2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ചെറിയ, വലിയ ജീവിതങ്ങള്‍



എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
-കുഞ്ഞുണ്ണി മാഷ്‌

ലോകത്തെ
ഏറ്റവും ഉയരമുള്ള പുരുഷനും ഉയരമില്ലാത്ത പുരുഷനുമായി ഗിന്നസ്‌ ബുക്ക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചിരുന്ന പാക്കിസ്‌താന്‍ സ്വദേശികളായ ആസാദ്‌ ഖാന്‍ മസൂദും സയ്യിദ്‌ ഖമര്‍ അലിയും ജീവിതം തേടി യുഎഇയിലെത്തി. അവരിവിടെ പങ്കുവെയ്‌ക്കുന്നത്‌ തങ്ങളുടെ സ്വകാര്യ ദുഃഖങ്ങളാണ്‌.
``മറ്റുള്ളവര്‍ക്ക്‌ കൗതുക വസ്‌തുക്കളാണ്‌ ഞങ്ങള്‍.. ആളുകളെ നോക്കി പുഞ്ചിരിക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ട്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുമ്പോഴുമൊക്കെ ഉള്ളാലെ നീറുകയാണ്‌ ഞങ്ങള്‍...''-ആസാദ്‌ ഖാന്‍ മസൂദ്‌ ദീര്‍ഘ നിശ്വാസം പൊഴിച്ചു. അദ്ദേഹത്തെ തന്നെ ഉറ്റുനോക്കിക്കൊണ്ട്‌ തൊട്ടു താഴെ, തറയില്‍ വിരിച്ച കിടക്കയില്‍ പാക്കിസ്‌താന്‍ ശൈലിയില്‍ കുഞ്ഞു കാല്‍ മടക്കി കുത്തിയിരുന്ന്‌ സയ്യിദ്‌ ഖമര്‍ അലി തലയാട്ടിക്കൊണ്ട്‌ അത്‌ ശരിവെച്ചു.
2003 മുതല്‍ 2005 വരെയുള്ള ഗിന്നസ്‌ ബുക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ തലയെടുപ്പോടെ നിന്ന ലോകത്തെ ഏറ്റവും ഉയരമുള്ള പുരുഷനാണ്‌ ആസാദ്‌ ഖാന്‍ മസൂദ്‌. ഇതേ കാലയളവില്‍ തന്നെ സയ്യിദ്‌ ഖമര്‍ അലി ഗിന്നസ്‌ ബുക്കില്‍ ലോകത്തെ ഏറ്റവും നീളം കുറഞ്ഞ പുരുഷനുമായിരുന്നു.
കഴിഞ്ഞ രണ്ട്‌ മാസമായി ദുബൈ ദേര നായിഫിലെ ചെറുകിട ഹോട്ടലിലെ കൊച്ചു മുറിയാണവരുടെ സങ്കേതം. ലോകമെങ്ങും ലഭിക്കുന്ന വന്‍ സ്വീകരണത്തിനും പ്രശസ്‌തിക്കുമിടയിലും തങ്ങള്‍ക്ക്‌ ഒട്ടേറെ സ്വകാര്യ ദുഃഖങ്ങള്‍ പറയാനുണ്ടെന്ന്‌ ഇരുവരും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ അതുകേള്‍ക്കാന്‍ ചെന്നത്‌. ഒരേ സമയം കൗതുക വസ്‌തുക്കളായും പച്ചയായ മനുഷ്യരായും ജീവിക്കേണ്ടി വരുമ്പോഴുള്ള ആവലാതികളും ആശങ്കകളും പങ്കുവെയ്‌ക്കുമ്പോള്‍ സമൂഹത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങളുടെ ചിത്രം കൂടി ഇവിടെ വെളിപ്പെടുന്നു.
@@

