2009, ഓഗസ്റ്റ് 30, ഞായറാഴ്ച
എലിമിനേഷന് റൗണ്ട്
കഥ
കാര്‍ ട്രാഫിക് ജാമില്‍ പെട്ടപ്പോള്‍ അയാള്‍ വളരെ അക്ഷമനായി. പലപ്രാവശ്യം സ്റ്റിയറിംഗില്‍ മുഷ്ടികള്‍ ചുരുട്ടി ശക്തമായ ഇടിച്ചു. ഒടുവില്‍ അതിന് ആക്കം കൂടിയപ്പോള്‍ ആ പഴയ മാരുതി 800 ഒന്ന് കുലുങ്ങി.
എന്നും സ്വപ്നത്തില്‍ പറന്നുവരാറുള്ള കടും ചെമപ്പ് നിറമുള്ള പൂമ്പാറ്റയെ ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി അപ്പോള്‍. കാര്‍ കുലുങ്ങിയ നേരം അവള് ചെറുതായൊന്ന് ഞെട്ടി.
പപ്പ എന്തിനാണ് ഇത്രമാത്രം അസ്വസ്ഥനാകുന്നത്? -അവള് അയാളെ ഇമവെട്ടാതെ അല്പനേരം നോക്കി.
കോളജ് അധ്യാപകനായ പപ്പയെ സാധാരണ വളരെ സൗമ്യനായാണ് കാണാറുള്ളത്. മുമ്പ് നിരവധി തവണ ഇത്തരത്തില്‍ ട്രാഫിക് ജാമില്‍പ്പെട്ടപ്പോഴൊന്നും കാണാത്ത അസഹിഷ്ണുതയാണ് പപ്പക്കിപ്പോഴെന്ന് അവളോര്‍ത്തു.
പാവം പപ്പ...
അവള് അയാളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു. ശീതീകരിച്ചിട്ടില്ലാത്ത കാറായതിനാല്‍ ചെറുതായി ഉഷ്ണം തോന്നിയപ്പോള്‍ അവള് കാറിന്റെ വെന്റിലേറ്ററുകള്‍ തുറന്നിട്ടു. വെറുതെ പുറത്തേക്ക് നോക്കി. പ്രതീക്ഷകള്‍ പോലെ അനുനിമിഷം പിന്നിലേക്ക് ഓടി മറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളും... തെരുവോരത്തെ കുടിലുകളില്‍ അച്ഛനുമമ്മയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കൊച്ചുകുടുംബം സന്തോഷത്തോടെ ഇരിക്കുന്നത് അപ്പോഴവള്‍ കണ്ടു.
പെട്ടെന്ന് കാറിനകത്തേക്ക് എവിടെ നിന്നോ അവളുടെ സ്വപ്നത്തിലെ പൂമ്പാറ്റ കടും ചെമന്ന ചിറകുകള് വിടര്‍ത്തി പറന്നെത്തി. അതവളുടെ മുഖത്ത് നനുനനുത്ത ഒരു സ്പര്‍ശം സമ്മാനിച്ച് പെട്ടെന്നത് പ്രത്യക്ഷമായി. ഒരു നിമിഷം അവള് കോരിത്തരിച്ചു.
അനന്തരം അവളുടെ ചിന്ത മമ്മയേയും കൊച്ചനുജനേയുംക്കുറിച്ചായി. മമ്മയ്ക്കായിരുന്നു താനൊരു വലിയ ഗായികയായി കാണണമെന്ന് ഏറെ ആഗ്രഹം.. ചെറുപ്പത്തില്‍ പാട്ടുപഠിക്കണമെന്ന മമ്മയുടെ മോഹം മുത്തച്ഛന് സാധിച്ചുകൊടുത്തില്ലത്രെ. പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നായിരുന്നുവത്രെ യാഥാസ്ഥിതികനായ മുത്തച്ഛന്റെ നിര്‍ദേശം.
ഏറെനേരമായി മകളൊന്നും മിണ്ടാത്തപ്പോള്‍ അയാള്‍ അവളെ നോക്കി. അവള് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നത് അയാള്‍ കണ്ടു.
``ഞാന്‍ പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ മോളേ..''-അയാള്‍ വീണ്ടും ചോദിച്ചു.
അവള് വെറുതെ തലയാട്ടി.
``വല്യ വല്യ ആള്‍ക്കാരാണ്.. അതറിഞ്ഞു വേണം പെരുമാറാന്‍... മുഷിപ്പൊന്നും പ്രകടിപ്പിക്കരുത്..''
അപ്പോഴും അവള് ഒന്നും മിണ്ടിയില്ല. ഒരു തരം നിസംഗ ഭാവമായിരുന്നു പെണ്‍കുട്ടിക്ക്.
