2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

ദുബൈ വില്ലകളിലെ മലബാരി മാജിക്‌!



ദുബൈ ഒരു വിസ്‌മയ ലോകമാണിന്ന്‌. ഇവിടെ ലോകാത്ഭുതങ്ങളും ലോക റെക്കോര്‍ഡുകളും സംഭവിച്ചുകൊണ്‍ടേയിരിക്കുന്നു. ഉയരമുള്ള കെട്ടിടത്തില്‍ തുടങ്ങി ഇതാ, ബിരിയാണി വരെയെത്തിയിരിക്കുന്നു. എന്നാല്‍ കുറച്ചുകാലം മുമ്പ്‌ ഇവിടുത്തെ വില്ലകളില്‍ നടന്നിരുന്ന ചില അത്ഭുതങ്ങളിലേക്കാണ്‌ വായനക്കാരുടെ ശ്രദ്ധ തിരിക്കുന്നത്‌. @
രണ്ട്‌ വര്‍ഷം മുമ്പ്‌ ദുബൈയില്‍ കുടുംബത്തിന്‌ താമസിക്കാനുള്ള ഇടം തേടി അലഞ്ഞിരുന്നു, ഞാന്‍. ആദ്യമായി ചെന്നത്‌ വില്ലകളുടെ സ്വന്തം പ്രദേശമായ ഹൂര്‍ അല്‍ അന്‍സില്‍. ഇവിടെ കുറെ കാലം ബാച്ചിലറായി കഴിഞ്ഞതിന്റെ പരിസര പരിചയമായിരുന്നു ഇതിന്‌ പിന്നില്‍.
അന്ന്‌ ബസ്‌ കയറാറുണ്ടായിരുന്ന, തുറസ്സായ സ്ഥലത്തെ സ്റ്റോപ്പിന്‌ മുന്നിലെ(ഇന്നവിടെ ഒന്നാന്തരം രണ്ട്‌ ശീതീകരിച്ച ബസ്‌ ഷെല്‍ട്ടറുകളുണ്ട്‌) ഗ്രോസറിക്കാരനെ പരിചയമുണ്‍ടായിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍, തൊട്ടടുത്ത്‌ നേരത്തെ ബാച്ചിലര്‍മാര്‍ താമസിച്ചിരുന്ന വില്ല ഒഴിഞ്ഞുകിടപ്പാണെന്നും ഇപ്പോള്‍, ഫാമിലികള്‍ക്ക്‌ മാത്രം അവിടെ സ്ഥലമുണ്ടെന്നുമറിയിച്ചു; അമാന്തിച്ച്‌ നിന്നില്ല, അങ്ങോട്ട്‌ വെച്ചുപിടിച്ചു.
വില്ല വാടകയ്‌ക്ക്‌ നല്‍കാന്‍ ഏറ്റെടുത്ത ഇടനിലക്കാരനായ ഒരു മലയാളി മറ്റേതോ ടീമിന്‌ വില്ല കാണിച്ചുകൊടുത്ത്‌ അവിടെയുണ്ടായിരുന്നു. എന്നെക്കണ്ടപ്പോള്‍ വീണ്ടുമൊരു ഇര വന്ന്‌ കൊത്തിയ സന്തോഷം മധ്യവയസ്‌കനായ അയാളുടെ മുഖത്ത്‌ വളിച്ചൊരു ചിരിയായി പ്രത്യക്ഷപ്പെട്ടു.
അവിടെ കണ്ട കാഴ്‌ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. വില്ല, വില്ല തന്നെ. പക്ഷെ, ഒന്നിനുള്ളില്‍ നിരവധി കൊച്ചു വില്ലകള്‍!! നേരത്തെ ഒരു മുറിയുണ്ടായിരുന്നത്‌ കുറഞ്ഞത്‌ മൂന്നെണ്ണമെങ്കിലും ആക്കി മാറ്റിയിരിക്കുന്നു. ഇതില്‍ വലിപ്പമുള്ളതൊക്കെ പ്രതിമാസം 2,500 മുതല്‍ 3,000ത്തിന്‌ വരെ കൈമാറിക്കഴിഞ്ഞുവത്രെ. വേണമെങ്കില്‍ പിന്‍വശത്തായുള്ള ഒരു കൊച്ചു`മുറി' പ്രതിമാസം 2,000 ദിര്‍ഹം വാടകയ്‌ക്ക്‌ തരാമെന്ന്‌. പ്ലൈവുഡടിച്ച്‌ വേര്‍തിരിച്ച മുറിയുടെ തറയില്‍ പ്ലൈവുഡ്‌ കഷ്‌ണം കലാപരമായി പതിപ്പിച്ചിരിക്കുന്നു. എന്താണെന്ന്‌ ചോദിച്ചപ്പോഴാണ്‌ അയാള്‍ സംഗതി വെളിപ്പെടുത്തിയത്‌. ഈ മുറി നേരത്തെ കക്കൂസ്‌ കം കുളിമുറിയായിരുന്നു. ഇരുന്ന്‌ കാര്യം സാധിക്കുന്ന ക്ലോസറ്റാണവിടെ. അത്‌ മറയ്‌ക്കാനാണ്‌ പ്ലൈവുഡ്‌ പതിപ്പിച്ചിരിക്കുന്നത്‌. മുകളില്‍ സിംഗിള്‍ കട്ടിലിട്ടാന്‍ എല്ലാം ഓക്കെയാണെന്ന സൂത്രവും അയാള്‍ പറഞ്ഞുതന്നു. ഇനി താമസക്കാര്‍ ആരെങ്കിലും പെട്ടെന്ന്‌ മാറിപ്പോയാല്‍ മറ്റാര്‍ക്കെങ്കിലും കക്കൂസ്‌ കം കുളിമുറിയായി തന്നെ ഉപയോഗിക്കാമല്ലോ എന്ന ചിന്തയാണയാള്‍ക്ക്‌-ഐഡിയ ഈസ്‌ ഗുഡ്‌....
സംഭവം ഉഗ്രന്‍ വാര്‍ത്തയാണെന്ന്‌ കണ്ടപ്പോള്‍, നന്നായി എന്ന്‌ പറഞ്ഞു മറ്റെന്തൊക്കെ വിസ്‌മയങ്ങളാണ്‌ അവിടെ നടന്നിട്ടുള്ളതെന്ന്‌ നിരീക്ഷിച്ചു. നാല്‌ കുടുംബങ്ങള്‍ക്കായി രണ്ട്‌ ചെറിയ കക്കൂസ്‌ കം കുളിമുറി പുറത്ത്‌. അത്‌ പോട്ടെ. മുറ്റത്ത്‌ പ്രത്യേകം തയ്യാറാക്കിയ പബ്ലിക്‌ ടെലിഫോണ്‍ ബൂത്തെന്താണ്‌?
