2008, ജൂലൈ 27, ഞായറാഴ്‌ച

കുത്തും കോമയുമില്ലാത്ത ജീവിതം


തമിഴ്‌നാട്ടിലെ മധുര ദിണ്ടിഗല്‍ നാഗര്‍നഗര്‍ എന്ന കു്രഗാമത്തില്‍ നിന്ന്‌ ഉപജീവനം തേടി കാസര്‍കോട്ടെ ബേക്കല്‍ പള്ളിക്കരയിലെത്തി, ഒരു ഗ്രാമത്തിന്റെ പ്രിയതോഴനായി മാറിയ രാജന്‍ എന്ന 40കാരന്റെ ജീവിതമാണിവിടെ പറയുന്നത്‌. മലയാള നാട്ടിെലല്ലാം ഇത്തരം രാജന്മാരെ ഇന്നും കാണാം. അസാന്നിദ്ധ്യത്തിലാണ്‌ ഒരാളുടെ പ്രസക്തി നാം തിരിച്ചറിയുക എന്ന്‌ രാജന്‍ നമുക്ക്‌ പറഞ്ഞുതരുന്നു


Always be nice to people on the way up;

because you?ll meet the same people on the way down.

-Wilson Mizner


രാജനെവിടെ...?

...എവിടെപ്പോയി നമ്മുടെ രാജന്‍?

കുറെ നാള്‍ പള്ളിക്കര ഗ്രാമം അന്വേഷിച്ചു. പ്രത്യേകിച്ച്‌ ആവശ്യമില്ലാത്തവര്‍ പോലും പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു.

തിരിച്ചു പോയിക്കാണും നാട്ടിലേക്ക്‌....-ചിലര്‍ സമാധാനിച്ചു.

ഇനി മടങ്ങി വരില്ലായിരിക്കും..-മറ്റു ചിലര്‍ ഉറപ്പിച്ചു.

എന്നാലും... എന്നാലും ഒരു വാക്കു പോലും മിണ്ടാതെ..??


ബേക്കല്‍ കോട്ടയെ തഴുകിയെത്തിയ കാറ്റ്‌:

ബേക്കല്‍ കോട്ടയെ തഴുകിയെത്തുന്ന കുളിരുള്ള കാറ്റടിക്കുന്ന പള്ളിക്കരയുടെ ഹൃദയം തേങ്ങി. ആശങ്കയും ആകാംക്ഷയും മുറ്റി നിന്ന അവരുടെ കാതുകളിലേക്ക്‌ അങ്ങനെയിരിക്കെയാണ്‌ ആ നടുക്കുന്ന വാര്‍ത്ത വന്നു പതിച്ചത്‌. ബേക്കല്‍ കോട്ടയുടെ കനത്ത കരിങ്കല്‍പ്പാറക്കൂട്ടങ്ങളില്‍ ഒരു തിര തലതല്ലിത്തകര്‍ന്നു:

കാഞ്ഞങ്ങാട്ട്‌ ട്രെയിന്‍ തട്ടി അജ്ഞാതന്‍ മരിച്ചു. പേര്‌ രാജന്‍. വയസ്സ്‌ 40.

ഒരു സായാഹ്ന പത്രത്തിലാണ്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌.

പള്ളിക്കര വിറങ്ങലിച്ചു.

നമ്മുടെ രാജന്‍ പോയി! നാടിന്റെ പ്രിയ തോഴന്‍ പോയി!!.

ഇനി വിശേഷ ചടങ്ങുകളില്‍ നമ്മളിലൊരാളാകാന്‍, ഭക്ഷണം കഴിച്ച പ്ലെയിറ്റുകള്‍ ദ്രുതഗതിയില്‍ കഴുകി വൃത്തിയാക്കാന്‍, വീടിന്‌ കാവല്‍ നില്‍ക്കാന്‍, കുഞ്ഞു ഹൃദയങ്ങളില്‍ ഐസ്‌ മിഠായിയുടെ രുചി പകരാന്‍ ഐസ്‌ രാജന്‍ വരില്ല!!.


