2009, ജൂലൈ 5, ഞായറാഴ്‌ച

അവിടത്തെപ്പോലെ ഇവിടെയും...



```കുട്ടിമാമാ... ഞാന്‍ ഞെട്ടി മാമാ...'' എന്ന്‌ ജഗതിയുടെ സംഭാഷണമുള്ള സിനിമയിലേതുപോലുള്ള വ്യക്തിയല്ല നമ്മുടെ കഥാപാത്രം. ഇതൊരു പാവം പോസ്റ്റുമാന്‍ കുട്ടിമാമ. പാവം എന്ന്‌ അങ്ങനെയങ്ങ്‌ ഉറപ്പിച്ച്‌ പറയാന്‍ ഞങ്ങളുടെ ഗ്രാമക്കാര്‍ തയ്യാറാവില്ല. അതിന്‌ കാരണം വേറെ. മരിച്ചുപോയവരെ കുറിച്ച്‌ മോശം പറയരുത്‌ എന്ന നാട്ടുനടപ്പനുസരിച്ച്‌ അതൊന്നുമിവിടെ വിശദീകരിക്കുന്നില്ല. പക്ഷെ, `ഞെട്ടിക്കുന്ന' ചില സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഈ കുറിപ്പ്‌ പൂര്‍ത്തിയാക്കാനും സാധ്യല്ല.

നാട്ടില്‍ ടെലിഫോണ്‍ അപൂര്‍വ വസ്‌തുവായും മൊബൈല്‍ ടവറുകള്‍ കേട്ടുകേള്‍വി പോലുമില്ലാതെയും ഇന്റര്‍നെറ്റ്‌ പിറന്നിട്ടില്ലാത്തതുമായ കാലഘട്ടത്തില്‍ ആളുകള്‍ക്ക്‌ കത്തും കമ്പിയുമൊക്കെ തന്നെയായിരുന്നല്ലോ ശരണം. മുംബൈ എന്ന പഴയ ബോംബെയില്‍ നിന്നും ഗള്‍ഫില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നുമൊക്കെ കത്തും ഡ്രാഫ്‌റ്റും ആളുകള്‍ക്കെത്തിക്കുന്ന പോസ്റ്റ്‌മാന്‍ കുട്ടി കുട്ടികളുടെ കുട്ടിമാമയായിരുന്നു. തങ്ങളെപ്പോലെ വലിയ വള്ളി നിക്കറിടുകയും, നരച്ച കുട പിടിച്ച്‌ പഴയ, അരികുകള്‍ കീറിയ നീല പ്ലാസ്റ്റിക്‌ ഷീറ്റില്‍ കത്തുകള്‍ പൊതിഞ്ഞു പതുക്കെ നടന്നുവരുന്ന കുട്ടിമാമ... കട്ടിക്കണ്ണട വെച്ച 55കാരന്‍.
കൂഡുലു പോസ്റ്റാഫീസില്‍ അതിരാവിലെയെത്തുന്ന കുട്ടിമാമ സൂര്യനുദിച്ച്‌ കഴിയുമ്പോഴാണ്‌ നരച്ച കുടയും ചൂടി കത്തുകളുമായിറങ്ങുക. ജീവിതത്തിലന്നേവരെ ഒരു കത്തിന്റെ കടലാസ്‌ പോലും തൊട്ടുനോക്കിയിട്ടില്ലാത്തവരടക്കമുള്ള വഴിപോക്കരുടെയൊക്കെ ``ഞമ്മക്കെന്തേലുംണ്ടാ കുട്ടീ...?'' എന്ന ചോദ്യങ്ങള്‍ക്കൊക്കെ കൃത്യമായി മറുപടി പറഞ്ഞ്‌ കുട്ടിമാമ അങ്ങനെ നടക്കും.