സുഹൃത്തെ, അത്‌ ടെലിഫോണ്‍ ബുത്തോ, കീത്തോ ഒന്നുമല്ല. അതാണ്‌ `കിച്ചന്‍'. ഞാന്‍ ഞെട്ടിപ്പോയി!. പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍ ഫോണ്‍ വിളിക്കാനുള്ള രഹസ്യ അറയുടെ അത്രേം പോന്നതാണ്‌ ആ `അത്യാധുനിക വില്ലാ കിച്ചന്‍'. ഒരാള്‍ക്ക്‌ നിന്ന്‌ തിരിയാന്‍ മാത്രം ഇടമുള്ള ഇവിടെ എങ്ങനെ പാചകം ചെയ്യുമെന്നൊന്നും ആ `മലബാരി' ഇടനിലക്കാരനോട്‌ ചോദിക്കാന്‍ നിന്നില്ല. കൊള്ളാം, നന്നായിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ്‌ കുറെ ചിത്രം പകര്‍ത്തി സ്ഥലം കാലിയാക്കി. അന്ന്‌ വൈകുവോളം ആ പ്രദേശത്ത്‌ താമസ ഇടങ്ങള്‍ക്കായി കറങ്ങിയപ്പോള്‍ ഇതുപോലെ കൗതുകകരമായ കാഴ്‌ചകള്‍ പലതും കണ്ടു. മലയാളി-ബംഗാളി അവിശുദ്ധ കൂട്ടുകെട്ടാണ്‌ ഈ വില്ലാ മാഫിയക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. പിറ്റേന്ന്‌ അവയൊക്കെയും വാര്‍ത്തയായപ്പോള്‍ പരിധിവിട്ട പ്രതിഷേധവുമായി രംഗത്തെത്തിയതും ചില മലയാളികള്‍ തന്നെ.
ദുബൈ നഗരസഭയുടെ `ഒരു വില്ലയില്‍ ഒരു കുടുംബം' എന്ന കാമ്പയിനെക്കുറിച്ച്‌ വന്ന വാര്‍ത്തകളും അതിന്‌ നഗരസഭ അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ്‌ ഇക്കാര്യങ്ങള്‍ ഇവിടെയിപ്പോള്‍ പങ്കുവെയ്‌ക്കാന്‍ കാരണം. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി നഗരസഭ ഇത്തരത്തില്‍ വില്ലകള്‍ക്കെതിരെ ഒഴിപ്പിക്കല്‍ നടപടിയുമായി രംഗത്തെത്തിയപ്പോള്‍ അത്‌ ഏറ്റവും കൂടുതല്‍ ബാധിച്ചതും മലയാളികളെത്തന്നെയാണ്‌. കുടുംബത്തോടൊപ്പം ഒന്നിച്ച്‌ കഴിയുക എന്നത്‌, പ്രാരാബ്‌ധങ്ങളുടെ ഭാണ്‌ഡവും ചുമന്ന്‌ യൗവനത്തില്‍ ഇവിടെയെത്തി അകാല വാര്‍ധക്യം ബാധിച്ച്‌ അവശനാകുമ്പോള്‍ തിരിച്ചുപോകുന്ന ഏതൊരു മലയാളിയുടെയും വലിയ ആഗ്രഹമാണ്‌. എന്നാല്‍, ചുരുക്കം ചിലര്‍ക്ക്‌ മാത്രമെ ഇത്‌ സാധ്യമാകുന്നുള്ളൂ. `ബുര്‍ജ്‌ ദുബൈ'യെ പോലെ അനുദിനം കുതിക്കുന്ന കെട്ടിട വാടകയാണ്‌ പലര്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിന്‌ തടസ്സമാകുന്നത്‌. കുറഞ്ഞ നിരക്കിന്‌ തലചായ്‌ക്കാനൊരിടം അന്വേഷിച്ചുള്ള പരക്കം പാച്ചിലില്‍ പലരും ചെന്ന്‌ വീഴുന്നത്‌ വായും പിളര്‍ന്ന്‌ നില്‍ക്കുന്ന മലബാരി `കത്തി'കളുടെ അടുത്ത്‌ തന്നെ. പ്ലൈവുഡും കാര്‍ഡ്‌ ബോര്‍ഡുമടിച്ച്‌ ഒപ്പിക്കുന്ന `അത്ഭുത കൂടു'കളില്‍ തിങ്ങി നിരങ്ങി കഴിയാന്‍ വിധിക്കപ്പെട്ട രണ്ടും മൂന്നും കുട്ടികളടങ്ങുന്ന കുടുംബം ശരിക്കും ഗ്വാണ്ടനാമോ തടവറകളുടെ പ്രതീതിയാണ്‌ ജനിപ്പിക്കുന്നത്‌. ബാച്ചിലേഴ്‌സിന്റെ താമസ സ്ഥലങ്ങളാണ്‌ ആദ്യം ഇത്തരത്തില്‍ ഒന്നില്‍ പലത്‌ ആയിത്തീര്‍ന്നത്‌. അത്‌ ദുരന്തങ്ങള്‍ക്ക്‌ വഴിമരുന്നിട്ടു. ദേര നായിഫിലും മറ്റ്‌ പലയിടങ്ങളിലുമുണ്ടായ ദുരന്തം ഇതിനോട്‌ കൂട്ടിവായിക്കാം. (നായിഫ്‌ വില്ല ഒപ്പിച്ച്‌ കീശ വീര്‍പ്പിച്ചതും ഒരു മലയാളിയായിരുന്നു). ഇതോടെയാണ്‌ നഗരസഭ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതും ഞെട്ടിക്കുന്ന വിവരങ്ങള്‍ തിരിച്ചറിഞ്ഞതും. ആദ്യം ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ച നഗരസഭ പിന്നീട്‌ ഇത്തരത്തില്‍ താമസിക്കുന്ന കുടുംബങ്ങളെയും നോട്ടമിട്ടു. ഇതോടെ, വഴിയാധാരമായത്‌ അമിതമായ അംഗങ്ങളില്ലാതെ വില്ലകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളാണ്‌. അതിനാല്‍, ഏത്‌ വിധേനയും പണമുണ്ടാക്കാനുള്ള, ഭൂരിഭാഗം മലയാളികളടങ്ങുന്ന ചിലരുടെ അത്യാര്‍ത്തിക്കു മുമ്പില്‍ ബലിയാടായത്‌ നമ്മള്‍ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, നാം കുഴിച്ച കുഴിയില്‍ നാം തന്നെ വീണു.
@@