ഒരേ കാര്യങ്ങള്‍ തന്നെ എത്രയാവര്‍ത്തിയാണ് ഈ പപ്പ പറയുന്നത് എന്നാണവള്‍ ചിന്തിച്ചത്. പപ്പ ചിലപ്പോള്‍ ഒരു അധ്യാപകനെപ്പോലെ സംസാരിക്കുന്നു. പെട്ടെന്ന് ആ വാക്കുകള്‍ക്ക് തത്ത്വജ്ഞാനിയുടെ സ്വരം കൈവരുന്നു. പക്ഷെ, എന്തു പറയുമ്പോഴും പപ്പയുടെ മുഖം വല്ലാതെ വികസിക്കുന്നത് അവള് ശ്രദ്ധിച്ചു. തനിക്ക് സാധിക്കാത്തതെല്ലാം മകളെക്കൊണ്ട് സാധിച്ചെടുക്കണമെന്ന അദമ്യമായ ആഗ്രഹമായിരിക്കുമോ ഇതിന് പിന്നില്‍? അതായിരിക്കാന്‍ വഴിയേയില്ല. കാരണം, തോമസുകുട്ടി ആദ്യമായി പ്രശ്നം അവതരിപ്പിച്ചപ്പോള്‍ പപ്പ അത്രയധികം എതിര്‍ത്തതാണ്. തനിക്കെതിരെ കേസു കൊടുക്കുമെന്ന് പോലും അയാളോട് പപ്പ പറഞ്ഞു. മമ്മയാണ് അതൊന്നും അത്ര പ്രശ്നമല്ലെന്ന് പറഞ്ഞ് പപ്പയെ വഴിക്കു കൊണ്ടുവന്നത്. മമ്മക്ക് ചൂണ്ടിക്കാട്ടാന്‍ എത്രയോ വലിയ വലിയ പാട്ടുകാരുണ്ടായിരുന്നു. ഒടുവില്‍ അര്‍ധമനസ്സോടെയായിരുന്നു പപ്പ സമ്മതിച്ചത്.
അയാള്‍ പറയുന്നതിനെല്ലാം `ഉം ഉം...' എന്ന് മാത്രം ഉത്തരം നല്കി പെണ്‍കുട്ടി അകലേക്ക് നോക്കിയിരുന്നു. ഇടയ്ക്ക് ഇടങ്കണ്ണിട്ട് നോക്കുേമ്പോള്‍, അയാള്‍ ഡ്രൈവ് ചെയ്യുമ്പോഴും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. സ്റ്റിയറിംഗില്‍ കൈപ്പത്തിയമര്‍ത്തി കൈവിരലുകളുടെ ഞൊട്ട് ഒടിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
ക്വാര്‍ട്ടേഴ്സില്‍ നിന്ന് യാത്ര ആരംഭിച്ച് ഇരുപത് മിനിട്ടെങ്കിലും ആയിക്കാണും. അപ്പോള്‍ മുതല്‍ പപ്പ ഇത് പറയാന്‍ തുടങ്ങിയതാണ്. എങ്കിലും ഉപദേശത്തിന്റെ വിരസത അവള് മുഖത്ത് പോലും പ്രകടിപ്പിച്ചില്ല.
``ഇത് വെറുമൊരു ഷോയല്ല, റിയാലിറ്റിയാണ്, യാഥാര്‍ത്ഥ്യമാണ്; ജീവിതമാണ്...''-ചാനലിലെ പരസ്യംപറച്ചിലുകാരന്റെ സ്വരത്തില്‍ അയാള്‍ പിന്നേയും പറഞ്ഞുകൊണ്ടിന്നു.
കാര്‍ നഗരത്തിലെ പേരുകേട്ട പഞ്ച നക്ഷത്ര ഹോട്ടലിന് മുന്നില്‍ ചെന്നു നിന്നപ്പോള്‍ അവിടെ ചിരിച്ചു കൊണ്ട് തോമസുകുട്ടി നില്ക്കുന്നുണ്ടായിരുന്നു. തന്റെ ഒരു പ്രയത്നം കൂടി വിജയം കണ്ടതില്‍ അയാള്‍ ഏറെ സന്തോഷിച്ചു. അവരെ ചിരിച്ചു കൊണ്ട് തോമസുകുട്ടി സ്വീകരിച്ചു.
തോമസുകുട്ടി കാറിന്റെ ഡോര്‍ തുറന്നുകൊടുത്തപ്പോള്‍ പെണ്‍കുട്ടി പുറത്തിറങ്ങി. ഒരു മാലാഖ വന്നിറങ്ങുന്നത് പോലെയാണ് തോമസുകുട്ടിക്കപ്പോള്‍ തോന്നിയത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും സുന്ദരി തന്നെയാണിവള്‍-അയാളുടെ മനം മന്ത്രിച്ചു.
