2008, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

അകലെ നിന്ന്‌ മഴ നനയാനുള്ള സ്വാതന്ത്ര്യം


നാട്ടില്‍ മഴയാണ്‌. കാലവര്‍ഷം അതിന്റെ എല്ലാ ആവേശത്തോടെയും ആഞ്ഞടിക്കുന്നു. പക്ഷെ, ഓരോ മഴത്തുള്ളിയും പതിക്കുന്നത്‌ ഇവിടെ, കടലിനിക്കരെ അവന്റെ ഹൃദയത്തിലാണ്‌. അകലെ നിന്ന്‌ കേള്‍ക്കുന്ന ആരവം മലയിറങ്ങി ഓടിയണയുന്ന മഴയാണോ? ലേബര്‍ ക്യാമ്പിലെ അട്ടിക്കട്ടിലിന്റെ മുകള്‍ നിലയിലെ ഉന്നക്കിടക്കയില്‍ തലചായ്‌ച്ച്‌ മയങ്ങുകയായിരുന്ന അവന്‍ ഞെട്ടിയെണീറ്റ്‌ വെറുതെ കൊതിക്കുന്നു...

ഹേയ്‌, അല്ല... അത്‌ ശീതീകരണ യന്ത്രത്തിന്റെ കരകരാ ഒച്ചയാണ്‌.

ആ തീക്ഷ്‌ണമായ അറിവ്‌ അവന്റെ മനസ്സില്‍ വീണ്ടും വേനലായി പതിയുന്നു. പൊള്ളുന്ന ചൂടില്‍ വിയര്‍ത്തൊലിക്കുമ്പോള്‍ അവന്‍ വീണ്ടും മഴയെ ഓര്‍മ്മിക്കും. കമ്പനി യൂനിഫോം നനയുന്നത്‌ മഴയാലല്ല, 40 ഡിഗ്രി സെല്‍ഷ്യസിലുമധികമുള്ള ചൂടിലും ഉഷ്‌ണത്താലുമാണ്‌. ശൈഖ്‌ സായിദ്‌ റോഡരികിലെ നിര്‍മ്മാണത്തിലിക്കുന്ന വമ്പന്‍ കെട്ടിടങ്ങളെ മായ്‌ച്ച്‌, അന്തരീക്ഷം മൂടിക്കെട്ടിയ പൊടിക്കാറ്റ്‌ കമ്പനി വാഹനത്തിലിരുന്ന്‌ കാണുമ്പോള്‍ വീണ്ടുമവന്‍ മഴയ്‌ക്ക്‌ മുമ്പുള്ള, മനസ്സിനെ തണുപ്പിക്കുന്ന ആ തണുത്ത കാറ്റിനെയും മനോഹരമായ അന്തരീക്ഷത്തേയും ഓര്‍ക്കുന്നു.. അത്‌ വെറും പൊടിക്കാറ്റിന്റെ വികൃതികളാണെന്നറിയുമ്പോള്‍ അവന്റെ ഹൃദയവും തപിക്കുന്നു...

കണ്‍ കുളിര്‍ക്കെ ഒരു മഴ ആസ്വദിച്ചിട്ട്‌ എത്ര കാലമായി...?

അവന്‍ വെറുതെ ചിന്തിച്ചുകൊണ്ടിരുന്നു.

വര്‍ഷങ്ങളായി, നാട്ടിലെ തൊടിയില്‍ ശക്തിയായി പതിക്കുന്ന ഓരോ മഴയും അവന്‍ അപൂര്‍വമായി ലഭിക്കുന്ന വിശ്രമ വേളകളില്‍ ടെലിവിഷനിലൂടെ കണ്ടാസ്വദിക്കുന്നു.

ദൈവമേ, ഒരു മഴ പോലും നുകരാനാവാത്ത ഈ ജീവിതം എന്തിന്‌ തന്നുവെന്ന്‌ അവന്‍ വെറുതെ ചിന്തിച്ചുകൂട്ടുകയായി. അനന്തരം, ഒരു ചാറ്റല്‍ മഴയില്‍ പ്രിയപ്പെട്ടവരെ തനിച്ചാക്കി ഇടവഴികളിലൂടെ നടന്നുപോന്ന ആ നിമിഷത്തെ ശപിക്കുന്നു... ഒരു മഴ ആസ്വദിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലല്ലോ എന്നോര്‍ത്ത്‌ വിങ്ങിവിങ്ങിക്കരഞ്ഞു.

