2009, സെപ്റ്റംബർ 27, ഞായറാഴ്‌ച
ഇന്ത്യ-പാക് യുദ്ധം കാണുമ്പോള്‍ സംഭവിക്കുന്നത്...
ഇതുപോലൊരു നയനാനന്ദകരമായ കാഴ്ച ദുനിയാവില്‍ മറ്റൊരിടത്തും കാണാനാവില്ല. ഇന്ത്യയിലെ ഹൈദരാബാദ് സ്വദേശി അബ്ദുല്‍ ഹഖും പാക്കിസ്ഥാന്‍ പെഷവാറില്‍ നിന്നുള്ള മുഹമ്മദ് ഹാനിയും തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നു. വീക്ഷിക്കുന്നു എന്ന് പത്രഭാഷയില്‍ അലക്ഷ്യമായി പറഞ്ഞാല്‍ പോരാ. ആസ്വദിക്കുന്നു എന്ന് തന്നെ പറയണം. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ഈ അപൂര്‍വ കാഴ്ച കാണാം. പ്രത്യേകിച്ച് ദുബൈയിലും ഷാര്‍ജയിലും.
പക്ഷെ, ഇവിടെയിതില്‍ ആര്‍ക്കും അപൂര്‍വതയൊന്നും പറയാനുണ്ടാവില്ല. വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണിത.് അയല്‍രാജ്യക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നയതന്ത്രകാര്യങ്ങളില്‍ ഒന്നും രണ്ടും പറഞ്ഞ് എപ്പോഴും കൊമ്പുകോര്‍ക്കുമ്പോള്‍ ഗള്‍ഫില്‍ ഇരു രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ ഒരുമയോടെ, ഒരേ ഓഫീസില്‍ മുഖത്തോട് മുഖം ചേര്‍ത്ത് ജോലി ചെയ്യുന്നു. ഒരേ മുറിയില്‍ ബെഡ് സ്പേസ് പങ്കിട്ട് പ്രതീക്ഷകള്‍ കൈമാറി വസിക്കുന്നു. അയല്‍ ഫ്ളാറ്റിലെ പാക് കുടുംബത്തിന് ഇന്ത്യന്‍ കുടുംബം ഓണത്തിനും ദസറക്കും പാല്‍പായസം വിതരണം ചെയ്യുമ്പോള്‍ പാക് ദേശീയ ദിനത്തില്‍ തിരിച്ചും അവരുടെ സ്വന്തം വിഭവങ്ങള്‍ കൈമാറുന്നു... ക്രിക്കറ്റിന് മാത്രമല്ല, അല്ലാത്തയിടങ്ങളിലും ഇത്തരം അപൂര്‍വത കാണാമെന്ന് സാരം.
നമുക്ക് തത്കാലം ക്രിക്കറ്റിലേക്ക് തന്നെ തിരിച്ചുവരാം. ഇന്ത്യാ-പാക് ചാമ്പ്യന്‍സ് ട്രോഫി ഏകദിനത്തിലും ഇരു രാജ്യത്തെയും സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്ന പ്രവാസി പ്രജകള്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്നും ഇരുന്നും കളി കണ്ടു. നിന്നും ഇരുന്നും പ്രത്യേകിച്ച് പറയാന്‍ കാരണമുണ്ട്. താമസ സ്ഥലങ്ങളില്‍ കളി കാണാന്‍ അവസരമില്ലാത്തവര്‍ ദുബൈയിലെയും ഷാര്‍ജയിലേയുമൊക്കെ ഇലക്ട്രോണിക്സ് കടകളില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് കാണുക. അവിടെ ഇരിക്കാന്‍ വഴിയില്ല. നിന്നുവേണം കാണാന്‍. കടക്കാരന്റെ ഔദാര്യം സ്വീകരിച്ച് പതുങ്ങി ഒതുങ്ങി നിന്നുകൊണ്ട് കളി കണ്ടോളണം. ഇവിടെയാണ് ഇന്ത്യ-പാക് ഭായി ഭായി കൂടുതല്‍ പ്രകടമാകുന്നത്. രണ്ടു പേരും കളി കാണുന്നത് ഓസിന്. അപ്പോള്‍ എവിടെ തമ്മില്‍ പിണങ്ങാന്‍ നേരം. മാത്രമല്ല, ഇത്തരം വേദികളില്‍ മികച്ച ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതും കാണാന്‍ സാധിക്കുന്നു. അതായത്, യൂസുഫ് പത്താന്‍ പതിവുപോലെ വന്നു, ബാറ്റ് വീശി, മടങ്ങി... ഇന്ത്യക്കാരന്‍ ഷിറ്റ് എന്ന് പറഞ്ഞു നിരാശനാകുന്നു. പത്താന്‍ തീരെ ഫോമിലില്ല എന്ന് പറഞ്ഞ് തൊട്ടടുത്ത് നില്‍ക്കുന്ന പാക്കിസ്ഥാനി യുവാവ് നിരാശാബാധിതനായ ഇന്ത്യക്കാരനെ സാന്ത്വനിപ്പിക്കുന്നത് പതിവുകാഴ്ച. തൊട്ടടുത്ത ഓവറില്‍ ദ്രാവിഡ് തുടര്‍ച്ചയായി മൂന്ന് ഫോറടിച്ചു എന്നിരിക്കട്ടെ(ശ്രീനിവാസന്‍ സ്റൈലില്‍ പറഞ്ഞാല്‍, നടക്കാത്ത സുന്ദരമായ സ്വപ്നം), പാക്കിസ്ഥാനി യുവാവിന്റെ മുഖത്തെ മ്ളാനത കണ്ട് ഇന്ത്യക്കാരന്‍ അമിത ആഹ്ളാദം പ്രകടിപ്പിക്കാതെ ആത്മസംയമനം പാലിക്കുന്നു.
ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവര്‍ പോലും ക്രിക്കറ്റിനെ ജീവ വായുവായി കരുതുന്നത് കാണാമിവിടെ. ംഗ്ളാദേശികളും ശ്രീലങ്കന്‍സും കെനിയക്കാരും ക്രിക്കറ്റുള്ള യൂറോപ്പുകാരുമൊക്കെ യുഎഇയില്‍ ഉണ്ടെങ്കിലും ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് തന്നെ ശക്തമായ മരുക്കാറ്റിനെ പോലും അവഗണിക്കുന്ന ആവേശം. ഒരു കാലത്ത് കേളികേട്ട ഷാര്‍ജ ക്രിക്കറ്റ് കപ്പിലെ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചില മകിച്ച മത്സരങ്ങള്‍ക്ക് ഇപ്പോള്‍ അന്യം നിന്നുപോയ ഷാര്‍ജ ക്രിക്കറ്റ് സ്റേഡിയം സാക്ഷിയായിട്ടുണ്ട്. പിന്നീട് അടുത്തകാലത്ത് അബുദാബിയില്‍ ശൈഖ് സായിദ് സ്റേഡിയവും ലോകത്തെ മറ്റൊരു വിസ്മയമായ ദു സ്പോര്‍ട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റേഡിയവും ക്രിക്കറ്റിനെ പുണരുന്നു. ഇവിടേക്ക് കനത്ത ചൂടിനെ വകഞ്ഞുമാറ്റി ജനം പ്രവഹിക്കണമെങ്കില്‍ ഇന്ത്യ-പാക് മത്സരം തന്നെ വേണമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൈഖ് സായിദ് സ്റേഡിയത്തില്‍ രണ്ട് സൌഹൃദ മത്സരങ്ങള്‍ കഴിഞ്ഞതില്‍ പിന്നെ ഇരു ടീമുകളേയും കൂട്ടിക്കെട്ടാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ലോക ക്രിക്കറ്റിന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന രാജ്യത്തിന് അതി വിദൂരമല്ലാത്ത ഭാവിയില്‍ അതിന് സാധിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ ഉറച്ച വിശ്വാസം.
ഏതായാലും ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരാനന്തരം വിദ്വേഷമോ പകയോ അല്ല നിലനില്‍ക്കുന്നത്്. ക്രിക്കറ്റിന് ശത്രുതയുടേയും വിദ്വേഷത്തിന്റെയും അതിര്‍ത്തി രേഖകള്‍ മായ്ച്ചുകളയാനാകുമെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണിവിടെ.
2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച
എലിമിനേഷന്‍ റൗണ്ട്
കഥ
കാര്‍ ട്രാഫിക് ജാമില്‍ പെട്ടപ്പോള്‍ അയാള്‍ വളരെ അക്ഷമനായി. പലപ്രാവശ്യം സ്റ്റിയറിംഗില്‍ മുഷ്‌ടികള്‍ ചുരുട്ടി ശക്തമായ ഇടിച്ചു. ഒടുവില്‍ അതിന് ആക്കം കൂടിയപ്പോള്‍ ആ പഴയ മാരുതി 800 ഒന്ന് കുലുങ്ങി.
എന്നും സ്വപ്‌നത്തില്‍ പറന്നുവരാറുള്ള കടും ചെമപ്പ് നിറമുള്ള പൂമ്പാറ്റയെ ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി അപ്പോള്‍. കാര്‍ കുലുങ്ങിയ നേരം അവള്‍ ചെറുതായൊന്ന് ഞെട്ടി.
പപ്പ എന്തിനാണ് ഇത്രമാത്രം അസ്വസ്ഥനാകുന്നത്? -അവള്‍ അയാളെ ഇമവെട്ടാതെ അല്‌പനേരം നോക്കി.
കോളജ് അധ്യാപകനായ പപ്പയെ സാധാരണ വളരെ സൗമ്യനായാണ് കാണാറുള്ളത്. മുമ്പ് നിരവധി തവണ ഇത്തരത്തില്‍ ട്രാഫിക് ജാമില്‍പ്പെട്ടപ്പോഴൊന്നും കാണാത്ത അസഹിഷ്‌ണുതയാണ് പപ്പക്കിപ്പോഴെന്ന് അവളോര്‍ത്തു.
പാവം പപ്പ...
അവള്‍ അയാളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു. ശീതീകരിച്ചിട്ടില്ലാത്ത കാറായതിനാല്‍ ചെറുതായി ഉഷ്‌ണം തോന്നിയപ്പോള്‍ അവള്‍ കാറിന്റെ വെന്റിലേറ്ററുകള്‍ തുറന്നിട്ടു. വെറുതെ പുറത്തേക്ക് നോക്കി. പ്രതീക്ഷകള്‍ പോലെ അനുനിമിഷം പിന്നിലേക്ക് ഓടി മറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളും... തെരുവോരത്തെ കുടിലുകളില്‍ അച്ഛനുമമ്മയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കൊച്ചുകുടുംബം സന്തോഷത്തോടെ ഇരിക്കുന്നത് അപ്പോഴവള്‍ കണ്ടു.
പെട്ടെന്ന് കാറിനകത്തേക്ക് എവിടെ നിന്നോ അവളുടെ സ്വപ്‌നത്തിലെ പൂമ്പാറ്റ കടും ചെമന്ന ചിറകുകള്‍ വിടര്‍ത്തി പറന്നെത്തി. അതവളുടെ മുഖത്ത് നനുനനുത്ത ഒരു സ്‌പര്‍ശം സമ്മാനിച്ച് പെട്ടെന്നത് പ്രത്യക്ഷമായി. ഒരു നിമിഷം അവള്‍ കോരിത്തരിച്ചു.
അനന്തരം അവളുടെ ചിന്ത മമ്മയേയും കൊച്ചനുജനേയുംക്കുറിച്ചായി. മമ്മയ്‌ക്കായിരുന്നു താനൊരു വലിയ ഗായികയായി കാണണമെന്ന് ഏറെ ആഗ്രഹം.. ചെറുപ്പത്തില്‍ പാട്ടുപഠിക്കണമെന്ന മമ്മയുടെ മോഹം മുത്തച്ഛന്‍ സാധിച്ചുകൊടുത്തില്ലത്രെ. പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നായിരുന്നുവത്രെ യാഥാസ്ഥിതികനായ മുത്തച്ഛന്റെ നിര്‍ദേശം.
ഏറെനേരമായി മകളൊന്നും മിണ്ടാത്തപ്പോള്‍ അയാള്‍ അവളെ നോക്കി. അവള്‍ എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നത് അയാള്‍ കണ്ടു.
``ഞാന്‍ പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ മോളേ..''-അയാള്‍ വീണ്ടും ചോദിച്ചു.
അവള്‍ വെറുതെ തലയാട്ടി.
``വല്യ വല്യ ആള്‍ക്കാരാണ്.. അതറിഞ്ഞു വേണം പെരുമാറാന്‍... മുഷിപ്പൊന്നും പ്രകടിപ്പിക്കരുത്..''
അപ്പോഴും അവള്‍ ഒന്നും മിണ്ടിയില്ല. ഒരു തരം നിസംഗ ഭാവമായിരുന്നു പെണ്‍കുട്ടിക്ക്.
ഒരേ കാര്യങ്ങള്‍ തന്നെ എത്രയാവര്‍ത്തിയാണ് ഈ പപ്പ പറയുന്നത് എന്നാണവള്‍ ചിന്തിച്ചത്. പപ്പ ചിലപ്പോള്‍ ഒരു അധ്യാപകനെപ്പോലെ സംസാരിക്കുന്നു. പെട്ടെന്ന് ആ വാക്കുകള്‍ക്ക് തത്ത്വജ്‌ഞാനിയുടെ സ്വരം കൈവരുന്നു. പക്ഷെ, എന്തു പറയുമ്പോഴും പപ്പയുടെ മുഖം വല്ലാതെ വികസിക്കുന്നത് അവള്‍ ശ്രദ്ധിച്ചു. തനിക്ക് സാധിക്കാത്തതെല്ലാം മകളെക്കൊണ്ട് സാധിച്ചെടുക്കണമെന്ന അദമ്യമായ ആഗ്രഹമായിരിക്കുമോ ഇതിന് പിന്നില്‍? അതായിരിക്കാന്‍ വഴിയേയില്ല. കാരണം, തോമസുകുട്ടി ആദ്യമായി പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ പപ്പ അത്രയധികം എതിര്‍ത്തതാണ്. തനിക്കെതിരെ കേസു കൊടുക്കുമെന്ന് പോലും അയാളോട് പപ്പ പറഞ്ഞു. മമ്മയാണ് അതൊന്നും അത്ര പ്രശ്‌നമല്ലെന്ന് പറഞ്ഞ് പപ്പയെ വഴിക്കു കൊണ്ടുവന്നത്. മമ്മക്ക് ചൂണ്ടിക്കാട്ടാന്‍ എത്രയോ വലിയ വലിയ പാട്ടുകാരുണ്ടായിരുന്നു. ഒടുവില്‍ അര്‍ധമനസ്സോടെയായിരുന്നു പപ്പ സമ്മതിച്ചത്.
അയാള്‍ പറയുന്നതിനെല്ലാം `ഉം ഉം...' എന്ന് മാത്രം ഉത്തരം നല്‍കി പെണ്‍കുട്ടി അകലേക്ക് നോക്കിയിരുന്നു. ഇടയ്‌ക്ക് ഇടങ്കണ്ണിട്ട് നോക്കുേമ്പോള്‍, അയാള്‍ ഡ്രൈവ് ചെയ്യുമ്പോഴും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. സ്റ്റിയറിംഗില്‍ കൈപ്പത്തിയമര്‍ത്തി കൈവിരലുകളുടെ ഞൊട്ട് ഒടിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യാത്ര ആരംഭിച്ച് ഇരുപത് മിനിട്ടെങ്കിലും ആയിക്കാണും. അപ്പോള്‍ മുതല്‍ പപ്പ ഇത് പറയാന്‍ തുടങ്ങിയതാണ്. എങ്കിലും ഉപദേശത്തിന്റെ വിരസത അവള്‍ മുഖത്ത് പോലും പ്രകടിപ്പിച്ചില്ല.
``ഇത് വെറുമൊരു ഷോയല്ല, റിയാലിറ്റിയാണ്, യാഥാര്‍ത്ഥ്യമാണ്; ജീവിതമാണ്...''-ചാനലിലെ പരസ്യംപറച്ചിലുകാരന്റെ സ്വരത്തില്‍ അയാള്‍ പിന്നേയും പറഞ്ഞുകൊണ്ടിന്നു.
കാര്‍ നഗരത്തിലെ പേരുകേട്ട പഞ്ച നക്ഷത്ര ഹോട്ടലിന് മുന്നില്‍ ചെന്നു നിന്നപ്പോള്‍ അവിടെ ചിരിച്ചു കൊണ്ട് തോമസുകുട്ടി നില്‍ക്കുന്നുണ്ടായിരുന്നു. തന്റെ ഒരു പ്രയത്‌നം കൂടി വിജയം കണ്ടതില്‍ അയാള്‍ ഏറെ സന്തോഷിച്ചു. അവരെ ചിരിച്ചു കൊണ്ട് തോമസുകുട്ടി സ്വീകരിച്ചു.
തോമസുകുട്ടി കാറിന്റെ ഡോര്‍ തുറന്നുകൊടുത്തപ്പോള്‍ പെണ്‍കുട്ടി പുറത്തിറങ്ങി. ഒരു മാലാഖ വന്നിറങ്ങുന്നത് പോലെയാണ് തോമസുകുട്ടിക്കപ്പോള്‍ തോന്നിയത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും സുന്ദരി തന്നെയാണിവള്‍-അയാളുടെ മനം മന്ത്രിച്ചു.
പപ്പ കാറില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടി മുന്നിലൂടെ കടന്നുചെന്ന് തൊട്ടടുത്ത് നിന്നു. സൈഡ് ഗ്ലാസ്സിലൂടെ അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. കണ്ണുകള്‍ നിറഞ്ഞതിനാല്‍ അയാള്‍ക്ക് മകളുടെ മുഖത്തെ ഭാവം തിരിച്ചറിയാനായില്ല. ലോകത്ത് ഒരു പിതാവിനും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് അപ്പോള്‍ അയാള്‍ മൗനമായി പ്രാര്‍ത്ഥിച്ചു.
ഹോട്ടലിന്റെ ഗ്രാനൈറ്റ് പാകിയ നടകള്‍ കയറുമ്പോള്‍ അവളുടെ ഉള്ളാകെ ചുടുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ വ്യാപൃതരാണെങ്കിലും, ഹോട്ടലിലുള്ളവരൊക്കെ തന്നെത്തന്നെ ഉറ്റു നോക്കുന്നതായി പെണ്‍കുട്ടിക്ക് തോന്നി.