ഉയരക്കൂടുതലാണ്‌ ആസാദ്‌ ഖാന്‍ മസൂദിന്റെ ദുഃഖം. സയ്യിദ്‌ ഖമര്‍ അലിയുടേത്‌ ഉയരക്കുറവും. പാക്കിസ്‌താനികളായ ഇരുവരും ഒന്നിച്ച്‌ ലോകത്തെ മിക്കവാറും രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ വിസ്‌മയവും ഇത്തിരി അസൂയയും തോന്നുമെങ്കിലും പ്രദര്‍ശന വസ്‌തുക്കളായിക്കൊണ്ടുള്ള ഈ യാത്രകള്‍ പാവം ചെറുപ്പക്കാരെ ഒട്ടും ആഹ്ലാദിപ്പിക്കുന്നില്ല.
``എവിടെ ചെന്നാലും കാണാന്‍ ആളു കൂടും. ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യാനും നിരവധി പേരെത്തും. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിലൂടെ ജീവിതം അല്ലലില്ലാതെ കഴിഞ്ഞുപോവുന്നു എന്നത്‌ ശരി തന്നെ. പക്ഷെ, ഇതുകൊണ്ട്‌ മാത്രം മതിയോ? സ്ഥിരമായി ഒരു ജോലി സമ്പാദിച്ച്‌, പെണ്ണുംകെട്ടി സ്വന്തം മണ്ണില്‍ കുടുംബ ജീവിതം നയിക്കാനുള്ള മോഹം ഞങ്ങള്‍ക്കുമില്ലേ?''-സയ്യിദ്‌ ഖമര്‍ അലിയുടെ ചോദ്യം തീര്‍ത്തും പ്രസക്തമാണെന്ന്‌ ആസാദ്‌ ഖാന്‍ മസൂദ്‌ നിര്‍വികാരതയാര്‍ന്ന ഒരു നോട്ടത്തിലൂടെ അടിവരയിടുന്നു.
2.55 സെമീറ്ററാ(ഏഴടി 10 ഇഞ്ച്‌)ണ്‌ 35കാരനായ ആസാദ്‌ ഖാന്‍ മസൂദിന്റെ നീളം. 25കാരനായ സയ്യിദ്‌ ഖമര്‍ അലിയുടെ നീളം 95 സെന്റീ മീറ്ററില്‍ മുരടിച്ചു. ഗിന്നസ്‌ ബുക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ രണ്ട്‌ വര്‍ഷം ഇരുവരും അജയ്യരായിരുന്നു. പാക്കിസ്‌താന്‍കാരന്‍ തന്നെയായിരുന്ന ആലം ചന്ന 2003ല്‍ ആസാദ്‌ മസൂദ്‌ ഖാന്റെ സ്ഥാനം കവര്‍ന്നെടുത്തു. എന്നാല്‍, ഇദ്ദേഹം അടുത്തിടെ വൃക്ക തകരാറിലായി ഏറ്റക്കുറച്ചിലുകളില്ലാത്ത ലോകത്തേക്ക്‌ യാത്രയായി. ഇപ്പോള്‍ 59കാരനായ മംഗോളിയക്കാരന്‍ ബാഒ ഷിഷും(7 `9) ആണ്‌ ഈ സ്ഥാനത്ത്‌. സയ്യിദ്‌ ഖമര്‍ അലിയുടെ സ്ഥാനം 19കാരനും 74 സെന്റീ മീറ്റര്‍ നീളമുള്ളയാളുമായ ഹി പിംഗ്‌പിങ്ങും അപഹരിച്ചു.