ഗള്‍ഫില്‍ നിന്ന്‌ പാര്‍സലോ ഡ്രാഫ്‌റ്റോ ഉള്ളപ്പോള്‍ കുട്ടിമാമ ഒന്നു ഉഷാറാകും. ഇപ്പോള്‍ `വാതില്‍ ടു വാതില്‍' കാര്‍ഗോ സര്‍വീസുണ്ടെങ്കിലും അന്ന്‌ അതൊന്നും ആരും ആലോചിച്ചിട്ട്‌ പോലുമില്ല. നിത്യേന രണ്ട്‌ പാര്‍സലെങ്കിലും കുട്ടിമാമന്റെ കൈയിലെ സഞ്ചിയില്‍ സ്ഥാനം പിടിച്ചിരിക്കും. ഏതെങ്കിലും ദിവസം അതില്ലെങ്കിലും കുട്ടിമാമ സഞ്ചി കൈവിടില്ല. അതില്‍ എന്തെങ്കിലും കുത്തിനിറച്ചിരിക്കും. തിരിച്ച്‌ പോരുമ്പോള്‍ കവലയില്‍ നിന്ന്‌ മത്സ്യമോ, പലചരക്കു സാധനങ്ങളോ വാങ്ങാനാണ്‌ അതെന്നാണ്‌ കുട്ടിമാമന്റെ ഉത്തരമെങ്കിലും, പാര്‍സലുണ്ടെന്ന്‌ പറഞ്ഞ്‌ ആളുകളെ കൊതിപ്പിക്കുന്നതില്‍ അദ്ദേഹം ഗൂഢരസം കണ്ടെത്തുന്നതിനാലാണതെന്നാണ്‌ ചിലരുടെ ആരോപണം.
ഏതായാലും പാര്‍സലുള്ള വീട്ടിലേക്കാണ്‌ കുട്ടിമാമന്‍ ആദ്യം വെച്ചുപിടിക്കാറ്‌. അതിനൊരു പ്രത്യേക കാരണമുണ്ട്‌. പാര്‍സല്‍ നല്‍കാനുള്ള വീട്ടിലെത്തിയാല്‍ അങ്ങനെ പുഞ്ചിരിച്ചുകൊണ്ട്‌ അവിടെ കുറച്ചു നേരമിരിക്കുകയും നാട്ടുവര്‍ത്തമാനങ്ങളില്‍ മുഴുകുകയും ചെയ്യും. എന്നിട്ട്‌ കത്തുകളൊക്കെ ഒന്നു അടുക്കും ചിട്ടയോടെയും വെയ്‌ക്കും. അപ്പോള്‍ കുട്ടികളൊക്കെ പാര്‍സല്‍ പുറത്തെടുക്കുന്നതും കാത്തങ്ങനെ അക്ഷമയോടെ... വെളുത്ത തുണികൊണ്ട്‌ പൊതിഞ്ഞ, കുഞ്ഞു തലയണ പോലുള്ള പാര്‍സല്‍ കുട്ടിമാമ എടുത്ത്‌ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട്‌ പറയും:
``ങും.. ഇത്‌ അപ്പുറത്തെ അമ്മദുട്ടിന്റെതാ...''
എല്ലാവരുടെയും മുഖത്ത്‌ പത്രക്കാരെ കണ്ട പിണറായിയുടെ നിരാശ.
കുട്ടിമാമ അതങ്ങു നെയ്‌ലോണ്‍ സഞ്ചിയില്‍ തന്നെ തള്ളും.
പിന്നെ മറ്റൊരു പാര്‍സലെടുത്തു പഴയതൊക്കെ ആവര്‍ത്തിച്ചുകൊണ്ട്‌ പറയും:
``ഇത്‌ ആ എഞ്ചിനീര്‍ടെ ബീട്ടിലേക്കാ...''
``അപ്പോ ഞമ്മക്കൊന്നൂല്ലെ കുട്ടീ....?''-ക്ഷമകെട്ട്‌ ഗൃഹനാഥന്‍ ചോദിക്കും.
``ഹഹഹ്‌ഹ...'' ഗബ്ബര്‍ സിങ്ങിനെ തോല്‍പിക്കും മട്ടില്‍ കുട്ടിമാമ ഒന്ന്‌ പൊട്ടിച്ചിരിക്കും:
``ആരെങ്കിലും അയച്ചാലല്ലേ ങ്ങക്ക്‌ കിട്ടാ... അല്ലാതെ ആരാന്റെ മുതലെടുത്ത്‌ തന്നാല്‍ ഞമ്മടെ പണി പോവൂലേ...''
ആകാംക്ഷ പൂണ്ടിരിക്കുന്ന കുട്ടികളൊക്കെ നിരാശരാകുന്നത്‌ കണ്ടങ്ങനെ രസിച്ച ശേഷം അദ്ദേഹം സസ്‌പെന്‍സ്‌ കളഞ്ഞ്‌ പറയും:
``ഇത്‌ നിങ്ങക്ക്‌ തന്ന്യാ..''