പഴയൊരു സൈക്കിള്‍:

പതിവുപോലെ നാട്‌ അതിന്റെ സഹജഭാവത്തോടെ ചലിച്ചു. ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ചിലും സന്ദര്‍ശകര്‍ വന്നും പോയുമിരുന്നു. ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിരവധി തവണ ചൂളം വിളിച്ചു. കിതച്ചുകൊണ്ട്‌ ഓരോ ട്രെയിനെത്തുമ്പോഴും, പാന്റ്‌സും ഇന്‍സൈഡ്‌ ചെയ്‌ത കുപ്പായവുമിട്ട്‌ കൈയില്‍ ഉടുപ്പുകള്‍ കുത്തിനിറച്ച രണ്ട്‌ സഞ്ചികളുമായി, പുഞ്ചിരി മായാത്ത മുഖത്തോടെ രാജനെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സാധാരണ മൂന്ന്‌ മാസത്തില്‍ കൂടുതല്‍ രാജന്‍ പള്ളിക്കര വിട്ട്‌ നില്‍ക്കാറില്ല. എന്നാലിപ്പോള്‍ പോയിട്ട്‌ ഈ കാലപരിധി പിന്നിട്ടിരിക്കുന്നു. രാജന്റെ സന്തത സഹചാരിയായ സൈക്കിള്‍ പരേതനായ സിംഗപ്പൂര്‍ ഹാജിയുടെ മകന്‍ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത്‌ പൊടി പിടിച്ച കിടക്കുന്നു.


നാടോടിയെ പോലെ...

തമിഴ്‌നാട്ടിലെ മധുര ദിണ്ടിഗല്‍, നാഗര്‍നഗര്‍ സ്വദേശിയാണ്‌ രാജന്‍. നാട്‌ കറങ്ങിക്കറങ്ങി ഒടുവില്‍ പള്ളിക്കര ഗ്രാമത്തിലെത്തിച്ചേര്‍ന്നതാണ്‌. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള രാജന്‍ നാട്ടില്‍ ചില്ലറ ജോലി ചെയ്‌തു ബോറഡിച്ചപ്പോള്‍ ഒരു ദിവസം ട്രെയിന്‍ കയറി-കേരളത്തിലേക്ക്‌. ഉറങ്ങിയെണീറ്റപ്പോള്‍ ട്രെയിന്‍ കോഴിക്കോട്ടെത്തിയിരിക്കുന്നു. മറ്റൊന്നുമാലോചിക്കാതെ അവിടെ ചാടിയിറങ്ങി. നഗരത്തില്‍ ജോലിയന്വേഷിച്ച്‌ നടന്നപ്പോള്‍ സീനത്ത്‌ റെസ്റ്റോറന്റിന്റെ അടുക്കള മാടി വിളിച്ചു. പ്ലെയിറ്റ്‌ കഴുകുന്നതായിരുന്നു കിട്ടിയ പണി. തുടര്‍ന്ന്‌ കല്യാണഗിരി, ഫെയ്‌മസ്‌ തുടങ്ങിയ റെസ്റ്റോറന്റുകളിലേക്ക്‌ സേവനം വ്യാപിപ്പിച്ചു. പ്ലെയിറ്റ്‌ കഴുകി, കഴുകി ജീവിതം വെളുത്തപ്പോള്‍ സംഗതി കൊള്ളാമെന്നു തോന്നി. പക്ഷെ, ജന്മസിദ്ധമായ ബോറഡി അവിടെയും തന്നെ നില്‍ക്കാന്‍ അനുവദിച്ചില്ലെന്ന്‌ രാജന്‍ പറയുന്നു. ഒരു ദിവസം വീണ്ടും ട്രെയിന്‍ കയറി- വടക്കോട്ടുള്ള ട്രെയിനായതിനാല്‍ ഇങ്ങോട്ടെത്തി. ശ്യാമസുന്ദരമായ ബേക്കല്‍ കോട്ടയും പരിസരവും കണ്ടപ്പോള്‍ പള്ളിക്കര സ്റ്റേഷനില്‍ ഇറങ്ങിയതാണ്‌. അന്നൊരു കല്യാണ ദിവസമായിരുന്നു, അതായത്‌ ഞായറാഴ്‌ച. നാടുനിറയെ കല്യാണമഹോത്സവം. ആദ്യം കണ്ട ഒരു വിവാഹ വീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിച്ചു. പിന്നെ ജോലി അന്വേഷിച്ചു.