ലിഫ്‌റ്റിലൂടെ നാലാം നിലയിലേക്ക് കയറിപ്പോകുമ്പോള്‍ അറുക്കാന്‍ കൊണ്ടുപോകുന്ന മാടിനെപ്പോലെയായിരുന്നു അവള്‍. എന്നാല്‍ തോമസുകുട്ടി മറ്റെന്തോ ചിന്തിച്ചുകൊണ്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ വിട്ട് പെരുമാറാമായിരുന്നെങ്കിലും അയാള്‍ തന്നെ അശ്ലീലമായി ഒന്നു നോക്കുന്നത് പോലുമില്ലെന്ന് അവളോര്‍ത്തു, ഉള്ളാലെ ആശ്വസിച്ചു.
ഒരു പഞ്ഞിക്കെട്ടിന്മേലിരുന്ന് പറന്നുപോകുന്നത് പോലെയുള്ള അനുഭവമായിരുന്നു ലിഫ്‌റ്റില്‍. ഏതോ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ അവരിറങ്ങി. വരാന്തകള്‍ തികഞ്ഞ നിശ്ശബ്‌ദതയിലാണെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് ഏറെ സമാധാനം തോന്നി.
പുരാണത്തിലെ ഏതോ മനോഹരമായ പ്രണയരംഗം കൊത്തിവെച്ച വാതിലുള്ള ഒരു മുറിയുടെ മുന്നിലെത്തിയപ്പോള്‍ അയാള്‍ കാളിംഗ് ബെല്ലടിച്ചു.
വാതില്‍ തുറന്നയാളുടെ മുഖത്ത് അതിഭയങ്കരമായ ആശ്ചര്യം ഉയരുന്നത് പെണ്‍കുട്ടി കണ്ടു. തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കാതെ അയാള്‍ ഉറക്കെ പറഞ്ഞു പോയി:
``ഗുലാബീ.. യൂ...!!''
പെണ്‍കുട്ടി അപ്പോഴൊന്ന് ചൂളി.
അയളുടെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു.
താന്‍ സ്വപ്‌നം കാണുന്നതാണോ എന്ന് അയാള്‍ക്ക് തോന്നി.
``സാറെ, റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ആരെയാണ് സാറിന് വേണ്ടത് സാറേ.., ഈ തോമസ് കുട്ടി ദാ, ഇങ്ങനെ പൂ.. പൂ പോലെ കൊണ്ടുവരും സാറേ.. ''-അയാള്‍ തോമസുകുട്ടിയുടെ വാക്കുകളോര്‍ത്തു.
``ഓഹോ, അത്രയ്‌ക്ക് മിടുക്കനാണോ നീ.. എങ്കീ ശരി...''
അയാള്‍ ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം ചോദിച്ചു:
``ആരാ ഇപ്പോ നടക്കുന്ന റിയാലിറ്റി ഷോയിലെ ഏറ്റവും സുന്ദരി...?''
തോമസ് കുട്ടിയുടെ ചുണ്ടിലേക്ക് മനസ്സിന്റെ അതിനിഗൂഢതയില്‍ നിന്ന് ഒരു പുഞ്ചിരി കയറി വന്ന് ഓക്കാനിച്ചു. എങ്കിലും അത് മറച്ചുകൊണ്ട് അയാള്‍ പറഞ്ഞു:
``എല്ലാം ഒന്നിനൊന്നു മെച്ചമാ സാറേ... ചിലര്‍ നന്നായി പാടും സാറേ.... ചിലര്‍ ഡാന്‍സ് ചെയ്യും...സാറേ... എന്നാല്‍ എല്ലാം ഒത്തു ചേര്‍ന്ന ബൂലോഗ സുന്ദരിക്കോത ഒരാളേയുള്ളൂ സാറേ...അത് നമ്മുടെ ഗുലാബിയാ സാറേ...''
അയാളുടെ മുഖം വികസിക്കുന്നത് കണ്ട് തോമസ്‌കുട്ടി ഒന്നുകൂടു ചേര്‍ത്തു പറഞ്ഞു:
''ഇത് നമ്മുടെ റിയാലിറ്റി ഷോയിലെ കാര്യം മാത്രമല്ല സാറേ... ഈ തോമസുകുട്ടീടെ കണ്ണില്‍ മറ്റെല്ലാ ചാനലിനേക്കാളും കേമത്തിയാ പുള്ളിക്കാരി, സാറേ...''
അതെ, ആ ഗുലാബിയാണ് മുന്നില്‍ നില്‍ക്കുന്നത്..!.
പാട്ടിനേക്കാളും അവളുടെ ശരീര വടിവാണ് പ്രേക്ഷകരെ ഇളക്കി മറിക്കുന്നത്. ഗുലാബിയുടെ പ്രകടനമുള്ള ദിവസങ്ങളിലെ ചാനല്‍ റേറ്റിംഗ് അതാണ് സൂചിപ്പിക്കുന്നത്. ഗുലാബിയെ കാണാന്‍ നല്ല ചന്തമുണ്ടെന്ന് അത്ര പെട്ടെന്ന് ആരെക്കുറിച്ചും നല്ല അഭിപ്രായം പറയാത്ത തന്റെ ശ്രീമതിയും റിയാലിറ്റി ഷോയുടെ ആദ്യ ഘട്ടത്തില്‍ പറയുന്നത് കേട്ടിരുന്നു.
ഇതേതുടര്‍ന്നാണ് എത്ര തിരക്കുണ്ടെങ്കിലും അയാള്‍ ഗുലാബിയുടെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
പിന്നീടൊരിക്കല്‍ സിലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്ത യുവനടന്‍ അവളോട് ആവേശം ഇത്തിരി കൂടുതല്‍ കാട്ടുന്നതും കൊഞ്ചുന്നതും കണ്ടപ്പോള്‍ ദേഷ്യം തോന്നി അവനെ മേലില്‍ ചാനലിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് പ്രോഗ്രാം ഡയരക്‌ടര്‍ക്ക് കര്‍ശന നിര്‍ദേശവും അയാള്‍ നല്‍കിയിരുന്നു. ഗുലാബി മലയാളികളുടെ ഇടയില്‍ ഒരു ആവേശമായതിനാലാണ് മാര്‍ക്കും എസ്‌എംഎസും കുറഞ്ഞിട്ടും പുറത്താക്കരുതെന്ന് മുന്നറിയിപ്പ് കൊടുത്തത്. പക്ഷെ, പ്രേക്ഷകരുടെ ഇടയില്‍ എത്രകാലം പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നറിയില്ല. നന്നായി പാടുന്ന കുട്ടികളുള്ളപ്പോള്‍ എങ്ങനെയാ ഗുലാബിയെ രക്ഷപ്പെടുത്തുക. എങ്കിലും സാരമില്ല, അവള്‍ക്ക് തന്റെ വക നഗരത്തില്‍ ഒരു ഫ്‌ളാറ്റ് എടുത്തുകൊടുക്കണം-അയാള്‍ ഉറപ്പിച്ചു.
പെട്ടെന്ന് സ്വബോധം തിരിച്ചുകിട്ടിയവനെപ്പോലെ അയാളവരെ അകത്തേക്ക് ക്ഷണിച്ചു.
പെണ്‍കുട്ടി യാന്ത്രികമായി അകത്തേക്ക് പ്രവേശിച്ചപ്പോള്‍ വാതില്‍ ആര്‍ത്തിയോടെ അടഞ്ഞു. തോമസുകുട്ടി വല്ലാത്തൊരു ചിരി ചിരിച്ച്, ചാനലുടമയെ കണ്ണിറക്കി കാണിച്ച് തിരിച്ചു പോയി. അപ്പോള്‍ പെണ്‍കുട്ടിക്ക് സഹതാപം കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിക്കാനും അയാള്‍ മറന്നില്ല.
അയാള്‍ എന്തെക്കെയൊ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ആകെ പരിഭ്രാന്തിപ്പെടുന്നത് പോലെ അവള്‍ക്ക് തോന്നി. പക്ഷെ, അവള്‍ക്ക് യാതൊരു ഭയവും തോന്നിയില്ല. അയാള്‍ പറയുന്നതിനെക്കെ ഗുലാബി വെറുതെ മൂളുകയും ഒക്കെ അനുസരിക്കുകയും ചെയ്‌തു. അവളുടെ മനസ്സ് മുഴുവന്‍ പിറ്റേന്ന് നടക്കാന്‍ പോകുന്ന എലിമിനേഷന്‍ റൗണ്ടായിരുന്നു. താന്‍ ഓരോ എലിമിനേഷന്‍ റൗണ്ടിലും കരകയറുന്നത് തന്റെ പാട്ട് മികച്ചതായത് കൊണ്ടല്ലെന്നും മറിച്ച് സുന്ദരിയായതിനാല്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ടാണെന്നും അവള്‍ക്ക് തോന്നിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തോമസുകുട്ടി പപ്പയെ സമീപിച്ചത്. തിങ്കളാഴ്‌ച, അതായത് നാളെയാണ് എലിമിനേഷന്‍ റൗണ്ട്.
ആ ദിവസത്തേക്കുറിച്ചുള്ള വേവലാതിയിലായിരുന്നു പപ്പയും മമ്മയും. വെള്ളിയാഴ്‌ചത്തെ റൗണ്ടില്‍ നന്നായി പാടാനേ സാധിച്ചില്ലെന്നോര്‍ത്ത് ഗുലാബി കരഞ്ഞു കരഞ്ഞു, തളര്‍ന്നുപോയി. മമ്മയായിരിക്കും ഏറ്റവും കൂടുതല്‍ കരഞ്ഞിരിക്കുക. ആ എപ്പിസോഡിലുണ്ടായിരുന്ന യുവ നായിക തന്റെ നൃത്തത്തെ പുകഴ്‌ത്തിയെങ്കിലും പാട്ട് തീരേ നന്നായില്ലെന്ന് പറഞ്ഞപ്പോഴേ സംശയിച്ചിരുന്നു, ഇപ്രാവശ്യം രക്ഷപ്പെടാന്‍ കുറേ പണിയെടുക്കേണ്ടി വരുമെന്ന്. പാട്ടും നൃത്തവും എന്തെന്നറിയാത്ത, ആരുടേയോ സഹായം കൊണ്ട് ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ച ആ യുവനായിക മനുഷ്യനെ കൊന്നു കളഞ്ഞെന്നു പറഞ്ഞാല്‍ മതി.
നന്നായി പാടുന്ന ഗോഗുല്‍ദാസും സുധാനായരും ഫസല്‍ റഹ്‌മാനുമൊക്കെ എലിമിനേഷന്‍ റൗണ്ടില്ലാതെ മെഗാ ഫൈനലിലെത്തുന്നവരാണ്. ബാക്കിയുള്ള നാല് പേരിലാണ് ഗുലാബിയുള്ളത്. ഗുലാബിയും മുരളീധരനുമാണ് പാട്ടുകാരില്‍ ഏറെ പിന്നിലെന്ന് ജഡ്‌ജിമാര്‍ തമ്മില്‍ പറയുന്നത് കഴിഞ്ഞ ദിവസം ഭക്ഷണ ഹാളില്‍ വെച്ച് കേട്ടപ്പോഴേ ഉള്ളൊന്നു കാളി...
മുമ്പത്തെ എലിമിനേഷന്‍ റൗണ്ടില്‍ ഇരുവരില്‍ ആര് പുറത്താകുമെന്നതായിരുന്നു എവിടെയും ആകാംക്ഷ. തന്നെ ഞങ്ങള്‍ അങ്ങനെ ഒഴിവാക്കില്ലെന്ന് തോമസുകുട്ടി പറഞ്ഞപ്പോള്‍ അത് കളിയായിരിക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ, മുരളീധരന്‍ പുറത്തായപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. മമ്മ സീറ്റില്‍ നിന്ന് എണീറ്റ് ചാടുന്നത് വികൃതിയായ ക്യാമറ നന്നായി പകര്‍ത്തി ലോകത്തെ കാണിച്ചു. പക്ഷെ, പപ്പയ്‌ക്ക് അത്ര വലിയ സന്തോഷമൊന്നുമുണ്ടായില്ല. എന്നിട്ടും മമ്മയുടെ വാക്കുകള്‍ പപ്പയുടെ മനസ്സ് മാറ്റി. അത് ഭാഗ്യമായി. ഇല്ലേല്‍ കഴിഞ്ഞ ദിവസം നടി മുക്തയും അച്ഛനും തമ്മിലും മീരാ ജാസ്‌മിനും അമ്മയും തമ്മിലുമൊക്കെ തര്‍ക്കമുണ്ടായത് പോലെ കുടുംബം പ്രശ്‌നത്തിലകപ്പെട്ടേനെ.
ഗുലാബി എണീറ്റപ്പോഴും അയാള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. മുറിയിലാണെങ്കില്‍ മദ്യത്തിന്റേയും സിഗരറ്റിന്റേയും രൂക്ഷ ഗന്ധം തളംകെട്ടി നില്‍ക്കുന്നു. പിറ്റേന്ന് രാവിലെ തോമസുകുട്ടി എത്തുേമ്പാഴേക്കും അവള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞ രാത്രി സംഭവിച്ചതൊന്നും അവളുടെ ഓര്‍മ്മയിലേയില്ല. അവളുടെ മുന്നില്‍ കാട്ടുപോത്തിനെ പോലെ തന്റെ നേറെ ചീറി വരുന്ന, സിംഹത്തേപ്പോലെ കടിച്ചുകീറുന്ന അയാളില്ലായിരുന്നു. റിയാലിറ്റി ഷോയുടെ ഫൈനല്‍ സ്റ്റേജില്‍ വളരെ ആയാസകരമായ ഒരു രാഗത്തില്‍ പാടുകയായിരുന്നു അവളപ്പോള്‍. അയാള്‍ ചോദിച്ചതോ പറഞ്ഞതോ ഒന്നും അവള്‍ കേട്ടില്ല. പപ്പയുടെ വാക്കുകള്‍ മാത്രമാണ് അവളുടെ കാതില്‍ അലയടിച്ചത്.
ഒന്നും സംഭവിക്കാത്ത തരത്തിലായിരുന്നു തോമസുകുട്ടിയുടെ പെരുമാറ്റം.
അയാളുടെ വിലപിടിപ്പുള്ള കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ വീട്ടില്‍ കൊണ്ടു വിടരുതെന്ന് മാത്രം അവള്‍ തോമസുകുട്ടിയോട് അഭ്യര്‍ത്ഥിച്ചു.
അയാള്‍ എല്ലാം മനസ്സിലായ പോലെ നിന്നെങ്കിലും ഗുലാബി പറഞ്ഞു:
``വീട്ടിലേക്കുള്ള ബസ് എത്തുന്ന, ഏതെങ്കിലും സ്റ്റോപ്പില്‍ എന്നെ എറക്കി വിട്ടാ മതി...''
കാറില്‍ വീണ്ടും അവള്‍ ചെമന്ന പൂമ്പാറ്റകളുടെ ലോകത്തായി. അവയുടെ ചിറകിലിരുന്ന് അവള്‍ ലോകം മുഴുവന്‍ പറന്നുകളിച്ചു.
കൂടുതല്‍ തിരക്കില്ലാത്ത നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിന് മുന്നില്‍ തോമസുകുട്ടി കാര്‍ നിര്‍ത്തി. ഗുലാബി ഇറങ്ങുമ്പോള്‍ അയാള്‍ അവളെ സഹതാപത്തോടെ വീണ്ടുമൊന്നു നോക്കി.
ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും ചിന്താമഗ്നയായി. ഇത്ര കേളികേട്ട റിയാലിറ്റി ഷോയായിട്ടും, ലോകത്തെ മുഴുവന്‍ മലയാളികളും കണ്ടുകൊണ്ടിരിക്കുന്നു എന്നൊക്കെ വീമ്പളക്കിയിട്ടും അവിടെയുള്ളവരെയാരും തന്നെ തിരിച്ചറിഞ്ഞില്ല എന്നത് ഗുലാബിക്ക് ഏറെ ആശ്വാസം പകര്‍ന്നു.
അവള്‍ പതുക്കെ കടും ചെമപ്പ് നിറമുള്ള പൂമ്പാറ്റയെ ഓര്‍ക്കാന്‍ തുടങ്ങി. പെട്ടെന്ന് `ഗുലാബീ..' എന്ന വിളി കേട്ടാണ് അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. സൈക്കിളില്‍ എത്തിയ, നെരിയാണിക്ക് മുകളില്‍ മടക്കിയ നരച്ച ജീന്‍സ് പാന്റ്‌സും മുഷിഞ്ഞ കുപ്പായവും ധരിച്ച ആ യുവാവ് `ഗുലാബീ..തന്നെയല്ലേ' എന്ന് ആകാംക്ഷയോടെ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി പുഞ്ചിരിച്ചു.
``ഒരു പുഞ്ചിരി കൊണ്ട് നഷ്‌ടപ്പെടാനൊന്നുമില്ല. കിട്ടുന്നതോ വില കൂടിയ ഒരു എസ്‌എംഎസും''-മമ്മയുടെ വാക്കുകളവളോര്‍ത്തു.
അവന് സന്തോഷമായി. ലോകം കീഴടക്കിയ സന്തോഷം.
``ഹലോ, ഇതാരാ നില്‍ക്കുന്നതെന്നറിയ്യോ.. പ്രമുഖ ഗായിക ഗുലാബി..''.-അവന്‍ വിളിച്ചു കൂവി.
അതുകേട്ടപ്പോള്‍ ഗുലാബിക്ക് ചെറിയൊരു ജാള്യത തോന്നിയെങ്കിലും ആലോചിച്ചപ്പോള്‍ അതിലൊരു സുഖവുമനുഭവപ്പെട്ടു.
ഗുലാബിയുടെ ചുറ്റും ആള്‍ക്കൂട്ടം രൂപപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു.
ചിലര്‍ അവളെ തൊട്ടുനോക്കി. കോളജ് വിദ്യാര്‍ത്ഥികള്‍ ഓട്ടോഗ്രാഫ് നീട്ടി..
ആരെയും പിണക്കാന്‍ അവള്‍ തയ്യാറായില്ല. നാളത്തെ എലിമിനേഷന്‍ റൗണ്ടിന് എല്ലാവരുടേയും എസ്‌എംഎസുകള്‍ നിര്‍ണായകമാണ്.
പപ്പയുടെ, മമ്മയുടെ അനുജന്റെ, അയല്‍ക്കാരുടെ, നാട്ടുകാരുടെ.. എന്തിന് തന്നെ സ്‌നേഹിക്കുന്ന കേരളത്തിന്റെയൊന്നാകെ ആകാംക്ഷയാണത്.