ദുബായില്‍ നിന്ന്‌ ഷാര്‍ജയിലേക്കുള്ള മിനി ബസിലായിരുന്നു ഞാന്‍. ബസ്‌ നിറയാതെ യാത്ര ആരംഭിക്കില്ലെന്ന്‌, അക്ഷമയായ ഒരു ഫിലിപ്പീനി യുവതിയുടെ ചോദ്യത്തിന്‌ പാക്കിസ്ഥാനി ഡ്രൈവര്‍ മറുപടി പറഞ്ഞു. ഇരു ഭാഗത്തുമുള്ള സീറ്റുകളുടെ മധ്യത്തിലെ ഒറ്റയായ ഇരിപ്പിടങ്ങളാണ്‌ ഇനി ഒഴിഞ്ഞുകിടപ്പുള്ളത്‌.

മൊബൈല്‍ ഫോണില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട്‌ ആ മനുഷ്യന്‍ കയറി വന്നത്‌ പൊടുന്നനെയാണ്‌. ആകെ വിയര്‍ത്ത്‌ കുളിച്ച്‌ ക്ഷീണിതനായ ഒരു മധ്യവയസ്‌കന്‍. മലയാളിയായ ആ സാധു മനുഷ്യന്റെ മുഖത്തെ നാലഞ്ചു ദിവസം പഴക്കമുള്ള താടി രോമങ്ങളില്‍ അങ്ങിങ്ങായി വെള്ളി രേഖകള്‍ എത്തിനോക്കുന്നു. ഇടയ്‌ക്ക്‌ ഫോണിലെ സംസാരം മതിയാക്കി മുഖത്ത്‌ നിന്നൊലിക്കുന്ന വിയര്‍പ്പ്‌ തുള്ളികള്‍ ഷര്‍ട്ടിന്റെ തുമ്പ്‌ കൊണ്ട്‌ അമര്‍ത്തിത്തുടച്ച്‌ അയാള്‍ തൊട്ടടുത്തിരിക്കുന്നയാളെ ദയനീയമായി ഒന്നു നോക്കി. ആ കണ്ണുകള്‍ കലങ്ങി മറിഞ്ഞിരിക്കുന്നു. ക്ഷോഭിച്ച കാലവര്‍ഷം കണക്കെ അയാളുടെ മനസ്സ്‌ പിടയുന്നതായി തോന്നി. പെട്ടെന്ന്‌ മൊബൈല്‍ വീണ്ടും ചിലച്ചു.

``അതേ... രാമകൃഷ്‌ണനാ... അതെ ഇന്നലെ രാത്രിയാരുന്നു.. അതേ.. ഏറെ കാലായില്ലേ കെടപ്പിലായിട്ട്‌... നാളെ രാവിലെയാ... ഇല്ല, പറ്റൂന്ന്‌ തോന്നുണില്ല.. കമ്പനി അവധി തരില്ല.. എങ്കിലും അവസാനായി ഒന്നൂടി ശ്രമിക്കയാ... അതിന്‌ കമ്പനിയാപ്പീസിലേക്ക്‌ പോയിക്കൊണ്ടിരിക്കുവാ.. കിട്ട്വോന്നറിയൂല്ല... ഓക്കെ..ഓക്കെ...''

അയാളുടെ മനസ്സില്‍ വേനല്‍മഴ പോലെ സാന്ത്വനമായി ചുക്കിച്ചുളിഞ്ഞ ആ മുഖം തെളിഞ്ഞു-അമ്മ. ആ മുഖം അവസാനമായൊന്ന്‌ കാണാനാവുമോ...?അയാള്‍ കീശയില്‍ നിന്ന്‌ കൈലേസെടുത്ത്‌ മുഖവും കഴുത്തും തുടച്ചു. എന്നിട്ട്‌ ആ കൈലേസില്‍ കുറേ നേരം മുഖം പൊത്തിയിരുന്നു.കരയട്ടെ, ആ ദുഃഖം അങ്ങനെയെങ്കിലും പെയ്‌തൊഴിയട്ടെ. പക്ഷെ, ദുഃഖം ഒരു മഴയാണല്ലോ.. എത്ര പെയ്‌താലും തീരത്ത മഴ!വീണ്ടും മൊബൈല്‍ കരഞ്ഞപ്പോള്‍ മുഖമുയര്‍ത്തി സംസാരം തുടര്‍ന്നു. അപ്പോള്‍ അയാളുടെ ഒച്ച പതറിയിരുന്നു.