ആള്‍ക്കൂട്ടത്തില്‍ തനിയെ...
അഞ്ച്‌ സഹോദരന്മാരും അഞ്ച്‌ സഹോദരിമാരുമടങ്ങുന്ന പെഷാവറിലെ വലിയൊരു കുടുംബത്തിലെ അംഗമാണ്‌ ആസാദ്‌ ഖാന്‍ മസൂദ്‌. പിതാവ്‌ മീര്‍ മുഹമ്മദ്‌ കര്‍ഷകനായിരുന്നു. സാധാരണ ഉയരമുള്ള മീര്‍ മുഹമ്മദ്‌-ജാന്‍ ബീവി ദമ്പതികള്‍ക്ക്‌ പിറന്ന ആസാദ്‌ ഖാന്‍ മസൂദ്‌ മാത്രമാണ്‌ ഏവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്‌ നീണ്ടുനീണ്ടുപോയത്‌. മറ്റുള്ളവര്‍ക്കൊക്കെ സാധാരണ നീളം മാത്രമേയുള്ളൂ. എന്നാല്‍, ലാന്റിയിലെ സയ്യിദ്‌ മുര്‍തദ അലി-സയ്യിദ നസ്‌റീന്‍ ദമ്പതികളുടെ എട്ടംഗ കുടുംബത്തിലെ ആറ്‌ പുത്രന്മാരില്‍ സയ്യിദ്‌ ഖമര്‍ അലിയോടൊപ്പം സഹോദരന്‍ സയ്യിദ്‌ ഖുറം അലിയും കുള്ളനാണ്‌. സയ്യിദ്‌ ഖമര്‍ അലിയുടെയത്ര ഉയരം മാത്രമുള്ള ഖുറം അലിയും ഇടയ്‌ക്കിടെ ലോക സന്ദര്‍ശനത്തിന്‌ പോകാറുണ്ട്‌; പകരക്കാരനായി.
ആസാദ്‌ ഖാന്റെയോ, ഖമര്‍ അലിയുടേയോ പരമ്പരകളിലെവിടെയെങ്കിലും ഇത്തരം ഉയരക്കൂടുതലോ, കുറവോ ആരുടെ പേരിലും രേഖപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ്‌ ഇത്തരത്തില്‍ പോരായ്‌മകളോടെ മക്കള്‍ ജനിച്ചതെന്ന്‌ അറിവുള്ളവരോട്‌ ചോദിക്കാന്‍ നിരക്ഷരരായ രക്ഷിതാക്കള്‍ക്ക്‌ അറിയാമായിരുന്നുമില്ല. പക്ഷെ, `കൈകാല്‍ വളര്‌ വളര്‌...' എന്ന്‌ പ്രാര്‍ത്ഥിച്ച്‌ പ്രതീക്ഷയോടെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക്‌ മുമ്പില്‍ ആസാദ്‌ ഖാന്‍ മസൂദ്‌ വളര്‍ന്നുവലുതായപ്പോള്‍ രക്ഷിതാക്കളോടൊപ്പം ബന്ധുക്കളും നാട്ടുകാരും വിസ്‌മയത്തിലാണ്ടു.
പിറവിയിലേ നല്ല ഉയരമുള്ള കുട്ടിയായിരുന്നു ആസാദ്‌ ഖാന്‍ മസൂദ്‌. പിന്നീട്‌ അസാധാരണമാംവിധം അനന്തമായി വളര്‍ന്നു തുടങ്ങി. എങ്കിലും മാതാപിതാക്കള്‍ ഇതത്ര കാര്യമാക്കിയില്ല. പെഷാവറിലെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകരുടെയും മറ്റു കുട്ടികളുടെയും മുന്നില്‍ ഒരു കൗതുക വസ്‌തുവായതോയെടെയാണ്‌ തന്റെ ശരീരപ്രകൃതി തനിക്ക്‌ സമ്മാനിക്കാന്‍ പോകുന്നത്‌ ദുരിതമാണെന്ന തിരിച്ചറിവ്‌ ആസാദ്‌ ഖാനുണ്ടായത്‌. എല്ലാവരും തന്നെ നോക്കി ചിരിക്കുമ്പോഴും കളിയാക്കുമ്പോഴും തന്നോട്‌ തന്നെ ദേഷ്യം അമര്‍ഷവും തോന്നിയിരുന്നതായി ഈ യുവാവ്‌ പറയുന്നു:
``കാണുന്നവരെല്ലാം സൂക്ഷിച്ചു നോക്കുമ്പോള്‍ ആര്‍ക്കായാലും ഒരു വല്ലായ്‌മ തോന്നുമല്ലോ. അങ്ങനെ പ്രൈമറി ക്ലാസ്സില്‍ വെച്ച്‌ തന്നെ പഠനം ഉപേക്ഷിച്ചു''.
പിന്നീട്‌ എന്തെങ്കിലും ജോലി ലഭിക്കുമോ എന്നായി ആസാദ്‌ ഖാന്‍ മസൂദിന്റെ അന്വേഷണം.