എന്തൊക്കെ ചെയ്യാനറിയാം?-ആരോ ചോദിച്ചു.
ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കളത്തിലിറങ്ങി. വളരെ ഭംഗിയായി പ്ലെയിറ്റുകള്‍ കഴുകി വെടിപ്പാക്കുന്ന, എത്ര ജോലി ചെയ്‌താലും മുഷിപ്പ്‌ പ്രകടിപ്പിക്കാത്ത രാജനെ ഏവരും ഇഷ്‌ടപ്പെട്ടു. തുടര്‍ന്ന്‌ വീടുകളില്‍ നിന്ന്‌ വീടുകളിലേക്ക്‌ കറക്കം. ഓടിയെത്താന്‍ സാധിക്കാത്തതിനാല്‍ ഒരു പഴയ സൈക്കിള്‍ സ്വന്തമാക്കി. വിവാഹമോ, വിശേഷ ചടങ്ങുകളോ ഇല്ലാത്ത ദിവസങ്ങളില്‍ രാജന്‍ സൈക്കിളില്‍ ഐസ്‌ മിഠായി വിറ്റു. അങ്ങനെയങ്ങനെ രാജന്‍ പള്ളിക്കരയുടെ സുഹൃത്തായി; സ്വന്തമായി. എന്നാല്‍ അഷ്‌റഫും സഹോദരി പുത്രന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ഹക്കീം കുന്നിലും രാജനെ ദത്തെടുത്ത പോലെയാണ്‌. അഷ്‌റഫിന്റെ തറവാട്‌ വീട്ടിലെ ഒരംഗമായിത്തീര്‍ന്നു രാജന്‍. അഷ്‌റഫിന്റെയും ഹക്കീമിന്റെയും കൂടെ ചലിക്കുമ്പോള്‍ അതാ പൂര്‍വ്വാധികം ശക്തിയോടെ വരുന്നു, വീണ്ടും ബോറഡി!!. ഒരു സുപ്രഭാതത്തില്‍ പള്ളിക്കരയില്‍ നിന്ന്‌ തീവണ്ടി കയറി. മാറി മാറിക്കയറി എത്തിച്ചേര്‍ന്ന്‌ത്‌ ആന്ധ്രപ്രദേശിലെ സൈക്കന്തരാബാദില്‍. അവിടെയും കുറെനാള്‍ റെസ്റ്റോറന്റുകളില്‍ ജോലി ചെയ്‌തു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കോഴിക്കോട്ടേക്ക്‌ വെച്ചുപിടിച്ചു. അവിടെ നിന്ന്‌ വീണ്ടും പള്ളിക്കരയിലേക്ക്‌... ഒരുതരം കറക്കജീവിതം. ചെല്ലുന്നിടത്തെല്ലാം നിഷ്‌കളങ്കമായ സ്വഭാവത്തിനുടമയായ രാജന്‍ വ്യക്തിമുദ്ര പതിപ്പിച്ചേ മടങ്ങാറുള്ളൂ. ഏറ്റവുമൊടുവില്‍ സൈക്കന്തരാബാദില്‍ ചെന്ന്‌ രണ്‍ടു ദിവസം പിന്നിട്ടപ്പോള്‍ പള്ളിക്കരയിലേക്ക്‌ മടങ്ങാന്‍ തുനിഞ്ഞതാണ്‌. പക്ഷെ, റെസ്റ്റോറന്റ്‌ മുതലാളി പെട്ടെന്ന്‌ വിട്ടില്ല. എന്നാലും മൂന്ന്‌ മാസം പിന്നിട്ടപ്പോഴേക്കും പള്ളിക്കരയുടെ വിളി ശക്തമായി. ഇനി ഒരു നിമിഷം പോലും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന്‌ തോന്നിയപ്പോള്‍ ട്രെയിന്‍ കയറി.

അങ്ങനെ ഒരു നാള്‍ പള്ളിക്കര സ്റ്റേഷനു മുന്നിലെ കുന്നിറങ്ങിയപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ തന്നെ നോക്കുന്നതിന്‌ പിന്നിലെ കാരണം ആദ്യം മനസ്സിലായില്ല. വഴിയെ അത്‌ വ്യക്തമായി.

ട്രെയിന്‍ തട്ടി മരിച്ചെന്നു കരുതിയ നമ്മുടെ പ്രിയ രാജന്‍ ഉടലോടെ തിരിച്ചെത്തിയിരിക്കുന്നു!!!