`ഇന്നെത്ര ഗോളടിച്ചു?'തണുപ്പകറ്റാന്‍ ഇംഗ്ലണ്ടിലെ ചില കിറുക്കന്മാര്‍ കണ്ടുപിടിച്ചതെന്ന്‌ പറയുന്ന ക്രിക്കറ്റ്‌ നമ്മുടെ ദേശീയ കായികവിനോദമായി കൊണ്ടാപ്പെടുന്ന കാലത്ത്‌, ഫുട്‌ബോളിനേക്കാള്‍ വര്‍ഗീയ ലഹളയുടെ കാലത്താണ്‌ നമ്മള്‍ ഈ വാക്ക്‌ കൂടുതല്‍ കേട്ടത്‌. ആഗോള സാമ്പത്തിക മാന്ദ്യം എന്ന ചെകുത്താന്‍ യുഎഇ.യിലുള്ള നമ്മുടെ പ്രിയപ്പെട്ട പലരേയും വഴിയാധാരമാക്കി. നിത്യേന നാം കേള്‍ക്കുന്ന വാര്‍ത്തകളൊന്നും ശുഭകരമല്ല. ആ കമ്പനിയില്‍ നിന്ന്‌ ഇന്നിത്ര പേരെ പിരിച്ചുവിട്ടു, മറ്റേ കമ്പനിയില്‍ നിന്ന്‌ ഇത്രപേരോട്‌ അവധിയില്‍ പോകാന്‍ പറഞ്ഞു തുടങ്ങിയ വിശേഷങ്ങളാണ്‌ ഇത്തിരി ഖേദത്തോടെ പലരും കൈമാറുന്നത്‌. ബാങ്ക്‌ ലോണ്‍ കിട്ടാതായതോടെ പ്രതിസന്ധിയിലായ വന്‍കിട കമ്പനികളോടൊപ്പം മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ചെറുകിട കമ്പനികളിലും പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നു. പല കമ്പനികളും തങ്ങളുടെ ജീവനക്കാരെ ഒഴിവാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട്‌ സ്വദേശിയുടെ കമ്പനിയില്‍ നിന്ന്‌ 5,000 തൊഴിലാളികളെ(ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ ഒരു ജില്ലയില്‍ നിന്നുള്ളവരത്രെ!) നാട്ടിലേക്ക്‌ പറഞ്ഞയച്ചിരിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയാണ്‌ ഇതില്‍ ഏറ്റവും പുതിയത്‌.
എന്തിനെയും ക്രൂരമായ തമാശ കലര്‍ത്തി നോക്കിക്കാണാന്‍ മിടുക്കരായ മലയാളികള്‍ മരുഭൂമിയേക്കാളം പൊള്ളുന്ന ഈ വിഷയത്തിലും `കോഡു ഭാഷ'യുപയോഗിച്ചു തുടങ്ങി: ``ഇന്നെത്ര ഗോളടിച്ചു?''
@@

