2009, മേയ് 18, തിങ്കളാഴ്ച
ഗുണ്ട് മമ്മദ്ക്കയും പഴയൊരു സിഗര്‍ലൈറ്ററും
ഗുണ്ട് മമ്മദ്ക്ക ഞങ്ങളുടെ നാട്ടിലെ പുലിയാണ്. പടക്കം പൊട്ടിക്കല്‍ ഒരു കലയാണെങ്കില്‍ മമ്മദ്ക്ക മഹനായ കലാകാരനും. എന്ത് കാര്യത്തിനും ഓടിയെത്തുന്ന മധ്യവയസ്സ് പിന്നിട്ട ഒരു കുറിയ മനുഷ്യന്. നമ്മുടെ പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ മുഖഭാവമുള്ളയാള്‍ എന്നു വേണമെങ്കില്‍ പറയാം.
എന്റെ വീട്ടിനടുത്തു തന്നയുള്ളയാളാണ്. കുറെ കാലം മുമ്പ് കാലം ചെയ്തു. എങ്കിലും ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഞാനടക്കമുള്ള നാട്ടുകാര്‍ക്ക് അദ്ദേഹത്തെ ഓര്‍മ്മ വരും. വിജയ ജാഥയുടെ മുന്‍വശത്ത് കണ്ണൂരിലെ ബോംബ് പോലെ ഒരു പൊട്ടിത്തെറി. തൊലികള്‍ വെന്തുരിഞ്ഞ ഒരു കൈപ്പത്തി, നീറ്റലില്‍ പുളഞ്ഞ് ചക്രം കത്തിച്ചുവിട്ടപോലെ ചുറ്റുപാടും ഓടുന്ന മമ്മദ്ക്ക...
അന്നിന്നുള്ളത്ര കോലാഹലമൊന്നുമുണ്ടായിരുന്നില്ല; സൗകര്യങ്ങളൊക്കെ കുറവായിരുന്നല്ലോ. എങ്കിലും ആഘോഷത്തിനത്ര കുറവെില്ലായിരുന്നു. പ്രായമുള്ളവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്തിനെന്നറിയാതെ സിന്ദാബാദ് വിളിക്കുക്കുമ്പോള്‍ അവരെ വെറുതെ അനുകരിക്കുന്ന കുട്ടികള്‍.. അവരിലൊരാള്‍ക്ക് എന്റെ ബാല്യ മുഖം.
കലപ്പയേന്തിയ കര്ഷകന്, പശുവും കിടാവും തുടങ്ങിയ ചിഹ്നങ്ങളായിരുന്നു അന്നൊക്കെ. ഇരട്ട വര്‍ണത്തില്‍ മാത്രം അച്ചടിച്ചിരുന്ന സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിക്കാത്ത പോസ്റ്ററുകള്‍ സ്വന്തമാക്കുകയും വീട്ടിനടുത്തെ കടയുടെ ചുമരുകളില്‍ ഒട്ടിക്കുകയും ചെയ്യുന്നതിലുള്ള ഹരം ബാല്യങ്ങളുടെ സ്വന്തമായിരുന്നു. സ്ഥാനാര്‍ത്ഥിയാരായിരുന്നാലും പോസ്റ്റര്‍ തന്നാല്‍ ഒട്ടിച്ചുകൊടുക്കും എന്നത് കുട്ടികളുടെ നിഷ്കളങ്ക സേവനം. ഒരിക്കല്‍ ഗ്രാമ കവലയിലെ ചന്ദ്രേട്ടന്റെ തയ്യല്‍ക്കടയിലെ വിളക്കു കത്തിച്ച, ചില്ലിലടച്ച ദൈവങ്ങളുടെ അരികില്‍ പിന്നീടെടുക്കാമെന്ന് കരുതി പോസ്റ്റര്‍ വെച്ചതും ചന്ദ്രേട്ടന് ദേഷ്യപ്പെട്ട് വലിച്ചെറിഞ്ഞതും...അയ്യോ, അന്നറിയാതെ ചെയ്തുപോയതാണ്. അന്ന് ചന്ദ്രേട്ടനോട് നീരസം തോന്നി കുറേ നാള് മാതൃഭൂമി വായിക്കാനും റാഫി ഗാനങ്ങള്‍ കേള്‍ക്കാനും ചെല്ലാതിരുന്നു. അതെനിക്ക് നഷ്ടം-ഓരോ റാഫി ഗാനത്തെക്കുറിച്ചും മുമ്പ് ബോംബെയിലുണ്ടായിരുന്ന ചന്ദ്രേട്ടന് എന്തെങ്കിലും പറയാനുണ്ടായിരിക്കും. റാഫി ആലാപനത്തിലെ ആരോഹണാവരോഹണങ്ങളിലൂടെ ഇറങ്ങിച്ചെന്ന് ചന്ദ്രേട്ടന് വിവരിക്കുന്നത് കേട്ട് ഒടുവില്‍ അദ്ദേഹത്തിന്റെ ചക്കട സൈക്കിളിന്റെ പിന്‍സീറ്റില്‍ വീട്ടിലേക്ക് മടങ്ങുന്നതും മുടങ്ങി. ഞാന്‍ ചെയ്തത് വലിയ തെറ്റാണല്ലോ. ആ വലിയ തെറ്റ് തിരിച്ചറിയാന്‍ വൈകി എന്നുമാത്രം.
സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം തന്നെയായിരുന്നല്ലോ അന്നും ഉത്സവം. ഇന്നും തെരഞ്ഞെടുപ്പ് ഫലോത്സവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്
ഏത് വലിയ പടക്കവും കൈയില്‍ പിടിച്ച് സിഗര്‍ലൈറ്ററില്‍ നിന്ന് കത്തിെച്ചറിയുന്നതാണ് ഗുണ്ട് മമ്മദ്ക്കയുടെ മാസ്റ്റര്‍ പീസ്. ഗ്രാമത്തിന്റെ ഹീറോയായിത്തീര്‍ന്നതങ്ങനെ. ജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയാണ് നമ്മുടെ പാര്‍ട്ടി എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. വിജയാഘോഷ ജാഥയുടെ മുന്പില് നിന്ന് ദിനേശ് ബീഡി വലിക്കാന്‍ എപ്പോഴും കൈയില്‍ കരുതാറുള്ള പ്രത്യേക മണമുള്ള സിഗര്‍ലൈറ്റര്‍ില്‍ നിന്ന് തീ കൊളുത്തി ഗുണ്ട് മമ്മദ്ക്ക പടക്കങ്ങള്‍ വലിച്ചെറിയും. ഒന്ന് പൊട്ടിത്തീരുമ്പോഴേക്കും മറ്റൊന്നിന് തിരി കൊളുത്തിയിരിക്കും. ആ രംഗം കണ്ട് രസിക്കുകയായിരുന്നു ജാഥയില്‍ അംഗമാകാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ രസകരമായ സംഭവമാണ് പറഞ്ഞുവരുന്നത്. ഫലം വന്നു. കുഞ്ഞിരാമേട്ടനായിരന്നു ജയിച്ചത്. മമ്മദ്ക്ക പതിവുപോലെ കസറി. കുഞ്ഞിരാമേട്ടനും പാര്‍ട്ടിക്കും സിന്ദാബാദ് വിളികള്‍ കത്തിക്കയറിയപ്പോള്‍ മുമ്പില്‍ നിന്ന് ഗുണ്ടുകള്‍ കത്തിച്ച് വലിച്ചെറിഞ്ഞ് മമ്മദ്ക്കയും പൂത്തിരിയായി.
പെട്ടെന്നാണ് ഒരു നിലവിളി ഉയര്‍ന്നത്.
മമ്മദ്ക്കയുടെ ഇടതു കൈയില്‍ നിന്ന് ഗുണ്ട് പൊട്ടി. തൊലിയാകെ വെന്തുരിഞ്ഞു. വലതു കൈകൊണ്ട് കൈത്തണ്ടയില്‍ പിടിച്ചമര്‍ത്തി വേദന ശമിപ്പിക്കാനുള്ള പാഴ്ശ്രമത്തിലാണയാള്‍. ആരോ മമ്മദ്ക്കയെ തൊട്ടടുത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ഫാനിനടിയിലിരുത്തി. പക്ഷെ, ആര് ഇരിക്കാന്‍.. ``ഹള്ളോ പടച്ചോനേ.. ഹെന്റെ കൈ പോയേ.. '' എന്ന് വിളിച്ചുകൂവി മമ്മദ്ക്ക അവിടെ നിന്നും വാണം പോലെ ഓടി. പിന്നാലെ കുഞ്ഞിരാമേട്ടനും മറ്റുള്ളവരും.. നല്ല രസമായിരുന്നു ആ കാഴ്ച കാണാന്‍ എന്നു പറഞ്ഞാല്‍ തെറ്റാകുമോ എന്നറിയില്ല.
എങ്കിലും എന്നില്‍ മാത്രമല്ല, എല്ലാവരുടെയും മനസ്സില്‍ ഒരു സംശയം ബാക്കി നിന്നു-എന്താണ് സംഭവിച്ചത്? പടക്കം പൊട്ടിക്കല്‍ കലയില്‍ മഹാനായ, നാട്ടിലെ പുലിയായ മമ്മദ്ക്കക്ക് എവിടെയാണ് പിഴച്ചത്?
ഞങ്ങളുടെ സംശയം ദൂരീകരിക്കാന്‍ മമ്മദ്ക്കക്കും ആവുമായിരുന്നില്ല. ഒന്നുമയാള്‍ക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല ഒടുവില്‍ ഒരു കാര്യം അയാള്‍ പറയാതെ പറഞ്ഞു: പടക്കം പൊട്ടിക്കുമ്പോള്‍ ആരോ ഒരാള്‍ എന്തോ ചോദിച്ചിരുന്നു. അതിന് ശേഷമെറിയാനെടുത്ത പടക്കമാണ് കൈയില്‍ പൊട്ടിയത്.
ഒടുവില്‍ ആശുപത്രിയില്‍ നിന്ന് പോന്ന ശേഷം മമ്മദ്ക്ക ഒരു കാര്യം കൂടി ഓര്‍ത്തു-
തന്റെ പ്രിയപ്പെട്ട ആ സിഗര്‍ലൈറ്റര്‍ കാണാനില്ല!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എന്റെ പ്രിയഗാനം
മലയാളത്തിന്...
എന്റെ കാവ്
-
▼
2009
(8)
- ► സെപ്റ്റംബർ (1)
-
►
2008
(12)
- ► സെപ്റ്റംബർ (1)
എന്നെക്കുറിച്ച്
- കാവിലന്‍
- ദുബൈ, ഐക്യ അറബ് രാഷ്ട്രം, United Arab Emirates
- ഒരനാവശ്യ പത്രപ്രവര്ത്തകന്