പൊടുന്നനെ, ആള്‍ക്കൂട്ടത്തില്‍ നിന്ന് ആ യുവാവ് പുറത്തേക്ക് തള്ളി വീണു. അവനാകെ ഉലഞ്ഞിരുന്നു. അവന്റെ പൊടിമീശയില്‍ വിയര്‍പ്പ് പൊടിഞ്ഞു. ഭാഗ്യം, ആരും തന്നെ ശ്രദ്ധിച്ചില്ലെന്ന് കണ്ടപ്പോള്‍ സൈക്കിളില്‍ നിന്ന് വീണ ചിരി ചിരിച്ച് അവന്‍ പതുക്കെ എണീറ്റു. തന്റെ സൈക്കിളിനടുത്തേക്ക് നടക്കുമ്പോള്‍ അവന് സന്തോഷം അടക്കാനായില്ല. ആഹ്‌ളാദം വരുമ്പോള്‍ മനസ്സില്‍ ഓടിയെത്താറുള്ള ഫനാ എന്ന ഗാനം അവന്‍ മൂളിക്കൊണ്ട് തന്റെ ജോലി തുടര്‍ന്നു.
സൈക്കിളിന്റെ പിന്നില്‍ വെച്ചിരിക്കുകയായിരുന്നു അവനാ ഭാണ്‌ഡം. ചുറ്റുവട്ടമൊന്ന് നിരീക്ഷിച്ചപ്പോള്‍ യാതൊരു പ്രശ്‌നമില്ലെന്നുതോന്നി അവന്‍. എല്ലാവരും യുവ ഗായികയുടെ പിന്നിലാണ്. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവന്‍ അതെടുത്ത് ബസ് ഷെല്‍ട്ടറിന്റെ ഒരരികിനോട് മുട്ടിക്കിടന്നിരുന്ന കുപ്പത്തൊട്ടിയിലേത്ത് വലിച്ചെറിഞ്ഞു.
ഫനാ... അവന്‍ തന്റെ പാട്ടിന്റെ വോള്യം ഒന്നു കൂട്ടിയശേഷം സൈക്കിള്‍ ആഞ്ഞു ചവിട്ടി.
തൊട്ടപ്പുറത്തെത്തിയപ്പോള്‍ അവനൊന്ന് തിരിഞ്ഞുനോക്കണമെന്ന് തോന്നി. ആള്‍ക്കൂട്ടത്തിന്റെ കനം കൂടിക്കൂടി വരികയാണ്‌്. വഴിയെ പോവുകായയിരുന്ന വാഹനങ്ങളും നിര്‍ത്തി എന്താണ് കാര്യമെന്നറിയന്‍ ആള്‍ക്കൂട്ടത്തിലൂടെ ഏന്തി വലിഞ്ഞു നോക്കി. അവന്‍ അടക്കാനാവാത്ത ആഹ്ലാദത്തോടെ തന്റെ താമസ സ്ഥലത്തേക്ക് കുതിച്ചു.
ഇന്നത്തെ പണി തീര്‍ന്നു.
ഇനി റിസള്‍ട്ടറിഞ്ഞിട്ടു വേണം ഗ്യാങ്ങിനെ സമീപിക്കാന്‍. ഇതുവരെയില്ലാത്ത സംഖ്യയാണ് ഭായി ഓഫര്‍ ചെയ്‌തിട്ടുള്ളത്. പൊട്ടിത്തെറിക്കുന്ന തലകളുടെ എണ്ണത്തിനനുസരിച്ച് സംഖ്യയും കൂടുമത്രെ.
ഹൊ! അങ്ങനെയെങ്കില്‍ ഇതോടെ പെങ്ങളുടെ സ്‌ത്രീധന തുകയുടെ ബാക്കി കൊടുക്കാന്‍ സാധിക്കും. സ്വന്തമായി ഒരു ചായക്കട എന്ന സ്വപ്‌നവും പൂവണിയും...എത്ര നാളായി മൂത്ത പെങ്ങളും കുഞ്ഞുങ്ങളും വീട്ടില്‍ വന്നിട്ട്. സ്‌ത്രീധനത്തിന്റെ ബാക്കി കിട്ടാതെ ഇനി എവിടെയും പോകേണ്ട എന്നാണത്രെ അളിയന്റെ താക്കീത്. ഏതായാലും ഇതോടെ ഈ പണി നിര്‍ത്തണം.
അവന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ചേരിയിലുള്ള തന്റെ കുടിലിന് മുന്നില്‍ സൈക്കിള്‍ ഇട്ട് മുറിയിലേക്ക് ഓടിക്കയറി.
``എന്താടാ നീ ഇത്ര പെട്ടെന്ന് വന്നേ'' എന്ന് ഉമ്മ വിളിച്ചു ചോദിച്ചു.
പക്ഷെ, അവനൊന്നും പറയാതെ ഓടിച്ചെന്ന് ടിവി ഓണ്‍ ചെയ്‌തു.
അപ്പോഴവന്റെ കൈ വിറച്ചുകൊണ്ടിരുന്നു.
ചാനലുകളിലപ്പോള്‍ ഏതോ സിനിമാ നടിയുടെ വിവാഹവും അവര്‍ തെരഞ്ഞെടുത്തത് അനുയോജ്യനായ വരനെയാണോ, അതോ ആ ബന്ധത്തിന് ദീര്‍ഘായുസ്സുണ്ടാവുകയില്ലേ എന്നൊക്കെയുള്ള, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അഭിഭാഷകനും നടിയുടെ സഹപ്രവര്‍ത്തകരും പങ്കെടുക്കുന്ന ചര്‍ച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. അവന് ചിരി വന്നെങ്കിലും പെട്ടെന്ന് തന്നെ അവന്‍ ചാനലുകള്‍ മാറ്റി മാറ്റി നോക്കി.
ഫ്‌ളാഷ് ന്യൂസിലെ ചോരയുടെ നിറവും മണവുമുള്ള വലിയ അക്ഷരങ്ങള്‍ക്കായി അവന്‍ കണ്ണു നട്ടിരുന്നു. അവന്റെ നെഞ്ച് കുലുങ്ങിക്കുലുങ്ങി ഇപ്പോള്‍ നിലച്ചു പോകുമെന്ന് തോന്നിച്ചു.
`ദൈവമേ... ദൈവമേ' -
അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.
ഒരു വിദഗ്‌ധന്റൈയെന്ന പോലെ അവന്റെ വിരലുകള്‍ ന്യൂസ് ചാനലുകളിലൂടെ യന്ത്ര വേഗത്തില്‍ പാഞ്ഞു.
ശ്ശൊ, ഒന്നും സംഭവിച്ചിട്ടില്ലല്ലോ ദൈവമേ.. എന്നറിഞ്ഞപ്പോള്‍ അവന്‍ വല്ലാതെ നിരാശനായി. അത്തരം സാഹചര്യങ്ങളിലൊക്കെ ചെയ്യാറുള്ളതുപോലെവ മുറിയിലുണ്ടായിരുന്ന പേനാക്കത്തിയെടുത്ത് അവന്‍ സ്വന്തം തുടയിലേക്ക് ആഴ്‌ത്തിയിറക്കി. പിന്നീട് തറയില്‍ വീണുരുണ്ടു. പക്ഷെ, അവന്റെ നിരാശയ്‌ക്ക് ഏതാനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
``ഇതാ ഫ്‌ളാഷ് ന്യൂസ്... ഫ്‌ളാഷ്'' ന്യൂസ് എന്ന് അവന്‍ സ്വയമറിയാതെ വിളിച്ചുകൂവിയപ്പോള്‍ അനുജത്തി വന്നൊന്ന് എത്തി നോക്കി, ഈ ചെക്കനെന്താ പിരാന്തായോ എന്ന് വിളിച്ചു ചോദിച്ച ശേഷം അവള്‍ തന്റെ അടുക്കള ജോലിയിലേക്ക് മടങ്ങി.
ദ്രുതഗതിയില്‍ അവന്‍ ചാനലുകള്‍ മാറ്റി മാറ്റി നോക്കി. എല്ലായിടത്തും വാര്‍ത്ത ഒന്നു തന്നെയെന്നറിഞ്ഞപ്പോള്‍ അവന്‍ തുടയില്‍ നിന്നൊലിക്കുന്ന ചോര കൈപ്പത്തികൊണ്ട് വാരിയെടുത്തു മുഖം നിറയെ തേച്ചു.
അപ്പോള്‍ ടിവി സ്‌ക്രീനിന്റെ അടിഭാഗത്ത് ഉഗ്രവിഷമുള്ള കറുത്ത പാമ്പുകളെപ്പോലെ അക്ഷരങ്ങള്‍ ഇഴഞ്ഞിഴഞ്ഞു വരുന്നുണ്ടായിരുന്നു.
2009, ജൂലൈ 5, ഞായറാഴ്‌ച
അവിടത്തെപ്പോലെ ഇവിടെയും...
```കുട്ടിമാമാ... ഞാന്‍ ഞെട്ടി മാമാ...'' എന്ന് ജഗതിയുടെ സംഭാഷണമുള്ള സിനിമയിലേതുപോലുള്ള വ്യക്തിയല്ല നമ്മുടെ കഥാപാത്രം. ഇതൊരു പാവം പോസ്റ്റുമാന്‍ കുട്ടിമാമ. പാവം എന്ന് അങ്ങനെയങ്ങ് ഉറപ്പിച്ച് പറയാന്‍ ഞങ്ങളുടെ ഗ്രാമക്കാര്‍ തയ്യാറാവില്ല. അതിന് കാരണം വേറെ. മരിച്ചുപോയവരെ കുറിച്ച് മോശം പറയരുത് എന്ന നാട്ടുനടപ്പനുസരിച്ച് അതൊന്നുമിവിടെ വിശദീകരിക്കുന്നില്ല. പക്ഷെ, `ഞെട്ടിക്കുന്ന' ചില സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ത്തിയാക്കാനും സാധ്യല്ല.
നാട്ടില്‍ ടെലിഫോണ്‍ അപൂര്‍വ വസ്‌തുവായും മൊബൈല്‍ ടവറുകള്‍ കേട്ടുകേള്‍വി പോലുമില്ലാതെയും ഇന്റര്‍നെറ്റ് പിറന്നിട്ടില്ലാത്തതുമായ കാലഘട്ടത്തില്‍ ആളുകള്‍ക്ക് കത്തും കമ്പിയുമൊക്കെ തന്നെയായിരുന്നല്ലോ ശരണം. മുംബൈ എന്ന പഴയ ബോംബെയില്‍ നിന്നും ഗള്‍ഫില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നുമൊക്കെ കത്തും ഡ്രാഫ്‌റ്റും ആളുകള്‍ക്കെത്തിക്കുന്ന പോസ്റ്റ്‌മാന്‍ കുട്ടി കുട്ടികളുടെ കുട്ടിമാമയായിരുന്നു. തങ്ങളെപ്പോലെ വലിയ വള്ളി നിക്കറിടുകയും, നരച്ച കുട പിടിച്ച് പഴയ, അരികുകള്‍ കീറിയ നീല പ്ലാസ്റ്റിക് ഷീറ്റില്‍ കത്തുകള്‍ പൊതിഞ്ഞു പതുക്കെ നടന്നുവരുന്ന കുട്ടിമാമ... കട്ടിക്കണ്ണട വെച്ച 55കാരന്‍.
കൂഡുലു പോസ്റ്റാഫീസില്‍ അതിരാവിലെയെത്തുന്ന കുട്ടിമാമ സൂര്യനുദിച്ച് കഴിയുമ്പോഴാണ് നരച്ച കുടയും ചൂടി കത്തുകളുമായിറങ്ങുക. ജീവിതത്തിലന്നേവരെ ഒരു കത്തിന്റെ കടലാസ് പോലും തൊട്ടുനോക്കിയിട്ടില്ലാത്തവരടക്കമുള്ള വഴിപോക്കരുടെയൊക്കെ ``ഞമ്മക്കെന്തേലുംണ്ടാ കുട്ടീ...?'' എന്ന ചോദ്യങ്ങള്‍ക്കൊക്കെ കൃത്യമായി മറുപടി പറഞ്ഞ് കുട്ടിമാമ അങ്ങനെ നടക്കും.
ഗള്‍ഫില്‍ നിന്ന് പാര്‍സലോ ഡ്രാഫ്‌റ്റോ ഉള്ളപ്പോള്‍ കുട്ടിമാമ ഒന്നു ഉഷാറാകും. ഇപ്പോള്‍ `വാതില്‍ ടു വാതില്‍' കാര്‍ഗോ സര്‍വീസുണ്ടെങ്കിലും അന്ന് അതൊന്നും ആരും ആലോചിച്ചിട്ട് പോലുമില്ല. നിത്യേന രണ്ട് പാര്‍സലെങ്കിലും കുട്ടിമാമന്റെ കൈയിലെ സഞ്ചിയില്‍ സ്ഥാനം പിടിച്ചിരിക്കും. ഏതെങ്കിലും ദിവസം അതില്ലെങ്കിലും കുട്ടിമാമ സഞ്ചി കൈവിടില്ല. അതില്‍ എന്തെങ്കിലും കുത്തിനിറച്ചിരിക്കും. തിരിച്ച് പോരുമ്പോള്‍ കവലയില്‍ നിന്ന് മത്സ്യമോ, പലചരക്കു സാധനങ്ങളോ വാങ്ങാനാണ് അതെന്നാണ് കുട്ടിമാമന്റെ ഉത്തരമെങ്കിലും, പാര്‍സലുണ്ടെന്ന് പറഞ്ഞ് ആളുകളെ കൊതിപ്പിക്കുന്നതില്‍ അദ്ദേഹം ഗൂഢരസം കണ്ടെത്തുന്നതിനാലാണതെന്നാണ് ചിലരുടെ ആരോപണം.
ഏതായാലും പാര്‍സലുള്ള വീട്ടിലേക്കാണ് കുട്ടിമാമന്‍ ആദ്യം വെച്ചുപിടിക്കാറ്. അതിനൊരു പ്രത്യേക കാരണമുണ്ട്. പാര്‍സല്‍ നല്‍കാനുള്ള വീട്ടിലെത്തിയാല്‍ അങ്ങനെ പുഞ്ചിരിച്ചുകൊണ്ട് അവിടെ കുറച്ചു നേരമിരിക്കുകയും നാട്ടുവര്‍ത്തമാനങ്ങളില്‍ മുഴുകുകയും ചെയ്യും. എന്നിട്ട് കത്തുകളൊക്കെ ഒന്നു അടുക്കും ചിട്ടയോടെയും വെയ്‌ക്കും. അപ്പോള്‍ കുട്ടികളൊക്കെ പാര്‍സല്‍ പുറത്തെടുക്കുന്നതും കാത്തങ്ങനെ അക്ഷമയോടെ... വെളുത്ത തുണികൊണ്ട് പൊതിഞ്ഞ, കുഞ്ഞു തലയണ പോലുള്ള പാര്‍സല്‍ കുട്ടിമാമ എടുത്ത് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറയും:
``ങും.. ഇത് അപ്പുറത്തെ അമ്മദുട്ടിന്റെതാ...''
എല്ലാവരുടെയും മുഖത്ത് പത്രക്കാരെ കണ്ട പിണറായിയുടെ നിരാശ.
കുട്ടിമാമ അതങ്ങു നെയ്‌ലോണ്‍ സഞ്ചിയില്‍ തന്നെ തള്ളും.
പിന്നെ മറ്റൊരു പാര്‍സലെടുത്തു പഴയതൊക്കെ ആവര്‍ത്തിച്ചുകൊണ്ട് പറയും:
``ഇത് ആ എഞ്ചിനീര്‍ടെ ബീട്ടിലേക്കാ...''
``അപ്പോ ഞമ്മക്കൊന്നൂല്ലെ കുട്ടീ....?''-ക്ഷമകെട്ട് ഗൃഹനാഥന്‍ ചോദിക്കും.
``ഹഹഹ്‌ഹ...'' ഗബ്ബര്‍ സിങ്ങിനെ തോല്‍പിക്കും മട്ടില്‍ കുട്ടിമാമ ഒന്ന് പൊട്ടിച്ചിരിക്കും:
``ആരെങ്കിലും അയച്ചാലല്ലേ ങ്ങക്ക് കിട്ടാ... അല്ലാതെ ആരാന്റെ മുതലെടുത്ത് തന്നാല്‍ ഞമ്മടെ പണി പോവൂലേ...''
ആകാംക്ഷ പൂണ്ടിരിക്കുന്ന കുട്ടികളൊക്കെ നിരാശരാകുന്നത് കണ്ടങ്ങനെ രസിച്ച ശേഷം അദ്ദേഹം സസ്‌പെന്‍സ് കളഞ്ഞ് പറയും:
``ഇത് നിങ്ങക്ക് തന്ന്യാ..''
പാര്‍സലില്‍ മാര്‍ക്കര്‍ പേനകൊണ്ടെഴുതിയ കറുത്ത മേല്‍വിലാസം കാണുമ്പോള്‍ ഹൃദയങ്ങള്‍ തുടിക്കാന്‍ തുടങ്ങും. എന്നാല്‍ കുട്ടിമാമന്‍ പാര്‍സല്‍ പെട്ടെന്നങ്ങ് തരാന്‍ തയ്യറാവില്ല.
അവിടെയാണ് സസ്‌പെന്‍സ്. കുട്ടിമാമ ചോദിക്കാതെ തന്നെ അദ്ദേഹത്തിന്റെ ആവശ്യം കണ്ടറിയുന്നവരാണ് ഞങ്ങള്‍, ഗ്രാമവാസികള്‍. പത്തോ ഇരുപതോ രൂപ വെച്ചു നീട്ടിയാല്‍ മാത്രമേ ഒപ്പിടാന്‍ പേപ്പര്‍ നല്‍കുകയുള്ളൂ. പാര്‍സല്‍ കൈമാറാന്‍ ഗള്‍ഫില്‍ നിന്ന് അതയക്കുന്നതിനേക്കാളേറെ പ്രയാസം.
വര്‍ഷങ്ങളായി കുട്ടിമാമ ഈ കലാപരിപാടി തുടരുന്നു. പക്ഷെ, ആരും പരാതിപ്പെട്ടില്ല.
അങ്ങനെ കാലം കടന്നുപോകവെ, കുട്ടിമാമക്ക് ജോലി മടുത്തു തുടങ്ങി. അകലങ്ങളില്‍ കാല്‍നടയായി യാത്ര ചെയ്യാന്‍ മടി. കാലിന് തീരെ വയ്യെന്ന് പറഞ്ഞ് കത്തുകള്‍ കവലയിലെ ഏതെങ്കിലും കടയിലോ മറ്റോ ഏല്‍പിച്ച് മുങ്ങും. കടക്കാരന്‍ മേല്‍വിലാസക്കാരെ കാണുമ്പോള്‍ കത്ത് എടുത്ത് തന്നാലായി. അല്ലെങ്കില്‍ എല്ലായിടത്തും കയറിച്ചെന്ന് ചോദിക്കണം. എന്നാല്‍ പാര്‍സലുകളോ, ഡ്രാഫ്‌റ്റോ ഉണ്ടെങ്കില്‍ കുട്ടിമാമയുടെ കാലിന് യാതൊരു കുഴപ്പവുമുണ്ടാവില്ല.
