെ വെളിച്ചപ്പാടിനെ പോലെ ഓടുന്നു.
`അള്ളാ.. എന്റെ പെരുന്നാള്‌ പോയല്ലോ.. എന്റള്ളോ.. ഉമ്മോ... '' എന്നൊക്കെ അവന്‍ കരഞ്ഞുപറയുന്നുണ്ട്‌.
പൊട്ടാത്ത ഗുണ്ടെടുത്ത്‌ ഊതിയതാണത്രെ. കൈയില്‍ കിടന്നു പൊട്ടി.
തൊലിയാകെ വെന്തുനീങ്ങി. അവനെ ഇക്ക കൂട്ടിക്കൊണ്ടുപോയി ഇരിപ്പുമുറിയിലെ ഫാനിന്‌ കീഴെ നിര്‍ത്തിയെങ്കിലും അവിടെ നിന്നും തീ കൊളുത്തിയ റോക്കറ്റ്‌ പോലെ അവന്‍ തിരികെയോടി. കൈ വെന്തതല്ല, പെരുന്നാള്‍ നഷ്‌ടമാണ്‌ അവന്റെ ഏറ്റവും വലിയ വേദന.
``എടാ ബഷീറെ.. ഊതെണ്ടെടാ.. കൈയീന്ന്‌ പൊട്ടിപ്പോകും.. എന്ന്‌ ഞാന്‍ കൊറേ പറഞ്ഞതാ.. അവന്‍ കേട്ടില്ല...''
ഉമ്മ പറയുന്നുണ്ടായിരുന്നു. കുറേ നിമിഷം ഉമ്മ പൂവാലിപ്പശുവിനെ മറന്നുപോയി.
ഇക്ക ഉടന്‍ ലാംബി സ്‌കൂട്ടറെടുത്ത്‌ അവനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.
പാവം, ബഷീര്‍... പുയ്യെണ്ണിനോടൊന്നിച്ചുള്ള പെരുന്നാള്‍ സ്വപ്‌നം കണ്ട്‌ നടന്ന അവന്‌ ഈ ഗതിയായല്ലോ.. ഇനി നാളെ പെരുന്നാള്‍ ബിരിയാണി തിന്നാന്‍ പോലും അവനാകുമോ...?
ഉമ്മ വീണ്ടും പശുവിന്‌ പിന്നാലെയാണ്‌.
പൂമുഖത്തെ സിമന്റ്‌ തിട്ടയിലിരുന്ന്‌ ചുളുങ്ങിയ തൊലിയുള്ള കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും ഉമ്മ പ്രസവത്തിന്റെ നാളുകള്‍ എണ്ണിത്തിട്ടം വരുത്തുന്നു.
തീന്‍മേശയുള്ള മുറിയുടെ തടിച്ച ജനാലയുടെ അരികില്‍ ഇന്ന്‌ എത്തിച്ചേരാത്ത പെങ്ങന്മാരുടെ കുട്ടികള്‍ക്കായി സൂക്ഷിച്ചുവെച്ച പടക്കങ്ങള്‍ ഞാന്‍ കൊതിയോടെ നോക്കി നിന്നു. അപ്പോള്‍ ആരോ മുന്നറിയിപ്പ്‌ നല്‍കി.
``അത്‌ തൊടണ്ടാട്ടോ...''
നേരം വെളുത്തു തുടങ്ങിയപ്പോള്‍ മുറ്റം നിറയെ അയല്‍പക്കത്തെ കുട്ടികള്‍.
പൊട്ടാത്ത പടക്കങ്ങള്‍ ഇനി കടയില്‍ മാത്രമേ ലഭിക്കൂ..
ആകെ നിരാശനായെങ്കിലും ആ സുന്ദര കാഴ്‌ച എന്റെ മനസ്സിനെ കുളിരണിയിച്ചു.
പൂവാലിപ്പു ഒരു കൊച്ചു സുന്ദരിക്കുട്ടിയെ നക്കി വെടിപ്പാക്കുന്നു. ലോകത്തെ ഏറ്റവും സുന്ദര കാഴ്‌ചകളിലൊന്ന്‌.
സ്‌നേഹവും വാത്സല്യവുംനുരഞ്ഞുപൊന്തുന്ന, പൂത്തിരിയായി കത്തിയുയരുന്ന അപൂര്‍വ സുന്ദര നിമിഷം.
``അടുത്തു ചെന്ന്‌ കണ്ടോടാ മണിക്കുട്ടനെ...''
ഉമ്മയുടെ മുഖത്തെ അന്നത്തെ സന്തോഷം ഇന്നും എന്റെ മനസ്സിലുണ്ട്‌. ഓരോ പെരുന്നാളിനും അതെന്നില്‍ നിലാവ്‌ പോലെ വെള്ളിവെളിച്ചം തൂകുന്നു.

6 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പെരുന്നാള്‍ വിശേഷം കൊള്ളാം

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ഭംഗിയായിരിക്കുന്നു...
പെരുന്നാള്‍ രാവുകളുടെ ഓര്‍മ്മ തിരികെതന്ന ഈ പോസ്റ്റിന് നന്ദി...

Jayasree Lakshmy Kumar പറഞ്ഞു...

ഇഷ്ടമായി ഈ പെരുന്നാള്‍ വിശേഷം.

ശ്രീ പറഞ്ഞു...

വീട്ടിലും പശുവുണ്ടായിരുന്നപ്പോഴും ആടുണ്ടായിരുന്നപ്പോഴും അമ്മ ഉറക്കമിളച്ച് കൂടെ കാത്തിരിയ്ക്കാറുള്ളത് ഓര്‍ത്തു.

നന്നായി മാഷേ.

കാവിലന്‍ പറഞ്ഞു...

നന്ദി പ്രിയ സുഹൃത്തുക്കളെ, വിലയേറിയ അഭി്രപായം രേഖപ്പെടുത്തിയതിന്‌.
എന്നാലും പറയാതെ വയ്യ, വായനക്കാരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരുന്നു.!!
എന്തു ചെയ്യും വായനക്കാരെ കൂട്ടാന്‍?
ബ്ലോഗര്‍മാരില്‍ നിന്ന്‌ അഭിപ്രായം ക്ഷണിക്കുന്നു.
-കാവിലന്‍

saleemka പറഞ്ഞു...

വായിച്ചപ്പോള്‍ പണ്ട് പശുവിനെ തപ്പി നടന്നത് ഓര്‍മ വരുന്നമമാവ..........സലിം ചെമ്പിരിക



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