``പക്ഷെ, ഇത്രയും പൊക്കം വെച്ചുകൊണ്ട്‌ മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ ആരും ജോലി തരാന്‍ തയ്യാറായതുമില്ല''.
ഇതോടെ ഏവര്‍ക്കും താനൊരു ഭാരമാകാന്‍ തുടങ്ങി എന്ന അറിവ്‌ ഈ യുവാവിനെ അലട്ടി. പ്രായത്തില്‍ കവിഞ്ഞ ഉയരം മാത്രമല്ല, ഭക്ഷണത്തിന്റെ ഇരട്ടിയളവും വസ്‌ത്രങ്ങളും പാദരക്ഷകളും(ഇപ്പോള്‍ 40 സെന്റീ മീറ്ററാണ്‌ ഷൂസിന്റെ നീളം, 94 സൈസ്‌) പ്രത്യേകം തയ്യാറാക്കേണ്ടി വരുന്നതും നിര്‍ധനരായ മാതാ പിതാക്കളെ ഏറെ അലട്ടി. മാതാപിതാക്കള്‍ തള്ളിപ്പറഞ്ഞില്ലെങ്കിലും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ട എന്ന അവസ്ഥയുണ്ടായതോടെ നാടുവിടാന്‍ ആലോചനയായി. പക്ഷെ, സാധാരണക്കാരെപ്പോലെ ബസിലോ ടാക്‌സിയിലോ മറ്റ്‌ വാഹനങ്ങളിലോ കയറാന്‍ സാധ്യമല്ലാത്തതിനാല്‍ അതിനും സാധിച്ചില്ല. അങ്ങനെ വളരെ പ്രയാസത്തോടെ ജീവിതം മുന്നോട്ട്‌ പോകുമ്പോള്‍, ഖമറുദ്ദീന്‍ അന്‍സാരിയുടെ രംഗപ്രവേശമാണ്‌ 29-ാം വയസ്സില്‍ എത്തിനിന്നപ്പോള്‍ ജീവിതത്തെ അടിമുടി മാറ്റി മറിക്കുന്നത്‌. ഉയരക്കൂടുതല്‍ കൊണ്ട്‌ ചില പ്രയോജനങ്ങളുണ്ടെന്ന രഹസ്യം ചെവിയിലോതിയത്‌ അദ്ദേഹമാണ്‌. ഗിന്നസ്‌ ബുക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സ്‌ അധികൃതര്‍ എല്ലാ വര്‍ഷവും ലോകത്തെ ഏറ്റവും ഉയരവും കുറവുമുള്ളവരില്‍ നിന്ന്‌ അപേക്ഷ ക്ഷണിക്കാറുണ്ട്‌. അങ്ങനെ നാട്ടുകാരനായ ഖമറുദ്ദീന്‍ അന്‍സാരി 2003ല്‍ ഗിന്നസ്‌ ബുക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ ആസാദ്‌ ഖാനെ പ്രവേശിപ്പിച്ചു.
ഒരു സുപ്രഭാതത്തില്‍ എങ്ങും സ്വീകാര്യത. സ്വീകരണച്ചടങ്ങുകള്‍, അഭിനന്ദനം... നാട്ടിലെ ആഘോഷ പരിപാടികളിലൊക്കെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായിത്തീര്‍ന്നു ആസാദ്‌ ഖാന്‍. അങ്ങനെ ലഭിക്കുന്ന പണം കൊണ്ട്‌ ജീവിതം ഒരു വിധം അല്ലലില്ലാതെ നീങ്ങിത്തുടങ്ങി. ജീവിതത്തിന്‌ ഇങ്ങനെയും ഒരു മുഖമുണ്ടെന്ന്‌ അന്ന്‌ തിരിച്ചറിവുണ്ടായി. അല്ല, അനുഭവിച്ചു തുടങ്ങി. പക്ഷെ, ഇതിനൊന്നും അത്രയേറെ ആയുസ്സുണ്ടാകില്ല, വളരെ പെട്ടെന്ന്‌ തന്നെ ഏവര്‍ക്കും മടുക്കുമെന്നും തലോടിയവരില്‍ നിന്ന്‌ തന്നെ തല്ലേല്‍ക്കേണ്ടി വരുമെന്നുമുള്ള യാഥാര്‍ത്ഥ്യബോധം എന്നും അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയാണ്‌ ഗിന്നസ്‌ ബുക്കിലെ തിളക്കം മുതലാക്കാന്‍ ഖമറുദ്ദീന്‍ അന്‍സാരി, ആസാദ്‌ ഖാനെ ലോക സഞ്ചാരത്തിന്‌ കൊണ്ടുപോകുന്നത്‌.