പാര്‍സലില്‍ മാര്‍ക്കര്‍ പേനകൊണ്ടെഴുതിയ കറുത്ത മേല്‍വിലാസം കാണുമ്പോള്‍ ഹൃദയങ്ങള്‍ തുടിക്കാന്‍ തുടങ്ങും. എന്നാല്‍ കുട്ടിമാമന്‍ പാര്‍സല്‍ പെട്ടെന്നങ്ങ്‌ തരാന്‍ തയ്യറാവില്ല.
അവിടെയാണ്‌ സസ്‌പെന്‍സ്‌. കുട്ടിമാമ ചോദിക്കാതെ തന്നെ അദ്ദേഹത്തിന്റെ ആവശ്യം കണ്ടറിയുന്നവരാണ്‌ ഞങ്ങള്‍, ഗ്രാമവാസികള്‍. പത്തോ ഇരുപതോ രൂപ വെച്ചു നീട്ടിയാല്‍ മാത്രമേ ഒപ്പിടാന്‍ പേപ്പര്‍ നല്‍കുകയുള്ളൂ. പാര്‍സല്‍ കൈമാറാന്‍ ഗള്‍ഫില്‍ നിന്ന്‌ അതയക്കുന്നതിനേക്കാളേറെ പ്രയാസം.
വര്‍ഷങ്ങളായി കുട്ടിമാമ ഈ കലാപരിപാടി തുടരുന്നു. പക്ഷെ, ആരും പരാതിപ്പെട്ടില്ല.
അങ്ങനെ കാലം കടന്നുപോകവെ, കുട്ടിമാമക്ക്‌ ജോലി മടുത്തു തുടങ്ങി. അകലങ്ങളില്‍ കാല്‍നടയായി യാത്ര ചെയ്യാന്‍ മടി. കാലിന്‌ തീരെ വയ്യെന്ന്‌ പറഞ്ഞ്‌ കത്തുകള്‍ കവലയിലെ ഏതെങ്കിലും കടയിലോ മറ്റോ ഏല്‍പിച്ച്‌ മുങ്ങും. കടക്കാരന്‍ മേല്‍വിലാസക്കാരെ കാണുമ്പോള്‍ കത്ത്‌ എടുത്ത്‌ തന്നാലായി. അല്ലെങ്കില്‍ എല്ലായിടത്തും കയറിച്ചെന്ന്‌ ചോദിക്കണം. എന്നാല്‍ പാര്‍സലുകളോ, ഡ്രാഫ്‌റ്റോ ഉണ്ടെങ്കില്‍ കുട്ടിമാമയുടെ കാലിന്‌ യാതൊരു കുഴപ്പവുമുണ്ടാവില്ല.
അങ്ങനെയിരിക്കെ, ഗ്രാമത്തില്‍ ഒരിക്കല്‍ കുട്ടിമാമേടെ പേരില്‍ ഒരു ഗുലുമാലുണ്ടായി. കുടുംബ കലഹം എന്ന്‌ തന്നെ പറയാം. ബോംബെയില്‍ ജോലി ചെയ്യുന്ന രാമകൃഷ്‌ണന്റെ ഭാര്യ സാവിത്രിക്ക്‌ അവിഹിത ഗര്‍ഭമുണ്ടായെന്ന അപവാദമാണ്‌ പ്രശ്‌നമായത്‌. സംഭവമിങ്ങനെയായിരുന്നു:
ഒരു ദിവസം രാമകൃഷ്‌ണന്റെ ബന്ധു അശോകന്‍ കവലയിലൂടെ നടന്നുപോകുമ്പോള്‍ നാരായണേട്ടന്റെ പീടികേന്ന്‌ ഒരു വിളി. അരികുകളില്‍ അല്‌പം അഴുക്ക്‌ പുരണ്ട 15 പൈസ മാത്രം വിലയുള്ള ഒരു പോസ്റ്റ്‌ കാര്‍ഡെടുത്ത്‌ നാരായണേട്ടന്‍ അശോകന്റെ കൈവശം കൊടുക്കുന്നു. അശോകന്‍ കിട്ടിയപാടേ മലയാളിയുടെ ജന്മസിദ്ധമായ ആക്രാന്തത്തോടെ അതിലൊന്ന്‌ കണ്ണോടിച്ചപ്പോള്‍ ഞെട്ടി എന്ന്‌ പറയേണ്ടല്ലോ. സാവിത്രി ചേച്ചിയുടെ ഗര്‍ഭത്തെക്കുറിച്ചാണ്‌ അതില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. കത്തെഴുതുമ്പോള്‍ രാമകൃഷ്‌ണന്‌ തിയതിയും മറ്റുമെഴുതുന്ന പതിവില്ലാത്തതിനാല്‍ എന്നാണ്‌ അയച്ചതെന്നറിയാനുള്ള സാധ്യതയും മങ്ങി. ആറ്‌ മാസം മുമ്പാണ്‌ സാവിത്രി ചേച്ചി തങ്കക്കുടത്തിന്‌ ജന്മം നല്‍കി ഇന്ത്യയുടെ ജനസംഖ്യക്ക്‌ സംഭാവനയര്‍പ്പിച്ചത്‌. അതിനും രണ്ട്‌ മാസം മുമ്പാണ്‌ രാമകൃഷ്‌ണേട്ടന്‍ നാട്ടില്‍ വന്നുപോയത്‌. അപ്പോള്‍ എന്താണ്‌ സംഭവിച്ചത്‌? സംഭവം നാടുമുഴുവന്‍ പാട്ടായി. സാവിത്രിചേച്ചി ആണയിട്ട്‌ പറഞ്ഞു, തനിക്ക്‌ കുളി തെറ്റിയിട്ടില്ലെന്ന്‌. ഒടുവില്‍ ബന്ധുക്കളെല്ലാം ചേര്‍ന്ന്‌ നഗരത്തിലെ ടെലിഫോണ്‍ ബൂത്തില്‍ ചെന്ന്‌ രാമകൃഷ്‌ണേട്ടനെ വിളിച്ചു നോക്കിയപ്പോഴാണ്‌ സംഗതിയറിഞ്ഞത്‌, അത്‌ അദ്ദേഹം ഏകദേശം ഒരു വര്‍ഷം മുമ്പ്‌ അയച്ച കത്തായിരുന്നു. പിന്നെങ്ങനെയെന്ന ചോദ്യം മാത്രം ബാക്കിയായി.
രസകരമായ ഫ്‌ളാഷ്‌ ബാക്ക്‌ ഇങ്ങനെ:?കുട്ടിമാമ പതിവുപോലെ പോസ്റ്റ്‌ കാര്‍ഡ്‌ നാരായണേട്ടന്റെ പച്ചക്കറി കടയില്‍ കൊടുക്കുന്നു. നാരായണേട്ടന്‍ അത്‌ അലക്ഷ്യമായി അവിടെയിട്ടു. എങ്ങനെയോ താഴെവീണ്‌ കാണാമറയത്തുമായി. ഇടയ്‌ക്കൊന്നും കട വൃത്തിയാക്കുന്ന ദുശ്ശീലമില്ലാത്ത നാരായണേട്ടന്‍ കഴിഞ്ഞ ദിവസം ആ മഹാസംഭവം ചെയ്‌തപ്പോള്‍ കിട്ടിയ കാര്‍ഡാണ്‌. ``ഹെന്റെ കാവിലെ ഭഗവതീ... ഇത്‌ ആ പാവം സാവിത്രീക്ക്‌ള്ള കത്തല്ലേ...'' എന്ന്‌ കരുതി അവിടെ വെച്ചപ്പോഴാണ്‌ അശോകനെ പോകുന്നത്‌ കണ്ടതും അത്‌ കൈമാറിയതും.
ഇതോടെ കുട്ടിമാമന്റെ ഇമേജിന്‌ ഇത്തിരി കോട്ടം സംഭവിച്ചു എന്ന്‌ പറയാതെ പറ്റില്ല. ഇതില്‍പ്പിന്നെ കത്തുകള്‍ അങ്ങനെ കടയില്‍ കൊണ്ട്‌ ചെന്നിടുന്ന പരിപാടി കുട്ടിമാമന്‍ നിര്‍ത്തി. എത്ര ദൂരെയാണെങ്കിലും നടന്നുചെന്നേല്‍പിക്കും. കുറേ നാള്‍ ഇത്‌ തുടര്‍ന്നെങ്കിലും പഴയ സംഭവം ഗ്രാമീണര്‍ മറക്കുകയും വേനല്‍ക്കാലമാവുകയും ചെയ്‌യതോടെ കുട്ടമാമന്റെ മടി വീണ്ടും സടകുടഞ്ഞെണീറ്റു. അതോടെ ഗ്രാമാതിര്‍ത്തയിലുള്ള വീടുകളിലേക്കൊന്നും പോവില്ല.