അങ്ങനെയിരിക്കെ, ഗ്രാമത്തില്‍ ഒരിക്കല്‍ കുട്ടിമാമേടെ പേരില്‍ ഒരു ഗുലുമാലുണ്ടായി. കുടുംബ കലഹം എന്ന് തന്നെ പറയാം. ബോംബെയില്‍ ജോലി ചെയ്യുന്ന രാമകൃഷ്‌ണന്റെ ഭാര്യ സാവിത്രിക്ക് അവിഹിത ഗര്‍ഭമുണ്ടായെന്ന അപവാദമാണ് പ്രശ്‌നമായത്. സംഭവമിങ്ങനെയായിരുന്നു:
ഒരു ദിവസം രാമകൃഷ്‌ണന്റെ ബന്ധു അശോകന്‍ കവലയിലൂടെ നടന്നുപോകുമ്പോള്‍ നാരായണേട്ടന്റെ പീടികേന്ന് ഒരു വിളി. അരികുകളില്‍ അല്‌പം അഴുക്ക് പുരണ്ട 15 പൈസ മാത്രം വിലയുള്ള ഒരു പോസ്റ്റ് കാര്‍ഡെടുത്ത് നാരായണേട്ടന്‍ അശോകന്റെ കൈവശം കൊടുക്കുന്നു. അശോകന്‍ കിട്ടിയപാടേ മലയാളിയുടെ ജന്മസിദ്ധമായ ആക്രാന്തത്തോടെ അതിലൊന്ന് കണ്ണോടിച്ചപ്പോള്‍ ഞെട്ടി എന്ന് പറയേണ്ടല്ലോ. സാവിത്രി ചേച്ചിയുടെ ഗര്‍ഭത്തെക്കുറിച്ചാണ് അതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കത്തെഴുതുമ്പോള്‍ രാമകൃഷ്‌ണന് തിയതിയും മറ്റുമെഴുതുന്ന പതിവില്ലാത്തതിനാല്‍ എന്നാണ് അയച്ചതെന്നറിയാനുള്ള സാധ്യതയും മങ്ങി. ആറ് മാസം മുമ്പാണ് സാവിത്രി ചേച്ചി തങ്കക്കുടത്തിന് ജന്മം നല്‍കി ഇന്ത്യയുടെ ജനസംഖ്യക്ക് സംഭാവനയര്‍പ്പിച്ചത്. അതിനും രണ്ട് മാസം മുമ്പാണ് രാമകൃഷ്‌ണേട്ടന്‍ നാട്ടില്‍ വന്നുപോയത്. അപ്പോള്‍ എന്താണ് സംഭവിച്ചത്? സംഭവം നാടുമുഴുവന്‍ പാട്ടായി. സാവിത്രിചേച്ചി ആണയിട്ട് പറഞ്ഞു, തനിക്ക് കുളി തെറ്റിയിട്ടില്ലെന്ന്. ഒടുവില്‍ ബന്ധുക്കളെല്ലാം ചേര്‍ന്ന് നഗരത്തിലെ ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് രാമകൃഷ്‌ണേട്ടനെ വിളിച്ചു നോക്കിയപ്പോഴാണ് സംഗതിയറിഞ്ഞത്, അത് അദ്ദേഹം ഏകദേശം ഒരു വര്‍ഷം മുമ്പ് അയച്ച കത്തായിരുന്നു. പിന്നെങ്ങനെയെന്ന ചോദ്യം മാത്രം ബാക്കിയായി.
രസകരമായ ഫ്‌ളാഷ് ബാക്ക് ഇങ്ങനെ:?കുട്ടിമാമ പതിവുപോലെ പോസ്റ്റ് കാര്‍ഡ് നാരായണേട്ടന്റെ പച്ചക്കറി കടയില്‍ കൊടുക്കുന്നു. നാരായണേട്ടന്‍ അത് അലക്ഷ്യമായി അവിടെയിട്ടു. എങ്ങനെയോ താഴെവീണ് കാണാമറയത്തുമായി. ഇടയ്‌ക്കൊന്നും കട വൃത്തിയാക്കുന്ന ദുശ്ശീലമില്ലാത്ത നാരായണേട്ടന്‍ കഴിഞ്ഞ ദിവസം ആ മഹാസംഭവം ചെയ്‌തപ്പോള്‍ കിട്ടിയ കാര്‍ഡാണ്. ``ഹെന്റെ കാവിലെ ഭഗവതീ... ഇത് ആ പാവം സാവിത്രീക്ക്‌ള്ള കത്തല്ലേ...'' എന്ന് കരുതി അവിടെ വെച്ചപ്പോഴാണ് അശോകനെ പോകുന്നത് കണ്ടതും അത് കൈമാറിയതും.
ഇതോടെ കുട്ടിമാമന്റെ ഇമേജിന് ഇത്തിരി കോട്ടം സംഭവിച്ചു എന്ന് പറയാതെ പറ്റില്ല. ഇതില്‍പ്പിന്നെ കത്തുകള്‍ അങ്ങനെ കടയില്‍ കൊണ്ട് ചെന്നിടുന്ന പരിപാടി കുട്ടിമാമന്‍ നിര്‍ത്തി. എത്ര ദൂരെയാണെങ്കിലും നടന്നുചെന്നേല്‍പിക്കും. കുറേ നാള്‍ ഇത് തുടര്‍ന്നെങ്കിലും പഴയ സംഭവം ഗ്രാമീണര്‍ മറക്കുകയും വേനല്‍ക്കാലമാവുകയും ചെയ്‌യതോടെ കുട്ടമാമന്റെ മടി വീണ്ടും സടകുടഞ്ഞെണീറ്റു. അതോടെ ഗ്രാമാതിര്‍ത്തയിലുള്ള വീടുകളിലേക്കൊന്നും പോവില്ല.
പക്ഷേ, ഗ്രാമാതിര്‍ത്തിയിലുള്ള ഉമ്മാലിമ്മയുടെ ഏക സന്താനം അസര്‍പ്പു `അബുദുബൈ'യില്‍ പോയതില്‍പ്പിന്നെ മാസത്തില്‍ ഒരു കത്ത് വെച്ച് വരും. അതവര്‍ക്ക് നേരിട്ട് കൊണ്ടുകൊടുക്കുകയേ നിവൃത്തിയുള്ളൂ. തുടരെ തുടരെ കത്തുകളയച്ച് പോസ്റ്റ്‌മാന്മാരെ ബുദ്ധിമുട്ടിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടുന്ന ശീലമല്ലെന്ന് കുട്ടിമാമക്ക് പലപ്പോഴും തോന്നിയതാണ്. അസര്‍പ്പൂ നാട്ടിലേക്ക് വരട്ടെ, ഒന്നുപദേശിച്ചേക്കാം.
അതേസമയം, കത്തു-കമ്പി ഇത്യാദികളോട് ഉമ്മാലിമ്മക്ക് അത്ര പ്രതിപത്തിയൊന്നുമില്ല. കത്തയച്ചില്ലേലും സാരോല്ലായിരുന്നു, ഒരു ഡ്രാഫ്‌റ്റെങ്കിലുമയച്ചെങ്കിലെന്ന് ചിന്തിക്കുന്ന ഗള്‍ഫ് വീട്ടുകാരുടെ പ്രതീകം. എങ്കിലും, കിട്ടുന്ന മുറക്ക് കുട്ടിമാമയെക്കൊണ്ട് തന്നെ വായിപ്പിക്കുകയാണ് ആ വൃദ്ധയുടെ സ്വഭാവം. `ഒബില്ലാഹിത്തൗഫീഖ്..' എന്ന് കത്തു പൊട്ടിക്കാന്‍ തുടങ്ങുമ്പം തന്നെ കുട്ടിമാമ വായിച്ചു തുടങ്ങും. അതുപോലെ `ഉമ്മാടെ കൈ മുത്തിമണത്ത് സലാം' എന്ന് പറയുമ്പോഴേക്കും കത്ത് മടക്കി ഉമ്മാലിമ്മേടെ കയ്യില്‍ കൊടുത്തിരിക്കും. അവിടെ നിന്നിട്ട് വല്യ കാര്യമില്ലെന്നറിഞ്ഞ് കുട്ടിമാമ നടന്ന് നീങ്ങുമ്പോള്‍ ഉമ്മാലിമ്മ ചെറിയൊരു കുറ്റബോധത്തോടെ വിളിച്ച് പറയും:
``അസര്‍പ്പു ബരട്ടെ, കുട്ടിക്ക് എന്തേലും തരുന്നുണ്ട്''
അവിടന്ന് അറബികള്‍ ഓടിച്ചാലെങ്കിലും വരുമോന്ന് കുട്ടിമാമ ഉള്ളാലെ പറയുമെങ്കിലും പാവം വൃദ്ധക്ക് വേണ്ടി ഇത്തരമൊരു സഹായം ചെയ്‌തല്ലോ എന്നൊരു സംതൃപ്‌തി അദ്ദേഹത്തിന്റെ മനസ്സിന് കുളിരു പകരും. അതിനാല്‍ `ഈ കത്തുമായി വരുന്ന പോസ്റ്റ്‌മാന്‍ കുട്ടിക്ക് ഉമ്മ 10 ഉര്‍പ്യങ്കിലും കൊടുക്കണമെന്ന ഇത്തരം പോസ്റ്റമാന്മാരുടെ സൂത്രമായ എഴുതാപ്പുറം വായിക്കാനൊന്നും അദ്ദേഹം മുതിരാറില്ല.
അങ്ങനെ ഒരു ദിവസം പൊരിവെയിലത്ത് ബാക്കിയായ ഒരേ ഒരു കത്തുമായി കുട്ടിമാമ ഉമ്മാലിമ്മയുടെ വീട് ലക്ഷ്യമാക്കി നടക്കുകയാണ്. നടന്നുനടന്നു ആകെ തളര്‍ന്നു. വഴീലുള്ള കുഞ്ഞായന്റെ കടേന്ന് ഒരു നാരങ്ങ വെള്ളം കുടിച്ച് വീണ്ടും നടന്നു. എത്ര നടന്നിട്ടും നടന്നിട്ടും... വല്ലാത്ത തളര്‍ച്ച തന്നെ.
വഴിയരികിലെ ഒരു മരത്തണലില്‍ ഇത്തിരി നേരം ഇരുന്നപ്പോഴാണ് കുട്ടിമാമന്റെ നരച്ച ബുദ്ധിയില്‍ ആ ആശയം ഉണര്‍ന്നത്. (മഹാന്മാര്‍ക്കൊക്കെ മരത്തണലിലിരിക്കുമ്പോഴാണല്ലോ ബുദ്ധിയുദിക്കാറ്.) -എല്ലാ മാസവും കൃത്യമായി വരുന്ന കത്തില്‍ പ്രത്യേകിച്ച് ഒന്നുമുണ്ടാവാറില്ല. സുഖവിവരങ്ങള്‍ മാത്രം. പിന്നെ അവിടുത്തെ കഷ്‌ടപ്പാടുകളും ചൂടുമൊക്കെ. (അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. എന്നിട്ടും ആളുകള്‍ അങ്ങോട്ട് വെച്ചുപിടിക്കാന്‍ നോമ്പുനോറ്റിരിക്കുകയാണല്ലോ). മാത്രമല്ല, ഉമ്മാലിമ്മക്കാണെങ്കില്‍ അതറിയാന്‍ ഒട്ടും താത്‌പര്യോമില്ല. ഏതായാലും കത്ത് പൊട്ടിച്ചൊന്ന് വായിച്ചു നോക്കുന്നതില്‍ അത്ര ബെല്യ തെറ്റൊന്നൂല്ല. അത് ഞങ്ങള്‍ പോസ്റ്റ്‌മാന്മാരുടെ ഒരവകാശമാ...
കുട്ടിമാമ മറ്റൊന്നും ആലോചിക്കാതെ കത്തെടുത്ത് പൊട്ടിച്ചു.
ചാവേറാക്രമണം നടന്ന പോലെ ചിന്നിച്ചിതറിയ അക്ഷരങ്ങളില്‍ കോറിയിട്ടതില്‍ നിന്ന് കണ്ടെത്തിയ സത്ത ഇത്രമാത്രം:
`ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. സുഖം തന്നെ... അവിടെ ഉമ്മക്കു സുഖമെന്ന് കരുതുന്നു.'
അയ്യേ, ഇതിപ്പോ ത്ര കഷ്‌ടപ്പെട്ട് ചെന്ന് വായിച്ചുകൊടുക്കേണ്ട ബല്ല കാര്യോണ്ടോ. മിന്‍ഞ്ഞാന്ന് പോലും ആ തള്ളയെ റേഷന്‍ ഷാപ്പിലെ ക്യൂവില്‍ കണ്ടതാ.. പടച്ചോന്റെ ബേണ്ടികയാല്‍ ഒരു കൊഴപ്പോമില്ല. നല്ല ആരോഗ്യവതി.
അപ്പോ... അക്കരെ അസര്‍പ്പൂന് സുഖം തന്നെ, ഇക്കരെ ഉമ്മാലിമ്മക്കും. പിന്നെന്ത്.... അതെ.. പിന്നെന്ത്?
കുട്ടിമാമ കത്ത് ചുരുട്ടിയെറിഞ്ഞ ശേഷം കവല ലക്ഷ്യമാക്കി തിരിച്ചുപിടിച്ചു.
2009, മേയ് 18, തിങ്കളാഴ്‌ച
ഗുണ്ട് മമ്മദ്‌ക്കയും പഴയൊരു സിഗര്‍ലൈറ്ററും
ഗുണ്ട് മമ്മദ്‌ക്ക ഞങ്ങളുടെ നാട്ടിലെ പുലിയാണ്. പടക്കം പൊട്ടിക്കല്‍ ഒരു കലയാണെങ്കില്‍ മമ്മദ്‌ക്ക മഹനായ കലാകാരനും. എന്ത് കാര്യത്തിനും ഓടിയെത്തുന്ന മധ്യവയസ്സ് പിന്നിട്ട ഒരു കുറിയ മനുഷ്യന്‍. നമ്മുടെ പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ മുഖഭാവമുള്ളയാള്‍ എന്നു വേണമെങ്കില്‍ പറയാം.
എന്റെ വീട്ടിനടുത്തു തന്നയുള്ളയാളാണ്. കുറെ കാലം മുമ്പ് കാലം ചെയ്‌തു. എങ്കിലും ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഞാനടക്കമുള്ള നാട്ടുകാര്‍ക്ക് അദ്ദേഹത്തെ ഓര്‍മ്മ വരും. വിജയ ജാഥയുടെ മുന്‍വശത്ത് കണ്ണൂരിലെ ബോംബ് പോലെ ഒരു പൊട്ടിത്തെറി. തൊലികള്‍ വെന്തുരിഞ്ഞ ഒരു കൈപ്പത്തി, നീറ്റലില്‍ പുളഞ്ഞ് ചക്രം കത്തിച്ചുവിട്ടപോലെ ചുറ്റുപാടും ഓടുന്ന മമ്മദ്‌ക്ക...
അന്നിന്നുള്ളത്ര കോലാഹലമൊന്നുമുണ്ടായിരുന്നില്ല; സൗകര്യങ്ങളൊക്കെ കുറവായിരുന്നല്ലോ. എങ്കിലും ആഘോഷത്തിനത്ര കുറവെില്ലായിരുന്നു. പ്രായമുള്ളവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്തിനെന്നറിയാതെ സിന്ദാബാദ് വിളിക്കുക്കുമ്പോള്‍ അവരെ വെറുതെ അനുകരിക്കുന്ന കുട്ടികള്‍.. അവരിലൊരാള്‍ക്ക് എന്റെ ബാല്യ മുഖം.
കലപ്പയേന്തിയ കര്‍ഷകന്‍, പശുവും കിടാവും തുടങ്ങിയ ചിഹ്നങ്ങളായിരുന്നു അന്നൊക്കെ. ഇരട്ട വര്‍ണത്തില്‍ മാത്രം അച്ചടിച്ചിരുന്ന സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിക്കാത്ത പോസ്റ്ററുകള്‍ സ്വന്തമാക്കുകയും വീട്ടിനടുത്തെ കടയുടെ ചുമരുകളില്‍ ഒട്ടിക്കുകയും ചെയ്യുന്നതിലുള്ള ഹരം ബാല്യങ്ങളുടെ സ്വന്തമായിരുന്നു. സ്ഥാനാര്‍ത്ഥിയാരായിരുന്നാലും പോസ്റ്റര്‍ തന്നാല്‍ ഒട്ടിച്ചുകൊടുക്കും എന്നത് കുട്ടികളുടെ നിഷ്‌കളങ്ക സേവനം. ഒരിക്കല്‍ ഗ്രാമ കവലയിലെ ചന്ദ്രേട്ടന്റെ തയ്യല്‍ക്കടയിലെ വിളക്കു കത്തിച്ച, ചില്ലിലടച്ച ദൈവങ്ങളുടെ അരികില്‍ പിന്നീടെടുക്കാമെന്ന് കരുതി പോസ്റ്റര്‍ വെച്ചതും ചന്ദ്രേട്ടന്‍ ദേഷ്യപ്പെട്ട് വലിച്ചെറിഞ്ഞതും...അയ്യോ, അന്നറിയാതെ ചെയ്‌തുപോയതാണ്. അന്ന് ചന്ദ്രേട്ടനോട് നീരസം തോന്നി കുറേ നാള്‍ മാതൃഭൂമി വായിക്കാനും റാഫി ഗാനങ്ങള്‍ കേള്‍ക്കാനും ചെല്ലാതിരുന്നു. അതെനിക്ക് നഷ്‌ടം-ഓരോ റാഫി ഗാനത്തെക്കുറിച്ചും മുമ്പ് ബോംബെയിലുണ്ടായിരുന്ന ചന്ദ്രേട്ടന് എന്തെങ്കിലും പറയാനുണ്ടായിരിക്കും. റാഫി ആലാപനത്തിലെ ആരോഹണാവരോഹണങ്ങളിലൂടെ ഇറങ്ങിച്ചെന്ന് ചന്ദ്രേട്ടന്‍ വിവരിക്കുന്നത് കേട്ട് ഒടുവില്‍ അദ്ദേഹത്തിന്റെ ചക്കട സൈക്കിളിന്റെ പിന്‍സീറ്റില്‍ വീട്ടിലേക്ക് മടങ്ങുന്നതും മുടങ്ങി. ഞാന്‍ ചെയ്‌തത് വലിയ തെറ്റാണല്ലോ. ആ വലിയ തെറ്റ് തിരിച്ചറിയാന്‍ വൈകി എന്നുമാത്രം.
സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം തന്നെയായിരുന്നല്ലോ അന്നും ഉത്സവം. ഇന്നും തെരഞ്ഞെടുപ്പ് ഫലോത്സവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്
ഏത് വലിയ പടക്കവും കൈയില്‍ പിടിച്ച് സിഗര്‍ലൈറ്ററില്‍ നിന്ന് കത്തിെച്ചറിയുന്നതാണ് ഗുണ്ട് മമ്മദ്‌ക്കയുടെ മാസ്റ്റര്‍ പീസ്. ഗ്രാമത്തിന്റെ ഹീറോയായിത്തീര്‍ന്നതങ്ങനെ. ജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയാണ് നമ്മുടെ പാര്‍ട്ടി എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. വിജയാഘോഷ ജാഥയുടെ മുന്‍പില്‍ നിന്ന് ദിനേശ് ബീഡി വലിക്കാന്‍ എപ്പോഴും കൈയില്‍ കരുതാറുള്ള പ്രത്യേക മണമുള്ള സിഗര്‍ലൈറ്റര്‍ില്‍ നിന്ന് തീ കൊളുത്തി ഗുണ്ട് മമ്മദ്‌ക്ക പടക്കങ്ങള്‍ വലിച്ചെറിയും. ഒന്ന് പൊട്ടിത്തീരുമ്പോഴേക്കും മറ്റൊന്നിന് തിരി കൊളുത്തിയിരിക്കും. ആ രംഗം കണ്ട് രസിക്കുകയായിരുന്നു ജാഥയില്‍ അംഗമാകാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ രസകരമായ സംഭവമാണ് പറഞ്ഞുവരുന്നത്. ഫലം വന്നു. കുഞ്ഞിരാമേട്ടനായിരന്നു ജയിച്ചത്. മമ്മദ്‌ക്ക പതിവുപോലെ കസറി. കുഞ്ഞിരാമേട്ടനും പാര്‍ട്ടിക്കും സിന്ദാബാദ് വിളികള്‍ കത്തിക്കയറിയപ്പോള്‍ മുമ്പില്‍ നിന്ന് ഗുണ്ടുകള്‍ കത്തിച്ച് വലിച്ചെറിഞ്ഞ് മമ്മദ്‌ക്കയും പൂത്തിരിയായി.
പെട്ടെന്നാണ് ഒരു നിലവിളി ഉയര്‍ന്നത്.
മമ്മദ്‌ക്കയുടെ ഇടതു കൈയില്‍ നിന്ന് ഗുണ്ട് പൊട്ടി. തൊലിയാകെ വെന്തുരിഞ്ഞു. വലതു കൈകൊണ്ട് കൈത്തണ്ടയില്‍ പിടിച്ചമര്‍ത്തി വേദന ശമിപ്പിക്കാനുള്ള പാഴ്‌ശ്രമത്തിലാണയാള്‍. ആരോ മമ്മദ്‌ക്കയെ തൊട്ടടുത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ഫാനിനടിയിലിരുത്തി. പക്ഷെ, ആര് ഇരിക്കാന്‍.. ``ഹള്ളോ പടച്ചോനേ.. ഹെന്റെ കൈ പോയേ.. '' എന്ന് വിളിച്ചുകൂവി മമ്മദ്‌ക്ക അവിടെ നിന്നും വാണം പോലെ ഓടി. പിന്നാലെ കുഞ്ഞിരാമേട്ടനും മറ്റുള്ളവരും.. നല്ല രസമായിരുന്നു ആ കാഴ്‌ച കാണാന്‍ എന്നു പറഞ്ഞാല്‍ തെറ്റാകുമോ എന്നറിയില്ല.
എങ്കിലും എന്നില്‍ മാത്രമല്ല, എല്ലാവരുടെയും മനസ്സില്‍ ഒരു സംശയം ബാക്കി നിന്നു-എന്താണ് സംഭവിച്ചത്? പടക്കം പൊട്ടിക്കല്‍ കലയില്‍ മഹാനായ, നാട്ടിലെ പുലിയായ മമ്മദ്‌ക്കക്ക് എവിടെയാണ് പിഴച്ചത്?
ഞങ്ങളുടെ സംശയം ദൂരീകരിക്കാന്‍ മമ്മദ്‌ക്കക്കും ആവുമായിരുന്നില്ല. ഒന്നുമയാള്‍ക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല ഒടുവില്‍ ഒരു കാര്യം അയാള്‍ പറയാതെ പറഞ്ഞു: പടക്കം പൊട്ടിക്കുമ്പോള്‍ ആരോ ഒരാള്‍ എന്തോ ചോദിച്ചിരുന്നു. അതിന് ശേഷമെറിയാനെടുത്ത പടക്കമാണ് കൈയില്‍ പൊട്ടിയത്.
ഒടുവില്‍ ആശുപത്രിയില്‍ നിന്ന് പോന്ന ശേഷം മമ്മദ്‌ക്ക ഒരു കാര്യം കൂടി ഓര്‍ത്തു-
തന്റെ പ്രിയപ്പെട്ട ആ സിഗര്‍ലൈറ്റര്‍ കാണാനില്ല!!!
2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച
ചെറിയ, വലിയ ജീവിതങ്ങള്‍
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
-കുഞ്ഞുണ്ണി മാഷ്
ലോകത്തെ ഏറ്റവും ഉയരമുള്ള പുരുഷനും ഉയരമില്ലാത്ത പുരുഷനുമായി ഗിന്നസ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചിരുന്ന പാക്കിസ്‌താന്‍ സ്വദേശികളായ ആസാദ് ഖാന്‍ മസൂദും സയ്യിദ് ഖമര്‍ അലിയും ജീവിതം തേടി യുഎഇയിലെത്തി. അവരിവിടെ പങ്കുവെയ്‌ക്കുന്നത് തങ്ങളുടെ സ്വകാര്യ ദുഃഖങ്ങളാണ്.
``മറ്റുള്ളവര്‍ക്ക് കൗതുക വസ്‌തുക്കളാണ് ഞങ്ങള്‍.. ആളുകളെ നോക്കി പുഞ്ചിരിക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോഴുമൊക്കെ ഉള്ളാലെ നീറുകയാണ് ഞങ്ങള്‍...''-ആസാദ് ഖാന്‍ മസൂദ് ദീര്‍ഘ നിശ്വാസം പൊഴിച്ചു. അദ്ദേഹത്തെ തന്നെ ഉറ്റുനോക്കിക്കൊണ്ട് തൊട്ടു താഴെ, തറയില്‍ വിരിച്ച കിടക്കയില്‍ പാക്കിസ്‌താന്‍ ശൈലിയില്‍ കുഞ്ഞു കാല്‍ മടക്കി കുത്തിയിരുന്ന് സയ്യിദ് ഖമര്‍ അലി തലയാട്ടിക്കൊണ്ട് അത് ശരിവെച്ചു.
2003 മുതല്‍ 2005 വരെയുള്ള ഗിന്നസ് ബുക് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ തലയെടുപ്പോടെ നിന്ന ലോകത്തെ ഏറ്റവും ഉയരമുള്ള പുരുഷനാണ് ആസാദ് ഖാന്‍ മസൂദ്. ഇതേ കാലയളവില്‍ തന്നെ സയ്യിദ് ഖമര്‍ അലി ഗിന്നസ് ബുക്കില്‍ ലോകത്തെ ഏറ്റവും നീളം കുറഞ്ഞ പുരുഷനുമായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി ദുബൈ ദേര നായിഫിലെ ചെറുകിട ഹോട്ടലിലെ കൊച്ചു മുറിയാണവരുടെ സങ്കേതം. ലോകമെങ്ങും ലഭിക്കുന്ന വന്‍ സ്വീകരണത്തിനും പ്രശസ്‌തിക്കുമിടയിലും തങ്ങള്‍ക്ക് ഒട്ടേറെ സ്വകാര്യ ദുഃഖങ്ങള്‍ പറയാനുണ്ടെന്ന് ഇരുവരും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അതുകേള്‍ക്കാന്‍ ചെന്നത്. ഒരേ സമയം കൗതുക വസ്‌തുക്കളായും പച്ചയായ മനുഷ്യരായും ജീവിക്കേണ്ടി വരുമ്പോഴുള്ള ആവലാതികളും ആശങ്കകളും പങ്കുവെയ്‌ക്കുമ്പോള്‍ സമൂഹത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങളുടെ ചിത്രം കൂടി ഇവിടെ വെളിപ്പെടുന്നു.
@@
ഉയരക്കൂടുതലാണ് ആസാദ് ഖാന്‍ മസൂദിന്റെ ദുഃഖം. സയ്യിദ് ഖമര്‍ അലിയുടേത് ഉയരക്കുറവും. പാക്കിസ്‌താനികളായ ഇരുവരും ഒന്നിച്ച് ലോകത്തെ മിക്കവാറും രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വിസ്‌മയവും ഇത്തിരി അസൂയയും തോന്നുമെങ്കിലും പ്രദര്‍ശന വസ്‌തുക്കളായിക്കൊണ്ടുള്ള ഈ യാത്രകള്‍ പാവം ചെറുപ്പക്കാരെ ഒട്ടും ആഹ്ലാദിപ്പിക്കുന്നില്ല.
``എവിടെ ചെന്നാലും കാണാന്‍ ആളു കൂടും. ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും നിരവധി പേരെത്തും. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിലൂടെ ജീവിതം അല്ലലില്ലാതെ കഴിഞ്ഞുപോവുന്നു എന്നത് ശരി തന്നെ. പക്ഷെ, ഇതുകൊണ്ട് മാത്രം മതിയോ? സ്ഥിരമായി ഒരു ജോലി സമ്പാദിച്ച്, പെണ്ണുംകെട്ടി സ്വന്തം മണ്ണില്‍ കുടുംബ ജീവിതം നയിക്കാനുള്ള മോഹം ഞങ്ങള്‍ക്കുമില്ലേ?''-സയ്യിദ് ഖമര്‍ അലിയുടെ ചോദ്യം തീര്‍ത്തും പ്രസക്തമാണെന്ന് ആസാദ് ഖാന്‍ മസൂദ് നിര്‍വികാരതയാര്‍ന്ന ഒരു നോട്ടത്തിലൂടെ അടിവരയിടുന്നു.
2.55 സെമീറ്ററാ(ഏഴടി 10 ഇഞ്ച്)ണ് 35കാരനായ ആസാദ് ഖാന്‍ മസൂദിന്റെ നീളം. 25കാരനായ സയ്യിദ് ഖമര്‍ അലിയുടെ നീളം 95 സെന്റീ മീറ്ററില്‍ മുരടിച്ചു. ഗിന്നസ് ബുക് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ രണ്ട് വര്‍ഷം ഇരുവരും അജയ്യരായിരുന്നു. പാക്കിസ്‌താന്‍കാരന്‍ തന്നെയായിരുന്ന ആലം ചന്ന 2003ല്‍ ആസാദ് മസൂദ് ഖാന്റെ സ്ഥാനം കവര്‍ന്നെടുത്തു. എന്നാല്‍, ഇദ്ദേഹം അടുത്തിടെ വൃക്ക തകരാറിലായി ഏറ്റക്കുറച്ചിലുകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇപ്പോള്‍ 59കാരനായ മംഗോളിയക്കാരന്‍ ബാഒ ഷിഷും(7 `9) ആണ് ഈ സ്ഥാനത്ത്. സയ്യിദ് ഖമര്‍ അലിയുടെ സ്ഥാനം 19കാരനും 74 സെന്റീ മീറ്റര്‍ നീളമുള്ളയാളുമായ ഹി പിംഗ്‌പിങ്ങും അപഹരിച്ചു.
ആള്‍ക്കൂട്ടത്തില്‍ തനിയെ...
അഞ്ച് സഹോദരന്മാരും അഞ്ച് സഹോദരിമാരുമടങ്ങുന്ന പെഷാവറിലെ വലിയൊരു കുടുംബത്തിലെ അംഗമാണ് ആസാദ് ഖാന്‍ മസൂദ്. പിതാവ് മീര്‍ മുഹമ്മദ് കര്‍ഷകനായിരുന്നു. സാധാരണ ഉയരമുള്ള മീര്‍ മുഹമ്മദ്-ജാന്‍ ബീവി ദമ്പതികള്‍ക്ക് പിറന്ന ആസാദ് ഖാന്‍ മസൂദ് മാത്രമാണ് ഏവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് നീണ്ടുനീണ്ടുപോയത്. മറ്റുള്ളവര്‍ക്കൊക്കെ സാധാരണ നീളം മാത്രമേയുള്ളൂ. എന്നാല്‍, ലാന്റിയിലെ സയ്യിദ് മുര്‍തദ അലി-സയ്യിദ നസ്‌റീന്‍ ദമ്പതികളുടെ എട്ടംഗ കുടുംബത്തിലെ ആറ് പുത്രന്മാരില്‍ സയ്യിദ് ഖമര്‍ അലിയോടൊപ്പം സഹോദരന്‍ സയ്യിദ് ഖുറം അലിയും കുള്ളനാണ്. സയ്യിദ് ഖമര്‍ അലിയുടെയത്ര ഉയരം മാത്രമുള്ള ഖുറം അലിയും ഇടയ്‌ക്കിടെ ലോക സന്ദര്‍ശനത്തിന് പോകാറുണ്ട്; പകരക്കാരനായി.
ആസാദ് ഖാന്റെയോ, ഖമര്‍ അലിയുടേയോ പരമ്പരകളിലെവിടെയെങ്കിലും ഇത്തരം ഉയരക്കൂടുതലോ, കുറവോ ആരുടെ പേരിലും രേഖപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പോരായ്‌മകളോടെ മക്കള്‍ ജനിച്ചതെന്ന് അറിവുള്ളവരോട് ചോദിക്കാന്‍ നിരക്ഷരരായ രക്ഷിതാക്കള്‍ക്ക് അറിയാമായിരുന്നുമില്ല. പക്ഷെ, `കൈകാല്‍ വളര് വളര്...' എന്ന് പ്രാര്‍ത്ഥിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് മുമ്പില്‍ ആസാദ് ഖാന്‍ മസൂദ് വളര്‍ന്നുവലുതായപ്പോള്‍ രക്ഷിതാക്കളോടൊപ്പം ബന്ധുക്കളും നാട്ടുകാരും വിസ്‌മയത്തിലാണ്ടു.
പിറവിയിലേ നല്ല ഉയരമുള്ള കുട്ടിയായിരുന്നു ആസാദ് ഖാന്‍ മസൂദ്. പിന്നീട് അസാധാരണമാംവിധം അനന്തമായി വളര്‍ന്നു തുടങ്ങി. എങ്കിലും മാതാപിതാക്കള്‍ ഇതത്ര കാര്യമാക്കിയില്ല. പെഷാവറിലെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകരുടെയും മറ്റു കുട്ടികളുടെയും മുന്നില്‍ ഒരു കൗതുക വസ്‌തുവായതോയെടെയാണ് തന്റെ ശരീരപ്രകൃതി തനിക്ക് സമ്മാനിക്കാന്‍ പോകുന്നത് ദുരിതമാണെന്ന തിരിച്ചറിവ് ആസാദ് ഖാനുണ്ടായത്. എല്ലാവരും തന്നെ നോക്കി ചിരിക്കുമ്പോഴും കളിയാക്കുമ്പോഴും തന്നോട് തന്നെ ദേഷ്യം അമര്‍ഷവും തോന്നിയിരുന്നതായി ഈ യുവാവ് പറയുന്നു:
``കാണുന്നവരെല്ലാം സൂക്ഷിച്ചു നോക്കുമ്പോള്‍ ആര്‍ക്കായാലും ഒരു വല്ലായ്‌മ തോന്നുമല്ലോ. അങ്ങനെ പ്രൈമറി ക്ലാസ്സില്‍ വെച്ച് തന്നെ പഠനം ഉപേക്ഷിച്ചു''.
പിന്നീട് എന്തെങ്കിലും ജോലി ലഭിക്കുമോ എന്നായി ആസാദ് ഖാന്‍ മസൂദിന്റെ അന്വേഷണം.
``പക്ഷെ, ഇത്രയും പൊക്കം വെച്ചുകൊണ്ട് മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ ആരും ജോലി തരാന്‍ തയ്യാറായതുമില്ല''.
ഇതോടെ ഏവര്‍ക്കും താനൊരു ഭാരമാകാന്‍ തുടങ്ങി എന്ന അറിവ് ഈ യുവാവിനെ അലട്ടി. പ്രായത്തില്‍ കവിഞ്ഞ ഉയരം മാത്രമല്ല, ഭക്ഷണത്തിന്റെ ഇരട്ടിയളവും വസ്‌ത്രങ്ങളും പാദരക്ഷകളും(ഇപ്പോള്‍ 40 സെന്റീ മീറ്ററാണ് ഷൂസിന്റെ നീളം, 94 സൈസ്) പ്രത്യേകം തയ്യാറാക്കേണ്ടി വരുന്നതും നിര്‍ധനരായ മാതാ പിതാക്കളെ ഏറെ അലട്ടി. മാതാപിതാക്കള്‍ തള്ളിപ്പറഞ്ഞില്ലെങ്കിലും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ട എന്ന അവസ്ഥയുണ്ടായതോടെ നാടുവിടാന്‍ ആലോചനയായി. പക്ഷെ, സാധാരണക്കാരെപ്പോലെ ബസിലോ ടാക്‌സിയിലോ മറ്റ് വാഹനങ്ങളിലോ കയറാന്‍ സാധ്യമല്ലാത്തതിനാല്‍ അതിനും സാധിച്ചില്ല. അങ്ങനെ വളരെ പ്രയാസത്തോടെ ജീവിതം മുന്നോട്ട് പോകുമ്പോള്‍, ഖമറുദ്ദീന്‍ അന്‍സാരിയുടെ രംഗപ്രവേശമാണ് 29-ാം വയസ്സില്‍ എത്തിനിന്നപ്പോള്‍ ജീവിതത്തെ അടിമുടി മാറ്റി മറിക്കുന്നത്. ഉയരക്കൂടുതല്‍ കൊണ്ട് ചില പ്രയോജനങ്ങളുണ്ടെന്ന രഹസ്യം ചെവിയിലോതിയത് അദ്ദേഹമാണ്. ഗിന്നസ് ബുക് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ എല്ലാ വര്‍ഷവും ലോകത്തെ ഏറ്റവും ഉയരവും കുറവുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കാറുണ്ട്. അങ്ങനെ നാട്ടുകാരനായ ഖമറുദ്ദീന്‍ അന്‍സാരി 2003ല്‍ ഗിന്നസ് ബുക് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ആസാദ് ഖാനെ പ്രവേശിപ്പിച്ചു.