``അതേ... ഇന്നലെ രാത്രിയാരുന്നു.. നാളെ രാവിലെ വരെ കാത്തിരിക്കാമെന്നാ പറഞ്ഞേ... അതിന്‌ മുമ്പെത്തുമോന്നറിയില്ല.. എങ്കിലും പോകാന്‍ നോക്കുകാ...''

-ആവര്‍ത്തിച്ചുകൊണ്ടേയിരുന്ന വാക്കുകള്‍ക്ക്‌ ഒരു യാന്ത്രികത.അയാളില്‍ നിന്ന്‌ കരച്ചില്‍ അടര്‍ന്നുവീഴുമെന്ന്‌ തോന്നി. എത്ര നാളായി അമ്മയെ കണ്ടിട്ട്‌? ഒരു വര്‍ഷം... രണ്ട്‌ വര്‍ഷം... മൂന്ന്‌ വര്‍ഷം.. അതോ നാലോ...?-ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. അയാളില്‍ നിന്ന്‌ ഒരു ഗദ്‌ഗദം ഉരുള്‍പൊട്ടി. അത്‌ മറ്റാരും കാണാതിരിക്കാന്‍ അയാള്‍ പാടുപെട്ടു. എന്തൊക്കെ ചിന്തകളാലായിരിക്കും ആ സാധു മനുഷ്യന്റെ അകം തിളച്ചു മറിയുന്നത്‌!. ഒടുവില്‍ അയാള്‍ക്ക്‌ അന്ന്‌ നാട്ടില്‍ എത്താന്‍ സാധിച്ചിരിക്കുമോ? നൊന്തു പെറ്റ മാതാവിന്റെ മുഖം അവസാനമായി ഒരു നോക്ക്‌ കാണാന്‍ കഴിഞ്ഞിരിക്കുമോ?. അസുഖമായി കിടപ്പിലുള്ളപ്പോള്‍ ഏക മകനെക്കുറിച്ച്‌ ആ അമ്മയുടെ മനസ്സിലെ ചിന്തയെന്തായിരിക്കാം? ഗള്‍ഫെന്ന സ്വപ്‌ന ലോകത്ത്‌ നിന്ന്‌ പൊന്നുവാരാന്‍ പോയ മകന്‍ ഉടനെ ഓടിയെത്തി ഒരു തുള്ളി സാന്ത്വനം പകരുമെന്ന്‌ ആ വൃദ്ധമാതാവ്‌ പ്രതീക്ഷിച്ചിരിക്കില്ലേ?...ഒരിക്കലെങ്കിലും. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥയിലെ കഥാപാത്രത്തെ പോലെ ഇന്നുവരും... ഇന്നുവരും എന്ന്‌ പ്രതീക്ഷിച്ച്‌ എന്നും രാത്രി ചോറു വിളമ്പി ..

ഷാര്‍ മ്യൂസിയത്തിന്‌ മുമ്പിലെ പീരങ്കി തൊട്ട്‌ തലോടിക്കൊണ്ട്‌ നാല്‌ വയസ്സുള്ള മകള്‍ എന്നെ നോക്കി. ആദ്യമായി കാണുകയാണവള്‍. കറുത്തിരുണ്ട പീരങ്കി ചരിത്രം സൂക്ഷിക്കുന്ന വലിയൊരു അത്ഭുതവസ്‌തുവാണെങ്കിലും ഇന്നത്‌ വെറുമൊരു കൗതുകമാണ്‌. പുതിയ തലമുറയ്‌ക്ക്‌ ഒരിക്കലും കേള്‍ക്കാന്‍ താത്‌പര്യമില്ലാത്ത നിരവധി കഥകള്‍ ഒരു പീരങ്കിക്ക്‌ പറയാനുണ്ടാകും. ഒട്ടേറെ ചരിത്ര സത്യങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച വീരശൂര കഥകള്‍... ഞാനാ കൊച്ചു മുഖത്തേക്ക്‌ നോക്കുമ്പോഴേക്കും അവളുടെ കണ്ണുകള്‍ മ്യൂസിയത്തിന്‌ മുകളില്‍ വട്ടമിട്ടു പറക്കുന്ന പേരറിയാത്ത നിരവധി കിളികളിലേക്കായി. നാട്ടിലെ അനാകായിരം കിളികളെ അവയൊക്കെയും കൂടണയാനുള്ള ഒരുക്കത്തിലാണ്‌. മ്യൂസിയത്തിനരികിലൂടെ നിരവധി പേര്‍ വേഗതയില്‍ നടന്നുപോകുന്നു. അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, പാക്കിസ്‌താനി തൊഴിലാളികളാണ്‌.