പക്ഷേ, ഗ്രാമാതിര്‍ത്തിയിലുള്ള ഉമ്മാലിമ്മയുടെ ഏക സന്താനം അസര്‍പ്പു `അബുദുബൈ'യില്‍ പോയതില്‍പ്പിന്നെ മാസത്തില്‍ ഒരു കത്ത്‌ വെച്ച്‌ വരും. അതവര്‍ക്ക്‌ നേരിട്ട്‌ കൊണ്ടുകൊടുക്കുകയേ നിവൃത്തിയുള്ളൂ. തുടരെ തുടരെ കത്തുകളയച്ച്‌ പോസ്റ്റ്‌മാന്മാരെ ബുദ്ധിമുട്ടിക്കുന്നത്‌ പ്രോത്സാഹിപ്പിക്കേണ്ടുന്ന ശീലമല്ലെന്ന്‌ കുട്ടിമാമക്ക്‌ പലപ്പോഴും തോന്നിയതാണ്‌. അസര്‍പ്പൂ നാട്ടിലേക്ക്‌ വരട്ടെ, ഒന്നുപദേശിച്ചേക്കാം.
അതേസമയം, കത്തു-കമ്പി ഇത്യാദികളോട്‌ ഉമ്മാലിമ്മക്ക്‌ അത്ര പ്രതിപത്തിയൊന്നുമില്ല. കത്തയച്ചില്ലേലും സാരോല്ലായിരുന്നു, ഒരു ഡ്രാഫ്‌റ്റെങ്കിലുമയച്ചെങ്കിലെന്ന്‌ ചിന്തിക്കുന്ന ഗള്‍ഫ്‌ വീട്ടുകാരുടെ പ്രതീകം. എങ്കിലും, കിട്ടുന്ന മുറക്ക്‌ കുട്ടിമാമയെക്കൊണ്ട്‌ തന്നെ വായിപ്പിക്കുകയാണ്‌ ആ വൃദ്ധയുടെ സ്വഭാവം. `ഒബില്ലാഹിത്തൗഫീഖ്‌..' എന്ന്‌ കത്തു പൊട്ടിക്കാന്‍ തുടങ്ങുമ്പം തന്നെ കുട്ടിമാമ വായിച്ചു തുടങ്ങും. അതുപോലെ `ഉമ്മാടെ കൈ മുത്തിമണത്ത്‌ സലാം' എന്ന്‌ പറയുമ്പോഴേക്കും കത്ത്‌ മടക്കി ഉമ്മാലിമ്മേടെ കയ്യില്‍ കൊടുത്തിരിക്കും. അവിടെ നിന്നിട്ട്‌ വല്യ കാര്യമില്ലെന്നറിഞ്ഞ്‌ കുട്ടിമാമ നടന്ന്‌ നീങ്ങുമ്പോള്‍ ഉമ്മാലിമ്മ ചെറിയൊരു കുറ്റബോധത്തോടെ വിളിച്ച്‌ പറയും:
``അസര്‍പ്പു ബരട്ടെ, കുട്ടിക്ക്‌ എന്തേലും തരുന്നുണ്ട്‌''
അവിടന്ന്‌ അറബികള്‍ ഓടിച്ചാലെങ്കിലും വരുമോന്ന്‌ കുട്ടിമാമ ഉള്ളാലെ പറയുമെങ്കിലും പാവം വൃദ്ധക്ക്‌ വേണ്ടി ഇത്തരമൊരു സഹായം ചെയ്‌തല്ലോ എന്നൊരു സംതൃപ്‌തി അദ്ദേഹത്തിന്റെ മനസ്സിന്‌ കുളിരു പകരും. അതിനാല്‍ `ഈ കത്തുമായി വരുന്ന പോസ്റ്റ്‌മാന്‍ കുട്ടിക്ക്‌ ഉമ്മ 10 ഉര്‍പ്യങ്കിലും കൊടുക്കണമെന്ന ഇത്തരം പോസ്റ്റമാന്മാരുടെ സൂത്രമായ എഴുതാപ്പുറം വായിക്കാനൊന്നും അദ്ദേഹം മുതിരാറില്ല.
