2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

തറവാട്‌



ഇമകള്‍ തുറന്ന്‌ ലോകത്തെ
ഒരു നോക്ക്‌ കാണാതെ തിരിച്ചുപോയ
കുഞ്ഞു പെങ്ങള്‍.
തടിച്ച പടിവാതില്‍ കടന്ന്‌
ദൂരെ, കിഴക്ക്‌ കച്ചവടത്തിനായ്‌
കാല്‍നട യാത്ര പുറപ്പെടുന്ന വാപ്പ.
`ടോമീ'ന്ന്‌ വിളിക്കുമ്പോള്‍
എവിടെ നിന്നോ വാലാട്ടിക്കൊണ്ട്‌
ഓടിയെത്തുന്ന,
ഒരു രാത്രി അടുക്കള ഭാഗത്ത്‌ വന്ന്‌
നിര്‍ത്താതെ കുരച്ച്‌, തൊട്ടപ്പുറത്തെ
കിണറ്റിന്‍കരയില്‍ പോയി
മരിച്ചു കിടന്ന വളര്‍ത്തു പട്ടി.
എത്രയോ തവണ ചാക്കിലാക്കി കൊണ്ടുവിട്ടിട്ടും
നേരമിരുട്ടുമ്പോഴേക്കും മടങ്ങിയെത്തുന്ന
കറുമ്പിപ്പൂച്ച.
സ്‌കൂള്‍ വിട്ടെത്തിയാലുടന്‍ ഉമ്മ
അന്വേഷിക്കാന്‍ പറഞ്ഞയക്കുന്ന
പൂവാലിപ്പശു.
നേരന്തിയോളം നെല്‍വയലില്‍ പണിയെടുത്ത്‌
തിരിച്ചു വന്നാല്‍ ആനയെപ്പോലെ
പുറത്തേറ്റി പറമ്പ്‌ ചുറ്റുന്ന പോത്തുകള്‍.
മുറ്റത്തെ ആലയില്‍ പോത്തുകളെ ലാളിച്ച്‌
`സുര്‍ഗിപ്പൂന്റടീല്‌ പോവൂല ഞാന്‌
സുര്‍ങ്കിപ്പൂവൊന്ന്‌ ചൂടൂല ഞാന്‌
അയ്യയ്യേ.. സുര്‍മാണീ
പൂവേ മണക്ക്‌ന്ന്‌..'
എന്ന്‌ ഉറക്കെ പാടുന്ന ഉസ്‌മാന്‍.
നിറമുള്ള കുട്ടിക്കഥകളുടെ
രാജകുമാരന്‍ ശരീഫ്‌ മുഹമ്മദ്‌.
`തെങ്ങീ കേറേണ്ടുമ്മാ...'ന്ന്‌ ചോദിച്ച്‌
മുടന്തി മുടന്തിയെത്തുന്ന കുടിയന്‍ സേകു.
മരത്തില്‍ ഉന്തുവണ്ടിയാക്കിത്തന്ന ആദൂര്‍ മമ്മദ്‌.
നവരാത്രിക്ക്‌ പെണ്‍വേഷം കെട്ടി വന്ന്‌
`സുബ്ബീ ഹരെ സുബ്ബീ...
ചക്ക മദീന, ബാര ബഞ്ചാര...'ന്ന്‌
പാടി നൃത്തം വെയ്‌ക്കുന്ന കിട്ടപ്പേട്ടന്‍.
പഴന്തുണി ഭാണ്‌ഡത്തില്‍ എന്തെല്ലാമോ കുത്തിനിറച്ച്‌
`എളേമ്മാ..'ന്ന്‌ വിളിച്ചു വന്ന്‌
പൂമുഖത്തെ മൂവാണ്‍ടന്‍ മാവിന്റെ
തണല്‍വീണ സിമന്റു തിട്ടയില്‍
കൂര്‍ക്കം വലിച്ചുറങ്ങുന്ന കുഞ്ഞാലി.
മുറ്റത്ത്‌ കൂട്ടിയിട്ട നെല്ല്‌ പറയില്‍ അളക്കുമ്പോള്‍
`ഒഞ്ച്‌, റഡ്ഡ്‌, മൂറ്‌..' എന്നെണ്ണി
രസിപ്പിക്കുന്ന മഞ്ചു.
കറ്റകള്‍ മുറ്റത്തെത്തിച്ച്‌
തുളുവില്‍ കലപില സംസാരിക്കുന്ന
സീതുവും കമലയും ലക്ഷ്‌മിയും.
സോപ്പു ചീപ്പ്‌ കണ്ണാടി കരിവള കണ്‍മഷി
ഇരുമ്പു പെട്ടിയില്‍
ചുമന്നെത്തുന്ന പെട്ടിക്കാരന്‍ മമ്മുച്ച.
പൂര്‍വികരുടെ അറിയാത്ത ഗന്ധമുള്ള
വലിയ മരക്കപ്പാട്ട്‌.
അട്ടത്ത്‌ പോയകാല സമൃദ്ധിയോര്‍ത്ത്‌ പൊടിപിടിച്ചു കിടന്ന
പത്തായം.
ചിതലുകള്‍ നക്കിത്തുടക്കുന്ന
നൂറുകണക്കിന്‌ പത്രമാസികകള്‍.
ഉപ്പയുടെ കൈയക്ഷരമുള്ള
കൊച്ചു നോട്ടുപുസ്‌തകം.
ഉത്തരത്തില്‍ വിശ്രമിക്കുന്ന നൂറായിരം
പല്ലി, പാറ്റ, കൂറ...

പൊളിക്കുമ്പോള്‍ വാശിക്കാരനായ
കുട്ടിയെപ്പോലെ നിലത്ത്‌ വീണ്‌ കരയുന്നത്‌
തറവാട്‌ വീട്‌ തന്നെയാണ്‌.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