മുകളിലേക്ക്‌ നോക്കുമ്പോള്‍...

ഖമര്‍ അലിയുടെ പ്രശ്‌നങ്ങളും ആസാദ്‌ ഖാന്റേതിന്‌ സമാനമാണ്‌. നീളക്കുറവ്‌ ജീവിതത്തില്‍ ഏറെ അപകര്‍ഷതാ ബോധം സൃഷ്‌ടിച്ചതായി ഇദ്ദേഹം പറയുന്നു.
``മുകളിലോട്ട്‌ നോക്കുമ്പോഴാണ്‌ ഞാനേറ്റവും ചെറുതാണെന്ന യാഥാര്‍ത്ഥ്യം ഇടിവാളായി പതിയുന്നത്‌. അതിനാല്‍ ഇപ്പോള്‍ മുകളിലോട്ട്‌ നോക്കാറേയില്ല...' ഒരു രസികന്‍ കൂടിയായ സയ്യിദ്‌ ഖമര്‍ അലി പറയുന്നു. ``ആളുകളുടെ മുമ്പിലെ കൗതുക വസ്‌തുവായിത്തീര്‍ന്നപ്പോള്‍ എത്രയോ ദിവസങ്ങള്‍ കരഞ്ഞു തീര്‍ത്തു. പക്ഷെ, പിന്നിപ്പിന്നെ ദുഃഖങ്ങളൊക്കെ അമര്‍ത്തിവെയ്‌ക്കാന്‍ പഠിച്ചു''.
തന്നെപ്പോലുള്ള യുവാക്കള്‍ അടിച്ചുപൊളിച്ച്‌ ജീവിക്കുമ്പോള്‍, നാട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെ `ടിങ്കൂജി' എന്ന്‌ വിളിച്ചുള്ള കളിയാക്കലിന്‌ പാത്രമാകാനായിരുന്നു വിധി. സ്‌കൂളില്‍ പോകാന്‍ ഇതോടെ മടിയായി. പഠനം നിര്‍ത്തി. ഒടുവില്‍ ഗിന്നസ്‌ ബുക്കില്‍ കയറിപ്പറ്റിയതോടെയാണ്‌ നല്ല കാലം തെളിഞ്ഞത്‌. കളിയാക്കിയവര്‍ തന്നെ അഭിനന്ദനവുമായി ക്യൂ നിന്നു. അതോടൊപ്പം ആസാദ്‌ ഖാന്റെയരികിലെത്തിയ ഖമറുദ്ദീന്‍ അന്‍സാരി എന്ന മനുഷ്യസ്‌നേഹി സയ്യിദ്‌ ഖമര്‍ അലിയേയും ലോകസഞ്ചാരത്തില്‍ കൂട്ടി.
ലോക സഞ്ചാരത്തിന്‌
ഖമറുദ്ദീന്‍ അന്‍സാരിയാണ്‌ ഇന്ന്‌ ഇരുവരുടെയും പ്രമോട്ടര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഇരുവരേയും ഇദ്ദേഹം കൊണ്ടുപോകുന്നു. കൂടാതെ, വിവിധ കമ്പനികള്‍ തങ്ങളുടെ പ്രമോഷന്റെ ഭാഗമായി കൊണ്ടുപോകുന്നതും ഇദ്ദേഹത്തിന്റെ പ്രത്യേക താത്‌പര്യപ്രകാരം തന്നെ. ഖമറുദ്ദീന്‍ അന്‍സാരിയെ കണ്ടുമുട്ടിയതാണ്‌ തങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന്‌ ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.
യുഎഇയില്‍ നേരത്തെ പലപ്രാവശ്യം ഇരുവരും എത്തിയിട്ടുണ്ട്‌. ഇന്ത്യ സന്ദര്‍ശിക്കണമെന്ന്‌ ആശയുണ്ടെങ്കിലും വിസ ലഭിക്കാന്‍ പ്രയാസമായതിനാല്‍ സാധിച്ചിട്ടില്ലെന്ന്‌ ഇത്തിരി നിരാശയോടെ തുറന്നുപറയാനും ഈ മനുഷ്യര്‍ മടിക്കുന്നില്ല. ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചിട്ടുള്ളത്‌. അടുത്തിടെ സഊദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ഇരുവരും ഒരു അറബിക്‌ ടെലിഫിലിമില്‍ അഭിനയിച്ചു. ഗള്‍ഫിലെ പ്രമുഖ അറബിക്‌ ടെലിവിഷന്‍ ചാനലുകളിലൊന്നായ എംബിസിയില്‍ ഈ ടെലിഫിലിം സംപ്രേഷണം ചെയ്‌തു. അതിന്റെ ക്ലിപ്പിംഗ്‌സ്‌ മൊബൈല്‍ ഫോണില്‍ കൊണ്ടു നടന്നു മറ്റുള്ളവരെ കാണിക്കുമ്പോള്‍ ഇരുവര്‍ക്കും തങ്ങള്‍ ചലചിത്ര താരങ്ങളായതിന്റെ അഭിമാനം. കൂടാതെ, നിരവധി പരസ്യങ്ങളിലും ഇവര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. എവിടെ ചെന്നാലും അവിടുത്തെ സമ്പന്ന വീടുകളിലെ ജന്മദിനാഘോഷ പരിപാടികള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും ഇരുവരെയും പങ്കെടുപ്പിക്കും. ഇത്തരം പരിപാടിക്ക്‌ വിലപിടിപ്പുള്ള സമ്മാനങ്ങളും നല്ലൊരു സംഖ്യയും ലഭിക്കും.