നടത്തത്തിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ പെട്ടെന്ന്‌ നിന്നു. എന്നെയും മോളെയും സൂക്ഷിച്ച്‌ നോക്കി. പിന്നെ പതുക്കെ അരികിലേക്ക്‌ വന്നു. ഒരു നിമിഷം മോളെ നോക്കിയ ശേഷം നോട്ടം എന്നിലേക്ക്‌ നട്ടു. ആ കണ്ണുകളില്‍ വാത്സല്യം നുരഞ്ഞു പൊന്തുന്നത്‌ ഞാന്‍ കണ്ടു.അയാള്‍ ഉത്തരേന്ത്യന്‍ ചുവയുള്ള ഹിന്ദിയില്‍, ഒരപേക്ഷയുടെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു:

``ഞാന്‍.. മോളെയൊന്ന്‌ തൊട്ടോട്ടെ....''

ഞാന്‍ വല്ലാതായി.

തൊട്ടോളൂ എന്ന്‌ പറയാതെ പറഞ്ഞു തീരും മുമ്പേ അയാള്‍ കുഞ്ഞിന്റെ കൈ നെഞ്ചോട്‌ ചേര്‍ത്തു വെച്ചു. എന്നിട്ട്‌ എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു:

``നാട്ടില്‍ എനിക്കും ഇതുപോലുള്ളൊരു മോളുണ്ട്‌... പക്ഷെ, ഇതുവരെ കണ്ടിട്ടില്ല...''

ആ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ ഇടിമിന്നലായി പതിച്ചു. ഞാന്‍ പെട്ടെന്ന്‌ പരിഭ്രമിച്ചു നില്‍ക്കുകയായിരുന്ന മോളെ നോക്കി. അയാളിലേക്ക്‌ നോട്ടം നീട്ടിയപ്പോഴേക്കും അയാള്‍ നടന്നു കഴിഞ്ഞിരുന്നു. പിന്നെ, കുറച്ച്‌ അകലെ നിന്ന്‌ ഒന്നുകൂടി തിരിഞ്ഞുനോക്കി, കൈയുയര്‍ത്തി വീശി. അത്‌ കണ്ട്‌ മോളും കൈയുയര്‍ത്തി. ആ യുവാവിന്റെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്കൂഹിക്കാന്‍ സാധിക്കുമായിരുന്നു. അയാളുടെ മുഖത്ത്‌ തെളിഞ്ഞ്‌ നിന്ന വാത്സല്യം, ഒരു പിതാവിന്റെ സ്‌നേഹം... അതൊക്കെ അയാള്‍ കെട്ടിട നിര്‍മ്മാണ കമ്പനിയുടെ വിജയത്തിനായി ബലിയര്‍പ്പിച്ചിരിക്കുകയാണ്‌. ഇനിയൊരുനാള്‍ എണ്ണിച്ചുട്ടപ്പം പോലെ 30 ദിവസത്തെ അവധിയില്‍ നാട്ടിലേക്ക്‌ പോയാല്‍ തന്നെ ആ നാല്‌ വയസ്സുകാരി അയാളെ തിരിച്ചറിയുമോ?. അറിഞ്ഞു തുടങ്ങുമ്പോഴേക്കും തിരിച്ചു വരവിനുള്ള സമയമായിരിക്കും, തീര്‍ച്ച.

ഇതുപോലെ എത്രയോ ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍.. ഇതര രാജ്യക്കാര്‍... സൈകതഭൂവില്‍ ജീവിതം വിയര്‍ത്തുകുളിച്ചു തീര്‍ക്കുന്നു!!