നാട്‌ ഒന്നടങ്കം ചെന്നു നോക്കി. ചിലര്‍ നുള്ളി നോക്കി ഉറപ്പുവരുത്തി.രാജന്‍ അവരോട്‌ വൈകാനുണ്ടായ കാരണം പറഞ്ഞു, സാറി ചോദിച്ചു.


രാജന്‍ എവിടെ ചെന്നാലും മൂന്ന്‌ മാസത്തിനുള്ളില്‍ തിരിച്ചെത്തും, കാരണം രാജന്‌ പള്ളിക്കരയേയും പള്ളിക്കരക്ക്‌ രാജനേയും വേണം...-ഹക്കീം കുന്നില്‍ പറയുന്നു: ഞങ്ങളുടെ നാട്ടിലെ ഒരംഗമാണിന്ന്‌ രാജന്‍. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്ലാത്ത രാജന്റെ ബലഹീനതകള്‍ സൈക്കിളും ലോട്ടറി ഭാഗ്യ പരീക്ഷണവുമാണ്‌‌. ഒരിക്കല്‍ കോഴിക്കോട്‌ നിന്ന്‌ സൈക്കിളില്‍ കാറ്റുണ്ടോ എന്ന്‌ മാത്രം നോക്കാനായി വന്ന്‌ പിറ്റേന്ന്‌ തന്നെ തിരിച്ചു ചെന്ന കഥയാണ്‌ കല്ലിങ്കാലിലെ ഫഹദ്‌ സാലിഹിന്‌ പറയാനുള്ളത്‌. എല്ലാവരോടും തമിഴ്‌നാട്ടിലെ വിശേഷങ്ങള്‍ പറയാന്‍ രാജന്‌ അത്യുത്സാഹമാണ്‌. ലോട്ടറി അടിച്ചാലും ഇല്ലെങ്കിലും തന്റെ സമ്പാദ്യത്തില്‍ നിന്ന്‌ ചെറിയൊരു തുക ലോട്ടറി ടിക്കറ്റെടുക്കാന്‍ രാജന്‍ ചെലവഴിക്കുന്നു. ഒരിക്കല്‍ ആയിരം രൂപ സമ്മാനം ലഭിച്ചപ്പോള്‍ അത്‌ പള്ളിക്കരയില്‍ സംസാര വിഷയമായി.

തപ്പു ശെയ്യാതെ, ആര്‍ക്കും പ്രചനമുണ്ടാവാതെ ജീവിക്കണം--പള്ളിക്കരയുടെ വിശ്വസ്‌തനായ രാജന്‍ കുത്തും കോമയുമില്ലാത്ത ഓരോ വാക്യത്തിനിടയിലും നയം വ്യക്തമാക്കുന്നു.


വീണ്ടും സന്ധിക്കും വരെ വണക്കം:

പള്ളിക്കരയിലെ ബന്ധുവിന്റെ കല്യാണവീട്ടില്‍ വെച്ചാണ്‌ ഈയുള്ളവന്‍ രാജനെ പരിചയപ്പെട്ടത്‌. യാതൊരു മടിയും കൂടാതെ രാജന്‍ തന്റെ ജീവിതം പറഞ്ഞുതന്നു. പിറ്റേന്ന്‌ ജോലി പൂര്‍ത്തിയാക്കിയ അയാള്‍ കുളിച്ചു വൃത്തിയായി രണ്ട്‌ സഞ്ചികളില്‍ വസ്‌ത്രങ്ങളുമെടുത്ത്‌ പുറപ്പെടാനൊരുങ്ങി.പലരും ആശ്ചര്യത്തോടെ രാജനെ നോക്കി നിന്നു. കുറച്ചു മുമ്പ്‌ വരെ കല്യാണ വീട്ടിലെ ഗെയ്‌റ്റിന്‌ കാവല്‍ നിന്നിരുന്ന രാജന്‍ എവിടെപ്പോകുന്നു?!കല്യാണത്തിനെത്തിയവരില്‍ കോഴിക്കോട്ടെ റെസ്റ്റോറന്റു മുതലാളിയുമുണ്ടായിരുന്നു. അദ്ദേഹം ഉടന്‍ ഡ്യൂട്ടിക്കെത്തണമെന്ന്‌ നിര്‍ദേശിച്ചതനുസരിച്ച്‌ മറ്റൊന്നുമാലോചിക്കാതെ പുറപ്പെടുകയാണ്‌. വീണ്ടും സന്ധിക്കും വരെ വണക്കം.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