ഒരു സുപ്രഭാതത്തില്‍ എങ്ങും സ്വീകാര്യത. സ്വീകരണച്ചടങ്ങുകള്‍, അഭിനന്ദനം... നാട്ടിലെ ആഘോഷ പരിപാടികളിലൊക്കെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായിത്തീര്‍ന്നു ആസാദ് ഖാന്‍. അങ്ങനെ ലഭിക്കുന്ന പണം കൊണ്ട് ജീവിതം ഒരു വിധം അല്ലലില്ലാതെ നീങ്ങിത്തുടങ്ങി. ജീവിതത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് അന്ന് തിരിച്ചറിവുണ്ടായി. അല്ല, അനുഭവിച്ചു തുടങ്ങി. പക്ഷെ, ഇതിനൊന്നും അത്രയേറെ ആയുസ്സുണ്ടാകില്ല, വളരെ പെട്ടെന്ന് തന്നെ ഏവര്‍ക്കും മടുക്കുമെന്നും തലോടിയവരില്‍ നിന്ന് തന്നെ തല്ലേല്‍ക്കേണ്ടി വരുമെന്നുമുള്ള യാഥാര്‍ത്ഥ്യബോധം എന്നും അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയാണ് ഗിന്നസ് ബുക്കിലെ തിളക്കം മുതലാക്കാന്‍ ഖമറുദ്ദീന്‍ അന്‍സാരി, ആസാദ് ഖാനെ ലോക സഞ്ചാരത്തിന് കൊണ്ടുപോകുന്നത്.
മുകളിലേക്ക് നോക്കുമ്പോള്‍...
ഖമര്‍ അലിയുടെ പ്രശ്‌നങ്ങളും ആസാദ് ഖാന്റേതിന് സമാനമാണ്. നീളക്കുറവ് ജീവിതത്തില്‍ ഏറെ അപകര്‍ഷതാ ബോധം സൃഷ്‌ടിച്ചതായി ഇദ്ദേഹം പറയുന്നു.
``മുകളിലോട്ട് നോക്കുമ്പോഴാണ് ഞാനേറ്റവും ചെറുതാണെന്ന യാഥാര്‍ത്ഥ്യം ഇടിവാളായി പതിയുന്നത്. അതിനാല്‍ ഇപ്പോള്‍ മുകളിലോട്ട് നോക്കാറേയില്ല...' ഒരു രസികന്‍ കൂടിയായ സയ്യിദ് ഖമര്‍ അലി പറയുന്നു. ``ആളുകളുടെ മുമ്പിലെ കൗതുക വസ്‌തുവായിത്തീര്‍ന്നപ്പോള്‍ എത്രയോ ദിവസങ്ങള്‍ കരഞ്ഞു തീര്‍ത്തു. പക്ഷെ, പിന്നിപ്പിന്നെ ദുഃഖങ്ങളൊക്കെ അമര്‍ത്തിവെയ്‌ക്കാന്‍ പഠിച്ചു''.
തന്നെപ്പോലുള്ള യുവാക്കള്‍ അടിച്ചുപൊളിച്ച് ജീവിക്കുമ്പോള്‍, നാട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെ `ടിങ്കൂജി' എന്ന് വിളിച്ചുള്ള കളിയാക്കലിന് പാത്രമാകാനായിരുന്നു വിധി. സ്‌കൂളില്‍ പോകാന്‍ ഇതോടെ മടിയായി. പഠനം നിര്‍ത്തി. ഒടുവില്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയതോടെയാണ് നല്ല കാലം തെളിഞ്ഞത്. കളിയാക്കിയവര്‍ തന്നെ അഭിനന്ദനവുമായി ക്യൂ നിന്നു. അതോടൊപ്പം ആസാദ് ഖാന്റെയരികിലെത്തിയ ഖമറുദ്ദീന്‍ അന്‍സാരി എന്ന മനുഷ്യസ്‌നേഹി സയ്യിദ് ഖമര്‍ അലിയേയും ലോകസഞ്ചാരത്തില്‍ കൂട്ടി.
ലോക സഞ്ചാരത്തിന്
ഖമറുദ്ദീന്‍ അന്‍സാരിയാണ് ഇന്ന് ഇരുവരുടെയും പ്രമോട്ടര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇരുവരേയും ഇദ്ദേഹം കൊണ്ടുപോകുന്നു. കൂടാതെ, വിവിധ കമ്പനികള്‍ തങ്ങളുടെ പ്രമോഷന്റെ ഭാഗമായി കൊണ്ടുപോകുന്നതും ഇദ്ദേഹത്തിന്റെ പ്രത്യേക താത്‌പര്യപ്രകാരം തന്നെ. ഖമറുദ്ദീന്‍ അന്‍സാരിയെ കണ്ടുമുട്ടിയതാണ് തങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.
യുഎഇയില്‍ നേരത്തെ പലപ്രാവശ്യം ഇരുവരും എത്തിയിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആശയുണ്ടെങ്കിലും വിസ ലഭിക്കാന്‍ പ്രയാസമായതിനാല്‍ സാധിച്ചിട്ടില്ലെന്ന് ഇത്തിരി നിരാശയോടെ തുറന്നുപറയാനും ഈ മനുഷ്യര്‍ മടിക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചിട്ടുള്ളത്. അടുത്തിടെ സഊദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ഇരുവരും ഒരു അറബിക് ടെലിഫിലിമില്‍ അഭിനയിച്ചു. ഗള്‍ഫിലെ പ്രമുഖ അറബിക് ടെലിവിഷന്‍ ചാനലുകളിലൊന്നായ എംബിസിയില്‍ ഈ ടെലിഫിലിം സംപ്രേഷണം ചെയ്‌തു. അതിന്റെ ക്ലിപ്പിംഗ്‌സ് മൊബൈല്‍ ഫോണില്‍ കൊണ്ടു നടന്നു മറ്റുള്ളവരെ കാണിക്കുമ്പോള്‍ ഇരുവര്‍ക്കും തങ്ങള്‍ ചലചിത്ര താരങ്ങളായതിന്റെ അഭിമാനം. കൂടാതെ, നിരവധി പരസ്യങ്ങളിലും ഇവര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എവിടെ ചെന്നാലും അവിടുത്തെ സമ്പന്ന വീടുകളിലെ ജന്മദിനാഘോഷ പരിപാടികള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും ഇരുവരെയും പങ്കെടുപ്പിക്കും. ഇത്തരം പരിപാടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും നല്ലൊരു സംഖ്യയും ലഭിക്കും.
ദുബൈ കൊതിപ്പിക്കുന്നു; ജീവിതവും...
യുഎഇയില്‍ ദുബൈ കേന്ദ്രീകരിച്ചാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്‌ക്ക് ശേഷം താമസ സ്ഥലത്ത് നിന്നിറങ്ങിയാല്‍ രാത്രി വൈകി മുറിയിലെത്തും. മാന്ത്രികന്‍ കൂടിയായ മുഹമ്മദ് എഎം.അസ്‌ലമാണ് ഫോട്ടോഗ്രാഫറായി ഇരുവടെയും കൂടെ ഊരു ചുറ്റുന്നത്. ഒരു ഫോട്ടോയ്‌ക്ക് 10 ദിര്‍ഹം(140 രൂപയോളം) വെച്ച് ആളുകളില്‍ നിന്ന് വാങ്ങും. തത്‌ക്ഷണം ഫോട്ടോ എടുത്ത് നല്‍കുമ്പോള്‍ ഏവര്‍ക്കും സന്തോഷം. ദുബൈയില്‍ വാരാന്ത്യങ്ങളിലും മറ്റും വന്‍ ജനാവലിയാണ് ചെറിയ-വലിയ മനുഷ്യരെ കാണാന്‍ തടിച്ചുകൂടുന്നത്. എന്നാല്‍ തങ്ങളുടെ വരുമാനത്തെക്കുറിച്ച് പറയാന്‍ പാടില്ലെന്ന പ്രമോട്ടറുടെ നിബന്ധന ഇരുവരും അക്ഷരംപ്രതി അനുസരിക്കുന്നു.
രണ്ട് പേരുടെ കിടക്ക ഒന്നിച്ചിട്ടാണ് ആസാദ് ഖാന്‍ ദുബൈയിലെ മുറിയില്‍ അന്തിയുറങ്ങുന്നത്. ഇതിന് വേണ്ടി സയ്യിദ് ഖമര്‍ അലി താഴെ കിടക്കുകയാണ് ചെയ്യുന്നത്. രണ്ട് പേര്‍ക്ക് ആവശ്യമുള്ള ഭക്ഷണം മൂന്ന് നേരം ആസാദ് ഖാന് കഴിക്കണം. രാവിലെയും ഉച്ചയ്‌ക്കും ആറ് പൊറോട്ട, ആറ് മുട്ട, മുഴു കോഴി.... രാത്രി ആട്ടിറച്ചി വിഭവം നിര്‍ബന്ധം. എന്നാല്‍, ഖമര്‍ അലിക്ക് സാധാരണ ഭക്ഷണം മാത്രമെ ആവശ്യമുള്ളൂ.
നിരവധി തവണ ഗള്‍ഫിലെത്തിയെങ്കിലും രാജ്യം മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ സാധിക്കാത്തതില്‍ ആസാദ് ഖാന്‍ വ്യസനത്തിലാണ്.
``ഇവിടുത്തെ അടിപൊളി ബസുകളും മറ്റും കാണുമ്പോള്‍ ഒന്നു കറങ്ങാന്‍ കൊതിയാകും. നേരത്തെ ഒരു തവണ ശ്രമിച്ചപ്പോള്‍ തലയിടിച്ചോ മറ്റോ അപകടം പിണയുമോ എന്ന ആശങ്കയില്‍ കയറ്റിയില്ല. അതിനാല്‍ ഇപ്പോള്‍ അതിന് തുനിയാറില്ല''-വലിയ മനസ്സിന്റെ ഉടയുടെ വാക്കുകളില്‍ നിരാശ. ആസാദ് ഖാന്‍ മസൂദും പ്രശ്‌നങ്ങള്‍ക്കിടയിലും തമാശകള്‍ പറഞ്ഞും കാണിച്ചും ഓടിച്ചാടി നടക്കുന്ന സയ്യിദ് ഖമര്‍ അലിയും സഹോദര സ്‌നേഹത്തോടെ ഒരുമയോടെ സഹവസിക്കുന്നു.
നാട്ടില്‍ ഒരു സ്ഥിരം ജോലി, വിവാഹ ജീവിതം എന്നീ ആഗ്രഹങ്ങള്‍ എന്നെങ്കിലും പൂവണിയുമോ എന്ന പ്രശ്‌നം ഇരുവരെയും, പ്രത്യേകിച്ച് ആസാദ് ഖാന്‍ മസൂദിനെ ഏറെ അലട്ടുന്നുണ്ട്. നാട്ടില്‍ വെച്ച് നിരവധി `പ്രപോസലു'കള്‍ വന്നെങ്കിലും എല്ലാം അവസാന ഘട്ടത്തില്‍ അലസിപ്പിരിഞ്ഞു. ഖമര്‍ അലിയുടെ മനസ്സിലും ഒരു കുടുംബ ജീവിതമെന്ന സ്വപ്‌നമൊക്കെ കൂടുകൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ, എന്നെങ്കിലും ഇത് യാഥാര്‍ത്ഥ്യമാവുമോ എന്ന ആശങ്കയും ഇല്ലാതില്ല. എങ്കിലും ഈ സ്വപ്‌നമാണ് ഇരുവരുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഭൂമിയില്‍ ഓരോ മനുഷ്യനും ദൈവം ഇണയെ സൃഷ്‌ടിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണമായി, നിലവിലെ ഏറ്റവും ഉയരമുള്ള പുരുഷനായ ബാഒ ഷിഷും അടുത്തിടെ വിവാഹിതനായി ചരിത്രം സൃഷ്‌ടിച്ചതും ഇരുവരിലെ പ്രതീക്ഷകളുടെ ചിറകുകള്‍ക്ക് ബലമേകുന്നു.
2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച
`ഇതൊക്കെ മുഖസ്‌തുതികളാണോ, ഒള്ളതല്ലേ...'
മറ്റൊന്നുമില്ലെങ്കിലെന്താ, കാസര്‍കോട് ജില്ലയ്‌ക്ക് കേരളത്തിലെ രാഷ്‌ട്രീയ നായകന്മാരുടെ യാത്രാരംഭം കണ്ണുനിറയെ കാണാനുള്ള മഹാഭാഗ്യം ഇടയ്‌ക്കിടെ ലഭിക്കാറുണ്ട്. പ്രത്യേകിച്ച ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന കാലങ്ങളില്‍. മഞ്ചേശ്വരത്തിനാണ് ഓരോ യാത്രയുടെ ആരംഭത്തില്‍ പന്തല്‍ നെഞ്ചേറ്റാനുള്ള അവസരം ലഭിക്കുന്നത്.
അടുത്തകാലത്ത് ടിക്കറ്റെടുക്കേണ്ടാത്ത യാത്രകളുടെ ക്യൂവാണ്. നമ്മുടെ `ലാവ്‌ലിന്‍ സഖാവ്' പിണറായി വിജയന്‍ സൈക്കിളില്‍ നിന്ന് വീണ ചിരിയുമായി മഞ്ചേശ്വരത്ത് നിന്ന് നവ കേരള യാത്ര ആരംഭിച്ചതോടെയാമ് ഇതിന് തുടക്കം കുറിച്ചത്. അദ്ദേഹം പറഞ്ഞു പോയ കള്ളത്തരങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കും ബഡായികള്‍ക്കും മറുപടിയുമായി കേരളത്തെ `ദാ, ഇപ്പം രക്ഷിക്കാം...' എന്ന പേരില്‍ നമ്മുടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പിന്നാലെ വിട്ടു. രണ്ട് പേരും പറയുന്നതല്ല, താന്‍ പറയുന്നതാണ് ശരി എന്ന് പറഞ്ഞിതാ `അച്ഛന്റെ മകന്‍' കെ. മുരളീധരനും യാത്ര ചെയ്യുന്നു. നവ സന്ദേശമാണത്രെ അദ്ദേഹം നല്‍കുന്നത്. ഡയലോഗടിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ കേള്‍ക്കാന്‍ ആരെങ്കിലും വേണ്ടേ?. എന്നാല്‍, യുവമോര്‍ച്ചാ ്രപസിഡന്റ് കെ.സുരന്ദ്രന്‍ തെക്കുനിന്ന് വടക്കോട്ടാണ് മൂര്‍ച്ചയില്ലാതെ നടക്കുന്നത്; അവരുടെ നയവും അങ്ങനെ തലതിരിഞ്ഞതാണല്ലോ. സാമ്പത്തിക മാന്ദ്യവും മറ്റ് എടങ്ങേറുകളും കാരണം ആകെ വശംകെട്ടിരിക്കുന്ന ജനം അപ്പാടെ ഇവരുടെ വാക്കുകള്‍ വിശ്വസിക്കുന്നു എന്ന് കരുതുന്നുണ്ടോ ആവോ, കഷ്‌ടം!!
ഏതായാലും കിരീടവും ചെങ്കോലുമാണ് ലാവ്‌ലിന്‍ സഖാവിന് യാത്രയിലുടനീളം അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് തക്ഷകന്‍ ആപ്പിളില്‍ പുഴുവായി ഒളിച്ച് കടന്ന് പരീക്ഷിതിന്റെ കഥകഴിച്ച പോലെ കിരീടത്തിനകത്ത് വിഎസ് ഒളിച്ചിരുന്നിട്ടുണ്ടോ എന്ന് വിശദമായി തപ്പി നോക്കിയ ശേഷം മാത്രമെ ലാവ്‌ലിന്‍ സഖാവ് അത് ധരിക്കുന്നുള്ളൂ. (മിക്കയിടത്തും പാര്‍ട്ടിക്കകത്ത് പാര്‍ട്ടിയുള്ള കാലമാണ്; ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ കൊള്ളില്ല). എന്നാല്‍, കെപിസിസി പ്രസിഡന്റിന്റെ നോട്ടം നോട്ടു മാലയോടാണ് കമ്പം. അത് മൊത്തത്തിലങ്ങ് സംഭാവന ചെയ്യുമെന്നാണ് ഭീഷണി. എന്നാല്‍, അച്ഛന്റെ മകന് ഇത് രണ്ടും അത്രയേറെ ലഭിക്കില്ലെന്നറിയാം, (യാത്രക്ക് ആളെയൊപ്പിക്കാന്‍ തന്നെ ചെലവാക്കിയത് ആര് തരുമെന്നാ.). ഏതായാലും തട്ടിയും മുട്ടിയും ലാല്‌ലിന്‍ സഖാവ് യാത്ര ഒരു വിധം പൂര്‍ത്തിയാക്കാറായി. സഖാവിന് ദുഃസ്വാഗതമോതി മിക്കയിടത്തും നോട്ടീസുകളും ഫ്‌ളക്‌സുകളും സ്ഥാപിക്കുന്നത് വിമതന്മാര്‍ തന്നെ. എങ്കിലും അതും തന്റെ യാത്രയുടെ വിജയമാണെന്ന് സഖാവ് വീമ്പളക്കാത്തത് ഭാഗ്യം.
വിമതന്മാരുടെ കഥ പറയുകയേ വേണ്ട. ഇക്കാര്യത്തില്‍ സിപിഎം കോണ്‍ഗ്രസുകാരെ തോല്‍പിച്ചുകൊണ്ടിരിക്കുന്നു. അതിങ്ങ് കടലിനിക്കരെവരെയുണ്ട്. `ദല' എന്നും `മാക്' എന്നുമുള്ള പേരുകളില്‍ ഇരുകൂട്ടരും വിഎസിനേയും പിണറായിയേയും പിന്തുണച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മരൂഭൂമിയെ പോലും കോരിത്തരിപ്പിക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കമ്പ്യൂട്ടറും കളര്‍ പ്രിന്ററുമൊക്കെ ഓസിക്ക് ലഭ്യമായതിനാല്‍ രസകരമായ നോട്ടീസുകള്‍ തയ്യാറാക്കുന്നതിന് വലിയ പണിയൊന്നുമില്ല. പിണറായി കുഴിയില്‍ ചാടുമ്പോള്‍ മാകും(മാക്രികളെന്ന് ദലക്കാര്‍) വിഎസ് കുഴിയില്‍ ചാടുമ്പോള്‍ ദലയും ഉഷാറാകുന്നു. ഏറ്റവുമൊടുവിലിതാ, കഴിഞ്ഞ ദിവസം പിണറായിക്കെതിരെ സിപിഎം അനുഭാവികളുടേതെന്ന പേരില്‍ ഒരു നോട്ടീസ് മാധ്യമങ്ങളുടെ ഓഫീസുകളില്‍ ലഭിച്ചിരിക്കുന്നു. നല്ല മൊഞ്ചത്തില്‍ ചിരിക്കുന്ന ലാവ്‌ലിന്‍ സഖാവിന്റെ ചിത്രത്തോടെയുള്ള രണ്ട് പേജ് വരുന്ന നോട്ടീസിന്റെ തലക്കെട്ട് `പിണറായി: വര്‍ഗ വഞ്ചകന്‍, അഴിമതി വീരന്‍ കേരളത്തിനും പാര്‍ട്ടിക്കും അപമാനം' എന്നാണ്. `സിപിഎമ്മിനെ നികൃഷ്‌ടരായ മുതലാളിമാര്‍ക്കും കള്ളക്കച്ചവടക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും മദ്യമാഫിയക്കും ഭൂമാഫിയക്കും മുന്നില്‍ അടിയറവ് വച്ച് പ്രസ്ഥാനത്തെ വഞ്ചിച്ചവന്‍` എന്നൊക്കെ വിശദീകരിക്കുന്ന നോട്ടീസില്‍ പിണറായി ദുബൈയില്‍ വന്നപ്പോള്‍ ചില മഫിയാ തലവന്മാരുടെ കൂടെ അടിച്ചുപൊളിച്ചതും ഹുക്ക വലിച്ചതുമൊക്കെ വിശദീകരിച്ച് കുറ്റപ്പെടുത്തുന്നു. അതായത് നിറയെ പിണറായി `മുഖസ്‌തുതികളാ'ണ് ഉള്ളത് എന്നര്‍ത്ഥം. ഈ മുഖസ്ഥിതികളൊക്കെ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് തന്നെ കേള്‍ക്കുമ്പോള്‍ എന്തായിരിക്കും ലാവ്‌ലിന്‍ സഖാവിന്റെ ചിന്ത? ഒരു പക്ഷെ, ഒരു ചിത്രത്തില്‍ മുകേഷിന്റെ ഡയലോഗ് പോലെ, `ഇതൊക്കെ മുഖസ്‌തുതികളാണോ, ഒള്ളതല്ലേ...' എന്ന് പറയുമായിരിക്കും.