മഴ നനയാനുള്ള സ്വതന്ത്രമില്ലാത്ത, സ്വന്തം മാതാവിന്റെ മൃതദേഹം ഒരു നോക്കു കാണാന്‍ സാധിക്കാത്ത, സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ സാധിക്കാത്ത എത്രയോ പേര്‍ ഗള്‍ഫിലുണ്ട്‌. എല്ലാ രാജ്യത്തുനിന്നുമുള്ളവര്‍...തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മൂലം കുടുംബത്തെ പോറ്റാന്‍ വക തേടിയെത്തിയ തികഞ്ഞ സാധാരണക്കാര്‍. സ്വന്തം നാട്ടില്‍ സാഹചര്യങ്ങളാല്‍ ആട്ടിയോടിക്കപ്പെട്ടവര്‍...

എന്താണ്‌ സ്വാതന്ത്ര്യം? ബ്രിട്ടീഷുകാരെ പറഞ്ഞയച്ച ആ അര്‍ധരാത്രി മുതല്‍ നാം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്‌ ഇതാണല്ലോ. 62 വര്‍ഷമായിട്ടും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും അകലാത്ത ഒരു രാജ്യം സ്വതന്ത്രമാണെന്ന്‌ പറയാന്‍ നമുക്ക്‌ സാധിക്കുമോ?

7 അഭിപ്രായങ്ങൾ:

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

pravaasiyuTe ee dhukhangal aaraRiyaan??

ഭൂമിപുത്രി പറഞ്ഞു...

മകളെയൊന്ന് തൊടാൻ കൈനീട്ടിനിൽക്കുന്ന അഛനെ,ഇതൊരു വെറും കഥയല്ല എന്നറിയാവുന്നത്കൊണ്ട്,മറക്കില്ല

shinoj പറഞ്ഞു...

Really touching as the images that you have posted are real and factful...keep it up

കാവിലന്‍ പറഞ്ഞു...

വായിച്ച്‌ കമന്റടിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും നന്ദി

Unknown പറഞ്ഞു...

ippozhanu kandathu. manoharam

അജ്ഞാതന്‍ പറഞ്ഞു...

ഓരോ മഴയും ഓര്‍മ്മകളുടെ തുടികൊട്ടാണ്‌
ഗതകാല സ്മരണകളുടെ പെരുമ്പറയുമായി മനസിലേക്ക്‌ പെയ്തിറങ്ങുന്ന മഴ പ്രവാസിക്ക്‌ വലിയ നഷ്ടങ്ങളിലൊന്നാണ്‌.
ഇത്തരം നഷ്ടങ്ങള്‍ തുടര്‍ക്കഥകളാവുമ്പോള്‍ ഭൂരിഭാഗം പ്രവാസിയുടെയും മനസുകള്‍ ഇതൊക്കെ നിസംഗതയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.... കാവിലിന്‌ അഭിനന്ദനങ്ങള്‍.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) പറഞ്ഞു...

ശൈഖ്‌ സായിദ്‌ റോഡരികിലെ നിര്‍മ്മാണത്തിലിക്കുന്ന വമ്പന്‍ കെട്ടിടങ്ങളെ മായ്‌ച്ച്‌, അന്തരീക്ഷം മൂടിക്കെട്ടിയ പൊടിക്കാറ്റ്‌ കമ്പനി വാഹനത്തിലിരുന്ന്‌ കാണുമ്പോള്‍ വീണ്ടുമവന്‍ മഴയ്‌ക്ക്‌ മുമ്പുള്ള, മനസ്സിനെ തണുപ്പിക്കുന്ന ആ തണുത്ത കാറ്റിനെയും മനോഹരമായ അന്തരീക്ഷത്തേയും ഓര്‍ക്കുന്നു.. അത്‌ വെറും പൊടിക്കാറ്റിന്റെ വികൃതികളാണെന്നറിയുമ്പോള്‍ അവന്റെ ഹൃദയവും തപിക്കുന്നു...


ഗഡീ...കലക്കീട്ടുണ്ട്...............

ഇന്നു ഷാര്‍ജ്ജക്കു പോകാന്‍ ലുലുവിന്റെ മുന്നില്‍ നില്‍ക്കുന്ന ആളുകളെ കണ്ടപ്പോള്‍ രാമകൃഷ്ണനുണ്ടോ...അതിലെന്നു അറിയാതെ നോക്കിപ്പോയി...........



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