ദുബൈ കൊതിപ്പിക്കുന്നു; ജീവിതവും...
യുഎഇയില്‍ ദുബൈ കേന്ദ്രീകരിച്ചാണ്‌ ഇരുവരും പ്രവര്‍ത്തിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ ശേഷം താമസ സ്ഥലത്ത്‌ നിന്നിറങ്ങിയാല്‍ രാത്രി വൈകി മുറിയിലെത്തും. മാന്ത്രികന്‍ കൂടിയായ മുഹമ്മദ്‌ എഎം.അസ്‌ലമാണ്‌ ഫോട്ടോഗ്രാഫറായി ഇരുവടെയും കൂടെ ഊരു ചുറ്റുന്നത്‌. ഒരു ഫോട്ടോയ്‌ക്ക്‌ 10 ദിര്‍ഹം(140 രൂപയോളം) വെച്ച്‌ ആളുകളില്‍ നിന്ന്‌ വാങ്ങും. തത്‌ക്ഷണം ഫോട്ടോ എടുത്ത്‌ നല്‍കുമ്പോള്‍ ഏവര്‍ക്കും സന്തോഷം. ദുബൈയില്‍ വാരാന്ത്യങ്ങളിലും മറ്റും വന്‍ ജനാവലിയാണ്‌ ചെറിയ-വലിയ മനുഷ്യരെ കാണാന്‍ തടിച്ചുകൂടുന്നത്‌. എന്നാല്‍ തങ്ങളുടെ വരുമാനത്തെക്കുറിച്ച്‌ പറയാന്‍ പാടില്ലെന്ന പ്രമോട്ടറുടെ നിബന്ധന ഇരുവരും അക്ഷരംപ്രതി അനുസരിക്കുന്നു.
രണ്ട്‌ പേരുടെ കിടക്ക ഒന്നിച്ചിട്ടാണ്‌ ആസാദ്‌ ഖാന്‍ ദുബൈയിലെ മുറിയില്‍ അന്തിയുറങ്ങുന്നത്‌. ഇതിന്‌ വേണ്ടി സയ്യിദ്‌ ഖമര്‍ അലി താഴെ കിടക്കുകയാണ്‌ ചെയ്യുന്നത്‌. രണ്ട്‌ പേര്‍ക്ക്‌ ആവശ്യമുള്ള ഭക്ഷണം മൂന്ന്‌ നേരം ആസാദ്‌ ഖാന്‌ കഴിക്കണം. രാവിലെയും ഉച്ചയ്‌ക്കും ആറ്‌ പൊറോട്ട, ആറ്‌ മുട്ട, മുഴു കോഴി.... രാത്രി ആട്ടിറച്ചി വിഭവം നിര്‍ബന്ധം. എന്നാല്‍, ഖമര്‍ അലിക്ക്‌ സാധാരണ ഭക്ഷണം മാത്രമെ ആവശ്യമുള്ളൂ.
നിരവധി തവണ ഗള്‍ഫിലെത്തിയെങ്കിലും രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ സാധിക്കാത്തതില്‍ ആസാദ്‌ ഖാന്‍ വ്യസനത്തിലാണ്‌.