പാര്‍ക്കിംഗില്‍ നീ മാത്രമായി...
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കണ്‌ഠമിടറി. വിമാനത്താവളത്തിലെ `ഡിപാര്‍ചര്‍' വാതിലിനടുത്തെത്തിയപ്പോള്‍ അയാള്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഇത്തിരി മുമ്പ് നല്‍കിയ തലോടലും ചുടു ചുംബനവും മതിയായില്ലയാള്‍ക്ക്. ഒരിക്കല്‍ കൂടി യാത്ര പറയാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ, കൂടെയുള്ളവര്‍ വിലക്കി; `നല്ല തിരക്കാണ് ..., യാത്ര പറഞ്ഞത് മതി...'
പക്ഷെ, അയാള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. അയാള്‍ സുഹൃത്തിന്റെ തോളില്‍ മുഖം പൂഴ്‌ത്തി പൊട്ടിക്കരഞ്ഞു. മറ്റുള്ളവരൊക്കെ അവരെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ചമ്മലോടെ സുഹൃത്ത് പറഞ്ഞു: ``ഓക്കെ... പെട്ടെന്ന് ഒരിക്കല്‍ കൂടി കണ്ട് യാത്ര പറഞ്ഞു വാ...''.
അതുകേട്ടതും അയാള്‍ വാഹന പാര്‍ക്കിംഗിലേക്ക് കുതിച്ചു. ആ മിനുമിനുത്ത ബോഡിയില്‍ തലോടിക്കൊണ്ട് അയാള്‍ വിതുമ്പലടക്കി പറഞ്ഞു:
``ഇത്രയും കാലം കള്ള ടാക്‌സിയായോടിച്ച് നന്നായി സമ്പാദിക്കാന്‍ നീ എനിക്ക് കൂട്ടുനിന്നു.. ഏറെ ബുദ്ധിമുട്ടിയ സമയത്ത് നല്ല വില ലഭിച്ചിട്ട് പോലും നിന്നെ കൈമാറാന്‍ എനിക്ക് മനസ്സു വന്നിരുന്നില്ല.. ഒടുവിലിപ്പോള്‍ സാമ്പത്തികമാന്ദ്യം എന്ന വില്ലന്‍ നമ്മെ വേര്‍പിരിച്ചിരിക്കുന്നു.. ബാങ്കുലോണടക്കാന്‍ പണമില്ലാത്തത് കൊണ്ട് മാത്രമാണ് ഞാന്‍ നിന്നെയിങ്ങനെയിവിടെ ഉപേക്ഷിക്കുന്നത്.. ക്ഷമീര്...''
വാല്‍ശല്യം:
`ഡെഡിക്കേഷനി'ല്ലാതെ ദുബൈയിലെ റേഡിയോ ചാനലുകള്‍ക്ക് നിലനില്‍പില്ല. മരിച്ച പിതാവിന് വേണ്ടി അടിപൊളി പാട്ടുകള്‍ ഡെഡിക്കേറ്റ് ചെയ്യുന്ന പ്രിയപുത്രന്മാര്‍ വരെ ഇവിടെയുണ്ട്. ഇതാ, കഴിഞ്ഞ ദിവസം കേട്ട ആനുകാലിക പ്രസക്തമായ ഒരു വ്യത്യസ്‌ത ഡെഡിക്കേഷന്‍:
``ആഗോള സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്‌ടപ്പെട്ട് ദുഃഖത്താല്‍ ഉഴറുന്ന സുഹൃത്തിന് വേണ്ടി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നത് ദുബൈയില്‍ നിന്ന് ഷമ്മീീീീീ.....''
2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച
ദുബൈ വില്ലകളിലെ മലബാരി മാജിക്!
ദുബൈ ഒരു വിസ്‌മയ ലോകമാണിന്ന്. ഇവിടെ ലോകാത്ഭുതങ്ങളും ലോക റെക്കോര്‍ഡുകളും സംഭവിച്ചുകൊണ്‍ടേയിരിക്കുന്നു. ഉയരമുള്ള കെട്ടിടത്തില്‍ തുടങ്ങി ഇതാ, ബിരിയാണി വരെയെത്തിയിരിക്കുന്നു. എന്നാല്‍ കുറച്ചുകാലം മുമ്പ് ഇവിടുത്തെ വില്ലകളില്‍ നടന്നിരുന്ന ചില അത്ഭുതങ്ങളിലേക്കാണ് വായനക്കാരുടെ ശ്രദ്ധ തിരിക്കുന്നത്. @
രണ്ട് വര്‍ഷം മുമ്പ് ദുബൈയില്‍ കുടുംബത്തിന് താമസിക്കാനുള്ള ഇടം തേടി അലഞ്ഞിരുന്നു, ഞാന്‍. ആദ്യമായി ചെന്നത് വില്ലകളുടെ സ്വന്തം പ്രദേശമായ ഹൂര്‍ അല്‍ അന്‍സില്‍. ഇവിടെ കുറെ കാലം ബാച്ചിലറായി കഴിഞ്ഞതിന്റെ പരിസര പരിചയമായിരുന്നു ഇതിന് പിന്നില്‍.
അന്ന് ബസ് കയറാറുണ്ടായിരുന്ന, തുറസ്സായ സ്ഥലത്തെ സ്റ്റോപ്പിന് മുന്നിലെ(ഇന്നവിടെ ഒന്നാന്തരം രണ്ട് ശീതീകരിച്ച ബസ് ഷെല്‍ട്ടറുകളുണ്ട്) ഗ്രോസറിക്കാരനെ പരിചയമുണ്‍ടായിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍, തൊട്ടടുത്ത് നേരത്തെ ബാച്ചിലര്‍മാര്‍ താമസിച്ചിരുന്ന വില്ല ഒഴിഞ്ഞുകിടപ്പാണെന്നും ഇപ്പോള്‍, ഫാമിലികള്‍ക്ക് മാത്രം അവിടെ സ്ഥലമുണ്ടെന്നുമറിയിച്ചു; അമാന്തിച്ച് നിന്നില്ല, അങ്ങോട്ട് വെച്ചുപിടിച്ചു.
വില്ല വാടകയ്‌ക്ക് നല്‍കാന്‍ ഏറ്റെടുത്ത ഇടനിലക്കാരനായ ഒരു മലയാളി മറ്റേതോ ടീമിന് വില്ല കാണിച്ചുകൊടുത്ത് അവിടെയുണ്ടായിരുന്നു. എന്നെക്കണ്ടപ്പോള്‍ വീണ്ടുമൊരു ഇര വന്ന് കൊത്തിയ സന്തോഷം മധ്യവയസ്‌കനായ അയാളുടെ മുഖത്ത് വളിച്ചൊരു ചിരിയായി പ്രത്യക്ഷപ്പെട്ടു.
അവിടെ കണ്ട കാഴ്‌ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. വില്ല, വില്ല തന്നെ. പക്ഷെ, ഒന്നിനുള്ളില്‍ നിരവധി കൊച്ചു വില്ലകള്‍!! നേരത്തെ ഒരു മുറിയുണ്ടായിരുന്നത് കുറഞ്ഞത് മൂന്നെണ്ണമെങ്കിലും ആക്കി മാറ്റിയിരിക്കുന്നു. ഇതില്‍ വലിപ്പമുള്ളതൊക്കെ പ്രതിമാസം 2,500 മുതല്‍ 3,000ത്തിന് വരെ കൈമാറിക്കഴിഞ്ഞുവത്രെ. വേണമെങ്കില്‍ പിന്‍വശത്തായുള്ള ഒരു കൊച്ചു`മുറി' പ്രതിമാസം 2,000 ദിര്‍ഹം വാടകയ്‌ക്ക് തരാമെന്ന്. പ്ലൈവുഡടിച്ച് വേര്‍തിരിച്ച മുറിയുടെ തറയില്‍ പ്ലൈവുഡ് കഷ്‌ണം കലാപരമായി പതിപ്പിച്ചിരിക്കുന്നു. എന്താണെന്ന് ചോദിച്ചപ്പോഴാണ് അയാള്‍ സംഗതി വെളിപ്പെടുത്തിയത്. ഈ മുറി നേരത്തെ കക്കൂസ് കം കുളിമുറിയായിരുന്നു. ഇരുന്ന് കാര്യം സാധിക്കുന്ന ക്ലോസറ്റാണവിടെ. അത് മറയ്‌ക്കാനാണ് പ്ലൈവുഡ് പതിപ്പിച്ചിരിക്കുന്നത്. മുകളില്‍ സിംഗിള്‍ കട്ടിലിട്ടാന്‍ എല്ലാം ഓക്കെയാണെന്ന സൂത്രവും അയാള്‍ പറഞ്ഞുതന്നു. ഇനി താമസക്കാര്‍ ആരെങ്കിലും പെട്ടെന്ന് മാറിപ്പോയാല്‍ മറ്റാര്‍ക്കെങ്കിലും കക്കൂസ് കം കുളിമുറിയായി തന്നെ ഉപയോഗിക്കാമല്ലോ എന്ന ചിന്തയാണയാള്‍ക്ക്-ഐഡിയ ഈസ് ഗുഡ്....
സംഭവം ഉഗ്രന്‍ വാര്‍ത്തയാണെന്ന് കണ്ടപ്പോള്‍, നന്നായി എന്ന് പറഞ്ഞു മറ്റെന്തൊക്കെ വിസ്‌മയങ്ങളാണ് അവിടെ നടന്നിട്ടുള്ളതെന്ന് നിരീക്ഷിച്ചു. നാല് കുടുംബങ്ങള്‍ക്കായി രണ്ട് ചെറിയ കക്കൂസ് കം കുളിമുറി പുറത്ത്. അത് പോട്ടെ. മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പബ്ലിക് ടെലിഫോണ്‍ ബൂത്തെന്താണ്?
സുഹൃത്തെ, അത് ടെലിഫോണ്‍ ബുത്തോ, കീത്തോ ഒന്നുമല്ല. അതാണ് `കിച്ചന്‍'. ഞാന്‍ ഞെട്ടിപ്പോയി!. പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ ഫോണ്‍ വിളിക്കാനുള്ള രഹസ്യ അറയുടെ അത്രേം പോന്നതാണ് ആ `അത്യാധുനിക വില്ലാ കിച്ചന്‍'. ഒരാള്‍ക്ക് നിന്ന് തിരിയാന്‍ മാത്രം ഇടമുള്ള ഇവിടെ എങ്ങനെ പാചകം ചെയ്യുമെന്നൊന്നും ആ `മലബാരി' ഇടനിലക്കാരനോട് ചോദിക്കാന്‍ നിന്നില്ല. കൊള്ളാം, നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് കുറെ ചിത്രം പകര്‍ത്തി സ്ഥലം കാലിയാക്കി. അന്ന് വൈകുവോളം ആ പ്രദേശത്ത് താമസ ഇടങ്ങള്‍ക്കായി കറങ്ങിയപ്പോള്‍ ഇതുപോലെ കൗതുകകരമായ കാഴ്‌ചകള്‍ പലതും കണ്ടു. മലയാളി-ബംഗാളി അവിശുദ്ധ കൂട്ടുകെട്ടാണ് ഈ വില്ലാ മാഫിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. പിറ്റേന്ന് അവയൊക്കെയും വാര്‍ത്തയായപ്പോള്‍ പരിധിവിട്ട പ്രതിഷേധവുമായി രംഗത്തെത്തിയതും ചില മലയാളികള്‍ തന്നെ.
ദുബൈ നഗരസഭയുടെ `ഒരു വില്ലയില്‍ ഒരു കുടുംബം' എന്ന കാമ്പയിനെക്കുറിച്ച് വന്ന വാര്‍ത്തകളും അതിന് നഗരസഭ അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ് ഇക്കാര്യങ്ങള്‍ ഇവിടെയിപ്പോള്‍ പങ്കുവെയ്‌ക്കാന്‍ കാരണം. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി നഗരസഭ ഇത്തരത്തില്‍ വില്ലകള്‍ക്കെതിരെ ഒഴിപ്പിക്കല്‍ നടപടിയുമായി രംഗത്തെത്തിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചതും മലയാളികളെത്തന്നെയാണ്. കുടുംബത്തോടൊപ്പം ഒന്നിച്ച് കഴിയുക എന്നത്, പ്രാരാബ്‌ധങ്ങളുടെ ഭാണ്‌ഡവും ചുമന്ന് യൗവനത്തില്‍ ഇവിടെയെത്തി അകാല വാര്‍ധക്യം ബാധിച്ച് അവശനാകുമ്പോള്‍ തിരിച്ചുപോകുന്ന ഏതൊരു മലയാളിയുടെയും വലിയ ആഗ്രഹമാണ്. എന്നാല്‍, ചുരുക്കം ചിലര്‍ക്ക് മാത്രമെ ഇത് സാധ്യമാകുന്നുള്ളൂ. `ബുര്‍ജ് ദുബൈ'യെ പോലെ അനുദിനം കുതിക്കുന്ന കെട്ടിട വാടകയാണ് പലര്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിന് തടസ്സമാകുന്നത്. കുറഞ്ഞ നിരക്കിന് തലചായ്‌ക്കാനൊരിടം അന്വേഷിച്ചുള്ള പരക്കം പാച്ചിലില്‍ പലരും ചെന്ന് വീഴുന്നത് വായും പിളര്‍ന്ന് നില്‍ക്കുന്ന മലബാരി `കത്തി'കളുടെ അടുത്ത് തന്നെ. പ്ലൈവുഡും കാര്‍ഡ് ബോര്‍ഡുമടിച്ച് ഒപ്പിക്കുന്ന `അത്ഭുത കൂടു'കളില്‍ തിങ്ങി നിരങ്ങി കഴിയാന്‍ വിധിക്കപ്പെട്ട രണ്ടും മൂന്നും കുട്ടികളടങ്ങുന്ന കുടുംബം ശരിക്കും ഗ്വാണ്ടനാമോ തടവറകളുടെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. ബാച്ചിലേഴ്‌സിന്റെ താമസ സ്ഥലങ്ങളാണ് ആദ്യം ഇത്തരത്തില്‍ ഒന്നില്‍ പലത് ആയിത്തീര്‍ന്നത്. അത് ദുരന്തങ്ങള്‍ക്ക് വഴിമരുന്നിട്ടു. ദേര നായിഫിലും മറ്റ് പലയിടങ്ങളിലുമുണ്ടായ ദുരന്തം ഇതിനോട് കൂട്ടിവായിക്കാം. (നായിഫ് വില്ല ഒപ്പിച്ച് കീശ വീര്‍പ്പിച്ചതും ഒരു മലയാളിയായിരുന്നു). ഇതോടെയാണ് നഗരസഭ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതും ഞെട്ടിക്കുന്ന വിവരങ്ങള്‍ തിരിച്ചറിഞ്ഞതും. ആദ്യം ബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ച നഗരസഭ പിന്നീട് ഇത്തരത്തില്‍ താമസിക്കുന്ന കുടുംബങ്ങളെയും നോട്ടമിട്ടു. ഇതോടെ, വഴിയാധാരമായത് അമിതമായ അംഗങ്ങളില്ലാതെ വില്ലകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളാണ്. അതിനാല്‍, ഏത് വിധേനയും പണമുണ്ടാക്കാനുള്ള, ഭൂരിഭാഗം മലയാളികളടങ്ങുന്ന ചിലരുടെ അത്യാര്‍ത്തിക്കു മുമ്പില്‍ ബലിയാടായത് നമ്മള്‍ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, നാം കുഴിച്ച കുഴിയില്‍ നാം തന്നെ വീണു.
@@
`ഇന്നെത്ര ഗോളടിച്ചു?'തണുപ്പകറ്റാന്‍ ഇംഗ്ലണ്ടിലെ ചില കിറുക്കന്മാര്‍ കണ്ടുപിടിച്ചതെന്ന് പറയുന്ന ക്രിക്കറ്റ് നമ്മുടെ ദേശീയ കായികവിനോദമായി കൊണ്ടാപ്പെടുന്ന കാലത്ത്, ഫുട്‌ബോളിനേക്കാള്‍ വര്‍ഗീയ ലഹളയുടെ കാലത്താണ് നമ്മള്‍ ഈ വാക്ക് കൂടുതല്‍ കേട്ടത്. ആഗോള സാമ്പത്തിക മാന്ദ്യം എന്ന ചെകുത്താന്‍ യുഎഇ.യിലുള്ള നമ്മുടെ പ്രിയപ്പെട്ട പലരേയും വഴിയാധാരമാക്കി. നിത്യേന നാം കേള്‍ക്കുന്ന വാര്‍ത്തകളൊന്നും ശുഭകരമല്ല. ആ കമ്പനിയില്‍ നിന്ന് ഇന്നിത്ര പേരെ പിരിച്ചുവിട്ടു, മറ്റേ കമ്പനിയില്‍ നിന്ന് ഇത്രപേരോട് അവധിയില്‍ പോകാന്‍ പറഞ്ഞു തുടങ്ങിയ വിശേഷങ്ങളാണ് ഇത്തിരി ഖേദത്തോടെ പലരും കൈമാറുന്നത്. ബാങ്ക് ലോണ്‍ കിട്ടാതായതോടെ പ്രതിസന്ധിയിലായ വന്‍കിട കമ്പനികളോടൊപ്പം മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ചെറുകിട കമ്പനികളിലും പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നു. പല കമ്പനികളും തങ്ങളുടെ ജീവനക്കാരെ ഒഴിവാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിയുടെ കമ്പനിയില്‍ നിന്ന് 5,000 തൊഴിലാളികളെ(ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ ഒരു ജില്ലയില്‍ നിന്നുള്ളവരത്രെ!) നാട്ടിലേക്ക് പറഞ്ഞയച്ചിരിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയാണ് ഇതില്‍ ഏറ്റവും പുതിയത്.