വാല്‍ശല്യം:
യുഎഇയില്‍ പതിറ്റാണ്ടുകളുടെ ജീവിത പരിചയമുള്ള സുഹൃത്ത്‌ ഏറാമലയാണ്‌ കൗതുകകരവും ഖേദകരവുമായ ഈ വിഷയത്തിലേക്ക്‌ ശ്രദ്ധ പതിപ്പിച്ചത്‌. ദുബൈയിലെ ചുമരുകളിലും മറ്റും പതിക്കുന്ന `ബെഡ്‌ സ്‌പേസ്‌ അവെയ്‌ലബിള്‍' എന്ന പരസ്യത്തില്‍ പണ്ടൊക്കെ എഴുതിയിരുന്നത്‌ `ഇന്ത്യക്കാര്‍ക്ക്‌ ബെഡ്‌ സ്‌പേസ്‌ ഒഴിവുണ്ട്‌' എന്നായിരുന്നു. പിന്നീടത്‌, `മലയാളികള്‍ക്ക്‌' എന്നായി. എന്നാലിപ്പോള്‍ ഇത്തിരി കൂടി കടന്ന്‌, `മുസ്‌ലിംകള്‍ക്ക്‌ ബെഡ്‌ സ്‌പേസ്‌ ഒഴിവുണ്ട്‌' എന്നായിരിക്കുന്നു!!.