പപ്പ കാറില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടി മുന്നിലൂടെ കടന്നുചെന്ന് തൊട്ടടുത്ത് നിന്നു. സൈഡ് ഗ്ലാസ്സിലൂടെ അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. കണ്ണുകള്‍ നിറഞ്ഞതിനാല്‍ അയാള്‍ക്ക് മകളുടെ മുഖത്തെ ഭാവം തിരിച്ചറിയാനായില്ല. ലോകത്ത് ഒരു പിതാവിനും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് അപ്പോള്‍ അയാള്‍ മൗനമായി പ്രാര്‍ത്ഥിച്ചു.
ഹോട്ടലിന്റെ ഗ്രാനൈറ്റ് പാകിയ നടകള്‍ കയറുമ്പോള്‍ അവളുടെ ഉള്ളാകെ ചുടുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ വ്യാപൃതരാണെങ്കിലും, ഹോട്ടലിലുള്ളവരൊക്കെ തന്നെത്തന്നെ ഉറ്റു നോക്കുന്നതായി പെണ്‍കുട്ടിക്ക് തോന്നി.
ലിഫ്റ്റിലൂടെ നാലാം നിലയിലേക്ക് കയറിപ്പോകുമ്പോള്‍ അറുക്കാന്‍ കൊണ്ടുപോകുന്ന മാടിനെപ്പോലെയായിരുന്നു അവള്. എന്നാല്‍ തോമസുകുട്ടി മറ്റെന്തോ ചിന്തിച്ചുകൊണ്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ വിട്ട് പെരുമാറാമായിരുന്നെങ്കിലും അയാള്‍ തന്നെ അശ്ലീലമായി ഒന്നു നോക്കുന്നത് പോലുമില്ലെന്ന് അവളോര്‍ത്തു, ഉള്ളാലെ ആശ്വസിച്ചു.
ഒരു പഞ്ഞിക്കെട്ടിന്മേലിരുന്ന് പറന്നുപോകുന്നത് പോലെയുള്ള അനുഭവമായിരുന്നു ലിഫ്റ്റില്‍. ഏതോ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ അവരിറങ്ങി. വരാന്തകള്‍ തികഞ്ഞ നിശ്ശബ്ദതയിലാണെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് ഏറെ സമാധാനം തോന്നി.
പുരാണത്തിലെ ഏതോ മനോഹരമായ പ്രണയരംഗം കൊത്തിവെച്ച വാതിലുള്ള ഒരു മുറിയുടെ മുന്നിലെത്തിയപ്പോള്‍ അയാള്‍ കാളിംഗ് ബെല്ലടിച്ചു.
വാതില്‍ തുറന്നയാളുടെ മുഖത്ത് അതിഭയങ്കരമായ ആശ്ചര്യം ഉയരുന്നത് പെണ്‍കുട്ടി കണ്ടു. തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കാതെ അയാള്‍ ഉറക്കെ പറഞ്ഞു പോയി:
``ഗുലാബീ.. യൂ...!!''
പെണ്‍കുട്ടി അപ്പോഴൊന്ന് ചൂളി.
അയളുടെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു.
താന്‍ സ്വപ്നം കാണുന്നതാണോ എന്ന് അയാള്‍ക്ക് തോന്നി.
``സാറെ, റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ആരെയാണ് സാറിന് വേണ്ടത് സാറേ.., ഈ തോമസ് കുട്ടി ദാ, ഇങ്ങനെ പൂ.. പൂ പോലെ കൊണ്ടുവരും സാറേ.. ''-അയാള്‍ തോമസുകുട്ടിയുടെ വാക്കുകളോര്‍ത്തു.
``ഓഹോ, അത്രയ്ക്ക് മിടുക്കനാണോ നീ.. എങ്കീ ശരി...''
അയാള്‍ ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം ചോദിച്ചു:
``ആരാ ഇപ്പോ നടക്കുന്ന റിയാലിറ്റി ഷോയിലെ ഏറ്റവും സുന്ദരി...?''
തോമസ് കുട്ടിയുടെ ചുണ്ടിലേക്ക് മനസ്സിന്റെ അതിനിഗൂഢതയില്‍ നിന്ന് ഒരു പുഞ്ചിരി കയറി വന്ന് ഓക്കാനിച്ചു. എങ്കിലും അത് മറച്ചുകൊണ്ട് അയാള്‍ പറഞ്ഞു:
``എല്ലാം ഒന്നിനൊന്നു മെച്ചമാ സാറേ... ചിലര്‍ നന്നായി പാടും സാറേ.... ചിലര്‍ ഡാന്‍സ് ചെയ്യും...സാറേ... എന്നാല്‍ എല്ലാം ഒത്തു ചേര്‍ന്ന ബൂലോഗ സുന്ദരിക്കോത ഒരാളേയുള്ളൂ സാറേ...അത് നമ്മുടെ ഗുലാബിയാ സാറേ...''
അയാളുടെ മുഖം വികസിക്കുന്നത് കണ്ട് തോമസ്കുട്ടി ഒന്നുകൂടു ചേര്‍ത്തു പറഞ്ഞു:
''ഇത് നമ്മുടെ റിയാലിറ്റി ഷോയിലെ കാര്യം മാത്രമല്ല സാറേ... ഈ തോമസുകുട്ടീടെ കണ്ണില്‍ മറ്റെല്ലാ ചാനലിനേക്കാളും കേമത്തിയാ പുള്ളിക്കാരി, സാറേ...''
അതെ, ആ ഗുലാബിയാണ് മുന്നില്‍ നില്‍ക്കുന്നത്..!.
പാട്ടിനേക്കാളും അവളുടെ ശരീര വടിവാണ് പ്രേക്ഷകരെ ഇളക്കി മറിക്കുന്നത്. ഗുലാബിയുടെ പ്രകടനമുള്ള ദിവസങ്ങളിലെ ചാനല്‍ റേറ്റിംഗ് അതാണ് സൂചിപ്പിക്കുന്നത്. ഗുലാബിയെ കാണാന്‍ നല്ല ചന്തമുണ്ടെന്ന് അത്ര പെട്ടെന്ന് ആരെക്കുറിച്ചും നല്ല അഭിപ്രായം പറയാത്ത തന്റെ ശ്രീമതിയും റിയാലിറ്റി ഷോയുടെ ആദ്യ ഘട്ടത്തില്‍ പറയുന്നത് കേട്ടിരുന്നു.
ഇതേതുടര്‍ന്നാണ് എത്ര തിരക്കുണ്ടെങ്കിലും അയാള്‍ ഗുലാബിയുടെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
പിന്നീടൊരിക്കല്‍ സിലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്ത യുവനടന് അവളോട് ആവേശം ഇത്തിരി കൂടുതല്‍ കാട്ടുന്നതും കൊഞ്ചുന്നതും കണ്ടപ്പോള്‍ ദേഷ്യം തോന്നി അവനെ മേലില്‍ ചാനലിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന് പ്രോഗ്രാം ഡയരക്ടര്‍ക്ക് കര്‍ശന നിര്‍ദേശവും അയാള്‍ നല്‍കിയിരുന്നു. ഗുലാബി മലയാളികളുടെ ഇടയില്‍ ഒരു ആവേശമായതിനാലാണ് മാര്‍ക്കും എസ്എംഎസും കുറഞ്ഞിട്ടും പുറത്താക്കരുതെന്ന് മുന്നറിയിപ്പ് കൊടുത്തത്. പക്ഷെ, പ്രേക്ഷകരുടെ ഇടയില്‍ എത്രകാലം പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നറിയില്ല. നന്നായി പാടുന്ന കുട്ടികളുള്ളപ്പോള്‍ എങ്ങനെയാ ഗുലാബിയെ രക്ഷപ്പെടുത്തുക. എങ്കിലും സാരമില്ല, അവള്‍ക്ക് തന്റെ വക നഗരത്തില്‍ ഒരു ഫ്ളാറ്റ് എടുത്തുകൊടുക്കണം-അയാള്‍ ഉറപ്പിച്ചു.
പെട്ടെന്ന് സ്വബോധം തിരിച്ചുകിട്ടിയവനെപ്പോലെ അയാളവരെ അകത്തേക്ക് ക്ഷണിച്ചു.
പെണ്‍കുട്ടി യാന്ത്രികമായി അകത്തേക്ക് പ്രവേശിച്ചപ്പോള്‍ വാതില്‍ ആര്‍ത്തിയോടെ അടഞ്ഞു. തോമസുകുട്ടി വല്ലാത്തൊരു ചിരി ചിരിച്ച്, ചാനലുടമയെ കണ്ണിറക്കി കാണിച്ച് തിരിച്ചു പോയി. അപ്പോള്‍ പെണ്‍കുട്ടിക്ക് സഹതാപം കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിക്കാനും അയാള്‍ മറന്നില്ല.
അയാള്‍ എന്തെക്കെയൊ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ആകെ പരിഭ്രാന്തിപ്പെടുന്നത് പോലെ അവള്‍ക്ക് തോന്നി. പക്ഷെ, അവള്‍ക്ക് യാതൊരു ഭയവും തോന്നിയില്ല. അയാള്‍ പറയുന്നതിനെക്കെ ഗുലാബി വെറുതെ മൂളുകയും ഒക്കെ അനുസരിക്കുകയും ചെയ്തു. അവളുടെ മനസ്സ് മുഴുവന്‍ പിറ്റേന്ന് നടക്കാന്‍ പോകുന്ന എലിമിനേഷന് റൗണ്ടായിരുന്നു. താന്‍ ഓരോ എലിമിനേഷന് റൗണ്ടിലും കരകയറുന്നത് തന്റെ പാട്ട് മികച്ചതായത് കൊണ്ടല്ലെന്നും മറിച്ച് സുന്ദരിയായതിനാല്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ടാണെന്നും അവള്‍ക്ക് തോന്നിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോമസുകുട്ടി പപ്പയെ സമീപിച്ചത്. തിങ്കളാഴ്ച, അതായത് നാളെയാണ് എലിമിനേഷന് റൗണ്ട്.
ആ ദിവസത്തേക്കുറിച്ചുള്ള വേവലാതിയിലായിരുന്നു പപ്പയും മമ്മയും. വെള്ളിയാഴ്ചത്തെ റൗണ്ടില്‍ നന്നായി പാടാനേ സാധിച്ചില്ലെന്നോര്‍ത്ത് ഗുലാബി കരഞ്ഞു കരഞ്ഞു, തളര്‍ന്നുപോയി. മമ്മയായിരിക്കും ഏറ്റവും കൂടുതല്‍ കരഞ്ഞിരിക്കുക. ആ എപ്പിസോഡിലുണ്ടായിരുന്ന യുവ നായിക തന്റെ നൃത്തത്തെ പുകഴ്ത്തിയെങ്കിലും പാട്ട് തീരേ നന്നായില്ലെന്ന് പറഞ്ഞപ്പോഴേ സംശയിച്ചിരുന്നു, ഇപ്രാവശ്യം രക്ഷപ്പെടാന്‍ കുറേ പണിയെടുക്കേണ്ടി വരുമെന്ന്. പാട്ടും നൃത്തവും എന്തെന്നറിയാത്ത, ആരുടേയോ സഹായം കൊണ്ട് ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ച ആ യുവനായിക മനുഷ്യനെ കൊന്നു കളഞ്ഞെന്നു പറഞ്ഞാല്‍ മതി.
നന്നായി പാടുന്ന ഗോഗുല്‍ദാസും സുധാനായരും ഫസല്‍ റഹ്മാനുമൊക്കെ എലിമിനേഷന് റൗണ്ടില്ലാതെ മെഗാ ഫൈനലിലെത്തുന്നവരാണ്. ബാക്കിയുള്ള നാല് പേരിലാണ് ഗുലാബിയുള്ളത്. ഗുലാബിയും മുരളീധരനുമാണ് പാട്ടുകാരില്‍ ഏറെ പിന്നിലെന്ന് ജഡ്ജിമാര്‍ തമ്മില്‍ പറയുന്നത് കഴിഞ്ഞ ദിവസം ഭക്ഷണ ഹാളില്‍ വെച്ച് കേട്ടപ്പോഴേ ഉള്ളൊന്നു കാളി...
മുമ്പത്തെ എലിമിനേഷന് റൗണ്ടില്‍ ഇരുവരില്‍ ആര് പുറത്താകുമെന്നതായിരുന്നു എവിടെയും ആകാംക്ഷ. തന്നെ ഞങ്ങള്‍ അങ്ങനെ ഒഴിവാക്കില്ലെന്ന് തോമസുകുട്ടി പറഞ്ഞപ്പോള്‍ അത് കളിയായിരിക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ, മുരളീധരന് പുറത്തായപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. മമ്മ സീറ്റില്‍ നിന്ന് എണീറ്റ് ചാടുന്നത് വികൃതിയായ ക്യാമറ നന്നായി പകര്‍ത്തി ലോകത്തെ കാണിച്ചു. പക്ഷെ, പപ്പയ്ക്ക് അത്ര വലിയ സന്തോഷമൊന്നുമുണ്ടായില്ല. എന്നിട്ടും മമ്മയുടെ വാക്കുകള്‍ പപ്പയുടെ മനസ്സ് മാറ്റി. അത് ഭാഗ്യമായി. ഇല്ലേല് കഴിഞ്ഞ ദിവസം നടി മുക്തയും അച്ഛനും തമ്മിലും മീരാ ജാസ്മിനും അമ്മയും തമ്മിലുമൊക്കെ തര്‍ക്കമുണ്ടായത് പോലെ കുടുംബം പ്രശ്നത്തിലകപ്പെട്ടേനെ.
ഗുലാബി എണീറ്റപ്പോഴും അയാള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. മുറിയിലാണെങ്കില്‍ മദ്യത്തിന്റേയും സിഗരറ്റിന്റേയും രൂക്ഷ ഗന്ധം തളംകെട്ടി നില്ക്കുന്നു. പിറ്റേന്ന് രാവിലെ തോമസുകുട്ടി എത്തുേമ്പാഴേക്കും അവള് ഒരുങ്ങിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞ രാത്രി സംഭവിച്ചതൊന്നും അവളുടെ ഓര്‍മ്മയിലേയില്ല. അവളുടെ മുന്നില്‍ കാട്ടുപോത്തിനെ പോലെ തന്റെ നേറെ ചീറി വരുന്ന, സിംഹത്തേപ്പോലെ കടിച്ചുകീറുന്ന അയാളില്ലായിരുന്നു. റിയാലിറ്റി ഷോയുടെ ഫൈനല്‍ സ്റ്റേജില്‍ വളരെ ആയാസകരമായ ഒരു രാഗത്തില്‍ പാടുകയായിരുന്നു അവളപ്പോള്‍. അയാള്‍ ചോദിച്ചതോ പറഞ്ഞതോ ഒന്നും അവള് കേട്ടില്ല. പപ്പയുടെ വാക്കുകള്‍ മാത്രമാണ് അവളുടെ കാതില്‍ അലയടിച്ചത്.
ഒന്നും സംഭവിക്കാത്ത തരത്തിലായിരുന്നു തോമസുകുട്ടിയുടെ പെരുമാറ്റം.
അയാളുടെ വിലപിടിപ്പുള്ള കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ വീട്ടില്‍ കൊണ്ടു വിടരുതെന്ന് മാത്രം അവള് തോമസുകുട്ടിയോട് അഭ്യര്‍ത്ഥിച്ചു.
അയാള്‍ എല്ലാം മനസ്സിലായ പോലെ നിന്നെങ്കിലും ഗുലാബി പറഞ്ഞു:
``വീട്ടിലേക്കുള്ള ബസ് എത്തുന്ന, ഏതെങ്കിലും സ്റ്റോപ്പില്‍ എന്നെ എറക്കി വിട്ടാ മതി...''
കാറില്‍ വീണ്ടും അവള് ചെമന്ന പൂമ്പാറ്റകളുടെ ലോകത്തായി. അവയുടെ ചിറകിലിരുന്ന് അവള് ലോകം മുഴുവന്‍ പറന്നുകളിച്ചു.
കൂടുതല്‍ തിരക്കില്ലാത്ത നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിന് മുന്നില്‍ തോമസുകുട്ടി കാര്‍ നിര്‍ത്തി. ഗുലാബി ഇറങ്ങുമ്പോള്‍ അയാള്‍ അവളെ സഹതാപത്തോടെ വീണ്ടുമൊന്നു നോക്കി.
ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള് അവള് വീണ്ടും ചിന്താമഗ്നയായി. ഇത്ര കേളികേട്ട റിയാലിറ്റി ഷോയായിട്ടും, ലോകത്തെ മുഴുവന്‍ മലയാളികളും കണ്ടുകൊണ്ടിരിക്കുന്നു എന്നൊക്കെ വീമ്പളക്കിയിട്ടും അവിടെയുള്ളവരെയാരും തന്നെ തിരിച്ചറിഞ്ഞില്ല എന്നത് ഗുലാബിക്ക് ഏറെ ആശ്വാസം പകര്‍ന്നു.
അവള് പതുക്കെ കടും ചെമപ്പ് നിറമുള്ള പൂമ്പാറ്റയെ ഓര്‍ക്കാന്‍ തുടങ്ങി. പെട്ടെന്ന് `ഗുലാബീ..' എന്ന വിളി കേട്ടാണ് അവള് ചിന്തയില്‍ നിന്നുണര്‍ന്നത്. സൈക്കിളില്‍ എത്തിയ, നെരിയാണിക്ക് മുകളില്‍ മടക്കിയ നരച്ച ജീന്‍സ് പാന്റ്സും മുഷിഞ്ഞ കുപ്പായവും ധരിച്ച ആ യുവാവ് `ഗുലാബീ..തന്നെയല്ലേ' എന്ന് ആകാംക്ഷയോടെ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി പുഞ്ചിരിച്ചു.
``ഒരു പുഞ്ചിരി കൊണ്ട് നഷ്ടപ്പെടാനൊന്നുമില്ല. കിട്ടുന്നതോ വില കൂടിയ ഒരു എസ്എംഎസും''-മമ്മയുടെ വാക്കുകളവളോര്‍ത്തു.
അവന് സന്തോഷമായി. ലോകം കീഴടക്കിയ സന്തോഷം.
``ഹലോ, ഇതാരാ നില്‍ക്കുന്നതെന്നറിയ്യോ.. പ്രമുഖ ഗായിക ഗുലാബി..''.-അവന് വിളിച്ചു കൂവി.
അതുകേട്ടപ്പോള്‍ ഗുലാബിക്ക് ചെറിയൊരു ജാള്യത തോന്നിയെങ്കിലും ആലോചിച്ചപ്പോള്‍ അതിലൊരു സുഖവുമനുഭവപ്പെട്ടു.
ഗുലാബിയുടെ ചുറ്റും ആള്‍ക്കൂട്ടം രൂപപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു.
ചിലര്‍ അവളെ തൊട്ടുനോക്കി. കോളജ് വിദ്യാര്‍ത്ഥികള്‍ ഓട്ടോഗ്രാഫ് നീട്ടി..
ആരെയും പിണക്കാന്‍ അവള് തയ്യാറായില്ല. നാളത്തെ എലിമിനേഷന് റൗണ്ടിന് എല്ലാവരുടേയും എസ്എംഎസുകള്‍ നിര്‍ണായകമാണ്.
പപ്പയുടെ, മമ്മയുടെ അനുജന്റെ, അയല്‍ക്കാരുടെ, നാട്ടുകാരുടെ.. എന്തിന് തന്നെ സ്നേഹിക്കുന്ന കേരളത്തിന്റെയൊന്നാകെ ആകാംക്ഷയാണത്.
പൊടുന്നനെ, ആള്‍ക്കൂട്ടത്തില്‍ നിന്ന് ആ യുവാവ് പുറത്തേക്ക് തള്ളി വീണു. അവനാകെ ഉലഞ്ഞിരുന്നു. അവന്റെ പൊടിമീശയില് വിയര്‍പ്പ് പൊടിഞ്ഞു. ഭാഗ്യം, ആരും തന്നെ ശ്രദ്ധിച്ചില്ലെന്ന് കണ്ടപ്പോള്‍ സൈക്കിളില്‍ നിന്ന് വീണ ചിരി ചിരിച്ച് അവന് പതുക്കെ എണീറ്റു. തന്റെ സൈക്കിളിനടുത്തേക്ക് നടക്കുമ്പോള്‍ അവന് സന്തോഷം അടക്കാനായില്ല. ആഹ്ളാദം വരുമ്പോള്‍ മനസ്സില്‍ ഓടിയെത്താറുള്ള ഫനാ എന്ന ഗാനം അവന് മൂളിക്കൊണ്ട് തന്റെ ജോലി തുടര്‍ന്നു.
സൈക്കിളിന്റെ പിന്നില്‍ വെച്ചിരിക്കുകയായിരുന്നു അവനാ ഭാണ്ഡം. ചുറ്റുവട്ടമൊന്ന് നിരീക്ഷിച്ചപ്പോള്‍ യാതൊരു പ്രശ്നമില്ലെന്നുതോന്നി അവന്. എല്ലാവരും യുവ ഗായികയുടെ പിന്നിലാണ്. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവന് അതെടുത്ത് ബസ് ഷെല്‍ട്ടറിന്റെ ഒരരികിനോട് മുട്ടിക്കിടന്നിരുന്ന കുപ്പത്തൊട്ടിയിലേത്ത് വലിച്ചെറിഞ്ഞു.
ഫനാ... അവന് തന്റെ പാട്ടിന്റെ വോള്യം ഒന്നു കൂട്ടിയശേഷം സൈക്കിള്‍ ആഞ്ഞു ചവിട്ടി.
തൊട്ടപ്പുറത്തെത്തിയപ്പോള്‍ അവനൊന്ന് തിരിഞ്ഞുനോക്കണമെന്ന് തോന്നി. ആള്‍ക്കൂട്ടത്തിന്റെ കനം കൂടിക്കൂടി വരികയാണ്്. വഴിയെ പോവുകായയിരുന്ന വാഹനങ്ങളും നിര്‍ത്തി എന്താണ് കാര്യമെന്നറിയന്‍ ആള്‍ക്കൂട്ടത്തിലൂടെ ഏന്തി വലിഞ്ഞു നോക്കി. അവന് അടക്കാനാവാത്ത ആഹ്ലാദത്തോടെ തന്റെ താമസ സ്ഥലത്തേക്ക് കുതിച്ചു.
ഇന്നത്തെ പണി തീര്‍ന്നു.
ഇനി റിസള്‍ട്ടറിഞ്ഞിട്ടു വേണം ഗ്യാങ്ങിനെ സമീപിക്കാന്‍. ഇതുവരെയില്ലാത്ത സംഖ്യയാണ് ഭായി ഓഫര്‍ ചെയ്തിട്ടുള്ളത്. പൊട്ടിത്തെറിക്കുന്ന തലകളുടെ എണ്ണത്തിനനുസരിച്ച് സംഖ്യയും കൂടുമത്രെ.
ഹൊ! അങ്ങനെയെങ്കില്‍ ഇതോടെ പെങ്ങളുടെ സ്ത്രീധന തുകയുടെ ബാക്കി കൊടുക്കാന്‍ സാധിക്കും. സ്വന്തമായി ഒരു ചായക്കട എന്ന സ്വപ്നവും പൂവണിയും...എത്ര നാളായി മൂത്ത പെങ്ങളും കുഞ്ഞുങ്ങളും വീട്ടില്‍ വന്നിട്ട്. സ്ത്രീധനത്തിന്റെ ബാക്കി കിട്ടാതെ ഇനി എവിടെയും പോകേണ്ട എന്നാണത്രെ അളിയന്റെ താക്കീത്. ഏതായാലും ഇതോടെ ഈ പണി നിര്‍ത്തണം.