എന്തിനെയും ക്രൂരമായ തമാശ കലര്‍ത്തി നോക്കിക്കാണാന്‍ മിടുക്കരായ മലയാളികള്‍ മരുഭൂമിയേക്കാളം പൊള്ളുന്ന ഈ വിഷയത്തിലും `കോഡു ഭാഷ'യുപയോഗിച്ചു തുടങ്ങി: ``ഇന്നെത്ര ഗോളടിച്ചു?''
@@
വാല്‍ശല്യം:
യുഎഇയില്‍ പതിറ്റാണ്ടുകളുടെ ജീവിത പരിചയമുള്ള സുഹൃത്ത് ഏറാമലയാണ് കൗതുകകരവും ഖേദകരവുമായ ഈ വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചത്. ദുബൈയിലെ ചുമരുകളിലും മറ്റും പതിക്കുന്ന `ബെഡ് സ്‌പേസ് അവെയ്‌ലബിള്‍' എന്ന പരസ്യത്തില്‍ പണ്ടൊക്കെ എഴുതിയിരുന്നത് `ഇന്ത്യക്കാര്‍ക്ക് ബെഡ് സ്‌പേസ് ഒഴിവുണ്ട്' എന്നായിരുന്നു. പിന്നീടത്, `മലയാളികള്‍ക്ക്' എന്നായി. എന്നാലിപ്പോള്‍ ഇത്തിരി കൂടി കടന്ന്, `മുസ്‌ലിംകള്‍ക്ക് ബെഡ് സ്‌പേസ് ഒഴിവുണ്ട്' എന്നായിരിക്കുന്നു!!.
2009, ജനുവരി 17, ശനിയാഴ്‌ച
ഗള്‍ഫ് ഷോക്ക്
നമ്മുടെ സഹോദരങ്ങള്‍ ഇനിയെന്തു ചെയ്യും?
ഗള്‍ഫില്‍ നിന്നുള്ള ഡ്രാഫ്‌റ്റുമായി വരുന്ന പോസ്റ്റുമാനും സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും വേദനകളുമായെത്തുന്ന കത്തുകളും നമുക്ക് അന്യമായിട്ട് കാലം കുറേയായി.
ഗള്‍ഫ് പൊലിമയുമായി ആളുകള്‍ നാട്ടിലെത്തുന്ന കാലവും അസ്‌തമിച്ചു. ബോംബെയില്‍ നിന്ന് നിന്ന് നിറയെ ഭാണ്‌ഡവുമായെത്തുന്ന ലക്ഷ്വറി ബസിന് മുണ്ടാസ് കെട്ടിയ ശിരസ്സ് നീട്ടി ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന മമ്മാലിക്കമാരെയും കാണാനില്ല. ഇന്നിപ്പോള്‍ തൊട്ടടുത്ത് തന്നെ വിമാനത്താവളമായി. അവിടുന്ന് നേരെ തൂക്കിയെടുത്ത് വീട്ട് മുറ്റത്ത് എത്തിക്കാന്‍ ആഡംബര കാറുകളും.. തോന്നുമ്പോള്‍ പ്രിയതമയെ വിളിച്ച് വിരസത അകറ്റാന്‍ ഇന്റര്‍നെറ്റിലൂടെ ഫ്രീകോളും ഇന്റര്‍വയോപുമുണ്ട്.. നിമിഷങ്ങള്‍ക്കകം പണം വീട്ടിലെത്തിക്കാന്‍ വിദേശ മണി എക്‌സ്‌ചേഞ്ചുകളും...
സൗഭാഗ്യങ്ങളൊക്കെയും നമ്മില്‍ വന്നു ചേര്‍ന്നത് ഗള്‍ഫിന്റെ കാരുണ്യം കൊണ്ടാണെന്നതിന് ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാല്‍, ഗള്‍ഫിന്റെ ആ പഴയ പത്രാസ് അനുദിനം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം സംഭവിച്ചിരിക്കുന്നു. ഗള്‍ഫുകാരന്‍ എന്നത് ഒരത്ഭുത ജീവിയേയല്ല ഇന്ന്.
1970കളിലാണല്ലോ കേരളത്തില്‍ നിന്ന് ഗള്‍ഫ് കുടിയേറ്റമുണ്ടായത്. അന്ന് കഷണ്ടിത്തല പോലെയായിരുന്ന ഇന്നത്തെ നഗരങ്ങളില്‍ കൊച്ചു കഫ്‌തീരിയകളിലും ഗ്രോസറികളിലുെമൊക്കെ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ജോലി ചെത് തുച്ഛമായ വരുമാനത്തിനായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. എത്ര പെട്ടെന്നായിരുന്നു യുഎഇയില്‍ മെട്രോ നഗരങ്ങള്‍ രൂപപ്പെട്ടത്. പലര്‍ക്കും നല്ല നല്ല ജോലികള്‍ ലഭിച്ചു. ആദ്യകാല പ്രവാസികളുടെ രണ്‍ടും മൂന്നും തലമുറകള്‍ ഇന്ന് ഉയര്‍ന്ന ജോലിയില്‍ വ്യാപൃതരാണ്. എന്നാല്‍, നല്ലൊരു ജോലി എന്നത് ഉയര്‍ന്ന പ്രഫഷനലുകളുടെ മുന്നില്‍ പോലും ഇന്ന് ചോദ്യചിഹ്നമായിരിക്കുന്നു. കാരണം, യൂറോപ്പില്‍ നിന്നടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഇന്നീ മരുഭൂമിയില്‍ തൊഴില്‍ തേടി വിദഗ്‌ധരായ ആളുകളെത്തുന്നു. ഒരുകാലത്ത് ഏഷ്യക്കാരുടെ കുത്തകയായിരുന്ന കെട്ടിട നിര്‍മാണ മേഖലയില്‍ ചൈനയില്‍ നിന്നും ഫിലിപ്പീനില്‍ നിന്നും തൊഴിലാളികളെത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, യുഎഇ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഔട്ട്‌പാസിലൂടെ ആയിരക്കണക്കിന് പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. വീടും പറമ്പും പണയപ്പെടുത്തിയും കടം വാങ്ങിയും വന്‍തുക വിസക്ക് നല്‍കിയായിരുന്നു പലരും ഇവിടെ എത്തിയിരുന്നത്. നിരക്ഷരരായ അവരൊക്കെ ഇവിടെ എത്തിക്കഴിയുമ്പോഴാണ് വളരെ തുച്ഛമായ ശമ്പളത്തിന് കഠിനമായ വെയിലത്തും തണുപ്പത്തും ജോലി ചെയ്യേണ്ടി വരികയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. സ്‌പോണ്‍സറുടെ അടുത്ത് നിന്നും ഒളിച്ചോടി മറ്റിടങ്ങളില്‍ കുറച്ച് മെച്ചപ്പെട്ട ജോലി ചെയ്‌തിരുന്ന പലര്‍ക്കും അനധികൃത തൊഴിലിലേര്‍പ്പെട്ടതിനാല്‍ വര്‍ഷങ്ങളായി നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. ഔട്ട്‌പാസ് ഇവര്‍ക്കൊക്കെ അനുഗ്രഹമാവുകയായിരുന്നു. കഴിഞ്ഞ പൊതുമാപ്പുകാലത്ത് ഷാര്‍ജയില്‍ നിന്ന് പരിചയപ്പെട്ട മൂന്ന് തമിഴ് സഹോദരങ്ങളുടെ വാക്കുകള്‍ ഈയുള്ളവന്‍ ഓര്‍ക്കുന്നു. പൊന്നു തരാമെന്ന് പറഞ്ഞാലും ഇനി ഗള്‍ഫിലേക്കില്ലെന്ന മൊഴികള്‍ക്ക് നേരെ ചോദ്യചിഹ്നമെറിഞ്ഞപ്പോള്‍ അവര്‍ വിശദീകരിച്ചു:
?കേരളത്തില്‍ ചെന്നാല്‍ പ്രതിദിനം കുറഞ്ഞത് 200 രൂപ ശമ്പളം കിട്ടും. ചെലവെല്ലാം കഴിഞ്ഞ് പ്രതിമാസം 5000 രൂപയെങ്കിലും ബാക്കിയുമാകും. പിന്നെ ശുദ്ധവായു ശ്വസിച്ച് ജോലി ചെയ്യാം. ആഗ്രഹിക്കുമ്പോള്‍ കിലോ മീറ്ററുകള്‍ക്കപ്പുറത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം കൂടാം. പിന്നെന്തിന് ഇവിടെ ചൂടത്തുരുകി, ലേബര്‍ ക്യാമ്പിലെ ദുരിതം പേറി കഴിയണം...?.
അവരൊക്കെ ജയിച്ചു എന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടായിരിക്കാം.
ഇന്നിവിടെയുള്ള, മതിയായ കുടിയേറ്റ രേഖകളുളള ആയിരക്കണക്കിന് തൊഴിലാളികളും താമസിയാതെ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് കറുത്ത സൂചനകളാണ് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം എന്ന നീരാളി യുഎഇയിലെ കെട്ടിട നിര്‍മാണ മേഖലയെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. ഈ പ്രതിഭാസം ലോകത്ത് കണ്ടുതുടങ്ങിയതില്‍പ്പിന്നെ, മൂന്ന് മാസത്തിനിടയില്‍ യുഎഇയലെ 10 ലക്ഷം വിദേശ ജോലിക്കാരില്‍ കെട്ടിട നിര്‍മാണ മേഖലയിലടക്കം 3,200 പേര്‍ തൊഴില്‍ രഹിതരായി. പ്രമുഖ കെട്ടിട നിര്‍മാണ കമ്പനികളായ നഖീല്‍, തംവീര്‍, തത്‌വീര്‍, ബെറ്റര്‍ ഹോംസ്, ഒംനിയത്, അല്‍ ഷഫര്‍, ദാമാക്, ഡല്‍സ്‌കോ എന്നിവയും ഇതില്‍ ഉള്‍പ്പെടും. വരുംമാസങ്ങളില്‍ ഈ പ്രവണത വര്‍ധിക്കാനാണിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍മാണ കമ്പനികള്‍ തൊഴിലാളികളെ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് കമ്പനികള്‍ ഇതിനകം തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുമുണ്ടത്രെ. ചില കമ്പനികള്‍ തൊഴിലാളികളോട് മറ്റു തൊഴിലുകള്‍ ചെയ്യാന്‍ ഗ്രേസ് പീരിയഡും അനുവദിച്ചു കൊടുത്തിട്ടുണ്ട്. മറ്റ് പ്രമുഖ കമ്പനികളും പ്രഫഷനലുകളെയടക്കം പറഞ്ഞുവിടുന്നു. പിരിച്ചുവിടപ്പെട്ടവരില്‍ സ്വാഭാവികമായും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍. മിക്ക കമ്പനികളും റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എണ്ണക്ക് ഇനിയും വിലയിടിവ് സംഭവിക്കുമെന്നും ലോകം ഈ വര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടിവരികയെന്നും ഡോ. ഡൂം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നൂറിയല്‍ റൗബിനി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ യുഎഇയില്‍ വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുമെന്ന് ആശങ്കയുയര്‍ന്നിട്ടുമുണ്ട്. അതേസമയം, ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയില്‍ ഒരു കോടിയിലേറെ പേരെ തൊഴില്‍രഹിതരാക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ശക്തിവേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ നാം നമ്മെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വര്‍ഷം തോറും പ്രവാസികളുടെ പേരില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഒരു ദിനം കൊണ്ടാടിയത് കൊണ്ട് കാര്യമായില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സക്കാരും ക്രിയാത്മകമായ എന്തെങ്കിലും അവര്‍ക്കു വേണ്ടി ചെയ്യണമെന്നതാണ് ആവശ്യം. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചത് കൊണ്ട് മാത്രം കാര്യമായില്ല. അല്ലെങ്കില്‍ അതല്ല യഥാര്‍ത്ഥ പ്രശ്‌നം. നാട്ടിലുള്ളപ്പോള്‍ സമ്മതിദിനാവകാശം വിനിയോഗിച്ച് പലരേയും ജയിപ്പിച്ചിട്ട് എന്ത് നേട്ടമാണുണ്ടായത്? സ്വന്തം മണ്ണില്‍ ഒരു നല്ല ജോലി ലഭിക്കാത്തിടത്തോളം നാമൊന്നും നേടിയിട്ടില്ല എന്നേ പറയാന്‍ സാധിക്കൂ. അതിനാല്‍, തിരിച്ചു ചെന്നാല്‍ മാന്യമായി ജീവിക്കാനുള്ള സാഹചര്യമെങ്കിലും ഒരുക്കണമെന്നേ പ്രവാസികള്‍ക്ക് ഈയവസരത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളൂ. ഇതിന് ഇനിയും വൈകിക്കൂടാ. ഇല്ലെങ്കില്‍, നമ്മുടെയൊക്കെ സഹോദരങ്ങള്‍ തിരിച്ച് ചെന്ന് എന്തു ചെയ്യുമെന്ന് കൂടി പറഞ്ഞു തരിക?
അവര്‍ക്കൊക്കെ എന്തുമാവാം..
മലയാളത്തിലെ പ്രമുഖ എഴുത്താരനായിരുന്നു എംകെ മേനോന്‍ എന്ന വിലാസിനി. അദ്ദേഹം രചിച്ച `അവകാശികള്‍' ആണ് മലയാളത്തിലെ ഏറ്റവും വലിയ നോവല്‍. ഈ പുസ്‌തകത്തിന് 1981ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1983ല്‍ വയലാര്‍ രാമവര്‍മ്മ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
]ലാസിനി എന്ന എഴുത്തുകാരനെക്കുറിച്ച് കൂടുതല്‍ പറയാതെ തന്നെ മലയാള സാഹിത്യ പ്രേമികള്‍ക്കറിയാം. എന്നാല്‍, ഇവിടെ അതൊന്നുമല്ല പ്രശ്‌നം. വിലാസിനിയുടെ അവകാശികളുടെ മൂന്ന് വാള്യങ്ങള്‍ അട്ടിക്കട്ടി വെച്ച് ഷെല്‍ഫില്‍ നിന്ന് ഇതര പുസ്‌തകങ്ങളെടുക്കാന്‍ താന്‍ സ്റ്റൂളായാണ് ഉപയോഗിക്കുന്നതെന്ന് മലയാളത്തിലെ കുറുങ്കഥകളെഴുതുന്ന പികെ പാറക്കടവ് പറഞ്ഞിരിക്കുന്നു. ഭീമന്‍ നോവലുകളേക്കാള്‍ തന്റെ മിനിക്കഥകളെന്ന കുറുങ്കഥകളാണ് വലുത് എന്ന് മാലോകരെ അറിയിക്കാനാണ് അദ്ദേഹം ദുബൈയില്‍ ഇന്ത്യന്‍ മീഡിയാ ഫോറം ഒരുക്കിയ അഭിമുഖത്തില്‍ ഇത്തം ഞെട്ടിപ്പിക്കുന്ന പ്രയോഗം നടത്തിയത്.
ടി പത്മനാഭന്‍ ചെറുകഥകളെ എഴുതിയിട്ടുള്ളൂ എന്നത് പോലെ അദ്ദേഹം കുറുങ്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. ഗള്‍ഫ് യാത്ര ഒരുക്കിക്കൊടുക്കുന്നവര്‍ മഹാസാഹിത്യകാരന്മാരും അല്ലാത്തവര്‍ ചീള് സാഹിത്യകാരന്മാരുമാകുന്ന കാലമാണിത് എന്നത് സത്യം തന്നെ. പക്ഷെ, അക്ഷരത്തെ ബഹുമാനിക്കാന്‍ പഠിപ്പിക്കേണ്ട ഒരു തലമൂത്ത സാഹിത്യകാരനില്‍ നിന്ന് അവയെ ചവിട്ടിയരച്ച് അപമാനിക്കുന്ന വാക്കുകള്‍ ഉണ്ടായതില്‍ അക്ഷര കേരളമേ, ലജ്ജിക്കുക. തന്റെ കഥകള്‍ കുറുങ്കഥകളായിപ്പോയത് അവയ്‌ക്ക് രാസവളം ചേര്‍ക്കാത്തത് കൊണ്ടാണെന്നും പാറക്കടവ് പിന്നീട് പറഞ്ഞു. അപ്പോള്‍, പികെ പാറക്കടവിനോടൊപ്പം യുഎഇയിലെത്തിയ, മലയാളത്തിലെ അഭിമാന ഭാജനത്തിന്റെ പ്രകാശം പരത്തിയ പെണ്‍കുട്ടിയടക്കമുള്ള കഥകളും രാസ പദാര്‍ത്ഥമിട്ട് വളര്‍ത്തിയവയോ എന്ന ചോദ്യമുയരുന്നു.
@@@
ലോകത്ത് തന്നെ സ്വന്തം കീശയില്‍ നിന്ന് പണമിറക്കി പുസ്‌തകമിറക്കുന്ന ഏക വര്‍ഗമായിരിക്കാം പ്രവാസി മലയാളികള്‍. പ്രവാസ ജീവിതത്തില്‍ സര്‍ഗ പ്രതിഭ വരളുന്നു എന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ഇനിയാര്‍ക്കു പറയാന്‍ സാധിക്കും!. പക്ഷെ, ചില തട്ടിക്കൂട്ടു ഗള്‍ഫ് പ്രസാധകരുടെ സഹായത്താല്‍ ഇവിടെയിറങ്ങുന്ന പുസ്‌തകങ്ങള്‍ക്കൊക്കെ പിന്നീടെന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും. കൂടുതല്‍ ചിന്തിക്കേണ്ടതുമില്ല. വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരുള്ള ഗള്‍ഫില്‍ പുസ്‌തം ഇറക്കുക എന്നതാണ് ലക്ഷ്യം, അല്ലാതെ ആള്‍ക്കാര്‍ വായിക്കുക എന്നതല്ല ഹേ!.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്റെ പ്രിയഗാനം
മലയാളത്തിന്...
എന്നെക്കുറിച്ച്
- കാവിലന്‍
- ദുബൈ, ഐക്യ അറബ് രാഷ്‌ട്രം, United Arab Emirates
- ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