``ഇവിടുത്തെ അടിപൊളി ബസുകളും മറ്റും കാണുമ്പോള്‍ ഒന്നു കറങ്ങാന്‍ കൊതിയാകും. നേരത്തെ ഒരു തവണ ശ്രമിച്ചപ്പോള്‍ തലയിടിച്ചോ മറ്റോ അപകടം പിണയുമോ എന്ന ആശങ്കയില്‍ കയറ്റിയില്ല. അതിനാല്‍ ഇപ്പോള്‍ അതിന്‌ തുനിയാറില്ല''-വലിയ മനസ്സിന്റെ ഉടയുടെ വാക്കുകളില്‍ നിരാശ. ആസാദ്‌ ഖാന്‍ മസൂദും പ്രശ്‌നങ്ങള്‍ക്കിടയിലും തമാശകള്‍ പറഞ്ഞും കാണിച്ചും ഓടിച്ചാടി നടക്കുന്ന സയ്യിദ്‌ ഖമര്‍ അലിയും സഹോദര സ്‌നേഹത്തോടെ ഒരുമയോടെ സഹവസിക്കുന്നു.
നാട്ടില്‍ ഒരു സ്ഥിരം ജോലി, വിവാഹ ജീവിതം എന്നീ ആഗ്രഹങ്ങള്‍ എന്നെങ്കിലും പൂവണിയുമോ എന്ന പ്രശ്‌നം ഇരുവരെയും, പ്രത്യേകിച്ച്‌ ആസാദ്‌ ഖാന്‍ മസൂദിനെ ഏറെ അലട്ടുന്നുണ്ട്‌. നാട്ടില്‍ വെച്ച്‌ നിരവധി `പ്രപോസലു'കള്‍ വന്നെങ്കിലും എല്ലാം അവസാന ഘട്ടത്തില്‍ അലസിപ്പിരിഞ്ഞു. ഖമര്‍ അലിയുടെ മനസ്സിലും ഒരു കുടുംബ ജീവിതമെന്ന സ്വപ്‌നമൊക്കെ കൂടുകൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ, എന്നെങ്കിലും ഇത്‌ യാഥാര്‍ത്ഥ്യമാവുമോ എന്ന ആശങ്കയും ഇല്ലാതില്ല. എങ്കിലും ഈ സ്വപ്‌നമാണ്‌ ഇരുവരുടെയും ജീവിതത്തെ മുന്നോട്ട്‌ നയിക്കുന്നത്‌. ഭൂമിയില്‍ ഓരോ മനുഷ്യനും ദൈവം ഇണയെ സൃഷ്‌ടിച്ചിട്ടുണ്ട്‌ എന്നതിന്‌ ഉദാഹരണമായി, നിലവിലെ ഏറ്റവും ഉയരമുള്ള പുരുഷനായ ബാഒ ഷിഷും അടുത്തിടെ വിവാഹിതനായി ചരിത്രം സൃഷ്‌ടിച്ചതും ഇരുവരിലെ പ്രതീക്ഷകളുടെ ചിറകുകള്‍ക്ക്‌ ബലമേകുന്നു.

3 അഭിപ്രായങ്ങൾ:

കാവിലന്‍ പറഞ്ഞു...

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
-കുഞ്ഞുണ്ണി മാഷ്‌

ശ്രീ പറഞ്ഞു...

ശരിയാണ്, ഇവരുടെ സ്വകാര്യ ദു:ഖങ്ങള്‍ ആരറിയാന്‍...

Unknown പറഞ്ഞു...

Iyal mumpu jeddayil vannirunnu, Malayalam nwesilum



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