9 അഭിപ്രായങ്ങൾ:

Joy Mathew പറഞ്ഞു...

മുസ്ലിമിന്ന് മാത്രമല്ല,ഹിന്ദു,ക്രിസ്റ്റിന്‍,തുടങി നിരവധിയുണ്ട്.ഇതില്‍ ഞാനെവിടെയാണ്‍ ഇടം കണ്ടെത്തുക സാദിക്കേ ?

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ദുബൈ ഒരു വിസ്‌മയ ലോകമാണിന്ന്‌..
`മുസ്‌ലിംകള്‍ക്ക്‌ ബെഡ്‌ സ്‌പേസ്‌ ഒഴിവുണ്ട്‌' !!
മനുഷ്യന് എന്നാണു ഒരു ബെഡ് സ്പെയ്സ് കിട്ടുക...! ?
വളരെ നല്ല പോസ്റ്റ്.. യഥാര്‍ത്ഥ ചിത്രം... !!
ആശംസകള്‍.,,,

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

എട്ടു വര്‍ഷമായി ഈയുള്ളവന്‍ കണ്ടും അനുഭവിച്ചും അറിയുന്ന കാര്യങ്ങള്‍..
നന്നായി ഇങ്ങനെ തുറന്നെഴുതിയത്...
കുറച്ചുകൂടി വിശദമാക്കി ഞാനൊരു പോസ്റ്റിടുന്നുണ്ട്....

sHihab mOgraL പറഞ്ഞു...

വിശാലമായിരുന്ന മുറികള്‍ മുറികളാല്‍ മുറിപ്പെട്ടതു പോലെ തന്നെ
മനുഷ്യന്റെ ഹൃദയ വിശാലതയും മുറിപ്പെട്ടിരിക്കുന്നു. ഉണങ്ങാത്ത വ്രണങ്ങള്‍..
ഈ പരിച്ഛേദിക്കപ്പെട്ട ജീവിത ശൈലി മനുഷ്യന്റെ സ്വഭാവത്തെയും മനസിനെയും എങ്ങനെ മാറ്റി മറിക്കുന്നു എന്നു ഗൗരവമായി ആലോചിച്ചാല്‍ സാദിഖ് സൂചിപ്പിച്ച ബെഡ് സ്പേസ് നോട്ടീസിലേക്ക് എത്താതിരിക്കില്ല....

ഓ ടോ: വേഡ് വെരി ഓഫ് ചെയ്തു കൂടേ...?

chithrakaran ചിത്രകാരന്‍ പറഞ്ഞു...

വളരെ നല്ല വിവരണം.
മലയാളിയുടെ ദുബായ് സ്വര്‍ഗ്ഗത്തിന്റെ അസ്സല്‍ ചിത്രം.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

I am not from UAE. but I understands the reality in this post. The agents (mostly keralites) are really creating the problems every where. Very good post.

Anil cheleri kumaran പറഞ്ഞു...

ഇത്രയൊക്കെ കഷ്ടപ്പാടുകളുണ്ട് അവിടെ അല്ലേ.

പ്രിയദത്ത പറഞ്ഞു...

well said!!!!

ശ്രീ പറഞ്ഞു...

ഒരു നെടുവീര്‍പ്പ് മാത്രം!



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