അങ്ങനെ ഒരു ദിവസം പൊരിവെയിലത്ത്‌ ബാക്കിയായ ഒരേ ഒരു കത്തുമായി കുട്ടിമാമ ഉമ്മാലിമ്മയുടെ വീട്‌ ലക്ഷ്യമാക്കി നടക്കുകയാണ്‌. നടന്നുനടന്നു ആകെ തളര്‍ന്നു. വഴീലുള്ള കുഞ്ഞായന്റെ കടേന്ന്‌ ഒരു നാരങ്ങ വെള്ളം കുടിച്ച്‌ വീണ്ടും നടന്നു. എത്ര നടന്നിട്ടും നടന്നിട്ടും... വല്ലാത്ത തളര്‍ച്ച തന്നെ.
വഴിയരികിലെ ഒരു മരത്തണലില്‍ ഇത്തിരി നേരം ഇരുന്നപ്പോഴാണ്‌ കുട്ടിമാമന്റെ നരച്ച ബുദ്ധിയില്‍ ആ ആശയം ഉണര്‍ന്നത്‌. (മഹാന്മാര്‍ക്കൊക്കെ മരത്തണലിലിരിക്കുമ്പോഴാണല്ലോ ബുദ്ധിയുദിക്കാറ്‌.) -എല്ലാ മാസവും കൃത്യമായി വരുന്ന കത്തില്‍ പ്രത്യേകിച്ച്‌ ഒന്നുമുണ്ടാവാറില്ല. സുഖവിവരങ്ങള്‍ മാത്രം. പിന്നെ അവിടുത്തെ കഷ്‌ടപ്പാടുകളും ചൂടുമൊക്കെ. (അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. എന്നിട്ടും ആളുകള്‍ അങ്ങോട്ട്‌ വെച്ചുപിടിക്കാന്‍ നോമ്പുനോറ്റിരിക്കുകയാണല്ലോ). മാത്രമല്ല, ഉമ്മാലിമ്മക്കാണെങ്കില്‍ അതറിയാന്‍ ഒട്ടും താത്‌പര്യോമില്ല. ഏതായാലും കത്ത്‌ പൊട്ടിച്ചൊന്ന്‌ വായിച്ചു നോക്കുന്നതില്‍ അത്ര ബെല്യ തെറ്റൊന്നൂല്ല. അത്‌ ഞങ്ങള്‍ പോസ്റ്റ്‌മാന്മാരുടെ ഒരവകാശമാ...
കുട്ടിമാമ മറ്റൊന്നും ആലോചിക്കാതെ കത്തെടുത്ത്‌ പൊട്ടിച്ചു.
ചാവേറാക്രമണം നടന്ന പോലെ ചിന്നിച്ചിതറിയ അക്ഷരങ്ങളില്‍ കോറിയിട്ടതില്‍ നിന്ന്‌ കണ്ടെത്തിയ സത്ത ഇത്രമാത്രം:
`ഇവിടെ പ്രത്യേകിച്ച്‌ വിശേഷമൊന്നുമില്ല. സുഖം തന്നെ... അവിടെ ഉമ്മക്കു സുഖമെന്ന്‌ കരുതുന്നു.'
അയ്യേ, ഇതിപ്പോ ത്ര കഷ്‌ടപ്പെട്ട്‌ ചെന്ന്‌ വായിച്ചുകൊടുക്കേണ്ട ബല്ല കാര്യോണ്ടോ. മിന്‍ഞ്ഞാന്ന്‌ പോലും ആ തള്ളയെ റേഷന്‍ ഷാപ്പിലെ ക്യൂവില്‍ കണ്ടതാ.. പടച്ചോന്റെ ബേണ്ടികയാല്‍ ഒരു കൊഴപ്പോമില്ല. നല്ല ആരോഗ്യവതി.
അപ്പോ... അക്കരെ അസര്‍പ്പൂന്‌ സുഖം തന്നെ, ഇക്കരെ ഉമ്മാലിമ്മക്കും. പിന്നെന്ത്‌.... അതെ.. പിന്നെന്ത്‌?
കുട്ടിമാമ കത്ത്‌ ചുരുട്ടിയെറിഞ്ഞ ശേഷം കവല ലക്ഷ്യമാക്കി തിരിച്ചുപിടിച്ചു.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