അവന് നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ചേരിയിലുള്ള തന്റെ കുടിലിന് മുന്നില്‍ സൈക്കിള്‍ ഇട്ട് മുറിയിലേക്ക് ഓടിക്കയറി.
``എന്താടാ നീ ഇത്ര പെട്ടെന്ന് വന്നേ'' എന്ന് ഉമ്മ വിളിച്ചു ചോദിച്ചു.
പക്ഷെ, അവനൊന്നും പറയാതെ ഓടിച്ചെന്ന് ടിവി ഓണ്‍ ചെയ്തു.
അപ്പോഴവന്റെ കൈ വിറച്ചുകൊണ്ടിരുന്നു.
ചാനലുകളിലപ്പോള്‍ ഏതോ സിനിമാ നടിയുടെ വിവാഹവും അവര്‍ തെരഞ്ഞെടുത്തത് അനുയോജ്യനായ വരനെയാണോ, അതോ ആ ബന്ധത്തിന് ദീര്‍ഘായുസ്സുണ്ടാവുകയില്ലേ എന്നൊക്കെയുള്ള, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അഭിഭാഷകനും നടിയുടെ സഹപ്രവര്‍ത്തകരും പങ്കെടുക്കുന്ന ചര്‍ച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. അവന് ചിരി വന്നെങ്കിലും പെട്ടെന്ന് തന്നെ അവന് ചാനലുകള്‍ മാറ്റി മാറ്റി നോക്കി.
ഫ്ളാഷ് ന്യൂസിലെ ചോരയുടെ നിറവും മണവുമുള്ള വലിയ അക്ഷരങ്ങള്‍ക്കായി അവന് കണ്ണു നട്ടിരുന്നു. അവന്റെ നെഞ്ച് കുലുങ്ങിക്കുലുങ്ങി ഇപ്പോള്‍ നിലച്ചു പോകുമെന്ന് തോന്നിച്ചു.
`ദൈവമേ... ദൈവമേ' -
അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.
ഒരു വിദഗ്ധന്റൈയെന്ന പോലെ അവന്റെ വിരലുകള്‍ ന്യൂസ് ചാനലുകളിലൂടെ യന്ത്ര വേഗത്തില്‍ പാഞ്ഞു.
ശ്ശൊ, ഒന്നും സംഭവിച്ചിട്ടില്ലല്ലോ ദൈവമേ.. എന്നറിഞ്ഞപ്പോള്‍ അവന് വല്ലാതെ നിരാശനായി. അത്തരം സാഹചര്യങ്ങളിലൊക്കെ ചെയ്യാറുള്ളതുപോലെവ മുറിയിലുണ്ടായിരുന്ന പേനാക്കത്തിയെടുത്ത് അവന് സ്വന്തം തുടയിലേക്ക് ആഴ്ത്തിയിറക്കി. പിന്നീട് തറയില്‍ വീണുരുണ്ടു. പക്ഷെ, അവന്റെ നിരാശയ്ക്ക് ഏതാനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
``ഇതാ ഫ്ളാഷ് ന്യൂസ്... ഫ്ളാഷ്'' ന്യൂസ് എന്ന് അവന് സ്വയമറിയാതെ വിളിച്ചുകൂവിയപ്പോള്‍ അനുജത്തി വന്നൊന്ന് എത്തി നോക്കി, ഈ ചെക്കനെന്താ പിരാന്തായോ എന്ന് വിളിച്ചു ചോദിച്ച ശേഷം അവള് തന്റെ അടുക്കള ജോലിയിലേക്ക് മടങ്ങി.
ദ്രുതഗതിയില്‍ അവന് ചാനലുകള്‍ മാറ്റി മാറ്റി നോക്കി. എല്ലായിടത്തും വാര്‍ത്ത ഒന്നു തന്നെയെന്നറിഞ്ഞപ്പോള്‍ അവന് തുടയില്‍ നിന്നൊലിക്കുന്ന ചോര കൈപ്പത്തികൊണ്ട് വാരിയെടുത്തു മുഖം നിറയെ തേച്ചു.
അപ്പോള്‍ ടിവി സ്ക്രീനിന്റെ അടിഭാഗത്ത് ഉഗ്രവിഷമുള്ള കറുത്ത പാമ്പുകളെപ്പോലെ അക്ഷരങ്ങള്‍ ഇഴഞ്ഞിഴഞ്ഞു വരുന്നുണ്ടായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്റെ പ്രിയഗാനം
മലയാളത്തിന്...
എന്റെ കാവ്
-
▼
2009
(8)
- ► സെപ്റ്റംബർ (1)
-
►
2008
(12)
- ► സെപ്റ്റംബർ (1)
എന്നെക്കുറിച്ച്
- കാവിലന്‍
- ദുബൈ, ഐക്യ അറബ് രാഷ്ട്രം, United Arab Emirates
- ഒരനാവശ്യ പത്രപ്രവര്ത്തകന്